Sorry, you need to enable JavaScript to visit this website.
Sunday , September   27, 2020
Sunday , September   27, 2020

സസ്യജാലങ്ങളുടെ സഹചാരി 

നെതർലാന്റ്‌സ് സർക്കാറിന്റെ പരമോന്നത സിവിലിയൻ അവാർഡായ 'ഓഫീസർ ഇൻ ദ ഓർഡർ ഓഫ് ഓറഞ്ച് നാസൗ' 2012 ൽ ഡോ. മണിലാലിന് ലഭിക്കുകയായിരുന്നു. ഡച്ച് രാജ്ഞി ബിയാട്രീസിന്റെ ശുപാർശ പ്രകാരം നൽകുന്ന ഈ ബഹുമതി നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മണിലാൽ. കോഴിക്കോട്ടെത്തിയാണ് അതിന്റെ സാരഥികൾ പുരസ്‌കാരം സമ്മാനിച്ചത്. കാരണമുണ്ടായിരുന്നു. ഏറെ നാളത്തെ അത്യധ്വാനത്തിന്റെ ഫലമായി പക്ഷാഘാതം പിടിപെട്ട് മണിലാലിന്റെ ഒരു വശം തളർന്നുപോയിരുന്നു. ചക്രക്കസേരയിലിരുന്നാണ് അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചത്.

 

ഡോ. കെ.എസ്. മണിലാൽ ആരാണെന്ന് കോഴിക്കോട്ടുകാർ പോലും അറിയുന്നത് അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചപ്പോഴാണ്. എന്നാൽ സസ്യശാസ്ത്രജ്ഞൻ എന്ന നിലയിൽ വിദേശ രാജ്യങ്ങളിൽ പോലും ഇദ്ദേഹം സുപരിചിതനാണ്. അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്നും വിരമിച്ച ഡോ. അന്നമ്മ സ്പുഡിച്ച് സസ്യശാസ്ത്രത്തിൽ ഗവേഷണം നടത്താനൊരുങ്ങിയപ്പോൾ സമീപിച്ചത് വാഷിങ്ടണിലെ സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റിയൂഷനിൽ സസ്യശാസ്ത്ര വിഭാഗം ക്യൂറേറ്ററായ ഡോ. നിക്കോൾസണെയായിരുന്നു. എന്നാൽ ഹോർത്തൂസിനെക്കുറിച്ച് തന്നേക്കാൾ കൂടുതൽ ഗ്രാഹ്യമുള്ള ഒരാൾ കോഴിക്കോട്ടുണ്ടെന്നുപറഞ്ഞ് ഡോ. മണിലാലിനടുത്തേക്ക് പറഞ്ഞയച്ചത് അദ്ദേഹമായിരുന്നു. ഹോർത്തൂസ് വിദഗ്ധനായ നിക്കോൾസണ് സസ്യജാലത്തെക്കുറിച്ച് അറിയുന്ന ലോകത്തിലെ ഏറ്റവും വലിയ പണ്ഡിതൻ  മണിലാലാണെന്ന് കൃത്യമായി അറിയാമായിരുന്നു.
കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ച് ലാറ്റിൻ ഭാഷയിൽ എഴുതപ്പെട്ട ഹോർത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്ര ഗ്രന്ഥം പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ഡച്ച് തലസ്ഥാനമായ ആംസ്റ്റർഡാമിൽ നിന്നാണ് പ്രസിദ്ധീകരിച്ചത്. കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക്ക് വാൻ റീഡാണ് കേരളത്തിലെ ഔഷധ സസ്യങ്ങളെപ്പറ്റി നാട്ടുചികിത്സകനായിരുന്ന ഇട്ടി അച്യുതന്റെ സഹായത്തോടെ ഈ ഗ്രന്ഥം രചിച്ചത്. പന്ത്രണ്ട് വാള്യങ്ങളുള്ള ആ ബൃഹദ്ഗ്രന്ഥം മൂന്നര നൂറ്റാണ്ടോളം സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു.


