ആഘോഷപ്പെരുമയിൽ സ്വാതന്ത്ര്യദിനം

ആഘോഷവർണങ്ങൾ... ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് ശേഷം ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുട്ടികളോട് പ്രധാനമന്ത്രി നരേന്ദ്രമോഡി സ്‌നേഹം പങ്കുവെക്കുന്നു.
ഹൈദരാബാദിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ കുട്ടിയെ ദേശീയ പതാക പുതപ്പിച്ചെത്തിയ മാതാവ്.
ഗുജറാത്തിലെ സബർമതി നദിക്ക് കുറുകെയുള്ള പാലത്തിൽ നീളൻ ദേശീയപതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവർ.

ന്യൂദൽഹി- എഴുപതിന്റെ നിറവിൽ ആവേശവും ആഹ്ലാദവും നിറഞ്ഞ സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്നലെ രാജ്യം സാക്ഷ്യം വഹിച്ചു. ത്രിവർണത്തിൽ മുങ്ങിയ ആഘോഷപ്പുലരിക്ക് അഭിമാനമായി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാകയുയർത്തി.
മധുരം വിതരണം ചെയ്തും സന്നദ്ധസേവനം നടത്തിയും പ്രായഭേദമന്യേ ജനങ്ങൾ ആഘോഷത്തിൽ അണിചേർന്നു. ഭീകരാക്രമണ ഭീഷണിയുടെയും അതിർത്തിയിൽ ചൈനയും പാക്കിസ്ഥാനും ഉയർത്തുന്ന വെല്ലുവിളിയുടെയും പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം. 
1942 മുതൽ 1947 വരെ ക്വിറ്റ് ഇന്ത്യ സമരത്തിൽ രാജ്യം കൂട്ടായ്മയുടെ കരുത്ത് തെളിയിച്ചെന്നും അതേ കൂട്ടായ്മയും അർപ്പണവും വരുന്ന അഞ്ചു വർഷവും കാണിക്കണമെന്നും 'പുതിയ ഇന്ത്യ' കെട്ടിപ്പടുക്കണമെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. 
ദോക്‌ലാം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൈനികരെ മോഡി പ്രശംസ കൊണ്ടുമൂടി. പാക്കിസ്ഥാനിൽ മിന്നലാക്രമണം നടത്തിയതോടെ ഇന്ത്യൻ സേനയുടെ കരുത്ത് ലോകം അംഗീകരിച്ചതായി മോഡി പറഞ്ഞു. കരയെന്നോ കടലെന്നോ ആകാശമെന്നോ ഭേദമില്ലാതെ സദാസമയം സജ്ജരായി രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരെ അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ സുരക്ഷയാണ് സർക്കാരിന്റെ മുഖ്യ അജണ്ടയെന്ന മോഡിയുടെ പ്രഖ്യാപനം ചൈനയ്ക്കുള്ള താക്കീതായി.
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാവ് എൽ.കെ.അദ്വാനി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് എന്നിവരും മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാൾ, യോഗി ആദിത്യനാഥ്, മമത ബാനർജി, ചന്ദ്രബാബു നായിഡു, മെഹബൂബ മുഫ്തി, ചന്ദ്രശേഖര റാവു, ശിവരാജ് സിങ് ചൗഹാൻ, നിതീഷ് കുമാർ, ദേവേന്ദ്ര ഫഡ്‌നാവിസ്, സർബാനന്ദ സോനോവാൾ, എടപ്പാടി പളനിസാമി തുടങ്ങിയവരും ജനങ്ങൾക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. 
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യമാകെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. രാജ്യതലസ്ഥാനമായ ന്യൂദൽഹിയിൽ 47,000 സുരക്ഷാ സൈനികരെയാണ് അധികമായി വിന്യസിച്ചത്.
ചെങ്കോട്ടയിൽ ഉൾപ്പെടെ പലയിടത്തും വ്യോമ പ്രതിരോധ, ഡ്രോൺ പ്രതിരോധ സന്നാഹങ്ങൾ വിന്യസിച്ചിരുന്നു. ആകാശത്തിലൂടെ പറക്കുന്ന പാരാ മോട്ടോർസ്, ഹാങ് ഗ്ലൈഡറുകൾ, ഹോട്ട് ബലൂൺ, പാരാഗ്ലൈഡേർസ്, ആളില്ലാ ചെറുവിമാനങ്ങൾ, മൈക്രോലൈറ്റ് വിമാനങ്ങൾ, റിമോട്ട് നിയന്ത്രിത വിമാനങ്ങൾ എന്നിവ സുരക്ഷാസേനയുടെ കർശന നിരീക്ഷണത്തിലായിരുന്നു. എങ്കിലും പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിക്ക് കുറച്ചു പിന്നിലായി ഒരു പട്ടം പറന്നു വീണത് ആശങ്ക പരത്തി.
 

Latest News