Sorry, you need to enable JavaScript to visit this website.
Sunday , September   27, 2020
Sunday , September   27, 2020

അരങ്ങിലെ അർധ വിരാമം 

ഒരു നാടകം ഇടക്ക് വെച്ച് പൊടുന്നനെ അവസാനിപ്പിച്ച് തിരശ്ശീല താഴ്ത്തിയ പോലെ തികച്ചും അപ്രതീക്ഷിതമായിരുന്നു എൻ.എസ്. പ്രകാശ് എന്ന അസാമാന്യ നാടക പ്രതിഭയുടെ ആകസ്മികമായ വിടവാങ്ങൽ. നാടകം ജീവിത ലഹരിയായി കൊണ്ടുനടന്ന അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് മരണം രംഗബോധമില്ലാത്ത കോമാളിയെപ്പോലെ കടന്നെത്തിയത് കഴിഞ്ഞ വർഷം ഫെബ്രുവരി അഞ്ചിനായിരുന്നു. നാലര പതിറ്റാണ്ടിലധികം നാടകത്തിന്റെ വിവിധ മേഖലകളിൽ നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ വിയോഗത്തോടെ ഓണാട്ടുകരയുടെ സമ്പന്നമായൊരു നാടക കാലത്തിനു കൂടിയാണ് തിരശ്ശീല വീണത്.

നാടകവേദി കടുത്ത വെല്ലുവിളി നേരിടുന്ന വർത്തമാന കാലത്തുംനാട്ടരങ്ങുകളിൽ നാടകത്തിന്റെ ആവേശവും ഊർജവും പകർന്നു നൽകിയ ആ പ്രതിഭയുടെ ഓർമകൾക്ക് ഒരു വർഷം തികയുന്നു.ജീവിതത്തിലുടനീളം സാമൂഹിക പ്രതിബദ്ധതയോടെയും അർപ്പണ ബോധത്തോടെയും അരങ്ങിനെ സ്‌നേഹിച്ച ഒരു വലിയ കലാകാരനെയാണ് നാടക വേദിക്ക് നഷ്ടമായത്.
നടൻ, നാടകകൃത്ത്, സംവിധായകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന അദ്ദേഹം മരണം വരെയും അരങ്ങിനൊപ്പമായിരുന്നു ചേർന്നുനിന്നത്. ജീവിതത്തിന്റെ എല്ലാ അർഥതലങ്ങളും നാടകത്തിലാണ് അദ്ദേഹം കണ്ടെത്തിയത്. നാടകവും അഭിനയവും അദ്ദേഹത്തിന് എന്നും ജീവിത ലഹരിയായിരുന്നു. മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം അദ്ദേഹത്തിന് നേടിക്കൊടുത്ത കൊല്ലം തൂലികയുടെ 'ചെമ്മീനി'ലെ ചെമ്പൻ കുഞ്ഞിനെ മലയാള നാടകവേദിക്ക് മറക്കാൻ കഴിയുമോ? അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പനും ഏണിപ്പടികളിലെ കേശവൻ നായരുമടക്കം മലയാള നാടക വേദിയിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച എത്രയെത്ര കഥാപാത്രങ്ങൾ?