Sorry, you need to enable JavaScript to visit this website.

ഉയരമേറുന്ന മതിലുകളും സൂപ്പർ മാർക്കറ്റിലെ മുളകു പൊടിയും 

കഴിഞ്ഞ വർഷം പ്രളയ കാലത്ത് കോഴിക്കോട്ടിറങ്ങിയ മാതൃഭൂമി, മനോരമ പത്രങ്ങളിലെ സിറ്റി പേജിൽ ഇതര സംസ്ഥാനത്ത് നിന്നെത്തിയ എൻജിനീയറിംഗ് കോളേജ് പ്രൊഫസറെപ്പറ്റി ഒരു വാർത്തയുണ്ടായിരുന്നു. രാജാജി റോഡിൽ പുതിയ ബസ് സ്റ്റാന്റിന് എതിർവശത്തുള്ള മാളിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തതാണ് വാർത്ത. ഇവിടെ ഷോപ്പിംഗിനെത്തിയ ഒരു പ്രൊഫസർ സാധനങ്ങൾ ശേഖരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ ഒരു കോൾ വന്നപ്പോൾ സ്വസ്ഥമായി സംസാരിക്കാൻ പുറത്തിറങ്ങിയപ്പോൾ മോഷണമാണെന്ന് തെറ്റിദ്ധരിച്ച് തൽക്ഷണ നടപടിക്കിറങ്ങിയതായിരുന്നു മാളിലെ ഉദ്യോഗസ്ഥർ. പിന്നിട്ട വാരത്തിൽ നാദാപുരത്ത് നിന്നൊരു സൂപ്പർ മാർക്കറ്റ് വാർത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ ക്രൈം ന്യൂസിലുണ്ടായിരുന്നു. തൂണേരിയിൽ നിന്നെത്തിയ സ്ത്രീ പണമടയ്ക്കാതെ മുളകു പൊടി പായ്ക്കറ്റ് കൊണ്ടുപോകാൻ ശ്രമിച്ചുവെന്നതാണ് കേസ്. തെളിവ് സൂപ്പർ മാർക്കറ്റിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങൾ. നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ല. ഇവിടെ പോലീസും കോടതിയും പിന്നെന്തിനാണ്? തയ്‌റോഡിന് ഗുളിക കഴിക്കുന്ന തന്നെ മണിക്കൂറുകളോളം ബന്ധനസ്ഥയാക്കിയ കാര്യം സ്ത്രീ ലേഖകനോട് പറയുന്നു. ഇതേ വാർത്ത കേരള കൗമുദിയും റിപ്പോർട്ട് ചെയ്തു.  വി.എസ് അനുകൂലികളുടെ ഇഷ്ട മാധ്യമമായ കൗമുദിയുടെ കമന്റുകളിൽ ഈ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാവുന്നതാണ്. പോലീസിന്റെ ഇടപെടലാണ് നാദാപുരത്തും കല്ലാച്ചിയിലും ഇതൊരു വലിയ പ്രശ്‌നമാവാതെ കെട്ടടങ്ങാൻ കാരണമായത്. സൂപ്പർ മാർക്കറ്റിൽ അഞ്ച് റിയാലിന് ലഭിക്കുന്ന മുളകു പൊടി പായ്ക്കറ്റിന്റെ പേരിലായിരുന്നു ഈ കോലാഹലമെല്ലാം. 
