Sorry, you need to enable JavaScript to visit this website.

കാലത്തോട് കലഹിക്കുന്ന കഥാകാരൻ

2019 ലെ വയലാർ അവാർഡ് ജേതാവ് വി.ജെ. ജെയിംസിന്റെ എഴുത്ത് ജീവിതം  

ആന്റിക്ലോക്ക് എന്ന തന്റെ നോവലിന്റെ മുഖവുരയിൽ സമയം നന്നാവട്ടെ, എല്ലാവരുടേയും എന്ന് വി.ജെ. ജെയിംസ് എഴുതുന്നുണ്ട്. വെറുമൊരു ആശംസാ വചനത്തിനപ്പുറം  സത്യമായും സമയം മോശമായിപ്പോയ ഒരു ജനതയുടെ ദുർവിധിയെ കുറിച്ചുള്ള ആധിയിൽ നിന്നുയർന്ന, മനസ്സിൽ തട്ടിയ  പ്രാർഥന കൂടിയാണത്. ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങൾ പാടാം എന്നൊരു വരിയോടെയാണ് നിരീശ്വരൻ എന്ന നോവലിന്റെ ആരംഭം. ജനാധിപത്യ വ്യവസ്ഥിതിയിൽ ഈശ്വരൻമാരായ ഭരണാധികാരികളോടുള്ള വിശ്വാസം നഷ്ടപ്പെട്ട് ആശ്വാസത്തിന്റെ മറ്റൊരു തീരത്തണയാൻ കൊതിക്കുന്നവന്റെ പ്രാർഥനയോ പ്രതിഷേധമോ ആണത്. പോട്ടത്തുരുത്ത് എന്ന പ്രദേശത്ത് ശുദ്ധജല വിതരണത്തിന് സൗകര്യമൊരുക്കാതെ അനേകം കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണമാകുമ്പോഴും അത് കണ്ടില്ലെന്ന് നടിക്കുന്ന അധികാരി വർഗത്തോടുള്ള അമർത്തിവെച്ച അമർഷമാണ് പല തരത്തിലായി 'പുറപ്പാടിന്റെ പുസ്തക'ത്തിൽ നീറിപ്പുകയുന്നത്. നിലവിലുള്ള നീതിശാസ്ത്രങ്ങൾ സമ്പന്നന്റെയും അധികാരി വർഗത്തിന്റെയും വൻ കള്ളത്തരങ്ങൾക്ക് കുട പിടിക്കുമ്പോൾ സാധാരണക്കാരൻ നിലനിൽപിനായി കളവിന്റെ പുതുവഴികൾ പിൻതുടരേണ്ടി വരുന്ന വൈരുധ്യത്തെ ആക്ഷേപ ഹാസ്യമാക്കി മാറ്റി കാലത്തോട് കരുണയില്ലാതെ കലഹിക്കുകയാണ്, ചോരശാസ്ത്രത്തിൽ.
ഇങ്ങനെ തന്റെ കൃതികളിൽ കാലഘട്ടത്തിന്റെ ഏറ്റവും പ്രസക്തമായ പ്രശ്‌നങ്ങളോട് നിർഭയത്വത്തോടെ സംവദിക്കാനാണ് വി.ജെ. ജെയിംസ് എന്ന എഴുത്തുകാരന്റെ ശ്രമം. പലപ്പോഴും അത്, ജനാധിപത്യത്തിന്റെ പേരിൽ ഭരിക്കുന്നവർ കാട്ടിക്കൂട്ടുന്ന കെട്ടുകാഴ്ചകളിൽ നിസ്സഹായരും നിരാലംബരുമായിപ്പോയ ഒരു ജനത ഉണരാനായി ഉയരുന്ന ഉൾവിളികളായി തീരുന്നുമുണ്ട്. അതിനെ ജനപക്ഷത്ത് നിന്നുകൊണ്ടുള്ള ഒരെഴുത്തുകാരന്റെ ജനാധിപത്യപരമായ കടമ കൂടിയായി കാണുന്ന അദ്ദേഹം വയലാർ അവാർഡിന്റെ നിറവിൽ നിന്നുകൊണ്ട് സംസാരിക്കുന്നു: 

