ലൗ ജിഹാദ് എന്ന വിഷയം വീണ്ടും കേരളത്തിലെ സാമൂഹിക മാധ്യമ ചർച്ചകളിൽ സജീവമായിരിക്കുകയാണ്. ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി അവരെ മതം മാറ്റി ഐ.എസ് പോലുള്ള ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി ആസൂത്രിത 'ലൗ ജിഹാദ്' നടക്കുന്നതായി സീറോ മലബാർ സഭയുടെ ബിഷപ്പുമാരുടെ യോഗം 'സിനഡ്' ഉന്നയിച്ചതിന് പിന്നാലെ, ഇക്കാര്യം വിവരിക്കുന്ന ഇടയലേഖനം ചർച്ചുകളിൽ വായിച്ചതോടെയാണ് ഇത് വീണ്ടും വിവാദമായത്.
മത സൗഹാർദത്തെയും, സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ദുരുദ്ദേശ്യപരമായ പ്രണയങ്ങൾ കേരളത്തിൽ വർധിക്കുകയാണെന്നും, കേരളത്തിൽ നിന്ന് രാജ്യാന്തര ഭീകര സംഘടനയായ ഐ.എസിലേക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നും, ഇത് സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഭീകര പ്രവർത്തനമായി കണ്ട് നിയമപാലകർ അടിയന്തര നടപടി എടുക്കണമെന്നുമാണ് സിനഡ് ആവശ്യപ്പെട്ടത്. സീറോ മലബാർ സഭയുടെ വാർഷിക സിനഡിനെ സംബന്ധിച്ചുള്ള വാർത്താ കുറിപ്പാണിത്. ആരോപണത്തെ സാധൂകരിക്കുന്നതിനായി ചില കണക്കുകളും സഭ മുന്നോട്ട് വെച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരിൽ ഏറിയ പങ്കും ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളവരാണെന്നും, പോലീസ് രേഖകളുടെ അടിസ്ഥാനത്തിലാണ് തങ്ങൾ ഇക്കാര്യം പറയുന്നതെന്നും സഭ ചൂണ്ടിക്കാട്ടുന്നു. ലൗ ജിഹാദിനെക്കുറിച്ച് പെൺകുട്ടികളേയും, രക്ഷാകർത്താക്കളേയും സഭ ബോധവൽക്കരിക്കുമെന്നും സിനഡിന്റെ ഇടയ ലേഖനത്തിൽ പറയുന്നു. കർദ്ദിനാൾ മാർ.ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ചേർന്ന സിനഡിലാണ് ലൗ ജിഹാദ് സംബന്ധിച്ച വിവാദ മുന്നറിയിപ്പ് പുറത്ത് വന്നത്.

ലൗ ജിഹാദ്, പൗരത്വ ഭേദഗതി നിയമം എന്നീ വിഷയങ്ങളിൽ സീറോ മലബാർ സഭയിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. അടിയന്തര സിനഡ് ചേർന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്നാണ് ഒരു വിഭാഗം വൈദികർ മുന്നോട്ട് വെക്കുന്ന ആവശ്യം. ലൗ ജിഹാദിനെക്കുറിച്ച് സിനഡ് പ്രമേയം മതസൗഹാർദം തകർക്കുന്നതാണെന്നും, ഇക്കാര്യത്തിൽ സഭ തന്നെ നടത്തിയ അന്വേഷണത്തിൽ തെളിവൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അതിരൂപതാ വൈദിക സമിതി സെനറ്റംഗം ഫാ.ജോസ് വൈലിക്കോടത്ത് പറഞ്ഞു. വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് മിക്ക ഇടവകകളിലും ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ചതുമില്ല. സിനഡിന്റെ ആരോപണത്തിൽ വിശ്വാസികൾ രണ്ട് തട്ടിലുമായിട്ടുണ്ട്. എറണാകുളം അതിരൂപതയിലുൾപ്പെടെയുള്ള ചർച്ചുകളിൽ ലൗ ജിഹാദ് ആരോപണത്തിനെതിരെ ചില ക്രിസ്തീയ സംഘടനകൾ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. ഇത് മൂലം പലയിടത്തും ലൗ ജിഹാദ് സംബന്ധിച്ച ഭാഗം ഒഴിവാക്കിയാണ് ഇടയലേഖനം വായിച്ചത്. ക്രിസ്ത്യാനികളിലെ മിശ്രവിവാഹങ്ങളിൽ ഏറിയ പങ്കും ഹിന്ദുക്കളായിരിക്കെ, മുസ്‌ലിം സമുദായത്തിനെതിരെ ഇത്തരം