Sorry, you need to enable JavaScript to visit this website.

ഏഴാം കടലിനക്കരെ ചേക്കേറാം 

ലോകത്തിലെ ഏറ്റവും കരുത്തനായ ഭരണാധികാരി ഇന്ത്യയിലെത്തുകയാണ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി മോഡിയും അഹമ്മദാബാദിൽ കൂടിക്കാഴ്ച നടത്തുന്നു. പണ്ട് എന്നുവെച്ചാൽ അത്രയധികം പണ്ടല്ല, 2000 ന് ശേഷം യു.എസിൽ അധികാരത്തിലേറിയ ഒരു പ്രസിഡന്റ് ഇന്ത്യ എന്ന രാജ്യവും പ്രധാനമന്ത്രിയേയും കേട്ടിട്ടില്ലായിരുന്നു. അതിൽ നിന്നൊക്കെ ഉഭയകക്ഷി ബന്ധം പടർന്നു പന്തലിച്ചു. ട്രംപ് വരുമ്പോൾ അത്ര സുഖകരമല്ലാത്ത കാഴ്ചകൾ മറച്ചുവെക്കാൻ മതിൽ കെട്ടുന്നതും ട്രോളി നേരം കളയുന്നതല്ല  ബുദ്ധി. ഈ റോയിട്ടേഴ്‌സിനെയൊക്കെ പടിയടച്ച് പിണ്ഡം വെക്കണം. എല്ലാം രഹസ്യമാക്കാൻ പണിയുന്ന വാളിന് മെക്‌സിക്കൻ അതിർത്തിയിലെ മതിലുമായൊക്കെ താരതമ്യം ചെയ്തല്ലേ റിപ്പോർട്ട് ചെയ്തു കളഞ്ഞത്? യു.എസ് പ്രസിഡന്റ് വീട് കാണാൻ താൽപര്യം പ്രകടിപ്പിക്കാതിരുന്നത് ഭാഗ്യം. അല്ലെങ്കിൽ അവിടെ ഐശ്വര്യ റായിയെ കുടിയിരുത്തുമെന്ന് ട്രോളുന്നവരെ സോഷ്യൽ മീഡിയയിൽ കണ്ടു. വിമശർകർ എന്തും പറയട്ടെ.  ഇന്ത്യക്ക് ഇതൊരു അവസരമാണ്. തൊഴിലില്ലായ്മാ നിരക്ക് 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സന്ദർഭം. ജിഡിപി കുത്തനെ  താഴുന്നു. വിദ്യാസമ്പന്നരായ ലക്ഷക്കണക്കിന് യുവാക്കളാണ് നമ്മുടെ നേട്ടം. 
ട്രംപ് ചേട്ടനുമായി മിണ്ടാൻ അവസരം ലഭിക്കുമ്പോൾ അവർക്കായി എന്തെങ്കിലും ചെയ്യാവുന്നതാണ്. ഒരു ഘട്ടത്തിൽ ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണത്തിൽ സൗദി അറേബ്യക്ക് തൊട്ടു താഴെയായിരുന്നു യു.എസ്. എച്ച്1ബി വിസ നിയന്ത്രണങ്ങൾ ഇന്ത്യക്കാർ കുടിയേറുന്നതിന് തടസ്സമുണ്ടാക്കുന്നെങ്കിൽ അത് എടുത്തു മാറ്റാൻ സമ്മർദം ചെലുത്തണം. 30 ലക്ഷം പേർക്കെങ്കിലും ജോലി ലഭിച്ചാൽ അത്രക്ക് ആശ്വാസമാവുമല്ലോ. നാട്ടിൽ പണപ്പയറ്റ് എന്നൊരു ഏർപ്പാടുണ്ട്. സാമ്പത്തിക ഇടപാടുള്ളവരെ ക്ഷണിച്ച് ചായയും പലഹാരവും കൊടുക്കും. തിരികെ പോകുമ്പോൾ അവർ ഒരു തുക തരും. പലപ്പോഴും അങ്ങോട്ട് കൊടുത്തതിലും കൂടുതലായിരിക്കുമിത്. പയറ്റ് നടത്താനുള്ള ചെലവ് അത്ര കാര്യമാക്കാറില്ല ആരും. അത്യാവശ്യത്തിന് ധന സമാഹരണത്തിന് ഇത് വഴിയൊരുക്കും. അതുപോലെ ട്രംപ് സന്ദർശനത്തിന് ചെലവാകുന്ന തുക കൂട്ടിനോക്കി ബേജാറാകേണ്ട സമയമല്ലിത്. ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന്  മിനിറ്റിൽ 55 ലക്ഷം രൂപ ചെലവ് വരുമെന്ന് എബിപി ന്യൂസിൽ വാർത്തയുണ്ടായിരുന്നു. 
ട്രംപ് അഹമ്മദാബാദ് നഗരത്തിൽ തങ്ങുന്നത് വെറും മൂന്നര മണിക്കൂർ മാത്രമാണ്. റോഡുകളുടെ നിർമാണത്തിനും നവീകരണത്തിനുമായി 80 കോടിയോളമാണ് മുടക്കുന്നത്. സുരക്ഷക്ക് 12 കോടി, സ്‌റ്റേഡിയത്തിലെത്തുന്ന ഒരു ലക്ഷത്തിലധികം പേരുടെ ചെലവിനായി ഏഴു കോടി, സൗന്ദര്യവൽക്കരണത്തിന് ആറു കോടി, സാംസ്‌കാരിക പരിപാടികൾക്ക് നാലു കോടി എന്നിങ്ങനെയാണ് ഏകദേശ തുക.
പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ഒരു ട്വീറ്റ് തൊഴിലാളികളെ ആവശ്യമുണ്ടെന്നാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്  കൈവീശി കാണിക്കുന്നതാണ് നിങ്ങളുടെ ജോലി. 69 ലക്ഷം ഒഴിവുകളുണ്ട്. അച്ഛേ ദിൻ ആണ് നിങ്ങളുടെ കൂലി. 24 ഫെബ്രുവരി 2020, ഉച്ചക്ക് 12 മണി, മൊട്ടേര സ്‌റ്റേഡിയത്തിലെ ഇന്ത്യാ റോഡ് ഷോ എന്നിങ്ങനെയാണ് സ്ഥലവും സമയവും ദിവസവും, എന്നാണ് ട്വീറ്റ്. ജുംല 7 മില്യൺ കാ എന്ന ഹാഷ് ടാഗും  ഇതോടൊപ്പം നൽകിയിട്ടുണ്ട്. ട്രംപിനെ കാണാൻ 70 ലക്ഷം പേർ എത്തുമെന്ന വാദത്തെ പരിഹസിക്കുക കൂടിയാണ് കോൺഗ്രസ് ചെയ്തത്. 70 ലക്ഷമല്ല, ഒരു ലക്ഷം പേരാണ് ട്രംപിനെ വരവേൽക്കാൻ എത്തുകയെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കമമീഷണർ പറഞ്ഞു. കഴിഞ്ഞ ദിവസം കൊളറാഡോയിലെ ഒരു റാലിക്കിടെ ഒരു കോടി പേർ ഇന്ത്യയിൽ തന്നെ വരവേൽക്കാൻ എത്തുമെന്ന് മോഡി പറഞ്ഞതായി ട്രംപ് പറഞ്ഞിരുന്നു. ചേട്ടൻ ബാവ, അനിയൻ ബാവ. 
ഇന്ത്യക്കാരുടെയെല്ലാം പൗരത്വ നിയമ ഭേദഗതി ഭീതി ഒറ്റയടിക്ക് മാഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇതിന് കാരണക്കാരൻ. അദ്ദേഹം വെള്ളിയാഴ്ച ദൽഹിയിലെത്തി മോഡിജിയെ കണ്ടിരുന്നു. ഇതിന് ശേഷമാണ് പൗരത്വ നിയമ ഭേദഗതിയെ ആരും ഭയപ്പെടേണ്ടതില്ലെന്ന് പറഞ്ഞതായി ദേശീയ മാധ്യമമായ സീ ന്യൂസ് റിപ്പോർട്ട് ചെയ്തത്. നല്ല തങ്കപ്പെട്ട മനുഷ്യനാണ്. ഏകദേശം ഒരു മാസം മുമ്പ് മുംബൈ ആസാദ് മൈതാനിയിൽ വെച്ച് പ്രക്ഷോഭകർക്ക് ആവേശം പകർന്ന അതേ ഉദ്ധവാണിത്. സ്വാഭാവിക പങ്കാളിയുമായി അടുക്കാനുള്ള സാധ്യത തെളിയുന്നതായി ചില ദുഷ്ടന്മാർ പറയുന്നു. ഈ കൂടിക്കാഴ്ചക്കു  ശേഷമാണ് ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കുമെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്. 