ഏഷ്യൻ ഭൂഖണ്ഡത്തിലുള്ള ഔഷധ മൂല്യമുള്ള സസ്യജാലങ്ങളെക്കുറിച്ച് മറ്റെവിടെയും ലഭിക്കാത്ത വിവരങ്ങളാണ് ഹോർത്തൂസിലുള്ളത്. കേരളത്തിലെ 742 ഔഷധ സസ്യങ്ങളുടെ സവിശേഷതകൾ, ഇവ ഉപയോഗിച്ച് ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന രോഗങ്ങൾ, ചികിത്സാ വിധിയെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ എന്നിവയെല്ലാം ഹോർത്തൂസിലുണ്ട്. പണ്ഡിത ലോകത്തിനു മുൻപിൽ ദുർഗമമായ മഹാമേരു പോലെ നിലകൊണ്ട ആ ഗ്രന്ഥം പരിഭാഷപ്പെടുത്തുന്നതിലോ അതിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങൾ സമഗ്രമായി മനസ്സിലാക്കുന്നതിലോ ആർക്കും വിജയിക്കാൻ കഴിഞ്ഞില്ല.
ഡോ. മണിലാലിനെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചാൽ വിസ്മയിപ്പിക്കുന്ന വസ്തുതകളിലേക്കാണ് നമ്മൾ എത്തിച്ചേരുക. അഭിഭാഷകനായിരുന്ന കാട്ടുങ്ങൽ എ. സുബ്രഹ്മണ്യത്തിന്റെയും കെ.കെ. ദേവകിയുടെയും മകനായി 1938 സെപ്റ്റംബർ പതിനേഴിന് പറവൂർ വടക്കേക്കരയിലാണ് മണിലാലിന്റെ ജനനം. കോഴിക്കോട് സർവകലാശാലയിൽ ബോട്ടണി വിഭാഗം വകുപ്പു മേധാവിയായി  വിരമിച്ച അദ്ദേഹം കോഴിക്കോട് ജവാഹർ നഗറിലെ കാട്ടുങ്ങൽ വീട്ടിൽ ഭാര്യ ജ്യോത്സനയോടൊപ്പം വിശ്രമജീവിതം നയിക്കുന്നു. സാത്വികനായ ഈ മനുഷ്യനാണോ ഇത്രയും സങ്കീർണമായ ഒരു കർമത്തിൽ മുഴുകിയതെന്ന് ആരും  അത്ഭുതപ്പെട്ടു പോകും. ഹോർത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ഗ്രന്ഥത്തെ സമഗ്രമായി മനസ്സിലാക്കാനും സാധാരണക്കാരിൽ എത്തിക്കാനും വേണ്ടി അദ്ദേഹം ചെലവിട്ടത് സ്വന്തം ആയുസ്സിലെ അൻപതു വർഷങ്ങളാണ്. അക്കഥ മണിലാൽ തന്നെ പറയുന്നു.
ചെറുപ്പത്തിൽ അച്ഛന്റെ പഠന മുറിയിൽനിന്നും കിട്ടിയ ഒരു പേപ്പർ കട്ടിംഗിൽ നിന്നുമാണ് ഹോർത്തൂസിനെക്കുറിച്ച് ആദ്യമറിയുന്നത്. പിന്നീട് ബിരുദാനന്തര ബിരുദ പഠനത്തിനിടയിലാണ് ഹോർത്തൂസിന്റെ ഒറിജിനൽ പുസ്തകം കണ്ടെത്തിയത്. സങ്കൽപത്തിനപ്പുറമായിരുന്നു അതിലെ ഉള്ളടക്കം. പന്ത്രണ്ട് വാള്യങ്ങളിലായി 2400 പേജുകളിൽ 742 ചെടികളുടെ പേരുകൾ ലാറ്റിനിലും മലയാളത്തിലും അറബിയിലും കൊങ്കണിയിലുമായാണ് വിവരിച്ചിരുന്നത്.
