ലക്ഷങ്ങളുടെ വാച്ച് മോഷ്ടിച്ച് നിസ്സാര തുകക്ക് വിറ്റു, ഇന്ത്യക്കാരന്‍ വിചാരണ നേരിടുന്നു

ദുബായ്- 83 ലക്ഷം ദിര്‍ഹം വില വരുന്ന, വിലയേറിയ വാച്ചുകള്‍ മോഷ്ടിച്ച ശുചീകരണ ജോലിക്കാരന്‍ ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. 26 കാരനായ ഇന്ത്യക്കാരനാണ് പ്രതി. ജോലി ചെയ്ത ജ്വല്ലറി ഷോപ്പില്‍നിന്നാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. ഈ വാച്ചുകള്‍ വാങ്ങിയ രണ്ട് പാക്കിസ്ഥാനികളെ പിടികൂടാനായിട്ടില്ലെങ്കിലും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് വിചാരണ ചെയ്യുന്നുണ്ട്.
നായിഫ് പോലീസ് സ്റ്റേഷനില്‍ ജനുവരി ആറിന് ലഭിച്ച പരാതിപ്രകാരം അന്വേഷണം നടത്തിയ പോലീസാണ് ശുചീകരണ ജോലിക്കാരനെ കസ്റ്റഡിയിലെടുത്തത്.
മോഷ്ടിച്ച വാച്ചുകള്‍ വളരെ വിലകുറച്ചാണ് ഇയാള്‍ വിറ്റത്. രണ്ടരലക്ഷം ദിര്‍ഹം വിലയുളഅള ഒരു വാച്ചും 2,70,000 ദിര്‍ഹം വിലയുള്ള മറ്റൊരു വാച്ചും പതിനായിരം ദിര്‍ഹത്തിനാണ് ഇയാള്‍ പാക്കിസ്ഥാനികള്‍ക്ക് നല്‍കിയത്. രണ്ടാമത്തെ വാച്ചിന് ഇതുവരെ പണം കിട്ടിയിട്ടില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
പാക്കിസ്ഥാനികളാണ് യഥാര്‍ഥ മോഷ്ടാക്കളെന്നും തന്നെ ഉപയോഗിച്ച് അവര്‍ മോഷണം നടത്തി കുറഞ്ഞ വിലയില്‍ സാധനം സ്വന്തമാക്കുകയായിരുന്നെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്.

 

Latest News