അബുദാബി- ഒരു മുഴം മുമ്പേ ചിന്തിക്കുക എന്നതാണ് യു.എ.ഇയുടെ വികസന നയം. വിസ്മയ നിര്‍മിതികള്‍ക്ക് പേരുകേട്ട യു.എ.ഇയില്‍ ഇനി വരാന്‍ പോകുന്നത് ഒഴുകുന്ന നഗരം. ലോകത്തിലെ ആദ്യ ഒഴുകുന്ന നഗരം 10 വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്നാണ് അബുദാബിയില്‍ നടന്നുവരുന്ന വേള്‍ഡ് അര്‍ബന്‍ ഫോറം പറയുന്നത്.
സന്നദ്ധ സംഘടനയായ ഓഷ്യാനിക്സ് ആണ് ഇതുസംബന്ധിച്ച ആശയത്തിന് രൂപരേഖയൊരുക്കിയത്.
കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിക്കാനും തീരപ്രദേശങ്ങളിലെ ജനബാഹുല്യം കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
കരയില്‍നിന്നു ഒരു കിലോമീറ്റര്‍ അകലെ ആഴമില്ലാത്ത സ്ഥലത്തായിരിക്കും ഒഴുകുന്ന നഗരം. കെട്ടിടങ്ങള്‍ നിര്‍മിക്കാനും ഭക്ഷണം ഉല്പാദിപ്പിക്കാനും മാലിന്യനിര്‍മാര്‍ജനത്തിനും ഊര്ജോല്പാദനത്തിനുമെല്ലാം സാധിക്കുംവിധമാണ് ഒഴുകുന്ന നഗരത്തിന്റെ രൂപകല്പന. സൗരോര്‍ജം, കാറ്റ്, തിരമാല എന്നിവയില്നിന്നായിരിക്കും വൈദ്യുതി. മഴവെള്ളം സംഭരിച്ച് ശുദ്ധജലം ഉറപ്പുവരുത്തുമെന്ന് ഓഷ്യാനിക്സ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ മാര്‍ക് കളിന്സ് ഷെന്‍ പറഞ്ഞു.






