അബുദാബി- ലോകത്തുണ്ടാകുന്ന സാങ്കേതിക മാറ്റങ്ങളെ അതിവേഗം ഉള്‍ക്കൊള്ളുന്ന രാജ്യമാണ് യു.എ.ഇ. അതുകൊണ്ടാണ് എപ്പോഴും ലോകത്തിന്റെ കണ്ണില്‍ വിസ്മയം പടര്‍ത്താന്‍ ദുബായിക്കും അബുദാബിക്കുമൊക്കെ കഴിയുന്നത്. നിര്‍മിത ബുദ്ധി, ക്യാമറ, സെന്‍സര്‍, ഡ്രോണ്‍, റോബട്, സ്മാര്‍ട് ട്രാഫിക് സംവിധാനം തുടങ്ങി ഓരോ വര്‍ഷവും അത്യാധുനിക സാങ്കേതിക വിദ്യ, വ്യത്യസ്തമേഖലകളില്‍ എടുത്തണിയുകയാണ് ഈ രാജ്യം.
സുരക്ഷിത നഗരമായി അബുദാബിയെ നിലനിര്‍ത്തുന്നതില്‍ നവീന സാങ്കേതിക വിദ്യ ഗുണം ചെയ്തതായി അബുദാബി പോലീസ് പറയുന്നത് മറ്റൊന്നുകൊണ്ടുമല്ല. നിര്‍മിത ബുദ്ധി ഉപയോഗിക്കുന്ന അത്യാധുനിക ക്യാമറകളാണ് സുരക്ഷിത നഗരമെന്ന ഖ്യാതി നിലനിര്‍ത്താന്‍ അബുദാബിയെ സഹായിച്ചതെന്നും അവര്‍ പറയുന്നു.
കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനും സുരക്ഷ മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്തിട്ടുണ്ട്. നാല് വര്‍ഷമായി ആഗോള സുരക്ഷിത നഗരമാണ് അബുദാബി. സുരക്ഷാ നിര്‍വഹണത്തിന് റോബോട്ടിനെയും അബുദാബി പോലീസ് രംഗത്തിറക്കിയിരുന്നു.
ഒരേസമയം നൂറുകണക്കിന് ആളുകളുടെ മുഖം സ്‌കാന്‍ ചെയ്ത് താരതമ്യം ചെയ്യാന്‍ ശേഷിയുള്ള ക്യാമറകളും ഉപയോഗിക്കുന്നുണ്ട്. ഇവ പിടികിട്ടാപുള്ളികള്‍ ഉള്‍പ്പെടെ ഒട്ടേറെ കുറ്റവാളികളെ പിടികൂടാന്‍ സഹായിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ച് നഗരത്തിലെ ഗതാഗത കുരുക്ക് നിരീക്ഷിക്കുന്നതിനാല്‍ ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനും സാധിക്കുന്നതായി പോലീസ് പറഞ്ഞു.