'നിരീശ്വരൻ' താങ്കളിൽ നന്നായി അനുഗ്രഹം ചൊരിയുന്നുണ്ട് എന്നാണ് തോന്നുന്നത്. അംഗീകാരങ്ങൾ ഒന്നിനു പിറകെ ഒന്നായി ഇപ്പോൾ തേടിയെത്തുകയാണല്ലോ. നിരീശ്വരനോടുള്ള താങ്കളുടെ പ്രാർഥന ഫലിച്ചു എന്നു തന്നെ കരുതാം. അല്ലേ?
ഇല്ല, അങ്ങനെ എന്തെങ്കിലും ഫലിക്കാനായി പ്രത്യേകിച്ചൊരു പ്രാർഥനയും നടത്തിയിട്ടില്ല. നിരീശ്വരനെ പ്രപഞ്ച ബോധമായി സങ്കൽപിക്കാമെങ്കിൽ, അതിന്റെ വഴി സ്വയം നിശ്ചയിക്കപ്പെടുകയും അതിനനസരിച്ച് അത് പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. പ്രാർഥനയിലൂടെ അതിനെ സ്വാധീനിക്കുക എന്നതിനപ്പുറം അതിനോട് ചേർന്ന് നിൽക്കുന്നതാണ് പ്രാർഥന.

ഡി.സി ബുക്‌സ് രജത ജൂബിലി അവാർഡ്, മലയാറ്റൂർ പ്രൈസ്, തോപ്പിൽ രവി സാഹിത്യ പുരസ്‌കാരം, വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി അവാർഡ്, ഒ.വി. വിജയൻ പുരസ്‌കാരം, റോട്ടറി ലിറ്റററി അവാർഡ്, തിക്കുറിശ്ശി ഫൗണ്ടേഷൻ നോവൽ അവാർഡ്, കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിന്റെ ബഷീർ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, ഒടുവിലായി വയലാർ അവാർഡും. അംഗീകാരങ്ങൾ താങ്കളിലെ എഴുത്തുകാരനെ എങ്ങനെ സ്വാധീനിക്കുന്നു?
വ്യക്തി എന്ന നിലയിൽ അംഗീകാരങ്ങൾ ആഹ്ലാദിപ്പിച്ചേക്കാമെങ്കിൽ കൂടി എന്നിലെ എഴുത്തുകാരനിൽ ഇവ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. ഇത്രയൊക്കെ അംഗീകാരങ്ങൾ കിട്ടിയതല്ലേ, അതിനാൽ കൂടുതൽ കനത്തിൽ വേണം ഇനി എഴുതാൻ എന്ന വിചാരമൊന്നുമില്ല. അങ്ങനെ ചിന്തിക്കുന്നത് തന്നെ ഉള്ളിലെ എഴുത്തുകാരനെ സംഘർഷത്തിലാക്കാനേ കാരണമാകൂ. എഴുത്തിനോട്് എന്നും എനിക്ക് ആദരവായിരുന്നു. അതിനോട് തികഞ്ഞ സത്യസന്ധതയും നീതിയും പുലർത്തിപ്പോന്നിട്ടുമുണ്ട്. ഇതുവരെ എങ്ങനെയായിരുന്നോ അതുപോലെ തന്നെ തുടരട്ടെ. എഴുത്തിന് എപ്പോൾ വരണമെന്ന് തോന്നുന്നുവോ അപ്പോൾ കടന്നു വരട്ടെ.

ഉള്ളിൽ ഒരെഴുത്തുകാരൻ ഉണ്ടെന്ന് തിരിച്ചറിയുന്നത് എപ്പോഴാണ്?
അങ്ങനെ ഒരു തിരിച്ചറിവ് സ്വയം ഉണ്ടാകുന്നത് അൽപം വൈകിയാണ്. അതിനു മുമ്പേ എനിക്ക് അടുപ്പമുള്ള ചിലരാണത് മനസ്സിലാക്കിയത്. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോഴേ അക്ഷരങ്ങളോടും ഭാഷയോടും പ്രത്യേകമൊരു സ്‌നേഹം സൂക്ഷിച്ചിരുന്നു. ഹൈസ്‌കൂളിൽ എന്നെ മലയാളം പഠിപ്പിച്ച മേരി മത്തായി ടീച്ചറുടെ ക്ലാസുകൾ ഏറെ ആകർഷകമായിരുന്നു. അക്കാലം തൊട്ടെ കുടുംബക്കാർ, സുഹൃത്തുക്കൾ എന്നിവർക്ക് ഇൻലന്റിൽ കത്തുകളെഴുതാൻ എനിക്കിഷ്ടമായിരുന്നു. ഞാൻ സാദാ മട്ടിൽ എഴുതുന്ന കത്തുകൾക്ക് സാഹിത്യ ഭംഗിയുണ്ട് എന്ന് ഇവരിൽ മുതിർന്നവർ ചിലരാണ് ആദ്യം കണ്ടെത്തുന്നത്. അതൊക്കെ ചില പ്രേരണകൾ നൽകിയിട്ടുണ്ടാവാം. പ്രീഡിഗ്രി കഴിഞ്ഞു നിൽക്കുന്ന സമയത്ത് അങ്ങനെ ചിലതെല്ലാം ഞാൻ നോട്ടുബുക്കിൽ കുറിച്ചിടുകയുണ്ടായി. കഥയെഴുത്ത് ഗൗരവത്തോടെ കണ്ടു തുടങ്ങിയത് കോതമംഗലം എൻജിനീയറിംഗ് കോളേജിലെത്തിയപ്പോഴാണ്. 