മഹാ നടന്മാരായ കൊട്ടാരക്കര ശ്രീധരൻ നായരും സത്യനും മധുവുമെല്ലാം സിനിമയിൽ അവതരിപ്പിച്ച തകഴിയുടെ കഥാപാത്രങ്ങളെ നാടക വേദിയിൽ അദ്ദേഹം അനശ്വരമാക്കി. മലയാളി മനസ്സുകളിൽ എന്നെന്നും ജീവിക്കുന്ന ഈ മൂന്നു കഥാപാത്രങ്ങളെയും നാടക വേദിയിൽ ഭാവ തീവ്രതയോടെയും ഗാംഭീര്യത്തോടെയും അവതരിപ്പിച്ച ഒരേയൊരു നടൻ എൻ.എസ്. പ്രകാശ് മാത്രമായിരിക്കും. പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ബേബിക്കുട്ടൻ ചെമ്മീൻ, അനുഭവങ്ങൾ പാളിച്ചകൾ, ഏണിപ്പടികൾ എന്നീ നോവലുകൾ നാടകമാക്കാൻ അനുമതി തേടിയപ്പോൾ നോവലിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അഭിനയ ശേഷിയും ശരീര ഭാഷയുമുള്ള നടന്മാരെ കിട്ടുമെങ്കിൽ മാത്രം നാടകാവിഷ്‌കാരം മതിയെന്നായിരുന്നു തകഴി പറഞ്ഞത്. പക്ഷേ ചെമ്മീൻ നാടകത്തിന്റെ ആദ്യ അവതരണം അമ്പലപ്പുഴയിൽ വെച്ച് കണ്ട സാക്ഷാൽ തകഴി തന്നെ അദ്ഭുതപ്പെട്ടു പോയി. തന്റെ നോവലിന് ഏറ്റവും മികച്ച നാടകാവിഷ്‌കാരമൊരുക്കിയ ബേബിക്കുട്ടനെയും അഭിനയം കൊണ്ട് വിസ്മയിപ്പിച്ച ചെമ്പൻ കുഞ്ഞായി വേഷമിട്ട എൻ.എസിനെയും നാടകം കണ്ട ശേഷം തകഴി ചേർത്തുപിടിച്ച് അഭിനന്ദിച്ചു. നോവലിന്റെ നാടകാവിഷ്‌കാരം തന്നെ വിസ്മയിപ്പിച്ചുവെന്നും സിനിമയിലെ ചെമ്പൻ കുഞ്ഞിനേക്കാൾ നാടകത്തിലെ ചെമ്പൻ കുഞ്ഞിനെ ഏറെ ഇഷ്ടമായെന്നും അന്ന് തകഴി പറഞ്ഞത് സംവിധായകൻ ബേബിക്കുട്ടൻ അനുസ്മരിക്കുന്നുണ്ട്. പിന്നീട് തകഴിയുടെ മൂന്നു കഥാപാത്രങ്ങളെയും നൂറുകണക്കിന് നാടക വേദികളിൽ അവതരിപ്പിക്കുന്നതിനുള്ള ഭാഗ്യവും എൻ.എസിനുണ്ടായി. ബേബിക്കുട്ടൻ രചനയും സംവിധാനവും നിർവഹിച്ച ചെമ്മീൻ നാടകം 1995 ൽ അഞ്ച് സംസ്ഥാന അവാർഡുകൾ നേടിയിരുന്നു. പക്ഷേ മറ്റൊരു സമിതി പരാതിയുമായി കോടതിയെ സമീപിച്ചതിനാൽ അക്കൊല്ലത്തെ പുരസ്‌കാരങ്ങൾ ഇതുവരെയും വിതരണം ചെയ്തിട്ടില്ല. അങ്ങനെ മികച്ച നടനുള്ള പുരസ്‌കാര സാക്ഷ്യപത്രങ്ങൾ മരണം വരെയും എൻ.എസിന്റെ കൈകളിലെത്തിയതുമില്ല. 


കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങൾക്ക് നാടക വേദിയിലൂടെ കരുത്തു പകരുകയും മലയാളിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ സ്വാധീനിക്കുകയും ചെയ്ത നാടകാചാര്യനായ തോപ്പിൽ ഭാസിയും കാമ്പിശ്ശേരി കരുണാകരനും തോപ്പിൽ കൃഷ്ണപ്പിള്ളയുമൊക്കെ വളർന്നുവന്ന വള്ളിക്കുന്നം എന്ന ഗ്രമമാണ് എൻ.എസ്. പ്രകാശ് എന്ന നാടകക്കാരനെയും രൂപപ്പെടുത്തിയത്. നാടകം എന്ന കലാരൂപം ആസ്വാദനത്തിനപ്പുറമുള്ള പ്രതിരോധത്തിന്റെ ഭാഷയും ജനാധിപത്യത്തിന്റെ പ്രതീകവും സാമൂഹിക മാറ്റത്തിന്റെ ശക്തമായ ഉപാധിയുമായി മാറ്റിയ തോപ്പിൽ ഭാസിയടക്കമുള്ളവരുടെ നാടക പാരമ്പര്യമാണ് എൻ.എസിനെയും നയിച്ചത്. ഗുരു തുല്യനായി കണ്ടിരുന്ന തോപ്പിൽ ഭാസിയുമായി എന്നും ഒരാത്മ ബന്ധം എൻ.എസ് സൂക്ഷിച്ചിരുന്നു. എൻ.എസിന്റെ നാടകങ്ങളെ ഭാസി സസൂക്ഷ്മം നിരീക്ഷിക്കുകയും അഭിപ്രായം പറയുകയും അഭിനന്ദിക്കുകയുംചെയ്തിട്ടുണ്ട്. ഭാസിയുടെ മരണാനന്തരം തോപ്പിൽ ഭാസി തിയേറ്റേഴ്‌സിന്റെ സംഘാടനത്തിൽ എൻ.എസ്. മുഖ്യ പങ്കുവഹിക്കുകയും 'ഏനും എന്റെ തമ്പ്രാനും', 'ഒളിവിലെ ഓർമകൾ', 'മുന്നേറ്റം' എന്നീ നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. 
മലയാളിയുടെ ജീവിതാവിഷ്‌കാരങ്ങളുടെ ഏക ജനകീയ മാധ്യമമായി നാടകങ്ങൾ മാറുകയും നാട്ടിൻപുറത്തെ ഗ്രാമീണ നാടക സംഘങ്ങൾ നാടകാവതരണം സജീവമായി ഏറ്റെടുക്കുകയും ചെയ്ത എഴുപതുകളിലാണ് എൻ.എസും വള്ളിക്കുന്നത്തെ നാടക പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്നത്. അന്തരിച്ച നാടകകൃത്തായ വേലിയാത്ത് ഗോപാല പിള്ള എന്ന വി.ആർ.ജിയുടെയും എൻ.ശ്രീധരൻ നായരുടെയും നേതൃത്വത്തിൽ അന്ന് വള്ളിക്കുന്നത്ത് പ്രവർത്തിച്ചിരുന്ന ഉപാസന തിയേറ്റേഴ്‌സ് എന്ന ഗ്രമീണ നാടകസംഘം അഭിനയ ശേഷിയും നാടകത്തോട് അഭിനിവേശവുമുണ്ടയിരുന്ന നാട്ടിൻപുറത്തെ ചെറുപ്പക്കാരുടെ കൂട്ടായ്മയായിരുന്നു. ആ ഗ്രാമീണ നാടക സംഘം രംഗത്തവതരിപ്പിച്ച വി.ആർ.ജിയുടെ ശ്രദ്ധേയമായ നാടകങ്ങളിലൂടെയാണ് എൻ.എസ് അഭിനയ രംഗത്തെത്തിയത്. വി.ആർ.ജിയാണ് തന്റെ കഴിവുകളെ തിരിച്ചറിഞ്ഞതും നാടക വേദിയുമായി അടുപ്പിച്ചതുമെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. ഉപാസന അവതരിപ്പിച്ച ചംക്രമണം എന്ന നാടകമായിരുന്നു എൻ.എസ് രചിച്ച ആദ്യം നാടകം. അതിൽ നായക കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചു.