ആരോപണമുന്നയിക്കുന്നതിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്നും ഇതിനെ എതിർക്കുന്ന സംഘടനകൾ ആരോപിക്കുന്നു. പൗരത്വ നിയമം പോലെ രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളിൽ പോലും കൃത്യമായി പ്രതികരിക്കാത്ത സീറോ മലബാർ സഭാ സിനഡ് ലൗ ജിഹാദ് ഉന്നയിക്കുന്നത് ആഭ്യന്തര വിഷയങ്ങളിൽ നിന്ന് വിശ്വാസികളുടേയും പൊതു സമൂഹത്തിന്റേയും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെതന്നും ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
സഭയിൽ ഒരു കാലത്തുമില്ലാത്ത വിധത്തിൽ ഭൂമി കുംഭകോണം, അഴിമതി, സാമ്പത്തിക ക്രമക്കേട്, മെത്രാന്മാരും വൈദികരും ഉൾപ്പെടുന്ന ലൈംഗിക പീഡന ആരോപണങ്ങൾ എന്നിവ പോലും ഉയർന്നിട്ടുണ്ട്. വൈദികരും ഒരു മെത്രാനും ജയിലിലായിട്ടുമുണ്ട്. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച്, തെളിവില്ലാത്ത ലൗ ജിഹാദ് ഉയർത്തുന്നത് സാമുദായിക സൗഹാർദം നശിപ്പിക്കാനും വർഗീയ വേർതിരിവിനും മാത്രമേ ഇടയാക്കൂവെന്നും വിമർശകർ പറയുന്നു. ലൗ ജിഹാദുമായി ബന്ധപ്പെട്ടുള്ള സിനഡിന്റെ സർക്കുലർ അനവസരത്തിലുള്ളതാണെന്നും, ഇതിനെ പിന്തുണച്ച് കൊണ്ട് പി.ഒ.സി ഡയറക്ടറുടെ ലേഖനം 'ജന്മഭൂമി' പത്രത്തിൽ അച്ചടിച്ച് വന്നത് ആശങ്ക ഉളവാക്കുന്നതായും സീറോ മലബാർ സഭയുടെ തന്നെ കീഴിലുള്ള എറണാകുളം-അങ്കമാലി കത്തോലിക്കാ അതിരൂപതയുടെ മുഖപത്രമായ 'സത്യദീപം' പറയുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങൾ ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലൗ ജിഹാദിന്റെ പേരിൽ ഇപ്പോൾ പുറത്തിറക്കിയ സർക്കുലർ ഒരു മതസമൂഹത്തെ മാത്രം ചെറുതാക്കുന്നതിന് വേണ്ടിയാണെന്നും, അത് എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് സമാനമാണെന്നും സത്യദീപത്തിന്റെ മുൻ ചീഫ് എഡിറ്ററും, വൈദിക സമിതിയുടെ സെക്രട്ടറിയുമായ ഫാദർ കുര്യാക്കോസ് മുണ്ടാടൻ എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്. ഇടയലേഖനത്തിൽ പരാമർശിച്ച ലൗ ജിഹാദ് വിഷയം, മതസൗഹാർദം തകർക്കുമെന്നും, മത രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യം ഉരുകുമ്പോൾ ഏതെങ്കിലും മത സമൂഹത്തെ ചെറുതാക്കുന്ന കാര്യങ്ങൾ പറഞ്ഞ് എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കുകയാണ് സാമാന്യ ബുദ്ധിയെന്നും ഫാദർ മുണ്ടാടൻ സത്യദീപത്തിൽ പറയുന്നു. ഇതര മതങ്ങളിൽ നിന്ന് പ്രണയ വിവാഹത്തിലൂടെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം നടന്നിട്ടുള്ളതിനെ സഭ എങ്ങനെ കാണുന്നുവെന്നും കുര്യാക്കോസ് മുണ്ടാടൻ സത്യദീപത്തിലെ ലേഖനത്തിൽ ചോദിക്കുന്നു. തിരുവനന്തപുരം ആർച്ച് ബിഷപ്പ് സൂസെപാക്യവും ലത്തീൻ കത്തോലിക്കാ സഭയും പൗരത്വ നിയമത്തിനെതിരെ ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. മനുഷ്യമുഖം നഷ്ടപ്പെട്ടവരാണ് ഇന്ത്യയെ ഇന്ന് ഭരിക്കുന്നത്. ഇവരുടെ നടപടികളെ ശക്തമായി എതിർക്കാനുള്ള ആർജവവും ധാർമിക ശക്തിയും കത്തോലിക്കാ സഭയ്ക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണോ എന്ന ചോദ്യത്തോടെയാണ് ഫാദറിന്റെ ലേഖനം അവസാനിക്കുന്നത്.
