വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ തള്ളി ഒമാന്‍

മസ്‌കത്ത് - ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത സ്ഥാപനങ്ങളില്‍നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ കരസ്ഥമാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടാകില്ല. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഒമാനിതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തുല്യതാ അക്കാദമിക് യോഗ്യതകളെയും അംഗീകരിക്കുന്ന സമിതിയാണ് തീരുമാനം കൈക്കൊണ്ടത്.
ഇന്ത്യയിലെ ഡോ. റാം മനോഹര്‍ ലോഹ്യ അവധ് യൂണിവേഴ്‌സിറ്റി, സിക്കിം മണിപ്പാല്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ വിദൂര വിദ്യാഭ്യാസ ബിരുദങ്ങള്‍ ഒമാന്‍ തള്ളിയിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളുടേയും എല്ലാ കോഴ്‌സുകളും തള്ളുകയില്ല. എന്നാല്‍ അവ പഠിച്ച് വിലയിരുത്തിയ ശേഷം മന്ത്രാലയം ഇതില്‍ തീരുമാനമെടുക്കും.
2015 ല്‍ ജവാഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി നല്‍കിയ ഒരു ഫിലോസഫി പി.എച്ച്.ഡിക്കും കമ്മിറ്റി തുല്യത നല്‍കിയില്ല. ഈ പി.എച്ച്.ഡി ഉള്ളയാള്‍ക്കു മന്ത്രാലയം അംഗീകരിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതാണ് കാരണം.
വിദൂര വിദ്യാഭ്യാസ പഠനം മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നില്ല. ഇന്ത്യയില്‍ എല്ലാ തലങ്ങളിലുമുള്ള ഒരു വിദൂര വിദ്യാഭ്യാസ രീതിയും മന്ത്രാലയം അംഗീകരിക്കുന്നില്ല.
പൂനെ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് പൂനെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി 2006 ല്‍ നല്‍കിയ സിവില്‍ എന്‍ജിനീയറിങ്ങിലെ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റിനും തുല്യത നല്‍കിയില്ല. നാക് അംഗീകാരമില്ലാത്തതാണ് കാരണം.
ഇന്ത്യക്ക് പുറമെ, യുകെ, മൊറോക്കോ, ഈജ്പ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകളും മന്ത്രാലയം തള്ളിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളൊന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച മാനദണ്ഡം പാലിച്ചില്ലെന്നു കണ്ടെത്തിയതാണ് കാരണം.

 

Latest News