എൺപതുകളുടെ തുടക്കത്തിൽ പ്രശസ്ത നാടക നടനും ചലച്ചിത്ര ഹാസ്യ നടനുമായിരുന്ന ഗീഥാ സലാമുമായി ചേർന്ന് ഓച്ചിറ നാടകരംഗം ആരംഭിച്ചതോടെയാണ് നാടക രചനയും സംവിധാനവും ഒപ്പം അഭിനയവുമായി എൻ.എസ് നാടകവേദിയിൽ കൂടുതൽ സജീവമായത്. ശക്തവും തീവ്രവുമായ പ്രമേയവും അവതരണത്തിന്റെ പുതുമയും കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അനേകം നാടകങ്ങൾ  അക്കാലത്ത് അദ്ദേഹം രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. ഭരണം, കാവ്യം, ദൗത്യം, പൊന്നുതമ്പുരാൻ തിരുമനസ്സു കൊണ്ട്, സെക്യൂറിറ്റി ഗാർഡ്, അടിമ, തലമുറ, കഥ കേരളീയം, ഭാരതം 86, ബ്യൂറോക്രസി, അശ്വതി എന്റെ അനുജത്തി, ജാലിയൻ വാലാബാഗ് തുടങ്ങിയ നാടകങ്ങൾ എൻ.എസിനെ മലയാള നാടക രംഗത്ത് കൂടുതൽ ശ്രദ്ധേയനാക്കി. ഓച്ചിറ നാടക രംഗം, ചങ്ങനാശ്ശേരി ഗീഥ, കൊല്ലം തൂലിക, ഓച്ചിറ സരിഗ, പ്രണവം, കൊല്ലം രംഗശ്രീ, അരീന, തിരുവനന്തപുരം അനിഴം തുടങ്ങിയ നാടക സമിതികളിലൂടെ ആയിരക്കണക്കിന് വേദികളിൽ അദ്ദേഹത്തിന്റെ നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു. നാടകത്തെ ഒരു ജനാധിപത്യ കലാരൂപമാക്കുന്നത് അതിന്റെ സംവാദാത്മകതയാണെന്ന് വിശ്വസിച്ച നാടകകൃത്തും സംവിധായകനും നടനുമായിരുന്നു അദ്ദേഹം. നാടകത്തിൽ നടനും പ്രേക്ഷകനും തമ്മിലുള്ള ആശയ സംവാദം സാധ്യമാക്കുന്ന രംഗഭാഷയും അഭിനയ രീതിയും അദ്ദേഹം രചനയിലും അഭിനയത്തിലും പിന്തുടർന്നു. രചനയും സംവിധാനവും നിർവഹിച്ച മിക്ക നാടകങ്ങളിലും പ്രധാന വേഷവും അദ്ദേഹം തന്നെ കൈകാര്യം ചെയ്തു. ആദ്യകാല നാടകമായ 'ഭരണ'ത്തിൽ ജവാഹർലാൽ നെഹ്‌റുവിനെ പ്രതിനിധീകരിക്കുന്ന സർക്കാർ എന്ന കഥാപാത്രവും 'ദൗത്യ'ത്തിലെ മഹാത്മാഗാന്ധിയുമെല്ലാം ഒരു നടൻ എന്ന നിലയിലും എൻ.എസിന് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിക്കൊടുത്തു. മികച്ച അഭിനയ ശേഷിയും സ്വാഭാവികതയും ശരീര ഭാഷയും ശബ്ദ ഗാംഭീര്യവും കൊണ്ട് എൻ.എസ് നാടക വേദികളെ കീഴടക്കി. 
