Sorry, you need to enable JavaScript to visit this website.

വേലക്കാർക്ക് പ്രൊബേഷൻ കാലത്ത് ഓൺലൈൻ വഴി ഫൈനൽ എക്‌സിറ്റ്

റിയാദ് - ഗാർഹിക തൊഴിലാളികൾക്ക് പ്രൊബേഷൻ കാലത്ത് (ആദ്യ 90 ദിവസം) ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി ഫൈനൽ എക്‌സിറ്റ് വിസ നൽകാൻ സാധിക്കുന്ന സേവനം ജവാസാത്ത് ഡയറക്ടറേറ്റ് ആരംഭിച്ചു. ഇഖാമ ലഭിക്കാത്ത ഗാർഹിക തൊഴിലാളികൾക്ക് മാത്രമേ പ്രൊബേഷൻ കാലത്ത് ഓൺലൈൻ വഴി ഫൈനൽ എക്‌സിറ്റ് ലഭിക്കുകയുള്ളൂ.
ഈ സേവനം പ്രയോജനപ്പെടുത്താൻ ഗാർഹിക തൊഴിലാളികളും അല്ലാത്തവരും അടക്കം സ്‌പോൺസർക്കു കീഴിലെ ആകെ വിദേശ തൊഴിലാളികളുടെ എണ്ണം 100 കവിയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. 


കൂടാതെ ഗാർഹിക തൊഴിലാളി മരണപ്പെട്ടതായോ ഒളിച്ചോടിയതായോ രജിസ്റ്റർ ചെയ്യപ്പെട്ടാലും സൗദി അറേബ്യക്ക് പുറത്താണെങ്കിലും ഈ രീതിയിൽ ഫൈനൽ എക്‌സിറ്റ് നൽകാൻ കഴിയില്ല. ഗാർഹിക തൊഴിലാളികളുടെ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ ബാക്കിയുണ്ടാകാനും പാടില്ല. 
കൂടാതെ തൊഴിലാളിയുടെ പാസ്‌പോർട്ടിൽ 60 ദിവസത്തിൽ കൂടുതൽ കാലാവധി ഉണ്ടായിരിക്കണം. ജവാസാത്ത് ഡയറക്ടറേറ്റുകളെ നേരിട്ട് സമീപിക്കാതെ ജവാസാത്തിന്റെ മുഴുവൻ ഓൺലൈൻ സേവനങ്ങളും പ്രയോജനപ്പെടുത്തുന്നതിന് സൗദി പൗരന്മാരും വിദേശികളും അബ്ശിർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

 

Latest News