Sorry, you need to enable JavaScript to visit this website.
Sunday , September   27, 2020
Sunday , September   27, 2020

ഹിന്ദി അറിയാത്തവരോട് ദേഷ്യം, ബി.സി.സി.ഐ കമന്റേറ്റര്‍

ബംഗളൂരു - രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ ബി.സി.സി.ഐയുടെ കമന്റേറ്റര്‍ രാജേന്ദര്‍ അമര്‍നാഥ് നടത്തിയ പരാമര്‍ശം വിവാദത്തിന് തിരികൊളുത്തി. സുനില്‍ ഗവാസ്‌കര്‍ ഹിന്ദിയില്‍ കമന്ററി പറയുന്നുണ്ടെന്ന കാര്യം സഹ കമന്റേറ്റര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു രാജേന്ദര്‍ അമര്‍നാഥ് വിവാദ പരാമര്‍ശം നടത്തിയത്. 
എല്ലാ ഇന്ത്യക്കാരും നിര്‍ബന്ധമായും ഹിന്ദി പഠിച്ചിരിക്കണം. ഇത് നമ്മുടെ മാതൃഭാഷയാണ്. ഹിന്ദിയെക്കാള്‍ വലിയ ഭാഷയില്ല. മാത്രമല്ല, ഹിന്ദി അറിയില്ലെന്നു പറയുന്നവരോട് എനിക്കു ദേഷ്യമാണ്. ഇന്ത്യന്‍ ക്രിക്കറ്ററായിട്ടും ഹിന്ദി സംസാരിക്കണമെന്നുണ്ടോയെന്നാണ് ചോദ്യം. ഇന്ത്യയില്‍ ജീവിക്കുന്നവര്‍ മാതൃഭാഷ സംസാരിക്കണം -അദ്ദേഹം വാചാലനായി. 
പരാമര്‍ശത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. താന്‍ എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ് പിന്നീട് രാജേന്ദര്‍ അമര്‍നാഥ് തടിയൂരി. 
ഹിന്ദി ഹൃദയഭൂമിക്കു പുറത്തുള്ള കര്‍ണാടകയും ഗുജറാത്തും തമ്മിലുള്ള മത്സരത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.