Sorry, you need to enable JavaScript to visit this website.
Thursday , October   01, 2020
Thursday , October   01, 2020

സ്‌നേഹിക്കുമ്പോൾ പൂക്കുന്ന പാരിജാതം

അക്ഷരങ്ങളോടാണ് എന്നും പ്രിയം. എന്നാൽ അപൂർവം ചില എഴുത്തുകാർ  അക്ഷരങ്ങൾക്കൊപ്പം  അവരുടെ പ്രസാദാത്മകത കൊണ്ട് അകന്നുപോകാൻ സാധ്യമല്ലാത്ത വിധം മനുഷ്യരെ തന്നിലേക്ക് ചേർത്ത് വെക്കും. അത്തരമെഴുത്തുകാരിയാണ് മാരിയത്ത് സി.എച്ച്. 
എഴുത്തുകാരി, ചിത്രകാരി, സാമൂഹിക പ്രവർത്തക എന്നതിലുപരി ആത്മവിശ്വാസത്തിന്റെ ആൾരൂപമാണ് മാരിയത്ത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി  സി.എച്ച് ലൈബ്രറി അസിസ്റ്റന്റ് ആയി ജോലി നോക്കുന്നു. ഓരോ ഇടപഴകലിലും ആത്മാർത്ഥത തുളുമ്പുന്ന വ്യക്തിപ്രഭാവമാണ് മാരിയത്തിന്റേത്.
എട്ടാം വയസ്സിൽ പനിയുടെ രൂപത്തിലെത്തി നെഞ്ചിനു താഴേക്ക് തളർത്തിയ വിഷമാവസ്ഥ മാരിയത്തിനെ ജീവിത സമരത്തിന് പാകപ്പെടുത്തുകയായിരുന്നു. സഹനങ്ങൾക്കും ക്ഷമക്കും അതിജീവനത്തിനും തീർച്ചയായും പ്രതിഫല സന്തോഷ നാളുകളുണ്ട് എന്നതിനുള്ള ജീവിക്കുന്ന അടയാളമാണ് മാരിയത്ത്. 
പുഞ്ചിരിച്ചല്ലാതെ മാരിയത്തിനെ അധികമാർക്കും കാണാനാകില്ല. പൂമ്പാറ്റയും പൂക്കളും പുഴയും മഞ്ചാടിമണിച്ചെപ്പുമൊക്കെയുള്ള ബാല്യകാല സ്മരണകൾക്കൊപ്പം ജീവിതത്തിന്റെ പരുക്കൻ പരീക്ഷണ തലവും ഇഴ ചേർത്തു യാഥാർഥ്യത്തിന്റെ പാകപ്പെടലിൽ  ചാലിച്ചെഴുതിയ  പാരിജാത സുഗന്ധമാണ് മാരിയത്തിന്റെ പുസ്തകം. അതിനാൽ തന്നെ 'കാലം മായ്ച്ച കാൽപാടുകൾ' ജീവിതത്തെ തൊടുന്നു. വായനയെ ഇളം തെന്നലാക്കുന്നു. മനുഷ്യ സ്‌നേഹത്തിന്റെ വിവിധ നേർകാഴ്ചകൾ വിരുന്നൊരുക്കുന്ന  പുസ്തകമിപ്പോൾ ആറാം പതിപ്പിലെത്തി നിൽക്കുന്നു.
'ജീവിതം പലപ്പോഴും സങ്കടപ്പെടുത്താറും അത്ഭുതപ്പെടുത്താറുമുണ്ട്. നിമിത്തങ്ങളാൽ മാറിമറിയുന്ന നിമിഷങ്ങൾ വഴിത്തിരിവുകൾ തീർക്കുന്ന ജീവിതത്തെ അതിന്റെ ഗതിവിഗതിയെ ഉൾക്കൊണ്ട് ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കുകയാണ് താനിപ്പോഴെന്നു എഴുതിച്ചേർത്ത മാരിയത്ത് പരീക്ഷണങ്ങൾക്ക് നേരെ പുഞ്ചിരിയുടെ പ്രസാദം വിതറുന്നു. 
മാരിയത്ത് എഴുതുന്നു: 
പുതിയതെന്നോ പഴയതെന്നോ മാറ്റമില്ലാതെ 
ഏറ്റവും പ്രിയപ്പെട്ടതേതെന്ന വേർതിരിക്കലുകളില്ലാതെ 
അതിർ വരമ്പുകളില്ലാതെ 
പ്രായവ്യത്യാസമില്ലാതെ 
ആൺപെൺ ഭേദമില്ലാതെ 
സൗഹൃദത്തിന്റ ലോകം വിശാലമാണ്.