*** *** ***
കേരളത്തിലുടനീളം സർവീസ് നടത്തുന്ന പകൽ തീവണ്ടിയാണ് പരശുറാം എക്‌സ്പ്രസ്. പരശുരാമൻ വരുമ്പോൾ നിസാമുദ്ദീൻ എക്‌സ്പ്രസിന് വഴി മാറി നിന്നു കൊടുത്താലെന്താണ്? 
തലസ്ഥാന നഗരിയിൽ നിന്നാണ് വരുന്നതെന്ന അഹങ്കാരമൊക്കെ മാറ്റി കാലത്തിനൊത്ത് പെരുമാറിക്കൂടേയെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചോദ്യം. 
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത ട്രെയിനുള്ളിലെ  ശിവ പൂജ പിന്നിട്ട വാരത്തിലെ ബിഗ് ന്യൂസായിരുന്നു. വരണാസിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ജ്യോതിർ ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിനുകളിൽ ഒന്നിലെ ഒരു സീറ്റാണ് ക്ഷേത്രമായി ഒരുക്കി പൂജ നടത്തിയത്. 
വരണാസി-  ഇൻഡോർ- കാശി മഹാകാൽ എക്‌സ്പ്രസിലെ ബി അഞ്ചാം കോച്ചിലെ 64 ാം നമ്പർ സീറ്റാണ് അമ്പലമാക്കി സീറ്റ് പൂജക്കായി ഒരുക്കിയത്. 
സൈഡ് ലോവർ ബെർത്താണ് പ്രാർത്ഥനക്കായി മാറ്റി വെച്ചിട്ടുള്ളത്. തീപ്പിടിക്കുന്ന വസ്തുക്കൾ ഒഴിവാക്കണമെന്ന് യാത്രക്കാരോട് പറയാറുള്ള റെയിൽവേയിൽ  കർപ്പൂരം ഉഴിയാൻ തീപ്പെട്ടിയുമായി ടി.ടി.ഇ നിൽക്കുന്നുണ്ട്. അടിപൊളി. ഇതിന്റെ കൂടെ കൊച്ചിയിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് പോകുന്ന എക്‌സ്പ്രസിൽ ചെറിയ മാതിരി കുരിശു പള്ളിയും എറണാകുളത്ത് നിന്ന് അജ്മീറിലേക്ക് പോകുന്ന എക്‌സ്പ്രസിൽ നമസ്‌കാര മുറിയും ഏർപ്പെടുത്താവുന്നതാണ്. മതേതരത്വം നീണാൾ വാഴട്ടെ. 
പൗരത്വ നിയമം പാസാക്കിയതിന് ശേഷം 61  ബിജെപി നേതാക്കളാണ് വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടുളളതെന്ന്  എൻഡിടിവി നിരീക്ഷിക്കുന്നു. 

