Sorry, you need to enable JavaScript to visit this website.

എനിക്ക് വിഷാദമോ, ആരു  പറഞ്ഞു? -പെലെ

റിയോഡിജനീറോ - താന്‍ വിഷാദരോഗത്തിനടിമപ്പെട്ടിരിക്കുകയാണെന്ന തരത്തില്‍ മകന്‍ എഡിഞ്ഞൊ നടത്തിയ പ്രസ്താവന തിരുത്തി ഫുട്‌ബോള്‍ രോമാഞ്ചം പെലെ. താന്‍ ആരോഗ്യവാനാണെന്ന് എഴുപത്തൊമ്പതുകാരന്‍ ആരാധകരെ ഓര്‍മിപ്പിച്ചു. 
നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും ആശങ്കകള്‍ക്കും നന്ദി. ഞാന്‍ ആരോഗ്യവാനാണ്. ഈ വര്‍ഷം എണ്‍പതിലേക്ക് കടക്കും. ചില ദിവസങ്ങള്‍ നല്ലതാണ്, ചിലത് ചീത്തയും. എന്റെ പ്രായത്തിലുള്ളവര്‍ക്ക് അതൊക്കെ സ്വാഭാവികമാണ് -പെലെ പ്രസ്താവിച്ചു. തിരിക്കിട്ട ജീവിതത്തിനിടയിലും പരസ്യങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളിലൊക്കെ പങ്കെടുക്കുന്നുണ്ടെന്ന് പെലെ പറഞ്ഞു. ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ട്. അത് ഉചിതമായ രീതിയില്‍ ഞാന്‍ നേരിടുന്നുണ്ട്. പന്ത് ഉരുണ്ടുകൊണ്ടേയിരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു -പെലെ പറഞ്ഞു. 
ഫുട്‌ബോളിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത കുലപതി പെലെ വിഷാദരോഗത്തിന് അടിമയെന്ന് മകന്‍ ഒരു അഭിമുഖത്തിലാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അനാരോഗ്യവും വീട്ടില്‍നിന്ന് ഇഷ്ടാനുസരണം പുറത്തിറങ്ങാനാവാത്ത അവസ്ഥയുമാണ് എക്കാലത്തെയും മികച്ച കളിക്കാരനെന്നു വിശേഷിപ്പിക്കപ്പെടുന്ന പെലെയെ ഈ സ്ഥിതിയിലെത്തിച്ചതെന്നും മകന്‍ എഡീഞ്ഞൊ വെളിപ്പെടുത്തി.
സമീപകാലത്ത് അനാരോഗ്യം പെലെയെ നിരന്തരം അലട്ടുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ മൂത്രാശയത്തിലെ അണുബാധ കാരണം രണ്ടാഴ്ചയോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നു. 2014 ല്‍ ഇതേ രോഗത്തിന് ഐ.സി.യുവില്‍ കിടക്കേണ്ടി വന്നിരുന്നു. പെലെയുടെ ഒരു കിഡ്‌നി മത്സരത്തിനിടെയുണ്ടായ വാരിയെല്ലിലെ പരിക്കു കാരണം നേരത്തെ നീക്കം ചെയ്തിരുന്നു. ഒരു കിഡ്‌നിയേ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇടുപ്പിലെ ശസ്ത്രക്രിയക്കു ശേഷം ഊന്നുവടിയുപയോഗിച്ചാണ് എഴുപത്തൊമ്പതുകാരന്‍ നടക്കുന്നത്. 2012 ല്‍ നടന്ന ശസ്ത്രക്രിയയാണ് പെലെയെ തളര്‍ത്തിയത്. അതിന്റെ ആഘാതത്തില്‍ നിന്ന് പെലെ മുക്തനായിട്ടില്ലെ് മകന്‍ പറഞ്ഞു. 
ഫുട്‌ബോളിലെ രാജാവായി വാണ താന്‍ ഒന്നിനും കഴിയാത്ത രീതിയില്‍ വീട്ടിലൊതുങ്ങേണ്ടി വരുന്നത് പെലെയെ നിരാശനാക്കുുണ്ടെന്ന എഡിഞ്ഞൊ പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ ഫ്രഞ്ച് ലോകകപ്പ് ഹീറോ കീലിയന്‍ എംബാപ്പെക്കൊപ്പം പാരിസില്‍ ഒരു കമ്പനിയുടെ ചടങ്ങില്‍ പെലെ പങ്കെടുത്തിരുന്നു. എന്നാല്‍ തൊട്ടുടനെ ആശുപത്രിയിലായി. 
സാന്റോസിനു പുറമെ ന്യൂയോര്‍ക്ക് കോസ്‌മോസിനും ബ്രസീല്‍ രോമാഞ്ചം കളിച്ചിരുന്നു. 1363 മത്സരങ്ങളില്‍ 1281 ഗോളാണ് പെലെയുടെ സമ്പാദ്യം. ബ്രസീലിനു വേണ്ടി 91 മത്സരങ്ങളില്‍ 77 ഗോളടിച്ചു. മൂന്നു ലോകകപ്പ് നേടിയ ഒരേയൊരു കളിക്കാരനാണ്. പെലെയുടെ ക്ലബ്ബായ സാന്റോസില്‍ തൊണ്ണൂറുകളില്‍ ഗോള്‍കീപ്പറായിരുന്നു നാല്‍പത്തൊമ്പതുകാരനായ എഡിഞ്ഞൊ. 


 

Latest News