കോടതി വ്യവഹാരങ്ങളെ കുറിച്ച് കുട്ടിക്കാലത്ത് കേട്ട ഒരു കഥയുണ്ട്. കേരളത്തിൽ മുസ്ലിം ജന്മിമാരുണ്ടായിരുന്ന പ്രദേശങ്ങളാണ് വടകര താലൂക്കിന്റെ കിഴക്കൻ മേഖല. നാദാപുരം, പാറക്കടവ്, കുറ്റിയാടി, വാണിമേൽ, ആയഞ്ചേരി എന്നിങ്ങനെയുള്ള സ്ഥലങ്ങൾ. പ്രമാണിത്തം ഉറപ്പു വരുത്താൻ എതിരാളിയെ സുപ്രീം കോടതിയിൽ വരെ ചെന്ന് വെല്ലുവിളിക്കാൻ പ്രാപ്തരായ സമ്പന്നർ ഗൾഫ് കണ്ടുപിടിക്കുന്നതിന് മുമ്പ് ഇവിടങ്ങളിലുണ്ടായിരുന്നു. വടകര സബ് കോടതിയെ സജീവമാക്കുന്നതിൽ വലിയ പങ്ക് വഹിച്ച വിഭാഗം. രാഷ്ട്രീയത്തിൽ യു.ഡി.എഫ്-എൽ.ഡി.എഫ് നേതാക്കൾ ചങ്ങാതിമാരാണെന്ന് പറയുന്നത് പോലെയാണ് കോടതികളിൽ ഇരു പക്ഷത്തേയും അഭിഭാഷകർ. പ്രതിയ്ക്ക് വേണ്ടിയും അന്യായക്കാരന് വേണ്ടിയും ഘോരഘോരം വാദിക്കും.
തിരുവനന്തപുരത്തെ ചേച്ചിയുടെ പാചക കോളേജിൽ നിന്നുള്ള വക്കീലന്മാർ പുറത്തിറങ്ങി തുടങ്ങിയിട്ടില്ലാത്തതിനാലാവണം ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ അന്നത്തെ ന്യായാധിപന്മാരും അഭിഭാഷകരും മിടുക്കന്മാരായിരുന്നു. മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായ മലബാർ ജില്ലയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസ മികവും ഒരു ഘടകമായിരിക്കാം. കിഴക്കൻ മലയോരത്ത് നിന്നെത്തിയ ഒരു കക്ഷി വടകരയിലെ വക്കീലിനെ വക്കാലത്ത് ഏൽപിച്ചു. കുറേ നേരം കോടതിയിലെ നടപടിക്രമങ്ങൾ നിരീക്ഷിച്ച പ്രമാണിയുടെ വിലയിരുത്തലാണ് ബഹുരസം. ഞാള് കൊടുത്ത പൈശ മൊദലായിക്ക്, വക്കീല് ഇംഗ്ലീഷിൽ ഓന്റെ വക്കീലിനെ നന്നായി ബായാറഞ്ഞു. (മുടക്കിയ പണത്തിന് പ്രയോജനം ലഭിച്ചു. കേസ് നടത്താൻ ഏർപ്പെടുത്തിയ അഭിഭാഷകൻ എതിർകക്ഷിയുടെ വക്കീലിനെ ഇംഗ്ലീഷിൽ ശകാരിച്ചുവെന്ന് മലയാളം). യഥാർഥത്തിൽ തലേ ദിവസത്തെ ലയൺസ് ക്ലബ് മീറ്റിംഗിലെ കൊച്ചമ്മമാരുടെ കുക്കറി ഷോയെ കുറിച്ചായിരുന്നു രണ്ട് വക്കീലന്മാരും സായിപ്പിന്റെ ഭാഷയിൽ പറഞ്ഞു രസിച്ചത്.
