പതറി, പക്ഷെ പൊരുതി; റെക്കോര്‍ഡും കടന്ന് ലിവര്‍പൂള്‍

ലിവര്‍പൂള്‍- വെസ്റ്റ്ഹാമിനെതിരെ ഞെട്ടിയെങ്കിലും പൊരുതിക്കയറി വിജയം പിടിച്ച ലിവര്‍പൂള്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടത്തിലേക്കുള്ള കുതിപ്പ് നിലനിര്‍ത്തി. വെസ്റ്റ്ഹാമിനെ 3-2 ന് മറികടന്നതോടെ 30 വര്‍ഷത്തിനു ശേഷം കിരീടം തിരിച്ചുപിടിക്കാന്‍ ലിവര്‍പൂളിന് നാല് ജയം കൂടി മതി. 11 മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. തുടര്‍ച്ചയായ പതിനെട്ടാമത്തെ വിജയമാണ് അവര്‍ നേടിയത്. 
ജോര്‍ജിനിയൊ വൈനാല്‍ഡം ലിവര്‍പൂളിന് ലീഡ് സമ്മാനിച്ചെങ്കിലും ഈസ ദിയോപ്, പാബ്‌ലൊ ഫോര്‍ണാല്‍സ് എന്നിവരിലൂടെ വെസ്റ്റ്ഹാം ശക്തമായി തിരിച്ചടിച്ചു. എന്നാല്‍ ഗോളി ലുക്കാസ് ഫാബിയാന്‍സ്‌കിയാണ് പരിഹാസ്യമായ അബദ്ധം മുതലെടുത്ത് മുഹമ്മദ് സലാഹ് ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. ഈ സീസണില്‍ സലാഹിന്റെ പത്തൊമ്പതാമത്തെ ഗോള്‍. ഒമ്പത് മിനിറ്റ് ശേഷിക്കെ സാദിയൊ മാനെ വിജയ ഗോള്‍ കണ്ടെത്തി. സിറ്റിയെക്കാള്‍ 22 പോയന്റ് മുന്നിലാണ് ലിവര്‍പൂള്‍. 2017 ഓഗസ്റ്റ്-ഡിസംബര്‍ കാലയളവില്‍ സിറ്റി നേടിയ തുടര്‍ച്ചയായ 18 വിജയങ്ങളുടെ റെക്കോര്‍ഡിനൊപ്പമെത്തി ലിവര്‍പൂള്‍. സ്വന്തം ഗ്രൗണ്ടില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ ഇരുപത്തൊന്നാം ലീഗ് വിജയമാണ് ഇത്. 1972 ജനുവരി-ഡിസംബര്‍ കാലയളവില്‍ ബില്‍ ഷാങ്ക്‌ലിയുടെ ലിവര്‍പൂള്‍ നേടിയ റെക്കോര്‍ഡനൊപ്പമെത്തുന്നതാണ് ഈ പ്രകടനം. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ 44 കളികളില്‍ ലിവര്‍പൂള്‍ തോറ്റിട്ടില്ല. ആഴ്‌സനലിന്റെ 49 വിജയങ്ങളുടെ റെക്കോര്‍ഡിനോട് അടുക്കുകയാണ് ടീം. കഴിഞ്ഞ 27 ലീഗ് മത്സരങ്ങളില്‍ ഇരുപത്താറാം ജയമാണ് ഇത്. 

Latest News