പ്രസവാവധി കഴിഞ്ഞ് വാഗ്‌നറും, കിവീസ് ആരെ ഒഴിവാക്കും

വെല്ലിംഗ്ടണ്‍ - സമീപകാലത്ത് ടീമിന്റെ ഏറ്റവും വിശ്വസ്തനായ ബൗളര്‍ നീല്‍ വാഗ്‌നര്‍ കൂടി തിരിച്ചെത്തുന്നതോടെ ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആരെ ഒഴിവാക്കുമെന്ന ആശങ്കയില്‍ ന്യൂസിലാന്റ്. ആദ്യ ടെസ്റ്റ് പത്തു വിക്കറ്റിന് ജയിച്ച ആവേശത്തിലാണ് അവര്‍. വാഗ്‌നര്‍ക്കു പകരം അരങ്ങേറിയ കെയ്ല്‍ ജെയ്മിസന്‍ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയിരുന്നു. ഭാര്യയുടെ പ്രസവമടുത്തതിനാലാണ് വാഗ്‌നര്‍ വിട്ടുനിന്നത്. ശനിയാഴ്ച ക്രൈസ്റ്റ് ചര്‍ച്ചിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. മാറ്റ് ഹെന്റിയെ ഒഴിവാക്കിയാണ് വാഗ്‌നറെ തിരിച്ചുവിളിച്ചത്. ഹെന്റി ആദ്യ ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നില്ല.
ഹാഗ്‌ലി ഓവല്‍ സീം ബൗളര്‍മാരെ തുണക്കുന്ന ഗ്രൗണ്ടാണ്. അതിനാല്‍ വാഗ്‌നറെയും ജെയ്മിസനെയും കിവീസ് കളിപ്പിച്ചേക്കും. എങ്കില്‍ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേലിനാണ് സ്ഥാനം നഷ്ടപ്പെടുക. വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലുമായി വെറും ആറ് ഓവറേ അജാസിന് എറിയേണ്ടി വന്നുള്ളൂ. 

Latest News