ഈ പഴയ കഥ ഓർത്തു പോവാൻ കാരണം ജനുവരി 22ന് സുപ്രീം കോടതിയിൽ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയുള്ള മലയാള ടെലിവിഷൻ ചാനൽ റിപ്പോർട്ടിംഗ് രീതി കണ്ടപ്പോഴാണ്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാനാവാതെ പലരും കഷ്ടപ്പെടുന്നു. ന്യൂസ്-18 ലേഖകൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ ബൈറ്റെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നു. സ്പോർട്സ് ലേഖകനെ രാഷ്ട്രീയം റിപ്പോർട്ട് ചെയ്യാൻ നിയോഗിച്ചത് പോലെ. അൽപമെങ്കിലും ഭേദം മാതൃഭൂമി ന്യൂസായിരുന്നു. കപിൽ സിബൽ സ്റ്റേയ്ക്ക് ശ്രമിക്കാതിരുന്നത് ബാലഗോപാലിന്റെ സ്റ്റോറിയിലുണ്ടായിരുന്നു. മലയാളത്തിന്റെ ശൂന്യത ശരിക്കും ബോധ്യപ്പെട്ടത് ഇംഗ്ലീഷ് ന്യൂസ് ചാനലുകളിലേക്ക് സർഫ് ചെയ്തപ്പോഴാണ്. ഇന്ത്യാ ടുഡേ കോടതിയിൽ നടന്നതെന്തെന്ന് കൃത്യമായി പറഞ്ഞു. കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഹരജികളുടെ ആധിക്യം എടുത്തു പറഞ്ഞു. കേന്ദ്രം മറുപടി സത്യവാങ്മൂലം തയാറാക്കുമ്പോൾ നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അറുപത് ഹരജികളാണുണ്ടായിരുന്നത്. ഇപ്പോഴിത് നൂറിലേറെയാണ്. ഇതെല്ലാം പരിഗണിച്ച് അഫിഡവിറ്റുണ്ടാക്കാൻ ഒന്നര മാസം കൂടി സമയം വേണം. ഈ വാദം പരിഗണിച്ചാണ് സുപ്രീം കോടതി വിശദീകരണത്തിന് ഒരു മാസം കൂടി അനുവദിച്ചത്. ഇന്ത്യാ ടുഡേ ഇത്രയും പറഞ്ഞപ്പോൾ സബ്ജക്റ്റ് എക്സ്പർട്സിന്റെ കമന്റ്സ് കൂടി ഉൾപ്പെടുത്തിയായിരുന്നു ടൈംസ് നൗ ചാനലിന്റെ റിപ്പോർട്ടിംഗ്.
*** *** ***
ദീപിക പദുകോണിന്റെ ധൈര്യത്തെ പ്രശംസിക്കണമെന്ന് ബോളിവുഡിലെ അഭിനയ ചക്രവർത്തി നസറുദ്ദീൻ ഷാ. സിനിമാ മേഖലയിൽ നിന്നും വളരെ ചെറിയ പ്രതികരണം മാത്രമേ വന്നിട്ടുള്ളൂവെന്ന് അദ്ദേഹം വിലയിരുത്തുന്നു.
ചലച്ചിത്ര മേഖലയിൽ വളരെയധികം ഉയരത്തിൽ നിൽക്കുന്ന ആളാണെങ്കിലും ദീപിക പദുകോൺ നടത്തിയ പ്രതികരണം വളരെ ധൈര്യമേറിയതാണ്. അവരുടെ പ്രവൃത്തി പ്രശംസിക്കണമെന്നും ഷാ പറഞ്ഞു. ദി വയറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തെ കുറിച്ച് ഗൂഢമായി ട്വീറ്റുകൾ പോസ്റ്റ് ചെയ്ത അനുപം ഖേറിനെ കുറിച്ചും താരം സംസാരിച്ചു. അനുപം ഖേറിന്റെ പ്രതികരണങ്ങൾ ഗൗരവമായി കാണേണ്ടതില്ലെന്നും അയാൾ ഒരു കോമാളിയാണെന്നുമായിരുന്നു ഷായുടെ പ്രതികരണം. അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന സ്വഭാവമാണ് അതെന്നും പെട്ടെന്ന് അത് മാറ്റാനാകില്ലെന്നും ഷാ കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തെ സ്വതന്ത്ര ചിന്താഗതിക്കാരായ എല്ലാവരെയും ഒന്നിപ്പിച്ചതായും അതിൽ നിന്നും മഹത്തായ കല ഉയർന്നു വരുമെന്നും ഷാ പ്രത്യാശ പങ്കുവെച്ചു.
പൗരത്വ നിയമത്തെ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ റൗലറ്റ് നിയമത്തോടാണ് ബോളിവുഡ് നടിയും മുൻ കോൺഗ്രസ് നേതാവുമായ ഊർമിള മണ്ഡോദ്കർ ഉപമിച്ചത്. 1919 ലെ നിയമവും 2019 ലെ പൗരത്വ ഭേദഗതി നിയമവും ചരിത്രത്തിൽ കരിനിയമങ്ങളായി അടയാളപ്പെടുത്തും.
ഒന്നാംലോക മഹായുദ്ധം അവസാനിച്ചതിനു ശേഷവും ഇന്ത്യയിൽ പോരാട്ടം അവസാനിക്കില്ലെന്ന് ബ്രിട്ടീഷുകാർക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവർ 1919 ൽ റൗലത്ത് നിയമം കൊണ്ടുവന്നു -ഊർമിള പറഞ്ഞു.
