Sorry, you need to enable JavaScript to visit this website.

വരകളുടെ ചാരുത, നിറങ്ങളുടെ സിംഫണി 

സൗദി ആർട്ട് എക്‌സിബിഷനിൽ രണ്ടു മലയാളി ചിത്രകാരികളും

നൂറോളം കലാകാരന്മാരും കലാകാരികളും പങ്കെടുത്ത ജിദ്ദ ആർട്ട് വിഷന്റെ ദ്വിദിന ചിത്രകലാ പ്രദർശനത്തിൽ യുവപ്രതിഭകളായ ഫാത്തിമാ നഷ്‌റ, റെനാ റഷീദ് അഫീഫ് എന്നീ രണ്ടു മലയാളി ചിത്രകാരികളും സർഗ സാന്നിധ്യമറിയിച്ചു. രണ്ടായിരത്തോളം പേർ കാണാനെത്തിയ ആർട്ട് എക്‌സിബിഷനിൽ പെയിന്റിംഗുകളും ശിൽപങ്ങളും പുരാവസ്തുക്കളും പ്രദർശിപ്പിച്ചു. നിറക്കൂട്ടുകൾ സംഗീത സാന്ദ്രമാക്കിയ ഒരപൂർവ കലാവിരുന്ന്.

മലപ്പുറം ഇരുമ്പുഴി സ്വദേശി റെനാ റഷീദ് അഫീഫ്, മലപ്പുറം കിളിയമണ്ണിൽ കുടുംബാംഗവും ജിദ്ദയിലെ നിദാൽ സലാഹ് കാരാടന്റെ (തിരൂരങ്ങാടി) പത്‌നിയുമായ ഫാത്തിമാ നഷ്‌റ എന്നീ ചിത്രകാരികളുടെ പെയിന്റിംഗുകളുൾപ്പെടെ നൂറോളം സൗദി-അറബ് കലാപ്രതിഭകളുടെ സൃഷ്ടികളും പ്രദർശിപ്പിച്ച രണ്ടു ദിവസത്തെ ആർട്ട് ഗാലറി സഹൃദയരിൽ നവ്യാനുഭവം തീർത്തു. ആയിരത്തിലധികം പേർ സന്ദർശിച്ച എക്‌സിബിഷന് നേതൃത്വം വഹിച്ചത് സൗദിയിലെ പ്രമുഖ ശിൽപകലാവിദഗ്ധനും ചിത്രകാരനും ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിന്റെ കീഴിലുള്ള ആർട്‌സ് കമ്മീഷന്റെ മേധാവിയുമായ ഹിഷാം ബിൻജാബിയുടെ സാരഥ്യത്തിലുള്ള ആർട്ട് വിഷൻ. മദീനാ റോഡിലെ അദ്ഹാം ആർട്ട് സെന്ററിലെ മനോഹരമായ ഗാലറിയിലാണ് ശിൽപങ്ങളും പുരാവസ്തുക്കളും പെയിന്റിംഗുകളും പ്രദർശിപ്പിച്ചത്. ഓരോ കലാകാരനും കലാകാരിയും അവരുടെ ഓരോ രചനകൾ വീതമണ് പ്രദർശിപ്പിച്ചത്. അൽബന്ദ്‌രി ബിൻത് മുഹമ്മദ് രാജകുമാരിയാണ് എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തത്. 


