രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ പോളിയോ കവർന്നെടുത്ത ശരീരത്തിന്റെ പാതി ഭാഗവുമായി ജീവിതത്തോട് പൊരുതി ജയിച്ച അസാമാന്യ കരുത്തിന്റെയും കരളുറപ്പിന്റെയും മാതൃകയാണ് മലപ്പുറത്തുകാരി മാരിയത്ത് സി.എച്ച്. മസ്‌കുലാർ ഡിസ്‌ട്രോഫി എന്ന രോഗത്തിന്റെ പിടിയിലമർന്ന മലപ്പുറം നിലമ്പൂർ ചാത്തമുണ്ടയിലെ ഹബീബ് (33) എന്ന തന്റെ കൂട്ടുകാരൻ നടത്തിക്കൊണ്ടിരിക്കുന്ന ജീവിത സമരത്തെക്കുറിച്ച് മാരിയത്ത് എഴുതുന്നു.
'എന്റെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയിരിക്കുമ്പോൾ, അവന്റെ മുഖത്തു നിറയുന്ന ചിരി കാണുമ്പോൾ.. അതാണ് ഇപ്പോൾ എന്റെ സ്വർഗം'.. ഹബീബിന്റെ വാക്കുകളിൽ സന്തോഷം തുളുമ്പി.
അവൻ അത് പറയുമ്പോൾ അരികിലുണ്ടായിരുന്ന ജീവിത പങ്കാളി ഷിഫ്‌നയുടെ മുഖത്തും സ്‌നേഹത്തിന്റെ പ്രകാശം തെളിഞ്ഞു. പരിമിതികൾ എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ്, താങ്ങായും തുണയായും ഷിഫ്‌ന ഹബീബീനെ ജീവിതത്തിലേക്ക് ചേർത്തു പിടിച്ചത്. 2016 നവംബർ മുതൽ അവൾ അവനോടൊപ്പമുണ്ട്.
നാം അനുഭവിക്കുന്ന ഏത് പ്രതിസന്ധികളിലും തളർച്ചയിലും പതറി നിൽക്കുന്ന സമയത്ത് ധൈര്യം നൽകാൻ ഒരു കൂട്ടുണ്ടാകുമ്പോഴാണ് ജീവിതത്തിൽ എന്തിനും നമുക്ക് കഴിയും എന്ന ഒരു ആത്മവിശ്വാസം ഉണ്ടാകുന്നത്. അവന്റെ ധൈര്യവും ആത്മവിശ്വാസവും ഇപ്പോൾ അവളും കുഞ്ഞും അടങ്ങുന്ന ചെറിയ, വലിയ ലോകം കൂടിയാണ്.

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ ദൂരത്ത് ചാത്തമുണ്ട എന്ന കൊച്ചു ഗ്രാമത്തിൽ ചോലോത്ത് വീട്ടിൽ നാസറിന്റെയും ഉമ്മുസൽമയുടെയും നാലു മക്കളിൽ മൂത്ത മകനായി 1987 മാർച്ച് 4 ന് ഹബീബ് ജനിച്ചു. പിറവിയുടെ ഏഴാം മാസത്തിൽ വന്ന പനി അവനെ മസ്‌കുലാർ ഡിസ്‌ട്രോഫി എന്ന രോഗത്തിന്റെ ഊരാക്കുടുക്കിൽ ശരീരമാസകലം എന്നെന്നേക്കുമായി തളർത്തി. ശരീരമാസകലം എന്നു പറയുമ്പോൾ അത് അക്ഷരാർഥത്തിൽ തന്നെ. സംസാരിക്കുമ്പോൾ പോലും വാക്കുകൾക്ക് തടസ്സമുണ്ടാവുന്ന അവസ്ഥ. വർഷങ്ങളോളം ചികിത്സകളും മരുന്നുകളും പരീക്ഷണങ്ങളായി തുടർദിനങ്ങൾ. അതിനിടയിൽ അവന് അനിയനും ഇരട്ടകളായ രണ്ട് സഹോദരിമാരും കൂടി കൂട്ടിനു വന്നപ്പോൾ ആ ലോകം മറ്റൊന്നായി.