ദേശീയ ചാനലുകളിൽ പലതും ഒമ്പത് മണിയ്ക്ക് ചർച്ച ചെയ്യുന്നത് സി.എ.എയും പ്രക്ഷോഭങ്ങളുമാണ്. ദൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പി അനുകൂല സാഹചര്യമൊരുക്കാൻ ഉത്സാഹിക്കുന്നവരുമുണ്ട്. ടൈംസ് നൗ ചാനലിലെ അവതാരകൻ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൈകാര്യം ചെയ്യാൻ ശ്രമിച്ചത് ശ്രദ്ധേയമാണ്. കെജ്രിവാളിന്റെ ഹിന്ദി മറുപടികൾ ശ്രദ്ധിക്കാതെ അവതാര പുരുഷൻ ഇംഗ്ലീഷിൽ ആക്രമണം തുടർന്നു കൊണ്ടേയിരുന്നു. എന്താണ് തൊട്ടടുത്ത അയൽ രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ കുറിച്ച് താങ്കൾക്ക് ഒരു വിചാരവുമില്ലേയെന്ന ചോദ്യത്തിന് വായടപ്പൻ മറുപടിയാണ് ദൽഹി മുഖ്യമന്ത്രി നൽകിയത്. ഇവിടത്തെ ആളുകളുടെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കി അവർക്ക് തൊഴിലവസരങ്ങളുണ്ടാക്കുകയെന്നതാണ് തന്റെ കർത്തവ്യമെന്ന് കെജ്രി പറഞ്ഞപ്പോൾ ആങ്കർ ശശിയായി.
*** *** ***
കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കിയുള്ള സിനിമ, സീരിയലുകൾ നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചു. കേസിലെ മുഖ്യ സാക്ഷിയും പൊന്നാമറ്റം വീടിന്റെ അയൽവാസിയുമായ മുഹമ്മദ് ബാബ സമർപ്പിച്ച ഹരജിയിലാണ് വിധി.
കേസന്വേഷണം പൂർത്തിയാവുകയോ വിചാരണ നടക്കുകയോ ചെയ്യുന്നതിന് മുൻപ് സിനിമയും സീരിയലും സംപ്രേഷണം ചെയ്താൽ കേസിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഇപ്പോൾ സംപ്രേഷണം ആരംഭിച്ചിരിക്കുന്ന സീരിയലുൾപ്പെടെ നിരോധിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
കൂടത്തായി കൊലപാതക പരമ്പര വിഷയമാക്കി ചാനൽ സംപ്രേഷണം ആരംഭിച്ചിട്ടുള്ള സീരിയൽ യാഥാർഥ്യവുമായി ബന്ധമില്ലാത്ത രീതിയിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നതെന്നും ഇത് കേസിലെ സാക്ഷികളേയും പൊതുജനങ്ങളേയും ആശയക്കുഴപ്പത്തിലാക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. കോഴിക്കോട് കൂടത്തായിയിൽ നടന്ന കൊലപാതക പരമ്പരയെ ആസ്പദമാക്കി സംവിധായകൻ ഗിരീഷ് കോന്നിയാണ് കൂടത്തായി പരമ്പര ഒരുക്കുന്നത്. നടി മുക്തയാണ് കേസിലെ മുഖ്യപ്രതി ജോളിയെ അവതരിപ്പിക്കുന്നത്. ഫഌവേഴ്സ് ടി.വിയിൽ ആണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. കൂടത്തായി കൊലപാതക പരമ്പര കേസിനെ ആസ്പദമാക്കിയുള്ള ടെലിവിഷൻ പരമ്പര കൂടുതൽ ആളുകളെ കൊലപാതകത്തിന് പ്രേരിപ്പിക്കുന്നതാണെന്ന് മന്ത്രി ജി.സുധാകരൻ ആലപ്പുഴയിൽ വികസന സെമിനാർ ഉദ്ഘാടനം ചെയ്യുവേ പറഞ്ഞിരുന്നു.
*** *** ***
റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനിടെ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
'മതം എന്റെ വീട്ടിൽ ഒരു വിഷയമല്ല. അതേക്കുറിച്ച് സംസാരിക്കാറുമില്ല'. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നുമില്ലെന്ന് താരം പറയുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രത്യേക എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു തന്റെ മതേതര ജീവിതത്തെക്കുറിച്ച് ഷാരൂഖ് മനസ്സ് തുറന്നത്. 1991 ലാണ് ഷാരൂഖും ഗൗരിയും കുടുംബാംഗങ്ങളുടെ എതിർപ്പുകളെ അതിജീവിച്ച് വിവാഹിതരാകുന്നത്. സിനിമയിൽ ഷാരൂഖ് മുൻനിര നടനായി പേരെടുക്കുന്നതിനും മുൻപായിരുന്നു വിവാഹം. ആര്യൻ, സുഹാന, അബ്രാം എന്നിവരാണ് ഇവരുടെ കുട്ടികൾ.