റെനാസ് ആർട്ട് എന്ന പേരിൽ ചിത്രശേഖരമുള്ള റെനാ റഷീദ് അഫീഫിന്റെ തെരഞ്ഞെടുത്ത പെയിന്റിംഗ് - സ്ട്രങ്ത്ത് ഇൻ സോളിറ്റിയൂഡ് (ഏകാന്തതയിലെ കരുത്ത്) എന്ന ശീർഷകത്തിലുള്ള പെയിന്റിംഗ് നിരവധി പേരെ ആകർഷിച്ചു. സ്ത്രീശക്തിയുടെ പ്രതീകാത്മകമായ, ആക്രിലിക്കിലുള്ള ആവിഷ്‌കാരമാണിത്. പരുന്തിനെയാണ് പ്രതീകവൽക്കരിച്ചിരിക്കുന്നത്. വാട്ടർ പെയിന്റിംഗ്, ലാൻഡ് സ്‌കേപ്, പെൻസിൽ സ്‌കെച്ച് എന്നീ മാധ്യമങ്ങളിലൊക്കെ വിദഗ്ധയായ ഈ ചിത്രകാരി മഴയ്ക്കിടയിലും മേഘങ്ങൾക്കെതിരെ മുറിച്ചു നീന്തുന്ന കൂറ്റൻ പരുന്തിന്റെ തളരാത്ത ആത്മവിശ്വാസത്തെയാണ് ആധുനിക സ്ത്രീയുടെ മാനസിക ഭാവവുമായി താദാത്മ്യപ്പെടുത്താൻ തന്റെ വരയിലൂടെ ശ്രമിച്ചിരിക്കുന്നത്. അപമാനത്തിൽ നിന്നും അവഹേളനത്തിൽ നിന്നും അടിച്ചമർത്തലിൽ നിന്നും പ്രതിരോധത്തിന്റെ ആത്മബലവുമായി ആകാശത്ത് വട്ടമിട്ടു പറക്കുന്ന പരുന്തിന്റെ മൗനഭാവം അമൂർത്ത തലത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നു, സ്ട്രങ്ത്ത് ഇൻ സോളിറ്റിയൂഡിൽ. മറ്റു പറവകളത്രയും മഴമേഘങ്ങൾ കാണുമ്പോൾ മരശിഖരങ്ങളിലും മരപ്പൊത്തുകളിലും അലസമായി ഇരിക്കുമ്പോൾ പരുന്തുകൾ ഒറ്റയ്ക്ക് നനഞ്ഞു പറക്കുന്നത്, മേഘക്കൂട്ടങ്ങളേയും ഭേദിച്ചു നീങ്ങാനുള്ള ത്വരയാണ് പ്രകടിപ്പിക്കുന്നതെന്നും അതിന് കലാവിഷ്‌കാരം നൽകുകയാണ് താൻ ചെയ്യുന്നതെന്നു റെന പറയുന്നു. 


ജിദ്ദയിലുള്ള മലപ്പുറം ഇരുമ്പുഴി സ്വദേശി റഷീദ് എന്ന ബാപ്പുവിന്റെയും (ജിദ്ദ), കോട്ടക്കൽ പറപ്പൂർ സ്വദേശി ഹസീനയുടെയും (കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി) മകളായ റെനയുടെ ഭർത്താവ് കണ്ണൂർ സ്വദേശി അഫീഫ്.
സലാഹ് കാരാടൻ - നസീം ദമ്പതികളുടെ മകനായ നിദാൽ സലാഹ് കാരാടന്റെ പത്‌നി ഫാത്തിമാ നഷ്‌റ, അബ്‌സ്ട്രാക്ട് പെയിന്റിംഗുമായാണ് പ്രദർശനത്തിനെത്തിയത്. തൃശൂർ വിമലാ കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ കലാഭിമുഖ്യമുള്ള നഷ്‌റ, സിന്റർബേ സ്‌കൂൾ ഓഫ് ഡിസൈനിൽ നിന്ന് ഇന്റീരിയർ ഡിസൈനിംഗ് കോഴ്‌സ് പൂർത്തിയാക്കി. ദ പെയിന്റ് സ്റ്റോറി എന്ന ശീർഷകത്തിലുള്ള കലാശേഖരം സ്വന്തമായുള്ള നഷ്‌റ, മിക്ക രചനകളിലും അബ്‌സ്ട്രാക്ട് സങ്കേതമാണുപയോഗിച്ചിട്ടുള്ളത്. 


നീലനിറം പശ്ചാത്തലമാക്കി രചിച്ചവയാണ് പെയിന്റിംഗുകൾ. ജിദ്ദ ആർട്ട് വിഷൻ ഗാലറിയിൽ പ്രദർശിപ്പിച്ച നഷ്‌റയുടെ അമൂർത്ത ചിത്രം ആധുനിക കലാസങ്കേതങ്ങളുടെ സമന്വയമാണ്. സൗദികളും വിദേശികളുമായ നിരവധി സഹൃദയരാണ് നഷ്‌റയുടെയും റെനയുടെയും ചിത്രങ്ങൾ കണ്ട് നല്ല പ്രതികരണങ്ങൾ നടത്തിയത്. ഇരുവരുടെയും പെയിന്റിംഗുകൾ അൽ ബന്ദ്‌രി ബിൻത് മുഹമ്മദ് രാജകുമാരി നേരിട്ട് സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.  

Latest News