Sorry, you need to enable JavaScript to visit this website.

പൗരത്വ നിയമത്തില്‍ ആശങ്കയുമായി യു.എന്‍ സെക്രട്ടറി ജനറല്‍

ഇസ്‌ലാമാബാദ്- ദേശീയ പൗരത്വ നിയമ ഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററുണ്ടാക്കാനുള്ള നീക്കത്തിലും ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ്. പൗരത്വ നിയമത്തില്‍ മാറ്റം വരുത്തുമ്പോള്‍, ആര്‍ക്കും രാജ്യമില്ലാതെ വരുന്ന അവസ്ഥ ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഡോണ്‍ ന്യൂസ് ടിവിയോട് സംസാരിക്കുകയായിരുന്നു.
ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിയില്‍ താങ്കള്‍ക്ക് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ട് എന്നായിരുന്നു ഗുട്ടെറസിന്റെ മറുപടി. ബന്ധപ്പെട്ട യു.എന്‍ സമിതി ഇക്കാര്യം വളരെ സജീവമായി പരിഗണിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
യു.എന്‍ അഭയാര്‍ഥി കമ്മീഷണര്‍ ഇക്കാര്യം ഗൗരവത്തില്‍ പരിശോധിച്ചു വരികയാണ്. ഇത്തരം നിയമങ്ങള്‍ രാജ്യമില്ലാത്ത ആളുകളെ സൃഷ്ടിക്കും. അത് വളരെ പ്രയാസകരമായ സാഹചര്യമാണുണ്ടാക്കുക- അദ്ദേഹം ചൂണ്ടിക്കാട്ടി.
പൗരത്വ നിയമങ്ങളില്‍ മാറ്റം വരുമ്പോള്‍, ആളുകള്‍ രാജ്യരഹിതരാകുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല. സ്വന്തം രാജ്യമെന്നത് ഓരോ വ്യക്തിയുടേയും അവകാശമാണ്. അതിനാല്‍ തന്നെ സ്വന്തം രാജ്യം ഇല്ലാതാകുന്ന അവസ്ഥ ഭൂഷണമല്ല- യു.എന്‍ സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി.
പൗരത്വ നിയമത്തില്‍ ലോകത്തിന്റെ ആശങ്ക പ്രതിഫലിപ്പിക്കുന്നതായി യു.എന്‍ സെക്രട്ടറി ജനറലിന്റെ വാക്കുകള്‍. നേരത്തെ യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റും ഇക്കാര്യത്തില്‍ ഇന്ത്യക്കെതിരെ രംഗത്തുവന്നിരുന്നു.

 

Latest News