പുസ്തകങ്ങളുടെ സുൽത്താൻ

ഈയിടെ സമാപിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനെക്കുറിച്ച് രവി ഡി.സി സംസാരിക്കുന്നു

ഇപ്പോഴത്തെ ഒരു പരിതസ്ഥിതിയിൽ കേരളം വിഭാഗീയതകളില്ലാതെ എല്ലാറ്റിനോടും തുറന്ന മനസ്സ് സ്വീകരിക്കുന്ന സ്ഥലമാണെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവർ ഇന്ന് നമ്മുടെ സംസ്ഥാനത്തെ രാജ്യത്തിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത്.

അഞ്ച് കൊല്ലം പിന്നിടുകയായിരുന്നു, കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ അഞ്ചാം എഡിഷനിലൂടെ ഇത്തവണത്തെ സാഹിത്യോൽസവം. അഞ്ച് വർഷം മുമ്പ് ഒന്നുമല്ലാതായിരുന്ന കെ.എൽ.എഫിന് ഇന്ന് പല വിമർശനങ്ങൾ ഉണ്ടെങ്കിലും കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ ആർക്കും ഇല്ലാതാക്കുവാൻ കഴിയാത്ത ഒരു ഇടമുണ്ട്. സഹിഷ്ണുതയെ ഒന്നാകെ അസഹിഷ്ണുത വെട്ടിവിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത്, വീട്ടിനുള്ളിൽ താൻ സ്വകാര്യമായി സംസാരിക്കുന്നതിന് പോലും സെൻസർഷിപ്പ് വന്നേക്കാവുന്ന ഒരു കാലത്ത്, അഭിപ്രായം തുറന്നു പറയുമ്പോഴേക്ക് അതിനു മീതെ ഡമാസ്‌കസിന്റെ വാളുപോലെ യു.എ.പി.എ തൂങ്ങിക്കിടക്കുന്ന ഒരു കാലത്ത് ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഏറ്റവും വലിയ മേന്മയും ഗുണവും പ്രത്യേകതയുമെല്ലാം സ്വാതന്ത്ര്യത്തോടെ മനസ്സു തുറന്നു സംസാരിക്കുവാനും മറ്റും കഴിയുന്നുവെന്നുള്ളതാണ് അത്. പ്രത്യേകിച്ച് കോഴിക്കോടൻ നാട്ടുകാരും കടപ്പുറത്തിന്റെ പശ്ചാത്തലവും കൂടി കെ.എൽ.എഫിന്റെ തട്ടകമാകുമ്പോൾ.
കഴിഞ്ഞ അഞ്ചു വർഷമായി കെ.എൽ.എഫിന്റെ ചീഫ് ഫെസിലിറ്റേറ്ററായി പ്രവർത്തിക്കുന്ന രവി ഡി.സി മലയാളം ന്യൂസിനോട് മനസ്സുതുറക്കുകയാണ് മറ്റൊരു കെ.എൽ.എഫ് കൂടി സമാപിച്ച പോയ ദിവസങ്ങളിൽ. 

കെ.എൽ.എഫ് എന്ന ആശയത്തിന് തുടക്കം കുറിക്കുവാനുള്ള കാരണമെന്തായിരുന്നു?
നമ്മൾ തന്നെ പലപ്പോഴും പുസ്തക ചർച്ചകൾ നടത്താറുണ്ട്. എന്നാൽ പലപ്പോഴും അത് നമ്മുടെ പുസ്തകങ്ങൾക്കപ്പുറം ഒരു പൊതു സംവാദത്തിന്റെ തലത്തിലേക്ക് എത്താറില്ല. ഈ സമയത്താണ് ജയ്പുർ ഫെസ്റ്റും ഹേ ഫെസ്റ്റുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയത്. ഈയൊരു സന്ദർഭത്തിലാണ് ഡി.സി ബുക്‌സ് ഇത്തരമൊരു ആശയം ചർച്ചക്കെടുക്കുന്നത്. എന്നാൽ ആദ്യം തന്നെ പുസ്തകം കേന്ദ്രീകരിച്ചല്ല, മറിച്ച് രാഷ്ട്രീയം, കല തുടങ്ങി എല്ലാ വിഷയങ്ങളെയും ആധാരമാക്കിയുള്ള ഒരു സംവാദമെന്നതിൽ നിന്നാണ് കെ.എൽ.എഫ് ഉണ്ടാകുന്നത്.