ആരെയും ആദ്യ കാഴ്ചയിൽ തന്നെ ആകർഷിക്കുന്ന മുഖം. അവിടെ പൂത്തു വിടരുന്ന പുഞ്ചിരി. സ്‌നേഹത്തിന്റെ പൂർണ ഭാവത്തിൽ ആ നിഷ്‌കളങ്കമായ ചിരി വിശാലമാണ്. അവനോട് ആർക്കും എന്തും പറയാനാവുന്ന വിശാലത. ആദ്യം കാണുന്നവരിൽ അവന്റെ സ്പഷ്ടമാവാത്ത അവ്യക്ത വാക്കുകളുടെ അലോസരം കുറച്ചു നേരത്തേക്ക് മാത്രമേയുള്ളൂ. അവൻ നമുക്കു മനസ്സിലാവുന്നത് വരെ ഒരു മുഷിപ്പുമില്ലാതെ ക്ഷമയോടെ കാര്യങ്ങൾ ആവർത്തിച്ചു പറഞ്ഞു മനസ്സിലാക്കിത്തരുമ്പോഴും ആ മുഖത്തെ പ്രസാദവും പ്രസന്നതയും നമ്മെ അത്ഭുതപ്പെടുത്തുന്നു.
ഇതാണ് ചോലോത്ത് വീട്ടിലെ, ഹബീബ് ചാത്തമുണ്ട. ചുങ്കത്തറ പാലിയേറ്റീവ് കെയർ യൂനിറ്റിന്റെ സ്‌നേഹതീരമെന്ന പകൽ വീട്ടിലെ നിറസാന്നിധ്യം.
ഹബീബിന്റെ മുഖത്ത് സദാ വിടരുന്ന പ്രസന്നതയാണ് ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹം. ആർക്കും വേണ്ടി എന്തും ചെയ്യാനുള്ള നല്ല മനസ്സിനു മുമ്പിൽ വാക്കുകൾക്കും വരികൾക്കുമപ്പുറം അവൻ എല്ലാവർക്കും ഒരു അത്ഭുതമാണ്. പരിചയപ്പെട്ട ആർക്കെങ്കിലും എന്ത് ആവശ്യമുണ്ടായാലും അതു സാധ്യമാക്കിക്കൊടുക്കാൻ സ്വീകരിക്കേണ്ട എല്ലാ സാധ്യതകളും നിയമ വഴികളും കണ്ടെത്തി അതിനൊരു പരിഹാരം ഉണ്ടാക്കി കൊടുക്കുന്നതു വരെ പിന്നെ അവനു സമാധാനമുണ്ടാവില്ല.
അതിനുദാഹരണമാണ്, പണ്ടൊരിക്കൽ എങ്ങനെയോ പരിചയപ്പെട്ട കോട്ടയത്തുള്ള ഒരാൾക്ക് വികലാംഗ പെൻഷൻ ശരിയാക്കിക്കൊടുത്ത സാഹസികത. കോട്ടയത്തുള്ള ആൾ പല പ്രാവശ്യം ശ്രമിച്ചിട്ടും പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നും അദ്ദേഹത്തിന് അനുകൂലമായ തീരുമാനമുണ്ടായിരുന്നില്ല. അതറിഞ്ഞ് ഹബീബ് തിരുവനന്തപുരത്തുള്ള വെൽഫെയർ സൊസൈറ്റിയിലേക്ക് വിളിച്ച് കാര്യമന്വേഷിച്ചു. അവിടെ നിന്ന് കിട്ടിയ അറിവിൽനിന്നും അവൻ കോട്ടയത്തെ പഞ്ചായത്തിലേക്ക് വിളിച്ച് വേണ്ട വിധത്തിൽ നിയമവശങ്ങൾ വിശദീകരിച്ച് സമ്മർദം ചെലുത്തിയപ്പോൾ താമസിച്ചില്ല, അപരിചിതനായ ആ കോട്ടയത്തുകാരന് വൈകാതെ പെൻഷൻ കിട്ടിത്തുടങ്ങി.
അങ്ങനെ ഓരോരുത്തർക്കു വേണ്ടിയും ഓരോന്നിനു വേണ്ടിയും വരുന്ന കാര്യങ്ങൾ അവൻ അന്വേഷിച്ചുകൊണ്ടേയിരിക്കുകയാണ്. സ്വയം അവനെന്തു ചെയ്യാൻ കഴിയില്ല എന്നല്ല, മറ്റുള്ളവർക്ക് വേണ്ടി എന്തൊക്കെ ചെയ്യണം എന്നാണവന്റെ അന്വേഷണവും പ്രവർത്തനവും. വീടില്ലാത്തവർക്ക് വീട്, ജോലിയില്ലാത്തവർക്ക് ജോലി, ശമ്പളമില്ലാത്തവർക്ക് ശമ്പളം... അതെല്ലാം ശരിയായിക്കിട്ടാൻ ആരെ വിളിക്കണം, എവിടെ അന്വേഷിക്കണം, എന്തു ചെയ്യണം. ഹബീബ് പറഞ്ഞു തരും അതിനൊക്കെയുള്ള ഉചിതമായ മറുപടി.