ഷാരൂഖ് ഖാന്റെ വാക്കുകൾ -ഞാൻ ഒരു മുസ്ലിമാണ്, എന്റെ ഭാര്യ ഹിന്ദുവും. എന്റെ കുട്ടികൾ ഇന്ത്യക്കാരും. എല്ലാ മതങ്ങളുടെയും ആഘോഷങ്ങൾ ഞങ്ങൾക്ക് ഒരുപോലെയാണ്. സ്കൂളിൽ ചേരുന്ന അവസരത്തിൽ മതം പൂരിപ്പിക്കാനുള്ള ഒരു കോളമുണ്ട്. ഒരിക്കൽ എന്റെ മകൾ സുഹാന എന്താണ് താനതിൽ എഴുതേണ്ടത് എന്ന് എന്നോട് ചോദിച്ചു. ഇന്ത്യൻ എന്ന് എഴുതിയാൽ മതി എന്നായിരുന്നു എന്റെ ഉത്തരം. പ്രാർഥനയുടെയും നമസ്കാരത്തിന്റെയും കണക്കെടുക്കുകയാണെങ്കിൽ എന്നെ വിശ്വാസി എന്നു വിളിക്കാനാകില്ല. എന്നാൽ ഞാൻ ഒരു മുസ്ലിമാണ്' -ബോളിവുഡ് സൂപ്പർ സ്റ്റാർ പറഞ്ഞു.
*** *** ***
മലയാള സിനിമാ ചരിത്രത്തിൽ സ്വന്തം പേര് എഴുതിച്ചേർത്താണ് പഴയകാല നടി ജമീലാ മാലിക് വിട പറഞ്ഞത്. പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ പഠിച്ച ആദ്യ മലയാളി വനിതയാണ് ജമീല. സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ പോലും പൂർണ സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലത്താണ് ജമീല തന്റെ 16-ാം വയസ്സിൽ പൂനെയിൽ സിനിമ പഠിക്കാൻ പോയത്. കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റെയും തങ്കമ്മയുടെയും മകളാണ് ജമീല. മാലിക് മുഹമ്മദ് കോൺഗ്രസ് നേതാവും മുനിസിപ്പൽ കൗൺസിലറുമായിരുന്നു. ആലപ്പുഴ മുതുകളത്തായിരുന്നു ജമീലയുടെ ജനനം. സ്കൂൾ പഠന കാലത്ത് നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്ക് ജമീല കാലെടുത്ത് വെച്ചത്.
പിന്നീട് നടൻ മധുവിന്റെ നാടക ട്രൂപ്പിൽ ജമീല അംഗമായി. അതിന് ശേഷമാണ് മാലിക് മുഹമ്മദും തങ്കമ്മയും ജമീലയെ സിനിമ പഠിക്കാൻ പ്രശസ്തമായ പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലേക്ക് അയക്കാൻ തീരുമാനിച്ചത്. അങ്ങനെ പത്താം ക്ലാസ് പഠനത്തിന് ശേഷം പരീക്ഷയും ഓഡിഷനും വിജയിച്ച് 1970 ൽ ജമീല ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്നു. പഠന കാലത്ത് കെ.ജി ജോർജിന്റെ ഫേസസ് എന്ന സിനിമയിൽ വേഷമിട്ടിട്ടുണ്ട്. 1973 ലാണ് ജമീല നായികയായി അഭിനയിച്ച ആദ്യ ചിത്രം പുറത്തിറങ്ങിയത്. ടി.വി പരമ്പരകളിലും ടെലി ഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. ജമീല മാലിക് വിട പറഞ്ഞ ദിവസം പഴയ അഭിമുഖം പുനഃസംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ് നീതി പുലർത്തി.
*** *** ***
തിരുവനന്തപുരം കാട്ടാക്കടയിൽ ജെ.സി.ബി ഇടിച്ച് കൊല്ലപ്പെട്ടതിന്റെ ഫോളോ അപ്പ് വാർത്ത മാതൃഭൂമി ന്യൂസിൽ. പ്രദേശത്ത് പെട്രോളിംഗ് നടത്തുന്ന പോലീസ് സമയത്തിന് ഇടപെട്ടിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് വായിച്ചത്. പട്രോളിംഗാണ്, ഗൾഫിൽ കുഴിച്ചെടുത്ത് വാഹനമോടിക്കാൻ ഉപയോഗിക്കുന്ന വസ്തുവല്ല.