ഡി.സിയുടെ പുസ്തകങ്ങൾ മാത്രം വിൽപനക്കായുള്ള ഒരു വേദിയാണോ കെ.എൽ.എഫ്?
ഇതിന് ബാക്ക്അപ്പായി ഉള്ള അനേകം പ്രസ്ഥാനങ്ങളിൽ ഒന്നുമാത്രമാണ് ഡി.സി ബുക്‌സ്. ഇത് ഒരു പുസ്തകമേളയുടെ വേദിയല്ല. ഇവിടത്തെ ബുക്ക് സ്റ്റാളിൽ നിന്ന് പുസ്തക വിൽപനയിലൂടെ കിട്ടുന്ന ആദായമെടുത്താൽ കെ.എൽ.എഫിന്റെ ആകെ ചെലവിന്റെ ഇരുപത്തഞ്ചു ശതമാനം മാത്രമെ വരൂ. വിവിധങ്ങളായ പരിപാടികളുടെ ഒരു സമ്മേളനമാണിത്. ഓരോ വർഷവും പല വ്യാത്യാസങ്ങളും കെ.എൽ.എഫിൽ വരും. ഇതിലെ പരിപാടികളുടെ ഇരുപതു ശതമാനം മാത്രമെ പുസ്തകങ്ങളുമായി ബന്ധപ്പെട്ടതുണ്ടാവുകയുള്ളൂ. പുസ്തകങ്ങളല്ല, കെ.എൽ.എഫിലെ ചർച്ചക്ക് ഒരു വിഷയം തെരഞ്ഞടുക്കുവാനുള്ള മാനദണ്ഡം.

കഴിഞ്ഞ വർഷം കേന്ദ്ര ടൂറിസം ഡിപ്പാർട്ട്‌മെന്റ് അവരുടെ ഇരുപത് ലക്ഷം രൂപയുടെ ഗ്രാന്റ് പിൻവലിക്കുന്നിടത്തു വരെ എത്തിയിരുന്നു. കെ.എൽ.എഫിലെ വിവാദങ്ങൾ...?
എല്ലാ വിഷയവും അതിന്റേതായ രീതിയിൽ ചർച്ച ചെയ്യുകയെന്നതാണ് കെ.എൽ.എഫിന്റെ രീതി. സ്വാഭാവികമാണ് സർക്കാരുകൾക്കെതിരെ വിമർശനമുണ്ടാകുമ്പോൾ അവർ ആ രീതിയിൽ പ്രതികരിക്കുമെന്നത്. എന്നാൽ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം മുൻ വർഷങ്ങളിലേതടക്കമുള്ള പോഗ്രാമുകൾ എടുത്തു പരിശോധിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും. വ്യത്യസ്ത വീക്ഷണ കോണിൽ വിഷയങ്ങളെ ചർച്ച ചെയ്യുകയെന്നതാണ് ലിറ്ററേച്ചർ ഫെസ്റ്റിന്റെ അടിസ്ഥാനം. ഈ പ്രാവശ്യം സി.എ.എയാണ് പ്രധാന വിഷയമായി ഉയരുന്നതെങ്കിൽ അത് ചർച്ച ചെയ്യുന്നു. അതിൽ തന്നെ കപിൽ സിബലും രാമചന്ദ്ര ഗുഹയും പോലെ വലതുപക്ഷ ചിന്തകർക്കും പ്രാധാന്യമുണ്ട്. എല്ലാ നിലപാടിനെയും സ്വീകരിക്കും. ഇതിന്റെ തെളിവാണ് എല്ലാ സ്പീക്കേഴ്‌സും മറ്റും ഇപ്പോൾ കെ.എൽ.എഫിലേക്ക് വരാൻ ആഗ്രഹിക്കുന്നുവെന്നുള്ളത്. ഇവിടെ വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിന്റെ രീതിയും കോഴിക്കോട്ടെ ജനങ്ങൾ ഈ ഫെസ്റ്റിനോട് കാണിക്കുന്ന താൽപര്യവും കൊണ്ടാണിത്.
 