*** *** ***
ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ മഹാനഗരത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയുള്ളത്. ഒന്നര കോടിയിലേറെ ജനങ്ങൾ ഈ കോസ്‌മോപൊളിറ്റൻ നഗരത്തിൽ കഴിയുന്നു. ബോളിവുഡും ധാരാവിയും നരിമാൻ പോയന്റും അതിസമ്പന്നരുടെ മലബാർ ഹില്ലുമെല്ലാം ചേരുന്നതാണ് മുംബൈ. മെട്രോ നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ചേരികളിലെ ദുർഗന്ധം മുതൽ സകല വൈവിധ്യവും നമുക്ക് അടുത്തറിയാം. മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിന്റെ റൺവേയിൽ വന്നിറങ്ങുന്ന വിമാന യാത്രക്കാർക്ക് ലഭ്യമാവുന്ന ആദ്യ ദൃശ്യവും ഇത് തന്നെ. സമ്പന്നതയും ദാരിദ്ര്യവും ലയിച്ചു ചേർന്ന മണ്ണ്. അഹമ്മദാബാദ് (ഇതിന്റെ പേര് ഇനിയും മാറ്റിയില്ലേ?) നഗരത്തിലുമുണ്ട് ചേരി പ്രദേശങ്ങൾ. ഇവിടേക്കാണ് യു.എസ് പ്രസിഡന്റ് ട്രംപും സഹധർമിണി മിലാനിയയും മോഡിജിയുടെ ക്ഷണമനുസരിച്ച് എത്തുന്നത്. ഇത്രയും വലിയ ആളുകൾ വരുമ്പോൾ ചേരി നിവാസികളായ പാവങ്ങളെ കാണാതിരിക്കാൻ ഉയരത്തിൽ മതിൽ പണിയുകയാണെന്നാണ് ഗുജറാത്തിൽ നിന്നുള്ള റിപ്പോർട്ട്. സോഷ്യൽ മീഡിയയിലെ ട്രോളന്മാരും വെറുതെ ഇരുന്നില്ല. അതിഥി മോഡിയോട് ചോദിച്ചു, ഇവിടെ ചേരികളുണ്ടോ? മോഡിജിയുടെ മറുപടി...നോ, നോ അതെല്ലാം അങ്ങ് കേരളത്തിൽ. കോലഞ്ചേരി, ആയഞ്ചേരി, മട്ടാഞ്ചേരി, മഞ്ചേരി എന്നിങ്ങനെ പലവക. നാണക്കേടിന്റെ വാർത്തകളാണ് ദേശീയ മാധ്യമങ്ങളിൽ. ഇന്ത്യാ ടുഡേയുടെ ഏഴ് മണി ബുള്ളറ്റിനായ സെവൻ അറ്റ് സെവൻ വ്യാഴാഴ്ച ആരംഭിച്ചത് ദൽഹി വനിതാ കോളേജിൽ ജയ് ശ്രീറാം വിളിച്ചുകൊണ്ട് മാസ്റ്റർബേറ്റ് ചെയ്ത വിദ്വാന്മാരെ പരമാർശിച്ചാണ്. വാരാന്ത്യത്തെ സമ്പന്നമാക്കാൻ ഗുജറാത്ത് ഭുജിലെ വനിതാ ഹോസ്റ്റൽ വിശേഷവുമുണ്ട്. 