*** *** ***
വിജയ് എന്ന തമിഴ് യുവ നടനെ കുറച്ചു കാലമായി നമുക്കറിയാം. മെർസൽ എന്ന സിനിമക്ക് മുൻപ് വരെ ഈ താരത്തിന്റെ പേര് വിജയ് എന്ന് മാത്രമാണ് കേട്ടിരുന്നത്. 
വിജയ് ജോസഫ് ചന്ദ്രശേഖർ എന്ന സുദീർഘമായ പേര് വിളിച്ച് കഷ്ടപ്പെടുന്ന പതിവില്ല. മെർസൽ എന്ന സിനിമയിൽ കേന്ദ്ര സർക്കാർ നടപടികളെ വിമർശിച്ചതോടു കൂടിയാണ് വിജയിയുടെ പേരിലെ ജോസഫും ചർച്ചയായത്. ബിജെപി ചർച്ചയാക്കിയതെന്ന് പറയുന്നതാവും ശരി. ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ചിത്രീകരണം തടസ്സപെട്ടതുമെല്ലാം വിജയിയെ തമിഴകത്തിന് കൂടുതൽ പ്രിയപ്പെട്ടവനാക്കി. 
ബിജെപി നടനെ വിടാതെ പിന്തുടർന്നു. സോഷ്യൽ മീഡിയ വഴിയും നേരിട്ടുമെല്ലാം വീണ്ടും വിജയിയുടെ മതവും രാഷ്ട്രീയവുമെല്ലാം ചർച്ചയാക്കി. ഇതുവരെ താരം ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. 
വേട്ടയാടലിന്റെ പരിധികൾ കടന്നപ്പോൾ വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് വിജയിയുടെ പിതാവ് എസ് എ ചന്ദ്രശേഖർ. ദിനതന്തി ടിവിയിലെ  അഭിമുഖത്തിലാണ് സംവിധായകൻ കൂടിയായ ചന്ദ്രശേഖർ പ്രതികരിച്ചത്. താൻ ക്രിസ്തു മതത്തിൽ ജനിച്ച ഒരാളാണ്. എന്നാൽ തന്റെ ഭാര്യ ശോഭ ഹിന്ദു മതവിശ്വാസിയാണ്. തങ്ങളുടെ കുടുംബം ജീവിതത്തിൽ ഇതുവരെ മതവിശ്വാസത്തിന് അമിത പ്രാധാന്യം നൽകിയിട്ടില്ല -ചന്ദ്രശേഖർ പറയുന്നു. 45 വർഷങ്ങൾക്ക് മുൻപാണ് താൻ ശോഭയെ വിവാഹം കഴിക്കുന്നത്. ഇന്ന് വരെ താൻ അവരുടെ മതവിശ്വാസങ്ങളിൽ ഇടപെട്ടില്ല. ജീവിതത്തിൽ ഒരിക്കൽ താൻ ജറൂസലമിലേക്ക് യാത്ര പോയിട്ടുണ്ട്. മൂന്ന് വട്ടം തിരുപ്പതിയിൽ പോയി. അവിടെ പോയി തലമൊട്ടയടിച്ചു. വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെൺകുട്ടിയെ ആണ്. വീട്ടിൽ ഒരു വലിയ പൂജാ മുറി ഉണ്ടെന്നും ചന്ദ്രശേഖർ പറഞ്ഞു. വിജയിയുടെ വിവാഹം ക്രിസ്ത്യൻ മതാചാര പ്രകാരമാണ് നടന്നതെന്ന പ്രചാരണങ്ങളെയും അദ്ദേഹം തള്ളി. ഇത്തരം ആരോപണം ഉന്നയിക്കുന്നവർ തെളിവ് കൊണ്ടുവരട്ടെ. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ ഇത് ഉയർത്തിയവർ പരസ്യമായി മാപ്പ് പറയാൻ തയാറാകുമോയെന്നും ചന്ദ്രശേഖർ ചോദിച്ചു.