പ്രൊഫഷണൽ നാടകവും അമച്വർ നാടകവുമെന്ന വേർതിരിവ് നാടക പ്രവർത്തനങ്ങളിൽ അദ്ദേഹം ഒരിക്കലും  വെച്ചുപുലർത്തിയില്ല. നാടകം എന്ന കലാരൂപത്തെ അതിന്റെ സമഗ്രതയിൽ കാണാനായിരുന്നു അദ്ദേഹത്തിനിഷ്ടം. എല്ലാത്തരം നാടകവും അദ്ദേഹത്തിന് ഒരുപോലെയായിരുന്നു. എഴുപതുകൾ മുതൽ വള്ളിക്കുന്നത്തും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ നാടക പ്രവർത്തനങ്ങളിലും പങ്കാളിയാവുകയും ഗ്രമീണ നാടക സംഘങ്ങളുടെ രംഗാവതരണങ്ങൾക്ക് താങ്ങും തണലുമായി നിലകൊള്ളുകയും ചെയ്തു. പ്രൊഫഷണൽ നാടക  ത്തിരക്കുകൾക്കിടയിലും അമച്വർ നാടകങ്ങൾ എഴുതാനും അവതരിപ്പിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി. മലയാളിയുടെ എല്ലാ നാടക ധാരണകളെയും തകർത്തെറിഞ്ഞ ആദ്യപരീക്ഷണ നാടകമായി വിലയിരുത്തപ്പെടുന്ന സി.ജെ.തോമസിന്റെ '1128 ൽ ക്രൈം 27' നും സുരാസുവിന്റെ 'വിശ്വരൂപ'വും പോലുള്ള മികച്ച നാടകങ്ങൾ പുനരവതരിപ്പിക്കാൻ എൻ.എസ് പ്രത്യേക താൽപര്യം കാട്ടിയിരുന്നു. ക്രൈം 27 ലെ ഗുരുജിയായും വിശ്വരൂപത്തിലെ മുഖ്യ കഥാപാത്രമായ ബാലഗോപാലനായും മികച്ച അഭിനയമാണ് എൻ.എസ് കാഴ്ച വെച്ചത്.രംഗാവിഷ്‌കാരത്തിന് ഒരുപാട് സങ്കീർണതകളുള്ള നാടകങ്ങളും ഇരുത്തം വന്ന നടന്മാർക്ക് മാത്രം കൈകാര്യം ചെയ്യാവുന്ന കഥാപാത്രങ്ങളും അദ്ദേഹം അനായാസം അരങ്ങത്ത് അവതരിപ്പിച്ചു. ഉറ്റ സുഹത്തുക്കളായ തോപ്പിൽ ഭാസിയുടെ മകൻ തോപ്പിൽ സോമനും കാമ്പിശ്ശേരി കരുണാകരന്റെ മകൻ റാഫി കാമ്പിശ്ശേരിയുമായി ചേർന്ന് അദ്ദേഹം രണ്ടു വർഷം മുമ്പ് അവതരിപ്പിച്ച കാമ്പിശ്ശേരിയുടെ കൃതികളെ ആധാരമാക്കിള്ള ലഘുനാടകങ്ങൾ മികച്ച നാടകാനുഭവമയിരുന്നു. വളരെ ലളിതമായ രംഗസജ്ജീകരണങ്ങളും സ്വാഭാവികമായ അഭിനയവും നർമരസം തുളുമ്പുന്ന സരസമായ സംഭാഷണങ്ങളും കൊണ്ട് ആ ലഘുനാടകങ്ങൾ പ്രേക്ഷക ഹൃദയങ്ങൾ കൈയടക്കി. കോമഡി ഷോയുടെയും മിമിക്രിയുടെയും വർത്തമാന കാലത്തും ശുദ്ധമായ നർമവും ആക്ഷേപ ഹാസ്യവും നിറഞ്ഞ 'കൂനന്തറയും പൂനാ കേശവനും', 'അളിയൻ വന്നത് നന്നായി' എന്നീ ലഘുനാടകങ്ങൾ കണ്ട് കാണികൾ പൊട്ടിച്ചിരിച്ചു. സംസ്ഥാന അവാർഡിനൊപ്പം നാന ഗാലപ്‌പോൾ നാടക അവാർഡും നിരവധി പ്രൊഫഷണൽ-അമച്വർ നാടക പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിരുന്നു. വേർപാടുകളുടെ വിരൽപാടുകൾ, കായംകുളം കൊച്ചുണ്ണി, പ്രിയം, സ്വാമി അയ്യപ്പൻ, ഗുരുവയൂരപ്പൻ തുടങ്ങി   ഇരുപത്തഞ്ചോളം ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിൽ വിവിധ പഞ്ചായത്തുകളിൽ ദീർഘകാലം സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ജനസേവനം മുഖമുദ്രയാക്കിയ മാതൃകാ ഉദ്യോഗസ്ഥനുമായിരുന്നു. നാടകത്തെ ഔദ്യോഗിക ജീവിതത്തോപ്പം കൂട്ടിയ അദ്ദേഹം വിരമിച്ച ശേഷം മുഴുവൻ സമയ നാടക പ്രവർത്തകനായി മാറുകയായിരുന്നു.  