കെ.എൽ.എഫിന്റെ സ്ഥിരം വേദിയായി കോഴിക്കോട് എന്നുള്ളതിൽ ഇനി മാറ്റമുണ്ടാകില്ലേ?
അഞ്ചു വർഷം മുൻപ് പരീക്ഷണാടിസ്ഥാനത്തിലാണ് കോഴിക്കോട്ട് ഇതു ചെയ്തത്. എന്നാൽ ആദ്യത്തെ വർഷം തന്നെ കോഴിക്കോട്ടെ ജനത ഇതിനോട് കാണിച്ച താൽപര്യമാണ് കോഴിക്കോടിനെ ഒരു സ്ഥിരം വേദിയായി തെരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. കൂടാതെ എം.എൽ.എ എ.പ്രദീപ്കുമാറിന്റെ ഇതിനോടുള്ള സപ്പോർട്ടും ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് സർക്കാരും പൊതുസമൂഹവുമെല്ലാം തന്നെ കൊച്ചിക്ക് ബിനാലെ, തിരുവനന്തപുരത്തിന് ഐ.എഫ്.എഫ്.കെ സിനിമാ ഫെസ്റ്റ്, കോഴിക്കോടിന് ലിറ്ററേച്ചർ ഫെസ്റ്റ് എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്.

കെ.എൽ.എഫിന് ശേഷവും പല ലിറ്ററേച്ചർ ഫെസ്റ്റിവലുകളും വന്നു. പക്ഷേ ഇവയ്‌ക്കെല്ലാം എത്രത്തോളം ഇതിനോടടുത്ത് എത്താൻ സാധിച്ചിട്ടുണ്ട്?
ഏതു വന്നാലും കെ.എൽ.എഫിനെ അനുകരിക്കാൻ പറ്റില്ല. പലതിലും ആളുകൾക്ക് പ്രവേശനമില്ലാത്ത, ഒരു ലിമിറ്റഡ് എൻട്രിയാണ്. പക്ഷേ കെ.എൽ.എഫ് അങ്ങനെയല്ല. രജിസ്‌ട്രേഷൻ നിർബന്ധമില്ല. ആർക്കും കയറിവന്ന് കാര്യങ്ങൾ കേൾക്കാൻ രീതിയിലുള്ള ഒരു ജനാധിപത്യ രീതിയാണിതിനുള്ളത്. ചർച്ചകളുടെ വിഷയം തെരഞ്ഞെടുക്കുന്നിടത്തും ചർച്ചയുമെല്ലാം തീർത്തും ഓപൺ ആണ്. ഇത്തരമൊരു രീതി മറ്റു പലർക്കും അത്ര പെട്ടെന്ന് തെരഞ്ഞെടുക്കാൻ സാധിച്ചു കൊള്ളണമെന്നില്ല.

