Sorry, you need to enable JavaScript to visit this website.

അമേരിക്കൻ സമാധാന പദ്ധതി സ്വീകാര്യമല്ലെന്ന് ഒ.ഐ.സി

അമേരിക്കൻ സമാധാന പദ്ധതി വിശകലനം ചെയ്യുന്നതിന് ജിദ്ദ ഒ.ഐ.സി ആസ്ഥാനത്ത് ചേർന്ന വിദേശ  മന്ത്രിമാരുടെ യോഗം. 

ജിദ്ദ- കഴിഞ്ഞ മാസം 28 ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പശ്ചിമേഷ്യൻ സമാധാന പദ്ധതി സ്വീകാര്യമല്ലെന്നും ഇതിനെ ശക്തിയുക്തം എതിർക്കുമെന്നും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ (ഒ.ഐ.സി) വ്യക്തമാക്കി. അമേരിക്കൻ സമാധാന പദ്ധതി വിശകലനം ചെയ്യുന്നതിന് ജിദ്ദ ഒ.ഐ.സി ആസ്ഥാനത്ത് ചേർന്ന അംഗ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ യോഗമാണ് ഫലസ്തീനികളുടെ നിയമാനുസൃത അവകാശങ്ങൾ ഇല്ലാതാക്കുന്ന പദ്ധതിയിലുള്ള കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചത്. 


ഇസ്രായിലിന്റെ സുരക്ഷയെന്ന കാരണം നിരത്തി ഫലസ്തീനിലെ പ്രവിശാലമായ പ്രദേശങ്ങൾ ഇസ്രായിൽ കൂട്ടിച്ചേർക്കുന്നതിനെ ന്യായീകരിക്കുകയും ഇസ്രാലിന്റെ വാദം പൂർണതോതിൽ അംഗീകരിക്കുകയുമാണ് അമേരിക്കൻ പദ്ധതി ചെയ്യുന്നതെന്ന് ഒ.ഐ.സി യോഗം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും യു.എൻ തീരുമാനങ്ങളുടെയും നഗ്നമായ ലംഘനമാണിത്. ഫലസ്തീനിലെയും ഫലസ്തീന്റെ ഹൃദയഭൂമിയായ ജറൂസലമിലെയും ഇസ്രായിലി അധിനിവേശം അവസാനിപ്പിക്കാതെ സമഗ്രവും നീതിപൂർവവുമായ സമാധാനം യാഥാർഥ്യമാകില്ല. അന്താരാഷ്ട്ര തീരുമാനങ്ങളും നിയമങ്ങളും അനുസരിച്ച് ഫലസ്തീന്റെ എക്കാലത്തെയും തലസ്ഥാനമാണ് ജറൂസലം നഗരം. ഫലസ്തീനികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതിന് ലക്ഷ്യമിടുന്ന ഏതു നിലപാടുകളെയും നടപടികളെയും പദ്ധതികളെയും അപലപിക്കുകയാണെന്നും യോഗം പറഞ്ഞു. 


ഇസ്രായിൽ അധിനിവേശം അവസാനിപ്പിക്കുകയും 1967 ജൂണിലെ യുദ്ധത്തിൽ പിടിച്ചടക്കിയ ജറൂസലം അടക്കം മുഴുവൻ ഫലസ്തീൻ പ്രദേശങ്ങളിൽനിന്നും അറബ് പ്രദേശങ്ങളിൽനിന്നും പൂർണമായും പിൻവാങ്ങിയും ഫലസ്തീനികളുടെ അവകാശങ്ങൾ വകവെച്ചു നൽകിയുമല്ലാതെ മധ്യപൗരസ്ത്യദേശത്ത് സമാധാനവും സുരക്ഷയും നിലവിൽ വരില്ല. ജനുവരി 28 ന് അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ച പദ്ധതി നീതിക്ക് നിരക്കാത്തതും സമാധാനത്തിന്റെ അടിസ്ഥാന തത്വങ്ങൾ തകർക്കുന്നതുമാണ്. അമേരിക്ക പ്രഖ്യാപിച്ച സമാധാന പദ്ധതി അംഗീകരിക്കരുതെന്നും ഇത് നടപ്പാക്കുന്നതിന് ഒരു നിലക്കും അമേരിക്കൻ ഭരണകൂടവുമായി സഹകരിക്കരുതെന്നും യോഗം അംഗ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. 


