പ്രതിസന്ധി ലോകത്തെ  മുഴുവൻ ബാധിക്കും -ഖത്തർ

ദോഹ- ഖത്തർ പ്രതിസന്ധി ലോക സമ്പദ്‌വ്യവസ്ഥയെ ആകമാനം പ്രതികൂലമായി ബാധിക്കുമെന്ന് ജർമനിയിലെ ഖത്തർ അംബാസഡർ സഊദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി. പ്രതിസന്ധി ഊർജ ഉൽപന്നങ്ങളുടെ വിലയെ ബാധിക്കും. ഇത് മറ്റു ഉൽപന്നങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കും. പ്രതിസന്ധി ഗൾഫ് മേഖലയെ മാത്രമല്ല, ലോകത്തെവിടെയുമുള്ള ഏതൊരാളെയും ബാധിക്കും. ലോകത്തിന് ആവശ്യമായ എണ്ണയുടെ നാൽപതു ശതമാനത്തിലേറെയും നൽകുന്നത് ഗൾഫ് മേഖലയാണ്. പ്രതിസന്ധി എണ്ണ വില ഉയർത്തും. ഇത് ലോകത്തെങ്ങും പൊതുവിൽ വിലക്കയറ്റമുണ്ടാക്കും. കാലം കഴിയുന്തോറും പ്രതിസന്ധി പരിഹരിക്കുക ദുഷ്‌കരമാകും. വട്ടമേശക്കു ചുറ്റും ഇരുന്ന് പ്രതിസന്ധി പരിഹരിക്കുന്നതിനെ കുറിച്ച് ഇപ്പോൾ തന്നെ ചർച്ച നടത്തുന്നതാണ് ചർച്ച നീട്ടിവെക്കുന്നതിനേക്കാൾ കൂടുതൽ ഉചിതം. കുവൈത്തും ജർമനിയും പോലുള്ള സൗഹൃദ രാജ്യങ്ങളും നടത്തുന്ന മധ്യസ്ഥശ്രമങ്ങളെ പിന്തുണക്കുന്നതായും അംബാസഡർ പറഞ്ഞു.
സൗദി അറേബ്യയുടെയും ബഹ്‌റൈന്റെയും യു.എ.ഇയുടെയും ഈജിപ്തിന്റെയും ആവശ്യങ്ങൾ തങ്ങളുടെ പരമാധികാരവും മാധ്യമ സ്വാതന്ത്ര്യവും കവരുന്നതാണെന്ന വാദം തന്നെയാണ് ഖത്തറിന്. ബഹിഷ്‌കരണം ഖത്തറിനെ ബാധിക്കില്ലെന്ന് ഖത്തർ നേതാക്കൾ അവകാശപ്പെടുന്നു. അതേസമയം തന്നെ പ്രതിസന്ധി പരിഹരിക്കുന്നതിന് ആഗോള ഇടപെടൽ ആവശ്യപ്പെട്ട് ഖത്തർ ശക്തമായ ശ്രമങ്ങൾ നടത്തുന്നുമുണ്ട്. 
പ്രതിസന്ധി പരിഹരിക്കുന്നതിന് ഇടപെടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പാശ്ചാത്യരാജ്യങ്ങളെ ബോധ്യപ്പെടുത്തുന്ന സന്ദേശമാണ് ജർമനിയിലെ ഖത്തർ അംബാസഡർ നൽകിയതെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം, ഭീകരതക്കുള്ള പിന്തുണ ഖത്തർ അവസാനിപ്പിക്കുക വഴി പ്രതിസന്ധിക്ക് വേഗത്തിൽ പരിഹാരം കാണുന്നതിന് സാധിക്കുമെന്ന് മേഖലയിലുള്ളവർ വിശ്വസിക്കുന്നു. 