ജീവിതത്തിലുടനീളം നാടകത്തെ നെഞ്ചിലേറ്റിയ അദ്ദേഹം ഒത്തിരി നാടക സ്വപ്നങ്ങൾ ബാക്കിവെച്ചാണ് പൊടുന്നനെ കാലയവനികക്കുള്ളിൽ മറഞ്ഞത്. ജ്ഞാനപീഠ പുരസ്‌കാരം നേടിയ ഒഡീഷി കൃതിയെ ആധാരമാക്കിയ 'ദ്രൗപതി' എന്ന നാടകം അതിലൊന്നയിരുന്നു. ഭഗവത് ഗീതക്ക് നാടക രൂപം നൽകാനും അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. ഒ.എൻ.വിയുടെ ഉജ്ജയിനി എന്ന ഖണ്ഡകാവ്യത്തിന്റെ നാടകാവിഷ്‌കാരം മരണത്തിന് ഒരാഴ്ച മുമ്പാണ് എഴുതി പൂർത്തിയാക്കിയത്. തന്റെ ഏറ്റവും മികച്ച രചനയെന്ന് അദ്ദേഹം വിശേഷിപ്പിച്ച ഉജ്ജയിനി അരങ്ങിലെത്തിക്കാൻ അദ്ദേഹത്തിന് കഴിയാതെ പോയി. പ്രശസ്ത സിനിമാ സംവിധായകനായ പ്രമോദ് പയ്യന്നൂർ എൻ.എസിന്റെ ഉജ്ജയിനി അരങ്ങിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു. 


ശക്തവും സജീവവുമായ സമൂഹിക ഇടപെടലുകൾ നടത്തിയ സാംസ്‌കാരിക പ്രവർത്തകൻ എന്ന നിലയിൽ എൻ.എസിന്റെ അസാന്നിധ്യം വർത്തമാനകാല സാഹചര്യത്തിൽ വലിയൊരു വിടവാണ് സൃഷ്ടിക്കുന്നത്. അനീതിക്കും വർഗീയതക്കും ഫാസിസത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള സാംസ്‌കാരിക പ്രതിരോധങ്ങളിൽ എന്നും അദ്ദേഹം നെഞ്ചുവിരിച്ച് മുന്നിൽ നിന്നു. പ്രൗഢവും ഹ്രസ്വവുമായ പ്രഭാഷണങ്ങൾ കൊണ്ട് ഓണട്ടുകരയിലെ സംസ്‌കാരിക വേദികളിൽ അദ്ദേഹം തിളങ്ങി. നാടകത്തിലും സാമൂഹിക ജീവിതത്തിലും കൃത്യമായ രാഷ്ട്രീയ നിലപാടുകൾ വെച്ചു പുലർത്തുമ്പോഴും എല്ലാവരുമായും ഉള്ളുതുറന്ന് ഇടപെടുകയും തീവ്രമായ സൗഹൃദ ബന്ധങ്ങൾ സൂക്ഷിക്കുകയും ചെയ്തിരുന്ന വ്യക്തിത്വ ഘടന എൻ.എസിനെ വലിയൊരു സുഹൃദ് വലയത്തിന് ഉടമയാക്കി. അതിൽ വലിപ്പച്ചെറുപ്പമില്ലതെ നാട്ടിലെ എല്ലാവരുമുണ്ടായിരുന്നു. നാട്ടിലെ കലാ സാംസ്‌കാരിക തൽപരരായ ചെറുപ്പക്കാർ എന്നും അദ്ദേഹത്തോടൊപ്പം ചേർന്നുനിന്നു. എത്രയോ പേരെ അദ്ദേഹം നാടകത്തിലേക്കും അഭിനയ രംഗത്തേക്കും കൈപിടിച്ചുയർത്തി. 
