ക്രോണ്യെ ഒത്തുകളിയിലെ കണ്ണിയെ ഇന്ത്യക്കു കൈമാറി

ലണ്ടന്‍ - മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാന്‍സി ക്രോണ്യെയെ ഒത്തുകളി വലയിലേക്ക് ആകര്‍ഷിച്ച പന്തയക്കാരന്‍ സഞ്ജീവ് ചൗളയെ ബ്രിട്ടന്‍ ഇന്ത്യക്കു കൈമാറി. ക്രോണ്യെ പ്രതിയായ 2000 ലെ ഒത്തുകളിക്കേസിലെ മുഖ്യ പ്രതിയാണ് ചൗള. 2013 ല്‍ ചൗളക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച ദല്‍ഹി പോലീസ് ഇയാളെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയായിരുന്നു. ക്രോണ്യെ ഇന്ത്യയിലും ഒത്തുകളി ചര്‍ച്ച നടത്തിയിരുന്നു. ദല്‍ഹി പോലീസ് കേസില്‍ ക്രോണ്യെയും പ്രതിയാണ്. ക്രിക്കറ്റില്‍ നിന്ന് വിലക്ക് ലഭിച്ച ക്രോണ്യെ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. 
2000 ലെ ഇന്ത്യയിലെ പരമ്പരയില്‍ ഒത്തുകളിക്കാനായി പന്തയക്കാരില്‍ നിന്ന് പണം സ്വീകരിച്ചതായി ദക്ഷിണാഫ്രിക്കയിലെ കിംഗ്‌സ് കമ്മീഷന്‍ വിചാരണയില്‍ ക്രോണ്യെ സമ്മതിച്ചിരുന്നു. 2016 ലാണ് ചൗള ബ്രിട്ടനില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. മനുഷ്യാവകാശം ചൂണ്ടിക്കാട്ടി കോടതി പലതവണ അദ്ദേഹത്തെ ഇന്ത്യക്കു വിട്ടുനില്‍കുന്നതില്‍ നിന്ന് തടഞ്ഞിരുന്നു. ഒടുവില്‍ ചൗളയെ ഇന്ത്യക്കു വിട്ടുനല്‍കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് സമ്മതിച്ചു. അതിനെതിരായ ചൗളയുടെ നിയമയുദ്ധം കഴിഞ്ഞ ജനുവരിയിലാണ് പരാജയപ്പെട്ടത്. 
ചൗളയെ  ദല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ദല്‍ഹിയിലെത്തിച്ചു. തിഹാര്‍ ജയിലിലാണ് ഇനി വാസം. 

Latest News