സ്‌കൂൾ അനുഭവങ്ങളെപ്പറ്റി പറയുമ്പോൾ മറക്കാനാവാത്ത പലതുമുണ്ട്.
കൊച്ചുകുട്ടിയായിരിക്കുമ്പോൾ തന്നെ അവന്റെ പഠനത്തോടുള്ള ആവേശം കണ്ട് ഒമ്പത് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ അടുത്തുള്ള എൽ.പി സ്‌കൂളിൽ ചേർത്തു. അവന്റെ ഉമ്മാക്ക് അപ്പോഴും ഒരു കൊച്ചു കുഞ്ഞിനെപ്പോലെയായിരുന്നു അവൻ. അവനെ എടുത്തുകൊണ്ടു പോകാനും വരാനും ഭക്ഷണം കൊടുക്കാനും അവർ ഓരോ നേരത്തും സ്‌കൂളിൽ ഓടിയെത്തി. അവിടത്തെ പഠനം പൂർത്തിയായി അടുത്ത ഹയർ സെക്കണ്ടറി സ്‌കൂളിൽ ചേർത്തപ്പോൾ ഒരു പ്രശ്‌നം. അവന് മറ്റുള്ള കുട്ടികളുടെ കൂടെയിരുന്ന് എല്ലാ വിഷയങ്ങളും ഒരു ക്ലാസിലിരുന്ന് പഠിപ്പിക്കാൻ കഴിയില്ല എന്ന് ഒരു അധ്യാപകന്റെ തടസ്സവാദം. അതു കേൾക്കേ, ഹബീബിന് സഹപാഠികളായ ആ കുട്ടികളുടെ കൂടെയിരുന്നു തന്നെ പഠിക്കണമെന്ന വാശിയായി. ഹബീബിനെ അറിയുന്ന ഒരു അധ്യാപകന്റെ സഹായത്തോടെ അവിടെ തന്നെ പഠിക്കാനുള്ള സൗകര്യമൊരുക്കി. മാത്രമല്ല, തുടർന്നു പഠിക്കാൻ ഹെഡ്മാഷ് ജോർജ് സാറിന്റെ പൂർണ പിന്തുണയുമുണ്ടായിരുന്നു.

ആ സ്‌കൂളിൽ തന്റെ ഒപ്പമുള്ള കുട്ടികളുടെ കൂടെയിരുന്ന് പഠിക്കാനുള്ള അവകാശ പോരാട്ടമായിരുന്നു അവന്റെ ആത്മധൈര്യത്തിന്റെ ആദ്യ വിജയം. പത്താം ക്ലാസ് വരെ വാശിയോടെയും നിർബന്ധത്തോടെയും പഠിച്ചു. പറഞ്ഞുകൊടുത്തത് എഴുതാൻ മറ്റൊരാളുടെ സഹായം സ്വീകരിച്ച് പരീക്ഷ എഴുതി എസ്.എസ്.എൽ.സിക്ക് ഫസ്റ്റ് ക്ലാസ് മാർക്കോാടെ പാസായി തന്നെ അവഗണിച്ചവരോട് നിശ്ശബ്ദമായി ഹബീബ് മധുര പ്രതികാരം വീട്ടി.
സ്‌കൂളിൽ ചേർത്ത നാൾ മുതൽ എപ്പോഴും എന്തിനും ഏതിനും കൂട്ടായി അവന്റെ ഉപ്പയുടെ ജ്യേഷ്ഠന്റെ മകൻ ആഷിഫുമുണ്ടായിരുന്നു അതേ ക്ലാസിൽ. കുറച്ചു ദൂരെയുള്ള ഹയർ സെക്കണ്ടറി സ്‌കൂളിൽ ചേർത്തപ്പോൾ ആഷിഫുള്ളതായിരുന്നു ഉമ്മയുടെ ആശ്വാസം. അതിനിടയിലും കൂട്ടുകാരുടെ നിസ്തുലമായ സഹായങ്ങൾ. അവരെല്ലാം മത്സരത്തോടെ അവനു വേണ്ടി ഓരോന്നു ചെയ്തു കൊടുത്തു. ഫസ്റ്റ് കഌസോടെ പാസായിട്ടും തുടർന്നു പഠിക്കാൻ പോകാൻ കഴിയാതെ പഠനം അവസാനിപ്പിക്കുമ്പോൾ നിരാശയൊന്നുമില്ല. മറ്റൊരാളുടെ സഹായമില്ലാതെ തുടർന്നു പഠിക്കാൻ കഴിയില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട്, അങ്ങനെ നിരാശയോടെ തള്ളിക്കളയാനുള്ളതല്ലല്ലോ ജീവിതം എന്ന് അവൻ അനുഭവങ്ങളിലൂടെ തെളിയിക്കുന്നു.
