Sorry, you need to enable JavaScript to visit this website.

ഒറ്റമരത്തണലിൽ പരന്ന നിലാവ്  

ജീവിതാനുഭവങ്ങൾക്ക് നേരെ  കണ്ണുകൾ തുറന്നു പിടിച്ച് അവയെ ഹൃദയത്തിലിട്ട് അക്ഷരക്കൂട്ടൊരുക്കി വായനക്കാരനെ വിസ്മയിപ്പിക്കുന്നതാണ് സുഹ്‌റ പടിപ്പുരയുടെ കവിതകൾ. 'ഇന്ത്യ എന്റെ  രാജ്യമാണ്' എന്ന പേരു കൊണ്ട് തന്നെ ശ്രദ്ധേയമാവുകയാണ് ഈ കവിതാ സമാഹാരം. അത് വർത്തമാന കാലത്തെ ആകുലതകൾക്കും അസ്വസ്ഥതകൾക്കും നേരെ ജാലകം തുറക്കുന്നു.  മഴയും പ്രകൃതിയും പ്രണയവും ഫാസിസവും പ്രതിരോധവും അമ്മമാരുടെ  നിശ്ശബ്ദ നിലവിളികളും ഇവയിൽ വിഷയീഭവിക്കുന്നു. പ്രളയവും പ്രകൃതി ദുരന്തങ്ങളും അതുപോലെ സാമൂഹിക അസ്വസ്ഥതകളും പിന്തുടരുമ്പോൾ  നിസ്സഹായമായി നിലവിളിക്കുന്ന മനുഷ്യർ തന്നെയാണ് അതിന്റെ കാരണക്കാരെന്ന് സമർഥിക്കുന്നു സുഹ്‌റ ഈ കവിതകളിൽ. അതോടൊപ്പം മനുഷ്യന്റെ ആർത്തിയും അഹന്തയും പരദൂഷണ ത്വരയും ഒറ്റപ്പെടലുമൊക്കെ വ്യത്യസ്തമായ വീക്ഷണ കോണിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അന്യർക്ക് പ്രവേശനമില്ലാത്ത  അടഞ്ഞ ഗേറ്റിനുള്ളിലെ നിലവിളി കേൾക്കാൻ സ്വന്തക്കാരല്ലാത്തവർ തന്നെയാണെത്തിയത് എന്ന് 'അവസാനത്തെ ചീട്ട്' എന്ന കവിത പറയുന്നു. പമ്മിപ്പമ്മി പിടിക്കാൻ വന്ന പുഴയോട്  കലഹിക്കാൻ കഴിയാതെ  നിസ്സഹയയായി   കൂട്ടിലടക്കപ്പെട്ട കിളി ജീവൻ വെടിഞ്ഞ് അനന്തതയിൽ ലയിക്കുമ്പോൾ കൊക്കിലുണ്ടായിരുന്ന ചീട്ടിലെ ചിത്രം 'തോണിക്കാരന്റേതായിരുന്നു' എന്നവസാനിക്കുമ്പോൾ അവിടെ മാനവ സാന്ത്വന സ്‌നേഹ ഗീതം മുഴങ്ങുകയായി. പ്രളയ ദുരന്തത്തിന്റെ ബാക്കിപത്രം അന്വേഷിക്കുന്ന 'ശേഷിപ്പ്' എന്ന   കവിതയിലെ വരികൾ ആർദ്രമായി പെയ്തിറങ്ങുകയാണ്. പെരുമഴ പാറക്കല്ലിലിടിച്ച് ഞെരിച്ചു കൊന്ന പെരുന്നാൾ ബാക്കി വെച്ചത് പൊട്ടി നുറുങ്ങിയ കുപ്പിവളകളും ചെളിയിൽ പുതഞ്ഞ കുഞ്ഞുടുപ്പും കള്ളയുറക്കം നടിച്ച പാവയും മാത്രം. തിരച്ചിലവസാനിക്കുമ്പോൾ കാണുന്നതാണ് പെരുന്നാളിന്റെ യഥാർത്ഥ ശേഷിപ്പ്.

'തിരിച്ചെടുക്കാൻ ബാക്കിയായി
ഒന്നുമില്ലെന്ന തിരിച്ചറിവോടെ,
തിരച്ചിൽ അവസാനിപ്പിച്ച്
കുന്നിറങ്ങിയവരാണ് കണ്ടത്;
അനക്കമറ്റ രണ്ട് കുഞ്ഞിക്കൈകൾ,
മണ്ണിൽനിന്നും പുറത്തേക്ക്
നീണ്ടു കിടക്കുന്നു;
പെരുന്നാൾ മൈലാഞ്ചി
ഇടാനെന്നപോലെ....