പുസ്തകത്തിലെ മലയാളം പേരുകളാണ് ഏറെ ആകർഷിച്ചത്. ലാറ്റിൻ ഭാഷയായിരുന്നു പ്രതിബന്ധമായി നിന്നത്. ഭാഷ സ്വായത്തമാക്കുകയെന്നതായിരുന്നു ആദ്യ ലക്ഷ്യം.  അതിനായി റോമൻ കത്തോലിക്കനായിരുന്ന ഒരു പുരോഹിതനിൽനിന്നും ലാറ്റിൻ ഭാഷ പഠിക്കാൻ തുടങ്ങി. പത്തു വർഷത്തോളം നീണ്ട ഭാഷാപഠനം.
ചെടികൾ തിരിച്ചറിഞ്ഞ് കണ്ടെത്തുക എന്നതായിരുന്നു ആദ്യ പടി. കൂട്ടിന് ശിഷ്യനായ സി.ആർ. സുരേഷും ഒപ്പം ചേർന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചു. 
ഇടതിങ്ങിയ കാടുകളിലും പർവത നിരകളിലുമെല്ലാം വർഷങ്ങളോളം ചെടികൾ തേടി നടന്നു. പണ്ടത്തേതിൽനിന്നും വ്യത്യസ്തമായി ചെടികളുടെ വർഗീകരണമെല്ലാം മാറിയതുകൊണ്ട് വളരെ  പ്രയാസകരമായിരുന്നു ഈ പരീക്ഷണം. ചെന്തെനി എന്ന ചെടിയെന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മൂന്നു ചെടികളുടെ ചുരുക്കപ്പേരാണ് അതെന്ന് പിന്നീടാണ് മനസ്സിലായത്. മുന്നൂറു വർഷങ്ങൾക്കു ശേഷമാണ് ഈ ചെടികളെക്കുറിച്ച് എഴുതാൻ തുടങ്ങുന്നത്. അപ്പോഴേക്കും പല ചെടികളുടെ പേരുകളും മാറിയിരുന്നുവെന്നത് വളരെ പ്രയാസകരമായ ദൗത്യമായിരുന്നു. യൂനിവേഴ്‌സിറ്റിയിലിരുന്ന് രാത്രി ഏറെ വൈകിയും പരീക്ഷണം തുടർന്നു.
കേരളത്തിൽ പതിനാറും പതിനേഴും നൂറ്റാണ്ടുകളിലുണ്ടായിരുന്ന 210 വ്യത്യസ്ത രോഗങ്ങൾക്കുള്ള 2789 ചികിത്സാവിധികൾ ഹോർത്തൂസിൽ വിവരിച്ചിട്ടുണ്ട്. ഹോർത്തൂസ് വലിയൊരു നിധിപേടകമാണെന്ന് പൂവൻപെട എന്ന ചെടിയുടെ കണ്ടെത്തലിൽ വിശേഷിപ്പിക്കുന്നുണ്ട്. മതിലിൽ പറ്റിച്ചേർന്നു വളരുന്ന ഈ ചെടി സമൂലം അരച്ച് കുഴമ്പുരൂപത്തിലാക്കി ഉപയോഗിക്കുന്നത് തിമിരത്തിന് അത്യുത്തമമാണ്. ഇടത്തെ കണ്ണിനാണ് രോഗബാധയെങ്കിൽ കുഴമ്പ് വലത്തെ കാലിലെ തള്ളവിരലിനു മുകളിൽ നഖത്തിനടുത്ത് പുരട്ടണം. വലത്തെ കണ്ണിനാണ് തിമിരമെങ്കിൽ മരുന്ന് പ്രയോഗിക്കേണ്ടത് ഇടത്തെ കാലിലെ തള്ളവിരലിന് മുകളിലാണ്. ഇങ്ങനെ പ്രയോഗിച്ചാൽ ഏതു തിമിരവും പമ്പ കടക്കുമെന്നാണ് പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഒട്ടേറെ ചികിത്സാവിധികൾ ഹോർത്തൂസിൽ വിശദീകരിക്കുന്നുണ്ട്.
മണിലാലും സംഘവും നടത്തിയ പരീക്ഷണങ്ങളുടെ ഫലമായാണ് സൈലന്റ് വാലിയുടെ മനോഹാരിത ഇന്നും നിലനിൽക്കുന്നത്. പൂക്കളുണ്ടാകുന്ന ആയിരക്കണക്കിന് സസ്യജാലങ്ങൾ സൈലന്റ് വാലിയിലുണ്ടെന്ന ഭൂമിശാസ്ത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സൈലന്റ് വാലിയിൽ അണക്കെട്ട് നിർമാണത്തിൽനിന്നും പിന്തിരിഞ്ഞത്.