ഒ.ഐ.സി ഫലസ്തീൻ ജനതക്കൊപ്പം നിലയുറപ്പിക്കും. മുഴുവൻ അന്താരാഷ്ട്ര വേദികളിലും ഫലസ്തീനു വേണ്ടി നടത്തുന്ന നിയമ, രാഷ്ട്രീയ, നയതന്ത്ര ശ്രമങ്ങളെ അംഗ രാജ്യങ്ങൾ പിന്തുണക്കണം. അന്താരാഷ്ട്ര നിയമത്തിനും യു.എൻ തീരുമാനങ്ങൾക്കും നിരക്കാത്ത പദ്ധതികൾ നിരാകരിക്കുന്നതിന് ഐക്യരാഷ്ട്രസഭയും യു.എൻ രക്ഷാസമിതിയും അടക്കമുള്ള അന്താരാഷ്ട്ര സമൂഹവുമായി അംഗരാജ്യങ്ങൾ സഹകരിച്ച് പ്രവർത്തിക്കണം. അമേരിക്കൻ പദ്ധതിയുടെ പശ്ചാത്തലത്തിൽ അധിനിവിഷ്ട ജറൂസലമിലെയും മറ്റു ഫലസ്തീൻ പ്രദേശങ്ങളിലെയും സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിന് യു.എൻ ജനറൽ അസംബ്ലി അടിയന്തര യോഗം ചേരണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു. ഒ.ഐ.സി യോഗത്തിൽ 44 അംഗ രാജ്യങ്ങൾ പങ്കെടുത്തു. 13 രാജ്യങ്ങൾ യോഗത്തിൽ സംബന്ധിച്ചില്ല. 


കിഴക്കൻ ജറൂസലം തലസ്ഥാനമായി, 1967 ലെ അതിർത്തിയിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ പിന്തുണക്കുന്നതായി യോഗത്തിൽ സംസാരിച്ച ഒ.ഐ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽഉസൈമിൻ പറഞ്ഞു. ഒ.ഐ.സി ഏറ്റവും വലിയ മുൻഗണന നൽകുന്ന പ്രശ്‌നമാണ് ഫലസ്തീൻ പ്രശ്‌നം. അന്താരാഷ്ട്ര തീരുമാനങ്ങളുടെയും അറബ് സമാധാന പദ്ധതിയുടെയും അടിസ്ഥാനത്തിലുള്ള പരിഹാരമാണ് പശ്ചിമേഷ്യൻ സംഘർഷത്തിന് കാണേണ്ടത് എന്ന നിലപാട് ഒ.ഐ.സി മുറുകെ പിടിക്കുന്നു. പശ്ചിമേഷ്യയിൽ സമഗ്ര സമാധാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ആഗോള സമൂഹം നടത്തുന്ന ഏതു പ്രയത്‌നങ്ങളെയും ഒ.ഐ.സി പിന്തുണക്കുമെന്നും ഡോ. യൂസുഫ് അൽഉസൈമിൻ പറഞ്ഞു. 
ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനുള്ള സമാനതയില്ലാത്ത ശ്രമമാണ് അമേരിക്കൻ പദ്ധതിയെന്ന് യോഗത്തിൽ പ്രസംഗിച്ച ഫലസ്തീൻ വിദേശ മന്ത്രി രിയാദ് അൽമാലികി കുറ്റപ്പെടുത്തി. സമാധാന ചർച്ചകളുടെ അടിത്തറ തകർക്കുന്നതാണ് അമേരിക്കൻ പദ്ധതി. ഇത് പൂർണമായും ഇസ്രായിൽ അനുകൂലമാണ്. അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളെ ഇസ്രായിലിൽ കൂട്ടിച്ചേർക്കുന്നതിന് അമേരിക്കൻ പദ്ധതി നിയമസാധുത നൽകുകയും ഫലസ്തീന്റെ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നു. 


ഇസ്രായിലിന്റെ സുരക്ഷയെന്ന ന്യായീകരണം പറഞ്ഞ് ഫലസ്തീൻ രാഷ്ട്രത്തിന് പരമാധികാരത്തിന്റെതായ എല്ലാ ഘടകങ്ങളും പദ്ധതി നിഷേധിക്കുന്നു. ഇസ്രായിലിന്റെ ഏകീകൃത തലസ്ഥാനമാക്കി ജറൂസലമിനെ നിലനിർത്തുകയും ജറൂസലമിൽ ഫലസ്തീൻ തലസ്ഥാനം സ്ഥാപിക്കുന്നത് തടയുകയും ചെയ്യുന്ന പദ്ധതിയിൽ ഫലസ്തീൻ വിദേശ മന്ത്രി രോഷം പ്രകടിപ്പിച്ചു. മസ്ജിദുൽ അഖ്‌സയെ വിഭജിക്കുന്ന അമേരിക്കൻ പദ്ധതി ജൂത കുടിയേറ്റവും ഇസ്രായിലിന്റെ കോളനിവൽക്കരണ വികാസവും അംഗീകരിക്കുകയാണെന്നും രിയാദ് അൽമാലികി പറഞ്ഞു.

Latest News