*** *** ***
സംഘ് പരിവാറിന്റെ സ്വന്തം സുദർശൻ മുതൽ ടൈംസ് നൗ വരെയുള്ള ചാനലുകൾ പ്രവചിച്ചത് കൃത്യമായി. ആം ആദ്മി പാർട്ടി ദൽഹി വീണ്ടും തൂത്തുവാരി. ബി.ജെ.പിയുടെ എല്ലാ അടവുകളെയും വർഗീയ നീക്കങ്ങളെയും വികസന മന്ത്രം കൊണ്ടും ജനക്ഷേമം കൊണ്ടും നേരിട്ടാണ് അരവിന്ദ് കെജ്‌രിവാൾ അനായാസ വിജയം നേടിയത്. ഇതോടെ കെജ്‌രിവാൾ ദേശീയ നേതാവായി ഉയരുമെന്ന സൂചനകൾ കൂടി നൽകുകയാണ് തെരഞ്ഞെടുപ്പ് ഫലം. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയുമായി പൊതുസമ്മത നേതാവായി കെജ്‌രിവാൾ ഏറ്റുമുട്ടുമെന്നാണ് സൂചനകൾ. 2024 ൽ കെജ്‌രിവാളും മോഡിയും നേർക്കുനേർ എന്നെഴുതിയ പോസ്റ്ററുകൾ ദൽഹിയിൽ പലയിടത്തും ഉയർന്നതായി വാർത്തയുണ്ടായിരുന്നു. ആപ് വീണ്ടും ഭരണത്തിലേറിയതോടെ   ദൽഹി ഹോട്ടലുകളിൽ
ബിരിയാണി തീറ്റ മത്സരം പൊടിപൊടിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.  നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ദില്ലിയിൽ 'ബിരിയാണി' ഒരു രാഷ്ട്രീയ ആയുധമായിരുന്നു. ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീൻ ബാഗിലെ സമരക്കാർക്ക് ആം ആദ്മി ബിരിയാണി വിളമ്പുന്നുണ്ടെന്നായിരുന്നു ബി.ജെ.പി നേതാക്കൾ ആവർത്തിച്ച് പറഞ്ഞത്. ബി.ജെ.പി പ്രചരിപ്പിച്ച ഈ 'ബിരിയാണി' വെറുപ്പൊന്നും ഏശിയില്ലെന്നത് വേറെ കാര്യം. ഒന്ന് സംഭവിച്ചു, ആപ്പ് വിജയിച്ചതോടെ  ബിരിയാണി കച്ചവടം ജോറായി. ആം ആദ്മിയുടെ വിജയം ബിരിയാണി കഴിച്ച് ആഘോഷമാക്കുന്ന നിരവധി ചിത്രങ്ങളും ട്വീറ്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. 
*** *** ***
ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസിലെ മത്സരാർഥികളിലൊരാളാണ് നടി മഞ്ജു പത്രോസ്. മഞ്ജുവിൽ നിന്നും ഭർത്താവും കുടുംബവും വിവാഹ മോചനം ആവശ്യപ്പെട്ടുവെന്നുള്ള വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതിനോട് ഭർത്താവ് സുനിച്ചൻ ഫേസ്ബുക്ക് ലൈവിൽ പ്രതികരിക്കുന്നതാണ് പിന്നീട് കണ്ടത്. 
'നമസ്‌കാരം ഞാൻ സുനിച്ചൻ ആണ് സംസാരിക്കുന്നത്. ഇപ്പോൾ ദുബായിൽ ആണുള്ളത്. ഒരു വർഷം ആയി ഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടിൽ ലീവിന് പോയിരുന്നു. ബിഗ് ബോസ് എല്ലാരും കാണുന്നുണ്ട് എന്നെനിക്കറിയാം. ഞാൻ ഇടക്ക് ഏഷ്യാനെറ്റിൽ ചെന്നിരുന്നുവെന്നും മഞ്ജുവിൽ നിന്നും ഡിവോഴ്‌സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേർത്ത് ഒരു വാർത്ത  കണ്ടു. ഞാൻ അത് ഏഷ്യാനെറ്റിൽ വിളിച്ചു ചോദിച്ചു. അപ്പോൾ അവർ അത് പെയ്ഡ് ന്യൂസ് ആണെന്നു പറഞ്ഞു. എനിക്ക് ഒരുപാട് സങ്കടമായി. അങ്ങനെ ഒരു വാർത്ത ഇല്ല. കാരണം എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നൽകിയിട്ടാണ് അവൾ ബിഗ് ബോസിൽ പോയത്.' ഒരു പ്രോഗ്രാം ഹിറ്റാക്കാൻ എന്തൊക്കെ കോപ്രായങ്ങൾ? ഇതിലെ ഭാഷയുടെ നിലവാര തകർച്ചയെ കുറിച്ചും ചിലരുടെ പ്രതികരണങ്ങൾ കണ്ടു. പാളയം മാർക്കറ്റിൽ നിന്ന് ചിത്രീകരിക്കുന്നതാവും ഇതിലും ഭേദമെന്നാണ് നിർദേശം. തുടങ്ങിയ കാലത്ത് ലൈംഗിക സംശയങ്ങൾ തീർക്കുന്ന പ്രോഗ്രാം സംപ്രേഷണം ചെയ്ത ചാനലാണ്. കിന്നാരത്തുമ്പികൾ ആദ്യമായി മിനി സ്‌ക്രീനിലെത്തിച്ചതും ഏഷ്യാനെറ്റ് തന്നെ. 