ജിഹാദ്, ലൗ ജിഹാദ്
മുസ്‌ലിം യുവാവും, അമുസ്‌ലിം യുവതിയും തമ്മിലുള്ള വിവാദപരമായ പ്രേമബന്ധങ്ങളെ സൂചിപ്പിക്കുന്നതിനാണ് ലൗ ജിഹാദ് എന്ന സംജ്ഞ ഉപയോഗിക്കുന്നത്. വിവാദ പ്രണയങ്ങളിലെ നായകന്മാർ മുസ്‌ലിം ആകുമ്പോഴാണ് ജിഹാദ് എന്ന അറബി വാക്കിന് ഇവിടെ പ്രസക്തിയേറുന്നത്. നടപ്പ് കാലത്ത് കാമ്പസുകളിലും മറ്റുമായി വ്യാപകമായിട്ടുള്ള വിവാദ പ്രണയങ്ങളിൽ നായകൻ മുസ്‌ലിം സമുദായത്തിൽ പെട്ടവനാണെങ്കിൽ, ഇത്തരം പ്രണയങ്ങൾ മതപരിവർത്തനത്തിന് വേണ്ടിയാണെന്നാണ് പലരും ആരോപിക്കുന്നത്. 2009-ൽ പത്തനംതിട്ടയിലെ സ്വാശ്രയ കോളേജിലെ രണ്ട് വിദ്യാർഥിനികളെ പ്രണയിച്ച് മതം മാറ്റാൻ ശ്രമിച്ചു എന്ന ആരോപണം ഉയർന്നതോടെയാണ് ലോകത്താദ്യമായി ലൗ ജിഹാദ് എന്ന പദം രൂപമെടുക്കുന്നത്. അത് ഒരു മലയാള പത്രലേഖകന്റെ കണ്ടെത്തലായിരുന്നു. പിന്നീട് കർണാടകയിലേയും കേരളത്തിലേയും ഹിന്ദു ജനജാഗ്രതാ സമിതി, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ സംഘടനകൾ ഇതേറ്റു പിടിച്ചു. തുടർന്ന് മിശ്രവിവാഹിതരെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന സാഹചര്യവും വ്യാപകമായി ഉടലെടുത്തു. കേരളത്തിലും കർണാടകയിലും അമുസ്‌ലിം യുവതികളെ പ്രണയം നടിച്ച് വശംവദരാക്കി ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം നടത്താനുള്ള സംഘടിത തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണം അതിവേഗത്തിൽ കരുത്താർജിക്കുകയും ചെയ്തു.
