ഒമാനില്‍ വാട്ടര്‍ ട്രക്ക് ഡ്രൈവര്‍മാരായി ഇനി വിദേശികളില്ല

മസ്‌കത്ത്- ഒമാനില്‍ വാട്ടര്‍ ട്രക്ക്  ഡ്രൈവര്‍മാരായി ഇനി വിദേശികള്‍ക്ക് വിസ ലഭിക്കില്ല. നിലവില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്നും മാനവവിഭവ ശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി ഉത്തരവിറക്കി. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന മേഖലയാണിത്.
സെയില്‍സ് റെപ്രെസെന്റേറ്റീവ്/ സെയില്‍സ് പ്രമോട്ടര്‍, പര്‍ച്ചേയ്‌സ് റെപ്രെസെന്റേറ്റീവ് വിസകള്‍ക്ക് ഏതാനും ദിവസം മുമ്പ് മാത്രമാണ് മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കര്‍ശന നയങ്ങളാണ് ഒമാന്‍ നടപ്പാക്കിവരുന്നത്.
സെയില്‍സ്, മാര്‍ക്കറ്റിംഗ്, നിര്‍മാണ തൊഴിലാളികള്‍, ക്ലീനര്‍മാര്‍, ആശാരി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 2013 അവസാനം മുതല്‍ താല്‍ക്കാലിക വിസ നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഓരോ ആറുമാസം കൂടുംതോറും പുതുക്കിവരുകയുമാണ്.

 

Latest News