Sorry, you need to enable JavaScript to visit this website.

ഒളിംപിക്‌സിലേക്ക് ഇരട്ട സ്വപ്‌നം

സ്വന്തമായി പരിശീലകനില്ല, പ്രൊഫഷനൽ നിലവാരത്തിലുള്ള സ്‌പോർട്‌സ് കിറ്റോ റാക്കറ്റോ ഇല്ല. എന്നിട്ടും കോഴിക്കോട്ടെ ഈ ഇരട്ടകൾ മെഡലുകൾ വാരിക്കൂട്ടുകയാണ്. കായിക കേരളം പിന്തുണച്ചാൽ 2024 ലെ ഒളിംപിക്‌സിൽ ഇവർ ഇന്ത്യൻ കുപ്പായമിടും.

ടേബിൾ ടെന്നിസിൽ വീരഗാഥകൾ രചിച്ചുകൊണ്ടിരിക്കുകയാണ് ഇരട്ട സഹോദരങ്ങളായ അനേഘയും അങ്കിതയും. സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവും കൈമുതലാക്കിയ ഇവർ തങ്ങളുടേതായ ശൈലിയിലുള്ള കളിമികവിലൂടെയാണ് ഇത്രയും ദൂരം താണ്ടിയത്. സ്ഥിരം പരിശീലകരൊന്നുമില്ലെങ്കിലും അവസരത്തിനൊത്തുയർന്ന് സമയംകണ്ടെത്തി പലയിടത്തുനിന്നും ആർജ്ജിച്ചെടുത്ത പരിശീലനമികവിലൂടെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിജയശ്രീലാളിതരാകുകയാണിവർ.
കോഴിക്കോട് ജില്ലയിലെ കുണ്ടൂപറമ്പിനടുത്ത് കോഴിപ്പള്ളി അനിൽകുമാറിന്റെയും പ്രജുഷയുടെയും മക്കളായ ഈ മിടുക്കികൾക്ക് കളിക്കളത്തിൽ പാരമ്പര്യത്തിന്റെ പിൻബലമൊന്നുമില്ല. അഞ്ചാം ക്ലാസിലെ അവധിക്കാലത്ത് അയൽക്കാരനായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജർ മോഹൻകുമാറാണ് അനേഘയെയും അങ്കിതയേയും ടേബിൾ ടെന്നിസിലേയ്ക്ക് ആകർഷിച്ചത്. ആദ്യകാലങ്ങളിൽ പരസ്പരം എതിരാളികളായാണ് കളിച്ചുതുടങ്ങിയതെങ്കിലും പിന്നീട് വിവിധ കോച്ചിംഗ് ക്യാമ്പുകളിൽ പങ്കെടുക്കുകയും ആ വർഷംതന്നെ ജില്ലാ ടീമിലൂടെ സംസ്ഥാന ചാമ്പ്യൻഷിപ്പിലേയ്ക്ക് അർഹത നേടുകയും ചെയ്തു. സംസ്ഥാനതല മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ച ഈ ഇരട്ടസഹോദരങ്ങൾ പിന്നീട് ദേശീയതലത്തിലും മാറ്റുരച്ചുതുടങ്ങി.

2024 ലെ ഒളിംപിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നാണ്
അനേഘ-അങ്കിത സഹോദരിമാരുടെ ആഗ്രഹം

വർഷംതോറും ആലപ്പുഴ വൈ.എം.സി.എയിൽ അരങ്ങേറുന്ന ഇ. ഫിലിപ്പോസ് മെമ്മോറിയൽ ഓപ്പൺ പ്രൈസ് മണി ടേബിൾ ടെന്നീസ് ടൂർണമെന്റിൽ അനേഘയും അങ്കിതയും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കാറ്.
അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ ഗെയിംസിൽ അനേഘയും അങ്കിതയും ഉൾപ്പെട്ട കോഴിക്കോട് ടീം തുടർച്ചയായി അഞ്ചാം തവണ സ്വർണ മെഡൽ കരസ്ഥമാക്കിയിരുന്നു. ദേശീയ സ്‌കൂൾ ഗെയിംസിന്റെ ടേബിൾ ടെന്നീസ് മത്സരങ്ങളിലും അഞ്ചുവർഷമായി ഇവർ പങ്കെടുത്തുവരുന്നുണ്ട്. കൂടാതെ 2016 ൽ നടന്ന രാജീവ് ഗാന്ധി ഖേൽ അഭിയാൻ ടേബിൾ ടെന്നീസ് ടൂർണമെന്റിൽ അനേഘയും അങ്കിതയും ഉൾപ്പെട്ട കേരളാ ടീം വെള്ളിമെഡലിന് അർഹരായിരുന്നു. 
കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പതിനാല് മെഡലുകളാണ് ഇരുവരും നേടിയെടുത്തത്. ഇരട്ട സഹോദരിമാരായതിനാൽ ഡബിൾസിലും ഇവർ മുന്നേറുന്നു.
കണ്ണൂരിൽ നടന്ന ഓൾ കേരള ഓപ്പൺ റാങ്കിംഗ് ടൂർണ്ണമെന്റിൽ വുമൺ സിംഗിൾസിൽ അനേഘ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പാലക്കാട് നടന്ന ആൾ കേരള സ്‌റ്റേറ്റ് റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണ്ണമെന്റിൽ അനേഘ യൂത്ത് ഗേൾസ് സിംഗിൾസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ അങ്കിതയാകട്ടെ ജൂനിയർ ഗേൾസ് സിംഗിൾസിൽ ഒന്നാം സ്ഥാനവും വുമൺസ് സിംഗിൾസിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇത്തരത്തിൽ വിവിധ റാങ്കിംഗ് ടൂർണ്ണമെന്റുകളിൽ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
നടക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ ഈ സഹോദരങ്ങൾ കളിയിൽ മാത്രമല്ല, പഠനത്തിലും മികച്ച നിലവാരമാണ് പുലർത്തുന്നത്. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ പ്ലസ് വൺ പരീക്ഷയിലും 90 ശതമാനത്തിലേറെ മാർക്ക് കരസ്ഥമാക്കിയിട്ടുണ്ട്. ഓരോ മത്സരത്തിനെത്തുമ്പോഴും പാഠപുസ്തകങ്ങളും കൈവശംവയ്ക്കുന്ന ഇവർ മത്സരം കഴിഞ്ഞാൽ പഠനത്തിൽ മുഴുകും. കളിയിൽ മാത്രമല്ല, പഠനത്തിലും ഇവരെ ആർക്കും തോല്പിക്കാനാവില്ല.