ഒടുവിൽ മണിലാലിന്റെ പ്രയത്‌നം ഫലപ്രാപ്തിയിലെത്തുകയായിരുന്നു. അൻപതു വർഷത്തോളം നീണ്ട കഠിനാധ്വാനത്തിന്റെ ഫലം. 2003 ൽ കേരള സർവകലാശാല 'വാൻ റീഡിസ് ഹോർത്തൂസ് മലബാറിക്കൂസ്' എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ചു. 
ഏറെ വൈകാതെ 2008 ൽ മലയാളം പതിപ്പും പുറത്തിറങ്ങി. പ്രസാധകരായ കേരള സർവകലാശാല ലക്ഷങ്ങൾ നേടിയെങ്കിലും മണിലാലിന്റെ അധ്വാനത്തിന് കിട്ടിയത് വളരെ ചെറിയ പ്രതിഫലം മാത്രമായിരുന്നുവെന്നത് ദുഃഖകരമായ വസ്തുതയാണ്.
കേരള ചരിത്രത്തിലെ വിലപ്പെട്ട അധ്യായം വീണ്ടെടുത്തു നൽകാൻ സ്വന്തം ജീവിതം സമർപ്പിച്ച മണിലാലിനെ ഇവിടത്തെ ഭരണ സംവിധാനം കണ്ടതായി പോലും നടിച്ചില്ല എന്നതാണ് നിർഭാഗ്യകരം. എങ്കിലും അദ്ദേഹത്തിന്റെ കഴിവ് കണ്ടറിഞ്ഞ് അഭിനന്ദിക്കാൻ വിദേശ രാജ്യങ്ങളെത്തി. നെതർലാന്റ്‌സ് സർക്കാറിന്റെ പരമോന്നത സിവിലിയൻ അവാർഡായ 'ഓഫീസർ ഇൻ ദ ഓർഡർ ഓഫ് ഓറഞ്ച് നാസൗ' 2012 ൽ ഡോ. മണിലാലിന് ലഭിക്കുകയായിരുന്നു. ഡച്ച് രാജ്ഞി ബിയാട്രീസിന്റെ ശുപാർശ പ്രകാരം നൽകുന്ന ഈ ബഹുമതി നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മണിലാൽ. കോഴിക്കോട്ടെത്തിയാണ് അതിന്റെ സാരഥികൾ പുരസ്‌കാരം സമ്മാനിച്ചത്. കാരണമുണ്ടായിരുന്നു. ഏറെ നാളത്തെ അത്യധ്വാനത്തിന്റെ ഫലമായി പക്ഷാഘാതം പിടിപെട്ട് മണിലാലിന്റെ ഒരു വശം തളർന്നുപോയിരുന്നു. ചക്രക്കസേരയിലിരുന്നാണ് അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചത്. കൂടാതെ സമത ഏർപ്പെടുത്തിയ ജൈവ ജാഗ്രതാ പുരസ്‌കാരത്തിനും അദ്ദേഹം അർഹനായി. കഴിഞ്ഞ വർഷം ജനുവരിയിൽ കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് ഈ പുരസ്‌കാരം സമ്മാനിച്ചത്.
ഒടുവിൽ രാജ്യവും ഈ ശാസ്ത്രജ്ഞനെ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ വർഷത്തെ പദ്മശ്രീ പുരസ്‌കാര വാർത്ത വളരെ സന്തോഷത്തോടെയാണ് അദ്ദേഹം ശ്രവിച്ചത്. അറിവിന്റെ പാരാവാരത്തിന് ലഭിച്ച ഈ അംഗീകാരത്തിനുള്ള അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന തിരക്കിലാണ് അദ്ദേഹമിപ്പോഴും.
ഭാര്യ ജ്യോത്സ്‌നയും മകൾ അനിതയും ചേർന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.