Sorry, you need to enable JavaScript to visit this website.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിലക്ക്, ഭാവി അനിശ്ചിതത്വത്തില്‍

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അടുത്ത രണ്ടു സീസണില്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്നതിന് യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണ സംഘടനയായ യുവേഫ വിലക്കേര്‍പ്പെടുത്തിയത് കായികലോകത്തെ ഞെട്ടിച്ചു. സാമ്പത്തിക പെരുമാറ്റച്ചട്ടത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനും അന്വേഷണവുമായി സഹകരിക്കാത്തതിനുമാണ് ശിക്ഷ. ലോക ഫുട്‌ബോളിലെ ഏറ്റവും സമ്പന്ന ക്ലബ്ബിനെതിരായ നടപടി വലിയ ചലനം സൃഷ്ടിക്കും. അബുദാബി ഉടമസ്ഥതയിലുള്ള ക്ലബ്ബിന് മൂന്നു കോടി യൂറോ പിഴയും വിധിച്ചിട്ടുണ്ട്. 
യുവേഫയുടെ സാമ്പത്തിക പെരുമാറ്റച്ചട്ട അന്വേഷണത്തിന്റെ വിവരങ്ങള്‍ നേരത്തെ തന്നെ ചോര്‍ന്നിരുന്നു. സിറ്റി തങ്ങളുടെ സ്‌പോണ്‍സര്‍ഷിപ് വരുമാനം പെരുപ്പിച്ചു കാട്ടിയതായും വരുമാന സ്രോതസ്സ് മറച്ചുവെച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത ചോര്‍ന്നിരുന്നത്. 
യൂറോപ്പ കപ്പ് ഉള്‍പ്പെടെ യൂറോപ്പിലെ ഒരു ടൂര്‍ണമെന്റിലും 2023 വരെ സിറ്റിക്ക് കളിക്കാനാവില്ല. മികച്ച കളിക്കാര്‍ ഇതോടെ ടീം വിടാന്‍ സാധ്യതയേറെയാണ്. മറ്റു ക്ലബ്ബുകളില്‍നിന്ന് കളിക്കാരെ കിട്ടാനും പ്രയാസമാവും. അടുത്ത സീസണില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാവുന്ന കോച്ച് പെപ് ഗാഡിയോളയും തുടരുമോയെന്ന് വ്യക്തമല്ല. 
സിറ്റി ചാമ്പ്യന്‍സ് ലീഗിന്റെ പ്രി ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഈ മാസം റയല്‍ മഡ്രീഡുമായി കളിക്കാനിരിക്കുകയാണ്. എന്നാല്‍ ഈ സീസണില്‍ ചാമ്പ്യന്മാരായാലും അവര്‍ക്ക് അടുത്ത സീസണില്‍ പുറത്തിരിക്കേണ്ടി വരും. 
യുവേഫയുടെ അേേന്വഷണം പിഴവ് നിറഞ്ഞതാണെന്നും വിധിക്കെതിരെ അപ്പീല്‍ പോവുമെന്നും സിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യാന്തര സ്‌പോര്‍ട്‌സ് മാധ്യസ്ഥ കോടതിയെ അവര്‍ വൈകാതെ സമീപിക്കും. 
മാഞ്ചസ്റ്റര്‍ സിറ്റിയെ അബുദാബി ഭരണകൂടം സഹായിക്കുന്നത് ക്ലബ് ഫുട്‌ബോളിന്റെ ഘടനയെ തകിടം മറിക്കുന്നതായി സ്പാനിഷ് ലീഗ് പ്രസിഡന്റ് ഹവിയര്‍ തേബാസ് ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. സിറ്റിക്കെതിരെ ഇംഗ്ലണ്ടിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അതും കൂടുതല്‍ നടപടിയിലേക്ക് നയിച്ചേക്കാം.
2008 ലാണ് അബുദാബി രാജകുടുംബാംഗമായ ശെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഏറ്റെടുക്കുന്നത്. അതോടെ സിറ്റി ഉജ്വല പ്രതാപത്തിലേക്കുയര്‍ന്നു. 2012 നു ശേഷം നാലു തവണ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി. മാഞ്ചസ്റ്റര്‍ സിറ്റിയും ഐ.എസ്.എല്‍ ക്ലബ് മുംബൈ സിറ്റിയുമുള്‍പ്പെട്ട സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ മൂല്യം 480 കോടി ഡോളറാണ്.  
2018 നവംബറില്‍ സിറ്റിയുടെ രഹസ്യ ഇ-മെയിലുകള്‍ ജര്‍മന്‍ മാധ്യമം ദെര്‍സ്പീഗല്‍ ചോര്‍ത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇതിന്റെ ആധികാരികത ഇതുവരെ സിറ്റി നിഷേധിച്ചിട്ടില്ല. ഇത്തിഹാദ് എയര്‍വേയ്‌സിന്റെ സ്‌പോണ്‍സര്‍ഷിപ് തുക പെരുപ്പിച്ചു കാട്ടിയതായി ഇതില്‍ സൂചനയുണ്ടായിരുന്നു. ഇത്തിഹാദ് 6.75 കോടി പൗണ്ട് ചെലവിട്ടതായാണ് കണക്കുകളെങ്കിലും അബുദാബി യുനൈറ്റഡ് ഗ്രൂപ്പ് 5.99 കോടി പൗണ്ട് ഇത്തിഹാദിന് തിരിച്ചുനല്‍കിയതായി ഇ-മെയിലുകളില്‍ സൂചനയുണ്ട്. അബ്‌റാര്‍ എന്ന ഇന്‍വെസ്റ്റ് കമ്പനിയുടെ വരുമാന സ്രോതസ് യഥാര്‍ഥത്തില്‍ ക്ലബ് ഉടമ മന്‍സൂര്‍ തന്നെയാവാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. 2014 ല്‍ സാമ്പത്തിക പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സിറ്റിക്ക് യുവേഫ ആറു കോടി യൂറോ പിഴയിട്ടിരുന്നു. 
 

Latest News