വേനലും വർഷവും മറയുന്നതറിയാതെ 
ഏകാന്തതയിലെ നൊമ്പരങ്ങൾക്കിടയിൽ 
സന്തോഷത്തിൻ പൂത്തിരി കത്തിച്ച 
വസന്തങ്ങളാണ് എന്റെ കൂട്ടുകാർ'
കാലത്തിന്റെയും അനിവാര്യതയാണ് സൗഹൃദം. അത് കവിത പോലൊരു ജീവിതം കൊണ്ട് പൂരിപ്പിക്കുകയാണിവിടെ. ഇങ്ങനെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം സുഹൃത്തുക്കളാണ് തന്റെ ജീവിതം ഹരിതാഭമാക്കുന്നതെന്ന് എത്ര തവണയാണ് മാരിയത്ത് ആവർത്തിച്ചിട്ടുണ്ടാവുക?


കൗശലവും മൽസരവും നിറഞ്ഞ ലോകത്ത് വെളിച്ചമേകുന്ന മാനുഷികതയെ ജീവിത ഗാന്ധിയായി വിളമ്പുന്ന മെല്ലെപ്പറച്ചിലാണ് മാരിയത്തിന്റെ ജീവിതം പറച്ചിൽ. ആത്മപരിവേദനങ്ങൾക്കു പകരം ആത്മസമർപ്പണത്തിന്റെ സന്ദേശമാണ് വായനയിലുടനീളം പകർന്നു കിട്ടുക. സഹതാപം തെല്ലും ആവശ്യപ്പെടാത്ത വായനയിൽ സഹാനുഭൂതിയുടെ ആവശ്യകതയെ നിരന്തരം ഉണർത്തുന്നുമുണ്ട്. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ സമാന മനസ്‌കരായ  മനുഷ്യരുടെ മാനസികാവസ്ഥകളും അവരനുഭവിക്കേണ്ടി വരുന്ന രഹസ്യവും പരസ്യവുമായ ജീവിത സാഹചര്യങ്ങളും തെളിമയോടെ മാരിയത്ത് പറഞ്ഞു പോകുമ്പോൾ സമൂഹത്തിന്റെ പരിഛേദങ്ങൾക്കു നേർക്കുള്ള ചോദ്യങ്ങളായി അവ പരിവർത്തിക്കപ്പെടുന്നു. എഴുത്തുകാരിയെന്ന നിലയിലും മാരിയത്ത് വിജയ സോപാനത്തിലേക്ക് കുതിക്കുന്നു. 
ഫ്രാൻസിസ് ഏട്ടൻ കുഞ്ഞമ്മ ടീച്ചറമ്മ, മിനി ടീച്ചർ, റസീൽ, ഹാരിസ് -അങ്ങനെ നിരവധി സ്‌നേഹപ്പകർച്ചയിലൂടെ മാരിയത്ത് എങ്ങനെ ഇന്ന് നാം കാണുന്ന മാരിയത്തായി മാറിയെന്ന  ജീവിത വഴികളെ ഹൃദയസ്പൃക്കായി കോറിയിട്ടിരിക്കുന്നു, ഈ പുസ്തകത്തിൽ. അതിനാൽ തന്നെ കൃതാർത്ഥതയുടെ അർച്ചനയായി അനുഭവവേദ്യമായിത്തീരുന്നു. ഗുരു നിത്യചൈതന്യ യതിയുമായുള്ള  കത്തിടപാടുകൾ പ്രതിപാദിക്കുന്ന അധ്യായത്തിൽ ആത്മീയതയുടെ തെളിച്ചം പ്രസരിക്കുന്ന ഗുരുസമക്ഷം വിനീതയാകുന്ന ശിഷ്യയെ കാണാം.
