ദുബായ്- പതിനാല് ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഫോണ്‍ സേവനങ്ങള്‍ തട്ടിയെടുത്തതിനും മോഷണത്തിനും ദുബായില്‍ സെയില്‍സ് വുമണ്‍ വിചാരണ നേരിടുന്നു.
ഒരു ടെലികോം കമ്പനിയില്‍ ജോലി ചെയ്യുന്ന 31 കാരിയായ പാകിസ്ഥാന്‍ പ്രവാസി വ്യാജ ഉപഭോക്താക്കളെ കാണിച്ച് 496 സിം കാര്‍ഡ് അപേക്ഷകള്‍ സമര്‍പ്പിച്ച് 496 സ്മാര്‍ട്ട്‌ഫോണുകള്‍ എടുത്തതായി ദുബായ് കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സിലെത്തിയ കേസില്‍ പറയുന്നു.
2014 ജനുവരി 1 മുതല്‍ 2015 സെപ്റ്റംബര്‍ 6 വരെ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ അല്‍ ബര്‍ഷ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നു.
ടെലികോം കമ്പനിയില്‍ ജീവനക്കാരെ നിയമിക്കാനുള്ള ചുമതലയായിരുന്നു ഇവര്‍ക്ക്. ടെലികോം കമ്പനിയുടെ ഇ-സിസ്റ്റം ആക്‌സസ് ചെയ്യാനുള്ള അധികാരം അവര്‍ ദുരുപയോഗം ചെയ്യുകയും വ്യാജ ഡാറ്റ നല്‍കുകയും ചെയ്തു. വ്യാജ വില്‍പ്പന ഇടപാടുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിയമവിരുദ്ധമായി അവര്‍ സ്വന്തമാക്കി. ജോലിസ്ഥലത്ത് നിന്ന് തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അവര്‍ നടത്തിയ ഇടപാടുകളില്‍ ഉപഭോക്താക്കളുടെ വിവരം തെളിയിക്കാന്‍ കഴിയുന്ന രേഖകളൊന്നുമില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.






