വീണുപോയ 20000 ദിര്‍ഹം മടക്കി നല്‍കിയ നേപ്പാള്‍ സ്വദേശിയെ പോലീസ് ആദരിക്കും

ദുബായ്- ഷോപ്പിലെ ക്യാഷ് കൗണ്ടറില്‍ ഉപഭോക്താവില്‍നിന്ന് നഷ്ടപ്പെട്ട 20,000 ദിര്‍ഹം സുരക്ഷിതമായി ദുബായ് പോലീസിന് മടക്കി നല്‍കിയ ദുബായ് മാളിലെ ജീവനക്കാരന് സമൂഹത്തിന്റേയും പോലീസിന്റേയും പ്രശംസ.
ഫെബ്രുവരി രണ്ടിന് മാളിലെ ഒരു സ്റ്റോറില്‍ വനിതാ ടൂറിസ്റ്റിന്റെ കൈയില്‍നിന്നാണ് ഒരു കടലാസ്  കവറിലുണ്ടായിരുന്ന പണം വീണുപോയത്. രണ്ടുവര്‍ഷമായി ദുബായ് മാളിലെ ഇക്കോ സ്റ്റോറില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശിയായ സുദീപ് റാണ മഗാര്‍ ഉച്ചയ്ക്ക് 12.50 ഓടെ സ്‌റ്റോറിന്റെ ക്യാഷ് കൗണ്ടര്‍ വൃത്തിയാക്കുമ്പോഴാണ് പണം കണ്ടെത്തിയത്. കവറിലായിരുന്നതിനാല്‍ പണമാണെന്ന് മനസ്സിലായില്ല.
'ഞാന്‍ അത് എടുത്ത് ട്രാഷ് ബിന്നില്‍ ഇടാന്‍ പോകുകയായിരുന്നു. പക്ഷെ കനമള്ളതിനാല്‍ തുറന്നു നോക്കി. പണമാണെന്ന് മനസ്സിലായതോടെ എണ്ണിപ്പോലും നോക്കാതെ സ്റ്റാപ്പിള്‍ ചെയ്ത് കടയിലെ സിസിടിവി ക്യാമറക്ക് കീഴില്‍ സൂക്ഷിച്ചു. ഉടന്‍ സ്‌റ്റോര്‍ മാനേജരെ വിളിച്ചു വിവരം പറയുകയായിരുന്നു.
വിവരം പോലീസിലും അറിയിച്ചു. സിസിടിവി ക്യാമറ പരിശോധിച്ച പോലീസ് പണത്തിന്റെ ഉടമയെ തിരിച്ചറിയുകയും അവരെ കണ്ടെത്തി ഏല്‍പിക്കുകയുമായിരുന്നു.
25 കാരനായ സുദീപ്, നേപ്പാളില്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച പരേതനായ പിതാവ് പകര്‍ന്ന മൂല്യങ്ങളാണ് സത്യസന്ധനായി ജീവിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് പറഞ്ഞു.
സുദീപിന് ദുബായ് പോലീസ് ബഹുമതി സര്‍ട്ടിഫിക്കറ്റ് നല്‍കും.

 

Latest News