Sorry, you need to enable JavaScript to visit this website.

ചിത്ര-ശിൽപ കലകളുടെ സമന്വയം

മക്കയിൽ ജനിച്ച ഹിഷാം ബിൻജാബി കാനഡയിലെ ടൊറോണ്ടൊ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് പൂർണമായും ചിത്രകലയിലേക്ക് നീങ്ങിയത്. 1973 ൽ ഹിഷാം ബിൻജാബി സ്ഥാപിച്ചതാണ് ജിദ്ദ അക്കാദമി ഓഫ് ഫൈനാർട്‌സ്. ഔദ്യോഗികാംഗീകാരമുള്ള ചിത്രകലാ കൂട്ടായ്മയാണിത്. ലിത്തോഗ്രാഫ് പെയിന്റിംഗുകൾ, ശിൽപങ്ങൾ, പുരാവസ്തുക്കൾ തുടങ്ങിയവയൊക്കെ പ്രദർശിപ്പിക്കാനും സൗദിയിലെ പ്രമുഖ ചിത്ര-ശിൽപ കലാപ്രതിഭകളായ ദിയാ അസീസ് ദിയ, മുഹമ്മദ് സിയാം, നജ്‌ല ഫഌംബാൻ, മുഹമ്മദ് ബഹ്‌റാവി തുടങ്ങിയവരുടെസൃഷ്ടികൾ പ്രദർശിപ്പിക്കാനും മുൻകൈയെടുത്തത് ഹിഷാം ബിൻജാബിയാണ്. ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള ആർട്‌സ് കമ്മീഷൻ മേധാവി കൂടിയാണ് ബിൻജാബി.

 
ഓയിൽ, ചാർക്കോൾ, ആക്രിലിക് എന്നീ മാധ്യമങ്ങളുപയോഗിച്ച് പെയിന്റിംഗിൽ വൈദഗ്ധ്യം നേടിയ ഹിഷാം ശിൽപകലയിൽ സൗദിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രസിദ്ധനായ കലാകാരനാണ്. നാൽപത് കൊല്ലമായി പൂർണമായും കലാപ്രവർത്തനത്തിൽ മുഴുകിയ ഇദ്ദേഹത്തിന് മദീനാ റോഡിലെ അദ്ഹാം ആർട്ട് ഗാലറിയും ബലദിലെ പൈതൃക നഗരത്തിൽ മറ്റൊരു ഗാലറിയുമുണ്ട്. 
ജിദ്ദ കോർണിഷിലെ മൽസ്യ ശിൽപം ഹിഷാം ബിൻജാബിയുടേതാണ്. ജിദ്ദ മക്‌റോണ - സാരി സ്ട്രീറ്റ് ഇന്റർസെക്ഷനിലുള്ള കോംപസ് സർക്കിളിലെ വലിയ കോൺക്രീറ്റ് ശിൽപം സ്റ്റീലും മാർബിളും ഉപയോഗിച്ച് ഹിഷാം ബിൻജാബിയും അലി അമീനും ചേർന്ന് നിർമിച്ചതാണ് (ദവാറുൽ ഹന്ദസയിലെ എൻജിനീയേഴ്‌സ് ടൂൾസ്). 


വർഷത്തിൽ രണ്ടോ മൂന്നോ തവണ നടത്താറുള്ള കലാപ്രദർശനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നു. ചിത്രകാരന്മാരും ശിൽപികളുമാണ് കൂടുതലായും ഈ പ്രദർശനത്തിൽ സ്വന്തം സൃഷ്ടികളുമായി പ്രാതിനിധ്യമറിയിക്കാറുള്ളതെന്ന് ഹിഷാം ബിൻജാബി മലയാളം ന്യൂസിനോട് പറഞ്ഞു. മുത്തശ്ശി എന്ന ശീർഷകമുള്ള അദ്ദേഹത്തിന്റെ പെയിന്റിംഗും ആർട്ട് വിഷൻ ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Latest News