സ്‌കൂൾ വിദ്യാഭ്യാസ കാലത്തും അതിനു ശേഷവും ഒരു വാക്ക് പോലും എഴുതാൻ കഴിയാതിരുന്ന ഹബീബ് അവന്റെ പേര് എഴുതി നോക്കിയത് ചുങ്കത്തറ പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ കീഴിലുള്ള പകൽവീട്ടിലെ ഡോ. അജയ് സാറിന്റെ ഫിസിയോതെറാപ്പിക്ക് ശേഷമാണ്. നിവർത്താനാവാതെ ചുരുണ്ടിരിക്കുന്ന വിരലുകൾക്കിടയിൽ പേന തിരുകിവെച്ച് കടലാസിൽ ആദ്യമായി അവൻ പേര് എഴുതി. 'ഹബീബ്'. ഒന്നാം ക്ലാസിലെ കുട്ടികൾ എഴുതാൻ ശ്രമിക്കുന്നതു പോലെ കഷ്ടപ്പെട്ട് എഴുതിയ സ്വന്തം പേര് കണ്ടപ്പോൾ അവന്റെ മുഖം എപ്പോഴത്തേതിലും കൂടുതൽ വിടർന്നു.
കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞ കാഴ്ചയായിരുന്നു അത്. ഇപ്പോൾ ഹബീബിന് സ്പൂൺ കൊണ്ടെങ്കിലും സ്വയം ഭക്ഷണം കഴിക്കാൻ കഴിയുന്നുണ്ട്. ചുരുണ്ടിരിക്കുന്ന വിരലുകൾ മെല്ലെ നിവർത്തി ഷെയ്ക്ക്ഹാന്റ് തരാൻ കഴിയുന്നുണ്ട്. കീശയിൽ നിന്ന് മൊബൈൽ എടുത്ത് ചെവിയിലേക്ക് ചേർത്തുവെക്കാനാവുന്നുണ്ട്. എങ്കിലും വീൽ ചെയറിൽ നിന്നും തെന്നിനീങ്ങാതെ സ്വയമൊന്ന് നേരെ ചൊവ്വെ ഇരിക്കാൻ കൂടി കഴിഞ്ഞാൽ മതി. അതാണ് അവന്റെ മറ്റൊരു വലിയ ആഗ്രഹം.
ഹബീബിന്റെ അടുത്ത ബന്ധു ശിഹാബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ന്യൂ റിലീഫ് ചാരിറ്റബിൾ ആന്റ് എജ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ മലപ്പുറം ജില്ലയിലെ എടക്കര, കരിനെച്ചിയിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ തന്നെ ഭിന്നശേഷിയുള്ള കുട്ടികൾക്കും പഠിക്കാൻ സ്‌പെഷ്യൽ സ്‌കൂൾ സൗകര്യമൊരുക്കി. ആ വിഭാഗത്തിന്റെ എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം ശിഹാബ് ഹബീബിനെയാണ് ഏൽപിച്ചത്. ഹബീബ് ആശിച്ചതു പോലെ, 2016 ഓഗസ്റ്റ് 1 മുതൽ അവന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു വലിയ ഉത്തരവാദിത്തം ഏറ്റെടുത്തു. അതിന് അർഹരായവർക്ക് ഉപകാരമാവുന്ന, ഉചിതമായ രീതിയിൽ തന്നെ ആത്മാർത്ഥമായി അവൻ കാര്യങ്ങൾ നിർവഹിച്ചു പോരുന്നുണ്ട്.
തനിക്ക് വേണ്ടി മാത്രമല്ല, എല്ലാവർക്കും വേണ്ടി ജീവിക്കുമ്പോഴേ നമ്മുടെ ജീവിതത്തിന് ഒരു പൂർണത ഉണ്ടാവുകയുള്ളൂ എന്ന ദൃഢവിശ്വാസത്തിൽ ഹബീബിന്റെ മുഖത്തെ നിഷ്‌കളങ്ക ഭാവം വീണ്ടും പ്രസന്നമായി കൂടുതൽ വിടരുന്നു. ഇനിയും ഒരുപാട് ചെയ്തു തീർക്കാനുണ്ടെന്ന വാശിയിൽ ജീവിതത്തിന്റെ വെല്ലുവിളികളെ നിർമമതയോടെ ഈ ചെറുപ്പക്കാരൻ നേരിടുന്നു. ഹബീബിന്റെ നമ്പർ- +919895612543.






