ഇബ്ര-റൊണാള്‍ഡോ പോര് സമനിലയില്‍

മിലാന്‍ - ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും സ്ലാറ്റന്‍ ഇബ്രഹിമോവിച്ചും തമ്മിലുള്ള പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട ഇറ്റാലിയന്‍ കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ യുവന്റസും എ.സി. മിലാനും 1-1 സമനില പാലിച്ചു. റൊണാള്‍ഡൊ ഇഞ്ചുറി ടൈമില്‍ നേടിയ പെനാല്‍ട്ടി ഗോളാണ് മിലാനില്‍ നടന്ന ആദ്യ പാദത്തില്‍ യുവന്റസിന്റെ മാനം കാത്തത്. അറുപത്തിരണ്ടാം മിനിറ്റില്‍ ആന്റെ റെബിച്ച് നേടിയ ഗോളില്‍ മിലാന്‍ ലീഡ് ചെയ്യുകയായിരുന്നു. മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കിട്ടിയ ഇബ്രക്ക് റിട്ടേണ്‍ ലെഗില്‍ കളിക്കാനാവില്ല. എഴുപത്തൊന്നാം മിനിറ്റില്‍ തിയൊ ഹെര്‍ണാണ്ടസ് ഇരട്ട മഞ്ഞക്കാര്‍ഡിന് പുറത്തായ ശേഷം പത്തു പേരുമായാണ് മിലാന്‍ പൊരുതിയത്. 
2015 നു ശേഷം ആദ്യമായി ഇബ്രയും റൊണാള്‍ഡോയും ഏറ്റുമുട്ടുന്നതു കാണാന്‍ മുക്കാല്‍ ലക്ഷത്തോളം പേരാണ് എത്തിയത്. റൊണാള്‍ഡോ റയല്‍ മഡ്രീഡിനും ഇബ്ര പി.എസ്.ജിക്കും കളിക്കുമ്പോഴായിരുന്നു അവസാന മുഖാമുഖം. മത്സരത്തിലുടനീളം റൊണാള്‍ഡോക്ക് വലിയ റോളുണ്ടായിരുന്നില്ല. എന്നാല്‍ ഇബ്ര പലതവണ ഗോള്‍മണം പരത്തി. 

Latest News