ഇപ്രാവശ്യം ഒരു സെഷനെക്കുറിച്ച് ആദ്യം മുതലേ വലിയ വിവാദമുണ്ടാവുകയും പിന്നീടതിൽ തിരുത്തലുകൾ വരുത്തിയെന്നുമുള്ള ചർച്ച ഉണ്ടായിരുന്നു?
യൂ-ട്യൂബിലടക്കം ഇത് പിന്നീട് കാണുന്ന ആയിരങ്ങൾ മുൻപു നടന്ന പല സെഷനുകളും ഏകപക്ഷീയമായി പോകുന്നുവെന്ന ആക്ഷേപം ഉന്നയിക്കാറുണ്ട്. അതുകൊണ്ട് കൂടിയാണ് ഇപ്രാവശ്യം നേരത്തെ പോഗ്രാം അനൗൺസ് ചെയ്തത്. അങ്ങനെ ജനങ്ങൾ ഇതിനെ ഒരു സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കട്ടെ എന്നുദ്ദേശിച്ചായിരുന്നു അത്. അങ്ങനെയാണ് ഒരു സെഷനെക്കുറിച്ച് ആക്ഷേപം വന്നത്. ഈ പരാതി പരിശോധിച്ചപ്പോൾ അതിൽ കാര്യമുണ്ടെന്ന് തോന്നിയതു കൊണ്ടാണ് ആ സെഷനിൽ അങ്ങനെയൊരു മാറ്റം വരുത്തിയത്.

സർക്കാരിന്റെ ഭാഗത്ത് നിന്ന് ഏതു നിലയ്ക്കുള്ള പ്രോത്സാഹനമാണ് ലഭിക്കേണ്ടത്?
ഇപ്പോഴത്തെ ഒരു പരിതസ്ഥിതിയിൽ കേരളം വിഭാഗീയതകളില്ലാതെ എല്ലാറ്റിനോടും തുറന്ന മനസ്സ് സ്വീകരിക്കുന്ന സ്ഥലമാണെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവർ ഇന്ന് നമ്മുടെ സംസ്ഥാനത്തെ രാജ്യത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നത്. ഇതിനെ ഊട്ടിയുറപ്പിക്കുന്ന ഒരു പരിപാടി എന്ന നിലയ്ക്കും ഒരു കോർപറേറ്റ് ഇവന്റ് അല്ല എന്ന നിലയ്ക്കും ഇത്തരം പരിപാടികൾക്കുള്ള പശ്ചാത്തല സൗകര്യമടക്കമുള്ള എല്ലാ കാര്യങ്ങളും ചെയ്തു തരുന്നതിൽ സർക്കാർ കൂടി കൂടുതൽ താൽപര്യമെടുക്കുകയാണെങ്കിൽ വരുംകാലത്ത് സർക്കാർ നേരിട്ട് നടത്തുമ്പോൾ ഉണ്ടാകാവുന്ന വിലക്കുകളില്ലാത്ത, എന്നാൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ രീതിയിൽ കെ.എൽ.എഫിനെ മാറ്റിയെടുക്കാൻ സാധിക്കുമെന്നാണ് പറയാനുള്ളത്.
 
കെ.എൽ.എഫിന്റെ വരവും ചെലവും ഒത്തുപോകുന്നതെങ്ങനെ?
അത് പൂർണമായി സാധിക്കുന്നില്ല. ഒരു പരിധി വരെ സ്‌പോൺസർമാരാണ് സഹായിക്കുന്നത്. സർക്കാർ ഏജൻസികളടക്കമുള്ളവർ ഇതിൽ സഹകരിക്കുന്നുണ്ട്. എന്നാൽ സ്‌പോൺസർഷിപ്പിനും അതിന്റേതായ മാനദണ്ഡങ്ങൾ വെച്ചാണ് സ്വീകരിക്കുന്നത്. അൻപതിനായിരം മുതൽ രണ്ടു ലക്ഷം വരെയുള്ള ചെറിയ സ്‌പോൺസർഷിപ്പിനോടാണ് ഞങ്ങൾ കൂടുതൽ മുൻതൂക്കം നൽകുന്നത്. അതുകൊണ്ടാണ് കെ.എൽ.എഫിന് ഇപ്പോഴും ഒരു ടൈറ്റിൽ സ്‌പോൺസറില്ലാത്തത്. കാരണം അങ്ങനെ ഒരു വിൽപന ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നുള്ളതു കൊണ്ടാണിത്. ഇത്തരമൊരു കാര്യത്തിലാണ് സർക്കാരിന്റെ കൂടുതൽ പിന്തുണ ലഭിക്കേണ്ടതെന്നാണ് എനിക്കു തോന്നുന്നത്.
 

Latest News