എഴുത്തിലേക്ക് വരുന്നതിന് മുമ്പ് അതിന് പ്രചോദനമായ വായനയുടെ ഒരു പൂക്കാലം ഉണ്ടായിരിക്കുമല്ലോ?
ബാലമാസികകൾ വായിച്ചു തുടങ്ങി കഥകളിലും നോവലുകളിലും എത്തുകയായിരുന്നു. ഏഴ് മുതൽ 10 ാം ക്ലാസ് വരെ ഞാൻ പഠിച്ചത് കുട്ടനാട്ടെ ചമ്പക്കുളത്താണ്. അവിടെയുള്ള ലൈബ്രറിയിൽ നിന്നും ധാരാളം പുസ്തകങ്ങളെടുത്ത് വായിച്ചിരുന്നു. പിന്നീട് ജ്യേഷ്ഠൻ ചങ്ങനാശ്ശേരി പബ്ലിക് ലൈബ്രറിയിൽ നിന്നും കൊണ്ടുവരുന്ന പുസ്തകങ്ങളും വായിച്ചു. എന്തു വായിക്കണം, എങ്ങനെ വായിക്കണം, ആരുടെ പുസ്തകങ്ങൾ വായിക്കണം എന്നൊന്നും അറിയാതെയാണ് വായന. അതിനെ കുറിച്ച് പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല. അതിനാൽ ഇഷ്ടത്തിന് വായിച്ചു. അക്കൂട്ടത്തിൽ കാരൂരും ബഷീറും തകഴിയും കേശവദേവും ഒക്കെയുണ്ടായിരുന്നു. പക്ഷേ, ഞാനവരെയൊക്കെ തിരിച്ചറിയുന്നത് വളരെ വൈകിയാണ്. 

ആദ്യമായി പ്രസിദ്ധീകരിച്ച കഥ ഏതാണ്?
പി. ഭാസ്‌കരൻ മാസ്റ്റർ ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ ആയിരിക്കുമ്പോഴാണ് ഒരു കഥ ആദ്യമായി പ്രസിദ്ധീകരണത്തിന് അയക്കുന്നത്. നടനും തിരക്കഥാകൃത്തുമായ ഗോവിന്ദൻ കുട്ടിയുടെ ചില ഭ്രമാത്മക കഥകളുടെ ചുവടുപിടിച്ചഴുതിയ ഒരു കഥ. ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ അത് പ്രസിദ്ധീകരിച്ചു വന്നില്ല. 1989 ലാണ് എന്റെയൊരു കഥ, കലാകൗമുദിയുടെ കഥ ദൈ്വവാരികയിൽ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. കഥ പ്രസിദ്ധീകരിക്കുന്ന വിവരമൊന്നും അറിഞ്ഞിരുന്നില്ല. ഒരു യാത്രക്കിടെ യാദൃഛികമായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കഥാ മാഗസിൻ വാങ്ങി നോക്കിയപ്പോൾ കഥ കാണുകയായിരുന്നു. പെട്ടെന്നുണ്ടാകുന്ന ഒരു വിസ്മയവും ആഹ്ലാദവും കലർന്ന അവസ്ഥയാണ് അപ്പോൾ അനുഭവിച്ചത്.