എനിക്ക് എന്നും അദ്ദേഹം വളരെ പ്രിയപ്പെട്ട പ്രകാശ് ചേട്ടനായിരുന്നു. എന്റെ കുട്ടിക്കാലത്ത് ചെറുശ്ശേരി വീട്ടുമുറ്റത്തെ വി.ആർ.ജിയുടെ റിഹേഴ്‌സൽ ക്യാമ്പിലും ചൂനാട് സ്‌കൂളിന്റെ സ്റ്റേജിലും കണ്ട പ്രകാശ് ചേട്ടന്റെ ഭാവാഭിനയങ്ങൾ മനസ്സിൽ ഇപ്പോഴും പച്ചപിടിച്ചു നിൽക്കുന്നു. പ്രകാശ് ചേട്ടന്റെ ആ ഗാംഭീര്യമാർന്ന ശബ്ദം കാതുകളിൽ മുഴങ്ങുന്നു.പ്രവാസത്തിന്റെ ഇടവേളകളിൽ നാട്ടിലെത്തുമ്പോൾ വള്ളിക്കുന്നത്തെ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമായി ഒത്തുകൂടുമ്പോൾ ഒത്തിരി അനുഭവങ്ങളും സ്‌നേഹവും പങ്കുവെച്ചിരുന്ന പ്രകാശ് ചേട്ടൻ ഇന്ന് ഒരോർമയാണ്. മൂന്ന് വർഷം മുമ്പ് പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്  എഴുത്തുകാരൻ എ.എം.മുഹമ്മദുമൊത്ത്  വള്ളിക്കുന്നത്ത് ഞങ്ങളോടൊപ്പം ഒത്തുകൂടിയിരുന്നു. ഇലിപ്പക്കുളത്തെ എൻ.എസിന്റെ നല്ലവീട്ടിൽ തറവാട് എത്രയോ കാലമായി നാടകക്കാരുടെയും എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും താവളമാണ്. തറവാടിന് ചുറ്റുമതിലും പടിപ്പുരയുമെക്കെയുണ്ടെങ്കിലും ഇപ്പോഴും ഗേറ്റ് വെച്ചിട്ടില്ല. ആർക്കും എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാവുന്ന ഒരിടം. നാടക ചർച്ചകളും റിഹേഴ്‌സലും സംവാദങ്ങളുമായി അദ്ദേഹം അവിടെയുണ്ടായിരുന്നു. അവിടെ നാടക ചർച്ചകളുമായി സോമൻ ചേട്ടനും (തോപ്പിൽ സോമൻ) അമ്പിച്ചേട്ടനും (റാഫി കാമ്പിശ്ശേരി) പ്രകാശ് ചേട്ടനൊപ്പം മിക്കവാറും കാണുമായിരുന്നു. എത്രയോ നാടകങ്ങൾ രൂപപ്പെട്ടതും അരങ്ങിലെത്തിയതും നല്ലവീട്ടിൽ മുറ്റത്തു നിന്നാണ്. ഞാൻ അവധിക്ക് നാട്ടിൽ പോകുമ്പോൾ നല്ലവീട്ടിൽ പൂമുഖത്തിരുന്ന് 'കേറി വാ കുഞ്ഞേ'യെന്ന് ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ വിളിക്കാറുള്ള  പ്രിയപ്പെട്ട പ്രകാശ് ചേട്ടൻ ഇന്ന് അവിടെയില്ല. പ്രിയപ്പെട്ടവരുടെ അനുഭവങ്ങളിലൂടെയും അനേകം കഥാപാത്രങ്ങളിലൂടെയും നാടകങ്ങളിലൂടെയും അദ്ദേഹം ഓർമകളിൽ ജീവിക്കുന്നു.