*** *** ***
24 ന്റെ 100 വാർത്തയെ കുറിച്ച് വീണ്ടും. കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് കമ്പുറം ബീച്ച് ശുചീകരിച്ചുവെന്ന് ഒരെണ്ണം കേട്ടു. ഇത് കമ്പുറമല്ല. കാമ്പുറമാണ്. കേരളത്തിലെ ആരോഗ്യ മേഖല സ്വകാര്യവൽക്കരിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എന്ന വാർത്ത പറയുമ്പോൾ ദൃശ്യം രാഹുൽ ഈശ്വർ. ഒരു ക്ഷമാപണവുമില്ല. രാഹുൽ ഈശ്വറിനെ അയ്യപ്പസേവാസമിതി പുറത്താക്കിയ മറ്റൊരു വാർത്തയുടേതാവുമെന്ന് അനുമാനിക്കാം. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളേക്കാൾ പ്രധാനം ഇന്ത്യയിലെ മുസ്‌ലിംകളാണെന്ന നിലപാടെടുത്തതാണ് രാഹുലിന് നേരെ നടപടി വരാൻ കാരണം. ഇത് മറ്റൊരു തരത്തിൽ പറഞ്ഞ കെജ്‌രിവാൾ നേട്ടമുണ്ടാക്കിയ കാലമാണിത്. ഒരു സഹായ വാർത്ത സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റിന് ഐ.എഫ്.എസ് കോഡ് തെറ്റി. 24 മണിക്കൂറിന് ശേഷം തിരുത്തി സംപ്രേഷണം ചെയ്തു. അമൃത ടി.വി സംപ്രേഷണം ചെയ്ത ബാറിലെ കോമഡി കാണാനിരുന്നവരുടെ അര മണിക്കൂർ പാഴായി. തമാശയെന്ന പേരിൽ കാട്ടിക്കൂട്ടിയതെല്ലാം നടക്കുന്നത് ഒരു ബാറിൽ. എന്നിട്ടും മദ്യാപനം ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പൊന്നും കണ്ടതില്ല. ഇതിന് പ്രത്യേക ഇളവ് കൊടുത്തതാണോ എന്നറിയില്ല. ആഷിഖ് അബുവിനും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലിനും കഷ്ടകാലം തീരുന്നില്ല. മീൻ പൊരിച്ചത് പെൺകുട്ടികൾക്ക് കിട്ടാത്തതിന്റെ സങ്കടം തീർത്തു കൊടുത്തത് ഇത്രക്ക് പൊല്ലാപ്പാവുമെന്ന് അബു കരുതിക്കാണില്ല. പ്രളയ ഫണ്ട് വാർത്ത ജനം ടി.വിയും ദേശീയ മാധ്യമങ്ങളും പ്രാധാന്യത്തോടെയാണ് സംപ്രേഷണം ചെയ്തത്. ജീവൻ ടി.വിയിൽ നാളത്തെ വാർത്ത ഇന്ന് എന്ന ശീർഷകത്തിലെ പ്രോഗ്രാമിൽ സി.പി.എം നേതാവ് സീതാറാം യെച്ചൂരി കോൺഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് എന്നത് കണ്ടു. ഇതിലെന്ത് പുതുമ? ഇതു കുറച്ചു കാലമായി പറഞ്ഞു കേൾക്കുന്നതല്ലേ? 

Latest News