കഴിഞ്ഞ നാലുവർഷമായി തുടർച്ചയായി ദേശീയ മത്സരങ്ങളിൽ പങ്കാളികളാകുന്ന ഈ സഹോദരിമാർ ഈ വർഷം ജനുവരിയിൽ ജമ്മുവിൽ നടന്ന ജൂനിയർ ആന്റ് യൂത്ത് നാഷണൽ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിരുന്നു. തെലങ്കാനയിൽ നടന്ന സീനിയർ നാഷണൽ ആന്റ് ഇന്റർ സ്‌റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രീ ക്വാർട്ടറിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു ഈ ജൂനിയർ താരങ്ങൾ. നല്ല കോച്ചും പ്രൊഫഷനൽ നിലവാരത്തിലുള്ള സ്‌പോർട്‌സ് കിറ്റും റാക്കറ്റുമെല്ലാം ഇവർക്ക് സ്വപ്‌നം മാത്രമാണ്. നല്ല പരിശീലകനുണ്ടെങ്കിൽ ഒരുപാട് ദൂരം ഇവർക്ക് മുന്നേറാമായിരുന്നു. ടേബിൾ ടെന്നീസിന് കേരള സ്‌പോർട്‌സ് കൗൺസിലിന്റേതായി നല്ലൊരു പരിശീലകൻ കോഴിക്കോട്ടില്ല. കഴിഞ്ഞ അവധിക്കാലത്ത് ആലപ്പുഴയിലെ വൈ.എം.സി.എ ക്ലബ്ബിൽ നടന്ന പതിനഞ്ചുദിവസം നീണ്ട പരിശീലനം നിയന്ത്രിച്ചിരുന്നത് ഹൈദരാബാദിൽനിന്നുമുള്ള പരിശീലകനായിരുന്നു.ബാംഗ്ലൂരിലും ചെന്നൈയിലും ഹൈദരാബാദിലുമെല്ലാം നല്ല പരിശീലകരുണ്ട്. അവധികാലത്ത് ചെന്നൈയിലും ബാംഗ്ലൂരിലുമെത്തി പരിശീലനം നേടാറുമുണ്ട്. എന്നാൽ അവിടെയെല്ലാം ചെന്ന് പരിശീലനം നേടണമെങ്കിൽ സാമ്പത്തിക ചെലവ് ഏറെയാണ്. ഒരു സ്വകാര്യ ഏജൻസിയിൽ മാർക്കറ്റിംഗ് വിഭാഗത്തിൽ  ജോലി നോക്കുന്ന അനിലിന് മക്കളുടെ ജീവിതാഭിലാഷം നിറവേറ്റുന്നതിന് ആഗ്രഹമുണ്ട്. എന്നാൽ വില്ലനാകുന്നത് സാമ്പത്തികാവസ്ഥയാണ്. നല്ലൊരു പരിശീലകനെ കൊണ്ടുവന്ന് പരിശീലനം നൽകുന്ന കാര്യം ചിന്തിക്കാൻ പോലും ഇവർക്കാവില്ല. ദേശീയ തലത്തിൽ നടക്കുന്ന അഞ്ച് റാങ്കിംഗ് ടൂർണ്ണമെന്റുകളിലും അതുപോലെ കേരളത്തിൽ നടക്കുന്ന വിവിധ റാങ്കിംഗ് ടൂർണ്ണമെന്റുകളിലും പങ്കെടുക്കാനുള്ള യാത്രയും മറ്റു ചെലവുകളും അവരുടെ പരിധിക്കപ്പുറമാണ്.


സാമ്പത്തിക സഹായത്തിനായി കേരള സ്‌പോർട്‌സ് കൗൺസിലിനെ സമീപിച്ചിരുന്നുവെങ്കിലും ടേബിൾ ടെന്നീസ് കായികതാരങ്ങൾക്ക് പരിശീലനത്തിനായി ധനസഹായം അനുവദിക്കുന്നതിന് ഗ്രാന്റ് ഇൻ എയ്ഡ് നിയമാവലി പ്രകാരം നിർവ്വാഹമില്ല എന്ന മറുപടിയാണ് ലഭിച്ചത്.
ഇവിടെയാണ് സുമനസ്സുകളുടെ ഔദാര്യത്തിനായി ഈ കായികവിദ്യാർത്ഥികൾ കാതോർക്കുന്നത്. ഏതെങ്കിലും സംഘടനകളോ വ്യക്തികളോ ഈ കായികതാരങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ തയ്യാറായാൽ ഭാവിയിൽ രാജ്യത്തിനുതന്നെ ഇവർ ഒരു മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല. 2024 ലെ ഒളിംപിക്‌സിൽ ഇന്ത്യയെ പ്രതിധിധീകരിക്കണമെന്നാണ് ഈ മിടുക്കികളുടെ ആഗ്രഹം. പിതാവ് അനിലിന്റെ മൊബൈൽ നമ്പർ: +919497805255.

Latest News