*** *** ***
'വിട്ടു വിട്ടിരിക്കല്ലേ തൊട്ടുതൊട്ടിരി 'എന്ന ശീർഷകത്തിൽ 2019 നവംബർ 1 ന് കേരളപ്പിറവി ദിനത്തിലാണ് കൊച്ചി രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ ആഷിഖ് അബുവിന്റെയും റിമാ കല്ലിങ്കലിന്റെയും നേതൃത്വത്തിൽ സംഗീത പരിപാടി നടന്നത്. കരുണ എന്ന പേരിൽ നടന്ന സംഗീത പരിപാടിയിൽ നിന്നും ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടില്ല എന്ന വിവരാവകാശ രേഖ അടുത്തിടെ 
പുറത്തു വന്നിരുന്നു. ഇത് വാർത്തയായതോടെ ഇരുവർക്കുമെതിരെ സോഷ്യൽ മീഡിയകളിൽ പരിഹാസ  ആക്ഷേപ കമന്റുകളുടെ പ്രവാഹമാണ്. മുമ്പ് കെ എം മാണി ബാർ കോഴയിൽ പെട്ടപ്പോൾ ‘എന്റെ വക 500 എന്ന മണിയോർഡർ പ്രചാരണത്തിന് തുടക്കമിട്ടത് ആഷിഖ് അബു ആയിരുന്നു. 
കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി സംഘാടകർ ഒരു വീഡിയോയുമായി രംഗത്ത് എത്തിയിരുന്നു. പരിപാടി വേണ്ട വിധത്തിൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ല എന്നാണ് സംഘാടകർ പറയുന്നത്. ജി.എസ്.ടി വിഹിതം കഴിച്ചാൽ ടിക്കറ്റ് ഇനത്തിൽ ആകെ ആറു ലക്ഷത്തോളം രുപ ലഭിച്ചു, എന്നാൽ പരിപാടിയുടെ മറ്റു ചെലവുകൾക്കായി 23 ലക്ഷം രൂപ വേണ്ടിവന്നെന്നും ഇവർ പറഞ്ഞിരുന്നു. നാലായിരം പേരിൽ മൂവായിരം പേരും ടിക്കറ്റില്ലാതെയാണ് പരിപാടി കണ്ടതെന്നായിരുന്നു വിശദീകരണം. വാർത്താസമ്മേളനം ഒഴിവാക്കി ഒരു വിശദീകരണ വീഡിയോ പുറത്തു വിടുകയായിരുന്നു.

*** *** ***
മലയാളിക്ക് ഒരു സംസ്‌കാരമുണ്ട്. ഗോപ്യമായി ചെയ്യേണ്ട കാര്യങ്ങൾ അങ്ങനെയേ ചെയ്യൂ. ഇതെല്ലാം ഒറ്റയടിക്ക് തകർക്കാൻ ഏഷ്യാനെറ്റ് എന്റർടെയിൻമെന്റ് ചാനൽ ക്വട്ടേഷൻ എടുത്തിരിക്കുകയാണോ എന്ന് പലരും അന്വേഷിക്കുന്നു. മുതിർന്ന കുട്ടികളും അച്ഛനും അമ്മയും ഒരുമിച്ചിരുന്നാണ് വീടുകളിൽ സന്ധ്യാ നേരത്ത് ടെലിവിഷൻ പരിപാടികൾ കാണുന്നത്. ബിഗ് ബോസ് നിർത്താനുള്ള എസ്.എം.എസ് ഏത് നമ്പറിലേക്കാണ് അയക്കേണ്ടതെന്ന ചോദ്യങ്ങളുമുയരുന്നു.
 

Latest News