മനുഷ്യനെ തൊട്ടും ചേർത്തും ചാരത്തണച്ചും അനുഭവിക്കാൻ കഴിയുന്ന ആത്മീയ വിചാര ധാരയിലേക്കാണ് കാലം മായ്ച്ച കാൽപാടുകൾ സഹൃദയരെ ജാഗരം കൊള്ളിക്കുന്നത്.  ആരും ആർക്കുമൊരു ഭാരമല്ല. കൊണ്ടും കൊടുത്തും സഹകരിച്ചും ആശ്രയിച്ചും എല്ലാവർക്കും വേണ്ടി ജീവിക്കേണ്ട ജീവിതത്തിന്റെ സാക്ഷ്യക്കുറിപ്പാണിത്. പുറംലോകത്തിന്റെ അനുഭവങ്ങൾ നിഷേധിക്കപ്പെടുന്ന നിസ്സഹായരായ മനുഷ്യർക്കാകെയുമായുള്ള ആത്മാർപ്പണമാണ് മാരിയത്തിന്റെ കാലം മായ്ച്ച കാൽപാടുകൾ.
അഗാധമായ ദൈവ വിശ്വാസത്തിനൊപ്പം നിറയുന്ന മനുഷ്യ വിശ്വാസമാണ് മാരിയത്തെന്ന് 'സ്‌നേഹിക്കുമ്പോൾ പുഷ്പിക്കുന്ന പാരിജാതം' എന്ന തലക്കെട്ടുള്ള  അവതാരികയിൽ കെ. ജയകുമാർ ഐ.എ.എസ് കുറിച്ചിരിക്കുന്നു. സങ്കടങ്ങളെ പ്രസന്ന മധുരമാക്കി മാറ്റുവാനും അനുഭവിക്കാനും അടുത്തുള്ളവരെ അനുഭവിപ്പിക്കാനും മാരിയത്തിന് കഴിയുന്നുണ്ടെന്ന് യശഃശരീരനായ ബാബു ഭരദ്വാജ്  അടയാളപ്പെടുത്തിയിരിക്കുന്നു. അക്ഷരങ്ങളിൽ പോലും വർഗീയതയുടെ വിഷം പുരളുന്ന ഈ കെട്ടകാലത്ത് മനുഷ്യനെ മനുഷ്യനായി കാണിച്ചുതരുന്ന ഈ വായനക്ക് ഏറെ പ്രസക്തിയുണ്ടെന്ന് നജീബ് മൂടാടി.
റഫീഖ് അഹമ്മദ്,  ഹരികുമാർ, പാർവതി എന്നിവരുടെ കുറിപ്പുകൾ വഴി എഴുത്തിനൊപ്പം എഴുത്തുകാരിയെ കൂടുതൽ ആഴത്തിൽ, ആത്മാർഥതയോടെ വായനക്കാർക്ക് തൊട്ടറിയാൻ കഴിയും.
മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, ആദരണീയനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ എന്നിവരുടെ ആശംസകൾ പുസ്തകത്തിന് പ്രൗഢിയുടെ പരഭാഗശോഭ വർധിപ്പിക്കുന്നു. സുധീർ നിലമ്പൂരിന്റെ  കവർ ഫോട്ടോയും ഷാജഹാന്റെ   കവർ ഡിസൈനും പുസ്തകത്തിന് തേജസ്സ് പകരുന്നു. 
കാലം മായ്ച്ച കാൽപാടുകൾ കന്നഡ ഭാഷയിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. 2012 ലെ മികവുറ്റ വനിതക്കുള്ള പുരസ്‌കാരത്തിന് മാരിയത്തിനെ കാലം മായ്ച്ച കാൽ പാടുകൾ അർഹയാക്കി. 
2019 ലെ ഇലക്ഷൻ കമ്മിറ്റി മലപ്പുറം ജില്ലാ യൂത്ത് ഐക്കണുമാണ് മാരിയത്ത്. ഇന്ത്യക്കകത്തും പുറത്തും സുപരിചിതയായ ഈ 
വ്യക്തിത്വത്തെ തേടി നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്.
സ്വയം പ്രകാശിക്കുകയും മറ്റുള്ളവരിലേക്ക് പ്രകാശം ചൊരിയുകയും ചെയ്യുന്ന മാരിയത്തെന്ന ദീപം എന്നും പ്രശോഭിതമായി നിലനിൽക്കട്ടെ. കാലം മായ്ക്കാത്ത കാൽപാടുകളായി അക്ഷര ലോകത്തും സഹൃദയങ്ങളിലും ഈ പ്രതിഭയുടെ കൊടിയടയാളമുയർന്നു നിൽക്കട്ടെ. 

കാലം മായ്ച്ച കാൽപാടുകൾ
മാരിയത്ത് സി.എച്ച് 
പ്രസാധകർ ബുക്ക് റാമ്പ് 
വില 150 രൂപ