Sorry, you need to enable JavaScript to visit this website.

വിലക്കിന് മുമ്പ് സിറ്റിയുടെ  പോരാട്ടം എത്ര വരെ?

ലണ്ടന്‍ - ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ റെക്കോര്‍ഡ് തവണ ജേതാക്കളായ റയല്‍ മഡ്രീഡിനെ നേരിടുമ്പോള്‍ സിറ്റി ഒരുപാട് യുദ്ധമുഖത്താണ്. റയലിന്റെ കളിക്കളമായ സാന്റിയാഗൊ ബെര്‍ണബാവുവിലാണ് ബുധനാഴ്ചയിലെ മത്സരം. 13 തവണ ചാമ്പ്യന്മാരായ റയലിനെ രണ്ടു പാദങ്ങളില്‍ തോല്‍പിച്ചില്ലെങ്കില്‍ സിറ്റിയുടെ പോരാട്ടം ആദ്യ കടമ്പയില്‍ തന്നെ അവസാനിക്കും. 
സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ സിറ്റിക്ക് യുവേഫ ഞെട്ടിക്കുന്ന ശിക്ഷ പ്രഖ്യാപിച്ചത്. കളിക്കളത്തിലും പുറത്തും യുവേഫയുടെ തീരുമാനത്തിനെതിരെ പൊരുതുമെന്ന് സിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പീലുമായി രാജ്യാന്തര സ്‌പോര്‍ട്‌സ് കോടതിയെ സിറ്റി സമീപിച്ചിട്ടുണ്ട്. കളിക്കളത്തില്‍ ആ പോരാട്ടമേറ്റെടുക്കേണ്ടത് കോച്ച് പെപ് ഗാഡിയോളയുടെയും കൂട്ടരുടെയും ദൗത്യമാണ്. ഇല്ലെങ്കില്‍ യൂറോപ്പ് കീഴടക്കുകയെന്ന സിറ്റിയുടെ പ്രഖ്യാപിത പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരും. മാര്‍ച്ച് 17 നാണ് സിറ്റിയുടെ ഇത്തിഹാദ് ഗ്രൗണ്ടിലെ റിട്ടേണ്‍ ലെഗ്. 
അബുദാബിയിലെ ശെയ്ഖ് മന്‍സൂര്‍ ഏറ്റെടുത്ത ശേഷം ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയുടെ ഒമ്പതാം സീസണാണ് ഇത്. 2015-16 സീസണില്‍ സെമി ഫൈനലിലെത്തിയതാണ് പ്രധാന നേട്ടം. അന്ന് തോറ്റത് റയലിനു മുന്നിലാണ്. ഗാഡിയോള കോച്ചായി വന്ന ശേഷം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രം സൃഷ്ടിക്കാന്‍ സിറ്റിക്കു സാധിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് സീസണിലും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലിഷ് ടീമുകളോട് തോറ്റ് പുറത്തായത് അതിന്റെ പൊലിമ കെടുത്തി. 
പ്രീമിയര്‍ ലീഗില്‍ ഹാട്രിക് കിരീടമെന്ന സ്വപ്‌നം സിറ്റിയുടെ സ്വപ്‌നം ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു. ലിവര്‍പൂള്‍ അത്യുജ്വലമായി കിരീടത്തിലേക്കു ചുവടുവെക്കുകയാണ്. അതിനാല്‍ ചാമ്പ്യന്‍സ് ലീഗിലാണ് ഗാഡിയോളയുടെ അവസാന പ്രതീക്ഷ. 

Latest News