കഥയെഴുത്തിന്റെ തുടക്കത്തിൽ മിക്കവാറും എല്ലാ എഴുത്തുകാരും അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം അവ മുഖ്യധാരാ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചെടുക്കാനുള്ള പ്രയാസമാണ്. എന്തായിരുന്നു താങ്കളുടെ അനുഭവം?
എന്റെ അനുഭവവും വ്യത്യസ്തമല്ല. അയച്ച പല കഥകളും തിരിച്ചു വരികയും ചിലതിനെ കുറിച്ച് ഒരു വിവരവും ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. അതേസമയം ഞാൻ ഒരുപാട് കഥകളെഴുതുകയും നിരന്തരമായി പ്രസിദ്ധീകരണങ്ങൾക്ക് അയക്കുകയും ചെയ്‌തൊരാളല്ല. അങ്ങനെ എഴുതാൻ എനിക്കാ വില്ല എന്നതാണ് സത്യം. ഇപ്പോഴും അതെ. കഥാ മാഗസിനിൽ ഒരു കഥ വന്നപ്പോൾ പോലും അതിൽ ആവേശഭരിതനായി തുടരെ കഥകളെഴുതിയിട്ടൊന്നുമില്ല. ആയിടക്കാണ് അന്നത്തെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ ഒന്നായ കുങ്കുമം വാരികയിൽ, ഞങ്ങൾ ഉല്ലാസ യാത്രയിലാണ് എന്ന പേരിൽ എന്റെയൊരു കഥ വരുന്നത്. കഥയെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞുകൊണ്ട് പത്രാധിപർ കത്തെഴുതിയത് എനിക്ക് വലിയ പ്രോത്സാഹനമായി. ആദ്യമായി കഥക്ക് പ്രതിഫലം കിട്ടിയതും കുങ്കുമത്തിൽ നിന്നാണ്. 

നിരീശ്വരൻ എഴുതുമ്പോൾ അതൊരു സെൻസിറ്റീവ് ഇഷ്യൂ ആയിത്തീർന്നേക്കും എന്നൊരു ഭയം ഉണ്ടായില്ലേ? പ്രത്യേകിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേൽ അധികാരം അനിയന്ത്രിതമായ കൂച്ചുവിലങ്ങുകൾ ഇടുന്ന സാഹചര്യത്തിൽ? 
പ്രപഞ്ച ബോധമാണ് എല്ലാവരെക്കൊണ്ടും എല്ലാം ചെയ്യിക്കുന്നത്. എഴുത്തും അങ്ങനെ തന്നെ. അതാണ് എഴുത്തിന്റെ പോർട്രെയിറ്റ് ആയി വരുന്നത്. അതിൽ ആരെയെങ്കിലും പ്രത്യക്ഷമോ പരോക്ഷമോ ആയി ഹനിക്കുന്ന ഒന്നും വാസ്തവത്തിൽ ഇല്ല. ആ സത്യസന്ധത നോവലിൽ പുലർത്തുന്നതുകൊണ്ട് താങ്കൾ സൂചിപ്പിച്ച പ്രശ്‌നമൊന്നും  ഉണ്ടായിട്ടില്ല. പ്രപഞ്ചത്തിന്റെ ഏകബോധത്തെ വിശ്വാസിക്കും അവിശ്വാസിക്കും ഒരേ പോലെ ചെന്നു തൊടാനുള്ള സാധ്യതയാണ് നോവൽ പറയുന്നത്. ശരിയായ വഴിയിലൂടെ സഞ്ചരിച്ചാൽ നിരീശ്വര വാദിക്ക് പോലും ശുദ്ധമായ ആത്മീയത അനുഭവിക്കാൻ പറ്റും എന്ന കണ്ടെത്തലുണ്ട് അതിൽ. ഈശ്വര വിശ്വാസിയും ആത്യന്തികമായി ശുദ്ധമായ ആത്മീയത തന്നെയാണ് തേടുന്നത്. അതിൽ നിന്നും അവരെ തടയുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അത് അവർ തന്നെ സ്വയം തിരിച്ചറിണമെന്ന ചിന്തയാണ് നോവൽ മുന്നോട്ട് വെക്കുന്നത്.
 
