മേസൺ (ഒഹായൊ) - ആൻഡി മറെയും റോജർ ഫെദരറും വിട്ടുനിന്നതോടെ റഫായേൽ നദാൽ മൂന്നു വർഷത്തിനു ശേഷം പുരുഷ ടെന്നിസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നദാലിന് ഒന്നാം സ്ഥാനം നിഷേധിക്കാൻ കഴിയുന്ന ഏക കളിക്കാരനായിരുന്ന വിംബിൾഡൺ ചാമ്പ്യൻ ഫെദരർ പുറം വേദന കാരണമാണ് ഇന്നലെയാരംഭിച്ച സിൻസിനാറ്റി ഓപണിൽനിന്ന് പിന്മാറിയത്. ഒന്നാം സ്ഥാനത്തെത്തുന്നത് കഠിന യത്‌നമാണെന്നും ഈ നേട്ടം വലിയ ആഹ്ലാദം പകരുന്നുവെന്നും നദാൽ പറഞ്ഞു. യുവ തലമുറ ആവേശത്തോടെ രംഗത്തുണ്ട്. ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുക എളുപ്പമല്ല. ഫെദരർക്ക് പിന്മാറേണ്ടി വന്നതിൽ സ്‌പെയിൻകാരൻ ദുഃഖം പ്രകടിപ്പിച്ചു. തനിക്കും ഫെദരറിനും മികച്ച സീസണായിരുന്നു ഇതെന്ന് നദാൽ പറഞ്ഞു. മറെയെയാണ് നദാൽ മറികടക്കുക.
2014 ജൂലൈ ആറിനാണ് നദാൽ അവസാനമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. 2008 ൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയ മുപ്പത്തൊന്നുകാരൻ 141 ആഴ്ച ആ പദവിയിലുണ്ടായിരുന്നു. നദാൽ മോൺട്രിയൽ ടെന്നിസിൽ മൂന്നാം റൗണ്ടിൽ തോറ്റിരുന്നു. അതേസമയം അവിടെ ഫെദരർ ഫൈനലിലെത്തി. ഫൈനലിൽ ജർമനിയുടെ അലക്‌സാണ്ടർ സ്വരേവിനോട് തോൽക്കുകയായിരുന്നു.
ഈമാസം 28 ന് ആരംഭിക്കുന്ന യു.എസ് ഓപണിന്റെ സന്നാഹ ടൂർണമെന്റായ സിൻസിനാറ്റിയിൽനിന്ന് ആറ് മുൻനിര പുരുഷ താരങ്ങളിൽ അഞ്ചു പേരും പിന്മാറിക്കഴിഞ്ഞു. ഫെദരറെ കൂടാതെ മറെ, സ്റ്റാൻ വാവ്‌റിങ്ക, നോവക് ജോകോവിച്, കെയ് നിഷികോരി, മാരിൻ സിലിച് എന്നിവരാണ് വിട്ടുനിൽക്കുന്നത്. ഇരുപത്തൊന്നാം സീഡ് ഗെയ്ൽ മോൺഫിൽസും പിന്മാറി. സിലിച്ചും നിഷികോരിയുമൊഴികെ വിട്ടുനിൽക്കുന്ന കളിക്കാരെല്ലാം മുപ്പതു കഴിഞ്ഞവരാണ്.
ഫെദരർ ഇവിടെ ഏഴു തവണ ചാമ്പ്യനായിട്ടുണ്ട്. സിൻസിനാറ്റി ആദ്യ റൗണ്ടിൽ വനിതാ ഒളിംപിക് ചാമ്പ്യൻ മോണിക്ക പൂയിഗ് ക്വാളിഫയർ ടൈലർ ടൗൺസെന്റിനോട് മൂന്നു സെറ്റിൽ തോറ്റു.