പെരുമഴയുടെ സംഗീതം കേൾക്കുന്ന മനോഹര കവിതയാണ് 'ചതി'. 
മനുഷ്യന്റെ പട്ടിണിയും ദാരിദ്ര്യവും കണ്ട് കണ്ണീർ വാർക്കുന്ന പെരുമഴ, നിസ്സഹായതയിൽ ഒരുമിക്കുന്ന മനുഷ്യാവസ്ഥ കണ്ട് പരിഹസിക്കുന്നു. അനുവാദമില്ലതെ ഇരച്ചുകയറുന്ന പുഴയെക്കണ്ട് 'ചതിച്ചല്ലോ' എന്ന്  കരഞ്ഞാർത്ത് ജീവനും കൊണ്ടോടുന്ന മനുഷ്യരോട് പിന്നാലെ വന്ന് 'ചതിച്ചതാരെന്നറിയാമോ' എന്ന മഴയുടെ  ചോദ്യം നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. പ്രളയത്തിൽ ഒരുമിച്ച നാം വീണ്ടും പരസ്പരം പോർവിളിക്കുന്നത് കാണുമ്പോൾ ദുരന്തങ്ങൾ ഇനിയുമാവർത്തിക്കുമെന്ന മുന്നറിയിപ്പാണ്  'ഒടിയൻ' എന്ന കവിത നൽകുന്നത്. 
സുഹ്‌യുടെ സ്ത്രീ പ്രമേയ കവിതകളിൽ  സ്ത്രീ സ്വത്വത്തിന്റെ വിഭിന്ന ഭാവങ്ങൾ ഒരു നൊമ്പരക്കാറ്റായ്ിവായനക്കാരനെ തഴുകിക്കടന്നു പോകുന്നു. അമ്മയും സഹോദരിയും ഭാര്യയുമൊക്കെ  ഇവിടെ അകം നോവിന്റെ രാഷ്ട്രീയക്കാഴ്ചകളാണ്  നൽകുന്നത്. സ്ത്രീ എന്നത് കേവലം ഉപഭോഗവസ്തുവാണെന്ന ധാരണകളെ പിഴുതെറിഞ്ഞ് സ്ത്രീ ഭാവങ്ങൾക്ക്  പുതിയ ആഖ്യാനം നൽകുകയാണിവിടെ. ഭയമെന്നത് ഒരു കാലാവസ്ഥയായ സിറിയയിലെ ആഭ്യന്തര സംഘർഷത്തിന്റെ തേങ്ങുന്ന നിഴൽ ചിത്രമാണ് 'വഴി ചോദിക്കുമ്പോൾ' എന്ന കവിത നൽകുന്നത്. അമ്മമാർ മൗനത്തിലൊളിപ്പിച്ച പ്രതിരോധത്തിന്റെ ഇടിമുഴക്കങ്ങൾ സൃഷ്ടിക്കുന്നു.               
പെൺ ജീവിതാവസ്ഥകളുടെ രാഷ്ട്രീയത്തിലേക്ക് തുറക്കുന്ന വാതിലാണ് 'കടലു കാണുന്ന പെണ്ണ്' എന്ന  കവിത. സർഗാത്മമകതയോടെ  സാമൂഹ്യ  ഇടപെടൽ നടത്തുന്ന സ്ത്രീകൾക്ക് നേരെ കൊട്ടിയടക്കപ്പെടുന്ന വാതിലുകളുടെ ശബ്ദം ഇതിൽ മുഴങ്ങിക്കേൾക്കാം.
ഉടപ്പിറന്നോൾ എന്ന കവിത പുതിയ വായനാനുഭവം നൽകുന്നു. ജീവിതത്തിന്റെ ഒറ്റപ്പെടലുകൾക്ക് പുതിയ ഭാഷ്യം നൽകുന്ന ഈ കവിതയിൽ  ഏതു ചൂടിലും നീ വാടാതിരിക്കാൻ ഞാനൊരു ഒറ്റമരത്തണലാകുന്നു, നിന്നിലേക്ക് മാത്രമൊഴുകുന്ന നദിയായി  ഞാനിപ്പോൾ ഇടക്കിടെ കരകവിയുന്നു... എന്ന് കുറിക്കുന്നു.