നിരീശ്വരൻ എഴുതാനുണ്ടായ സാഹചര്യം എന്താണ്?
എല്ലാം ഒന്നാണ് എന്ന പ്രപഞ്ച ബോധമാണ് ആത്യന്തികമായ സത്യം. അതാണ് എല്ലാവരെയും എല്ലാ മതങ്ങളെയും ഈശ്വരൻ സർവപ്യാപിയാണ് എന്നു പറയിക്കുന്നതിന്റെ പൊരുൾ. സർവവ്യാപിത്വം ഇല്ലാതെ വരും. ഈ ഏകതാനത പരമമായ സത്യമായിരിക്കേ മനുഷ്യൻ എന്തിനാണ് പലതരം വിശ്വാസങ്ങളിലും അവിശ്വാസങ്ങളിലും മുഴുകി വിരുദ്ധ ചേരികളിലായി നിന്നുകൊണ്ട് പരസ്പരം കൊമ്പുകോർക്കുന്നത് എന്ന ചിന്ത ഒരു വടംവലിയായി കുറേക്കാലം ഉള്ളിൽ കിടന്നിരുന്നു. അത് എല്ലാവരുടെ ഉള്ളിലും പല തരത്തിലായി എക്കാലത്തും ഉണ്ടായിരുന്ന, ഉണ്ടായിക്കൊണ്ടേയിരിക്കുന്ന ഒരു സംഘട്ടനമാണ്. ഈ കാലവും കടന്നു നാളെയിലേക്കും വ്യാപിക്കുന്ന അത്തരമൊരു വിഷയം എഴുത്തുകാരൻ എന്ന നിലയിൽ അഭിസംബോധന ചെയ്യാൻ ശ്രമിച്ചതാകണം. അതിലേക്ക് നമ്മുടെ ഭൂത-വർത്തമാനകാല ജീവിതാനുഭവങ്ങളും ദർശനവും ശാസ്ത്രബോധവും ഒക്കെ ഉൾച്ചേർന്നപ്പോൾ നിരീശ്വരൻ പിറന്നു എന്നു പറയാം. എന്തായാലും നിരീശ്വരൻ എന്ന വാക്ക് നോവൽ എഴുതുന്നതിന് മുമ്പേ മനസ്സിൽ കയറിക്കൂടിയിരുന്നു.

സാഹിത്യം മനുഷ്യനിൽ സാമൂഹ്യമോ സാംസ്‌കാരികമോ ബുദ്ധിപരമോ ആയ പരിവർത്തനങ്ങൾ എന്തെങ്കിലും കൊണ്ടുവരുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
അക്ഷരം എന്നാൽ അഗ്നിയാണ്. അത് എല്ലാറ്റിനെയും ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും. അക്ഷരങ്ങളുടെ വളർച്ചയാണ് സാഹിത്യം എന്നതിനാൽ ഇപ്പറഞ്ഞ ധർമങ്ങളൊക്കെ അത് നിർവഹിക്കുന്നുണ്ട്. വ്യക്തികളുടെ കൂട്ടായ്മയാണ് സമൂഹം എന്നു പറയുന്നത്. സമൂഹം നന്നാകുന്നതിന്റെ ഏറ്റവും പ്രാഥമികമായ തലം വ്യക്തിയുടെ സ്വയം നന്നാകലാണ്. നല്ല വായനകൾ ഒരു പരിധി വരെ അവരെ അതിന് കെൽപുള്ളവരാക്കുന്നു. ഉദാഹരണത്തിന് ഡെസ്റ്റോവ്‌സ്‌കിയുടെ കൃതികൾ. അവയുടെ വായന നമ്മെ ഒന്നു കഴുകി വെടിപ്പാക്കുന്നുണ്ട്. വായനശാലകൾ വളർന്നു പന്തലിച്ചു നിന്ന ഒരു കാലത്ത് അത് വായനക്കാരെ അഥവാ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നതിൽ ക്രിയാത്മകമായ പങ്ക് വഹിച്ചിരുന്നു. സ്വാഭാവികമായും അതിന്റെ മഹത്തായ പ്രതിഫലനങ്ങൾ പലതും അക്കാലത്ത് സമൂഹത്തിൽ കാണുകയുമുണ്ടായി. ആളുകൾ വായനയിൽ നിന്ന് അകന്നു പോകുമ്പോൾ അതിന്റെ മോശ ഫലങ്ങൾ സമൂഹത്തിന്റെ വിവിധ തുറകളിൽ ദൃശ്യമാകും.