ഖത്തർ പ്രതിസന്ധി ഗൾഫിലെ ഇന്ത്യക്കാരെ ബാധിക്കില്ല -യു.എ.ഇ
അബുദാബി- ഖത്തറുമായി ബന്ധപ്പെട്ട് നിലവിലെ പ്രതിസന്ധി ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ഒരുനിലക്കും പ്രതികൂലമായി ബാധിക്കില്ലെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ്. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യയുടെ സാമ്പത്തിക താൽപര്യങ്ങളെയും ഇത് ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ സുരക്ഷാ ഭദ്രത തകർക്കുകയാണെന്ന അയൽ രാജ്യങ്ങളുടെ ഭീതി ഇല്ലാതാക്കുന്നതിന് ഖത്തർ പ്രവർത്തിക്കുകയാണ് ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്ന് പുറത്തുകടക്കുന്നതിനുള്ള ഏറ്റവും നല്ല വഴിയെന്ന് ഗർഗാശ് പറഞ്ഞു. അൽജസീറ ചാനൽ മുസ്‌ലിം ബ്രദർഹുഡിന്റെ നയങ്ങൾ പ്രചരിപ്പിക്കുന്ന ജിഹ്വയാണ്. അതുകൊണ്ടു തന്നെ അൽജസീറ ചാനൽ സമാധാനത്തിന് ഭീഷണിയാണ്. മേഖലയിൽ സംഘർഷം മൂർഛിപ്പിക്കുന്നതിന് സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ആഗ്രഹിക്കുന്നില്ല. ഒരു ചെറിയ രാജ്യത്തിനു മേലും അധികാരം സ്ഥാപിക്കാതിരിക്കുക എന്നതടക്കം നാലു രാജ്യങ്ങളും കാലാകാലങ്ങളായി പിന്തുടരുന്ന അടിസ്ഥാന തത്വങ്ങൾ ഏവർക്കും അറിയുന്നതാണ്. 
ഭൂമിശാസ്ത്രപരമായി ഖത്തർ ചെറിയ രാജ്യമാണ്. അതേസമയം, സമ്പന്ന രാഷ്ട്രവുമാണ്. ഭീകരതക്ക് പിന്തുണ നൽകുന്നതിന് തങ്ങളുടെ സമ്പത്ത് ഖത്തർ പ്രയോജനപ്പെടുത്തുകയാണ്. ചിലർ ധരിക്കുന്നതുപോലെ അഞ്ചു രാജ്യങ്ങളും തമ്മിലുള്ള കലഹമല്ല നിലവിലെ പ്രതിസന്ധി. ഭീകരതക്ക് സാമ്പത്തിക സഹായം നൽകുന്ന രാജ്യമാണ് ഖത്തർ. മറ്റു രാജ്യങ്ങൾ ഭീകര പട്ടികയിൽ പെടുത്തിയവർക്ക് ഖത്തർ സുരക്ഷിത താവളം ഒരുക്കുന്നുണ്ട്. യു.എന്നും അമേരിക്കയും ഭീകരരായി പ്രഖ്യാപിച്ച നിരവധി പേർ ഖത്തറിൽ കഴിയുന്നുണ്ട്. ഭീകരത ലോകത്താകമാനമുള്ള പ്രവണതയായി മാറിയിട്ടുണ്ട്. ലോകത്ത് ഒരു നഗരവും അന്താരാഷ്ട്ര ഭീകര ഭീഷണിയിൽ നിന്ന് സുരക്ഷിതമല്ല. 
കുറഞ്ഞ തോതിലുള്ള ഭീകരതയും തീവ്രവാദവും അംഗീകരിക്കാമെന്ന വാദത്തോട് സമരസപ്പെടാൻ തങ്ങൾക്ക് സാധിക്കില്ല. ഭീകരതക്കും തീവ്രവാദത്തിനും എതിരായ നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടിനെ വലയം ചെയ്യുന്ന പൊടിപലടലങ്ങൾ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. ഗൾഫ് സഹകരണ കൗൺസിൽ തങ്ങളുടെ വലിയ മൂല്യവും സ്ഥാനവും എല്ലാവർക്കും മുന്നിൽ തെളിയിച്ചിട്ടുണ്ട്. വിവേകം വീണ്ടെടുത്ത് ഗൾഫ് സഹകരണ കൗൺസിലിന്റെ ഭാഗമായി ഖത്തർ തുടരുന്നതാണ് അഭികാമ്യമെന്നും ഡോ. അൻവർ ഗർഗാശ് പറഞ്ഞു.

 

Latest News