കാവലാൾ എന്ന കവിതക്കും സമാന  സ്വഭാവമുണ്ട്.. സ്ത്രീയുടെ സഹജഭാവങ്ങളുടെ ആന്തരിക സൗന്ദര്യം ഇതിൽ മിന്നിമറയുന്നു. കമലേച്ചിയുടെ ഓണസദ്യയുടെയും ആയിശാത്തയുടെ പെരുന്നാൾ വിഭവങ്ങളുടെയും ഏലിച്ചേടത്തിയുടെ ഈസ്റ്റർ വിഭവങ്ങളുടെയും രുചി മറന്ന നമ്മെ  'ഒറ്റ കെട്ടിപ്പിടിത്തത്തിലൂടെയാണ് നജീബിന്റെ ഉമ്മയും വെമുലയുടെ അമ്മയും ബഹുസ്വരത പഠിപ്പിക്കുന്നത് എന്ന് കവി വിസ്മയം കൊള്ളുമ്പോൾ അതിനു മാനങ്ങളേറെയാണ്.
പ്രതിരോധം എന്ന കവിതയിലെ വരികൾ സമകാലിക സംഭവങ്ങളുടെ യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. സ്വന്തം നാട്ടിൽ വേരറ്റു പോകുന്നവരുടെ  നിസ്സഹായതയുടെ പ്രതിഫലനമാണ് 'ഇന്ത്യ എന്റെ രാജ്യമാണ് എന്ന കവിതയിൽ കാണുന്നത്. അതിർത്തികളിലെ വരകൾക്ക്  കനം വെച്ചതറിയാത്ത കവിയുടെ നിസ്സഹായതക്ക് മേൽ ചൂണ്ടിയ തോക്കുകൾ നമുക്ക് നേരെയും കൂടിയാണ് ചൂണ്ടപ്പെടുന്നത്. കണ്ണിറുക്കുന്ന നക്ഷത്രങ്ങളും പാടുന്ന കിളികളും സൂര്യനും ഭൂമിയുമെല്ലാം പ്രണയത്തിനു പരവതാനി വിരിക്കുമ്പോൾ മനുഷ്യർ മാത്രമെന്തിനു അസ്വസ്ഥമാകുന്നു എന്ന ചോദ്യം പ്രസക്തമാണ്. 
ആകാശക്കീറ് എന്ന കവിതയിൽ മനുഷ്യന്റെ നന്ദിയില്ലായ്മയാണ് ചിത്രീകരിക്കുന്നത്. മനുഷ്യ കരങ്ങൾ നഷ്ടപ്പെടുത്തിയ  പുഴയും ഓളങ്ങളും ഊടുവഴികളും  പുൽത്തലപ്പുകളും പറവകളും തെരുവു നായ്ക്കളുമെല്ലാം അയാളെ അന്വേഷിച്ചുവെന്ന് പറയാൻ ചട്ടം കെട്ടുമ്പോൾ അയാൾ സഹായിച്ചവരെല്ലാം അയാളെ മറന്നു എന്ന് പറയരുതേ എന്ന് തേങ്ങുന്നു. പീഡിപ്പിക്കപ്പെടുന്ന കുഞ്ഞിൽ  തന്റെ മകളുടെ പ്രതിരൂപം കാണുന്ന അമ്മയുടെ നീറുന്ന മനസ്സ് കാണിക്കുന്ന (വയലറ്റ് പൂക്കൾ) എന്ന  'ആസിഫ' യെക്കുറിച്ചുള്ള കവിത സമകാലിക സാമൂഹ്യ വ്യവസ്ഥയോടുള്ള കലഹം കൂടിയാണ്. 
പ്രതീകം, ഇരുകാലികൾ, ജീവിതം എന്നീ കവിതകളികളിലെല്ലാം ജീവിത യാഥാർത്ഥ്യങ്ങളുടെ തീക്ഷ്ണത വെളിപ്പെടുന്നു. സ്ത്രീ സ്വത്വത്തെക്കുറിച്ചും പ്രണയത്തിന്റെ തരള ഭാവങ്ങളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമൊക്കെ പറയുന്ന സുഹ്‌റയുടെ കവിതകളിൽ വിപ്ലവ ബോധത്തിന്റെയും ഫാസിസത്തിനെതിനെതിരെയുള്ള പ്രതിരോധത്തിന്റെയും ഉണർത്തു പാട്ടുകൾ കാണാം. ജനതയുടെ ഭീതിക്ക് മേൽ പടരുന്നഫാസിസത്തിനെതിരെ ചൂണ്ടുന്ന വിരലുകളാണ്ഈ കവിതകൾ.

Latest News