താങ്കൾ എന്തിനെഴുതുന്നു?
എഴുതാതിരിക്കാനാണ് വാസ്തവത്തിൽ ശ്രമം. ആ പരിശ്രമങ്ങളുടെ പരാജയമാണ് എഴുത്തായി പരിണമിക്കുന്നത് എന്ന് പറയുന്നതാവും ശരി. അതേസമയം സാമൂഹ്യ ജീവി എന്ന നിലയിൽ ഓരോ വ്യക്തിയും സമൂഹവുമായി ഇന്ററാക്ഷൻ നടത്തുന്നുണ്ട്. അതിനവർക്ക് വ്യത്യസ്ത മാധ്യമങ്ങളുമുണ്ടാകും. എഴുത്താണ് എന്റെ മാധ്യമം. പലപ്പോഴും അക്ഷരങ്ങൾ എന്നെക്കൊണ്ട് എഴുതിക്കുകയും അങ്ങനെ എഴുത്ത് എന്നിൽ വളർന്നു വരികയും അത് കഥയും നോവലുമായി രൂപപ്പെടുകയുമാണ് ചെയ്യുന്നത്. ഒരുപാട് സമയമെടുത്ത് സംഭവിക്കുന്ന ഒരു പ്രക്രിയ ആണിത്. അതുകൊണ്ടു തന്നെ അധികമൊന്നും ഞാൻ എഴുതിയിട്ടില്ല. ഇക്കാലത്തിനിടയിൽ ഏഴു നോവലുകളും അറുപത്തഞ്ചിന് താഴെ വരുന്ന കഥകളും മാത്രം.  

'പുറപ്പാടിന്റെ പുസ്തക'ത്തിൽ നിന്നും പുറപ്പെട്ട് 'ചോരശാസ്ത്ര'വും 'ലെയ്ക്ക'യും 'ദത്താപഹാര'വും 'ഒറ്റക്കാലൻ കാക്ക'യും 'നിരീശ്വരനും' 'ആന്റിക്ലോക്കും' എഴുതിയ താങ്കൾ നമ്മുടെ പാരമ്പര്യ നോവൽ രചനയിലെ പ്രമേയ - ആഖ്യാന രീതികളിൽ ഒരു പൊളിച്ചെഴുത്താണ് നടത്തിയിരിക്കുന്നത്. അതേ സമയം പാരമ്പര്യ വായനയുടെ തടവുകാരാണ് നമ്മുടെ വായനക്കാരിൽ നല്ലൊരു വിഭാഗം. അവർ തന്റെ നോവലുകളെ എങ്ങനെ സ്വീകരിക്കും എന്നൊരു ശങ്ക താങ്കൾക്കുണ്ടായിരുന്നില്ലേ?
ഇല്ല, അങ്ങനെയൊന്നും തോന്നിയിട്ടില്ല. കാരണം എഴുതുന്ന സമയത്ത് നമ്മുടെ മുന്നിൽ വായനക്കാരില്ല എന്നതു തന്നെ. എഴുതുമ്പോൾ പ്രാഥമികമായി അവനവനെ തന്നെയാണ് തൃപ്തിപ്പെടുത്തുന്നത്. വ്യത്യസ്തമായ ഒരു പ്രമേയം വെച്ച് ഇന്ന് ഒരു നോവൽ എഴുതിക്കളയാം, അത് ഇന്ന രീതിയിലായിരിക്കണം ആഖ്യാനം ചെയ്യേണ്ടത്, ഇത്ര സമയത്തിനുള്ളിൽ പൂർത്തിയാക്ക ണം എന്നൊന്നും ബോധപൂർവം ചിന്തിച്ചുറച്ചിട്ടല്ല എഴുത്തിനിരിക്കുന്നത്. ആഖ്യാനവും ഏറെക്കുറെ അങ്ങനെ തന്നെ. അത് എഴുതുന്ന സമയത്ത് അതിന് അനുസൃതമായി രൂപം കൊള്ളുന്നതാണ്. എഴുത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള ബലംപിടിത്തവും ഞാൻ സ്വീകരിക്കാറില്ല. അത് സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണ് എന്നാണ് ഞാൻ കരുതുന്നത്. അതേസമയം വ്യത്യസ്തമായ ഒരു പ്രമേയമല്ലെങ്കിൽ എനിക്ക് എഴുതാനായി തോന്നില്ല, കഴിയുകയുമില്ല. 

പുതിയ എഴുത്ത് പ്രോജക്ടുകൾ എന്തൊക്കെയാണ്?
പല രൂപത്തിലും ഭാവത്തിലുമായി എപ്പോഴും ആശയങ്ങൾ ചിലത് മനസ്സിൽ കിടപ്പുണ്ടാകും, ഓരോ എഴുത്തുകാരനിലും. എഴുത്തിന്റെ കാര്യത്തിൽ ഇന്ന കൃതി ഇത്ര സമയത്തിനുള്ളിൽ എഴുതിക്കളയാം എന്ന ശാഠ്യമൊന്നും വെച്ചു പുലർത്താറില്ല. അത് അതിന്റെ സമയമാകുമ്പോൾ എഴുത്തിനിരുത്തിക്കൊള്ളും എന്നാണ് എന്റെ അനുഭവം.  


     
    
    
 

Latest News