കേരളത്തിലാദ്യമായി ആരോപിക്കപ്പെട്ട പത്തനംതിട്ടയിലെ സ്വാശ്രയ കോളേജിലെ രണ്ട് വിദ്യാർഥിനികളെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചുവെന്ന വിവാദത്തെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സമൂഹത്തിൽ മിശ്രവിവാഹങ്ങൾ സാധാരണമായതിനാൽ അതൊരു കുറ്റമായി കാണാനാകില്ലെന്നും, കേസ് മനഃപൂർവം പോലീസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഹൈക്കോടതി ജസ്റ്റിസ് എം.ശശിധരൻ ഈ ആരോപണത്തെ നിരീക്ഷിച്ചത്. ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്തിയതെന്നും ജസ്റ്റിസ് എം.ശശിധരൻ ഉത്തരവിൽ വ്യക്തമാക്കി. ലൗ ജിഹാദിനെക്കുറിച്ചും, അങ്ങനെയുള്ളവരുണ്ടെങ്കിൽ അവരുടെ ദേശീയ-അന്തർദേശീയ ബന്ധങ്ങളും അനേഷണം നടത്തണമെന്ന് കേരള ഹൈക്കാടതി ആവശ്യപ്പെട്ടതനുസരിച്ച് കേരള ഡി.ജി.പി ജേക്കബ് പുന്നൂസ് ഹൈക്കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. ലൗ ജിഹാദ് കേരളത്തിൽ നടക്കുന്നുണ്ടെന്നതിന് പ്രാപ്തമായ തെളിവുകളില്ലെന്നാണ് ഡി.ജി.പി സ്ത്യവാങ്മൂലത്തിൽ അന്ന് ചൂണ്ടിക്കാട്ടിയത്.
ലൗ ജിഹാദ് വഴി ദക്ഷിണ കർണാടകയിലെ 3000 ഹിന്ദു പെൺകുട്ടികളും, കർണാടക സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 30,000 പെൺകുട്ടികളും തിരോധാനം ചെയ്യപ്പെട്ടതായി ഹിന്ദു ജനജാഗ്രതാ സമിതി ആരോപണമുയർത്തിയതോടെ വിവാദം രൂക്ഷമാക്കി. ഇതേ തുടർന്ന് ദക്ഷിണ കർണാടക പോലീസ് കേന്ദ്ര സർക്കാരിന് ഔദ്യോഗിക വിശദീകരണം നൽകി. 2009 സെപ്റ്റംബർ അവസാനം വരെ 404 പെൺകുട്ടികളെ സംസ്ഥാനത്ത് നിന്ന് കാണാതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, അതിൽ 332 പേരെ കണ്ടെത്തിയതായും കർണാടക സംസ്ഥാനം നൽകിയ റിപ്പോർട്ടിൽ പറയുന്നു. ശേഷിക്കുന്ന 57 പേരിൽ വിവിധ മതസ്ഥർ ഉൾപ്പെടുന്നതായും റിപ്പോർട്ടിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷം 2014-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലൗ ജിഹാദ് വീണ്ടും പൊങ്ങുന്നത്. ഹിന്ദു സ്ത്രീകളെ രക്ഷിക്കാൻ എന്ന വാഗ്ദാനവുമായി സംഘ്പരിവാർ സംഘടനകൾ രംഗത്ത് വരികയായിരുന്നു. ഒരു ഹിന്ദു യുവതിയെ ഇസ്‌ലാം വിശ്വാസി വിവാഹം ചെയ്താൽ 100 മുസ്‌ലിം യുവതികളെ ഹിന്ദു മതത്തിലേക്ക് മാറ്റണമെന്നാണ് സംഘ്പരിവാർ നേതാക്കൾ ആഹ്വാനം നടത്തിയത്. അന്നും ഇത് സംബന്ധിച്ച് കുറേ ഒച്ചപ്പാടുകളുണ്ടായി. ലൗ ജിഹാദെന്ന പേരിൽ ഉയർത്തിക്കൊണ്ടുവന്ന സംഭവങ്ങളെല്ലാം തന്നെ കോടതി കയറി. ആരോപണത്തിന് ഇരയായി ചിത്രീകരിക്കപ്പെട്ട യുവതികളെല്ലാം തന്നെ അവരുടെ സ്വന്തം ഇഷ്ട പ്രകാരമാണ് വീട് വിട്ടിറങ്ങി വിവാഹം ചെയ്തതെന്ന് വിവിധ കോടതികളിൽ മൊഴി നൽകുകയും ചെയ്തു. ലൗ ജിഹാദ് സംബന്ധിച്ച് സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം കേരള പോലീസ് അടക്കമുള്ള വിവിധ അന്വേഷണ ഏജൻസികൾ നാല് സംസ്ഥാനങ്ങളിൽ പല ഘട്ടങ്ങളിലായി അന്വേഷണം നടത്തിയിട്ടും ഈ ആരോപണത്തിൽ എന്തെങ്കിലും വസ്തുത ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ലൗ ജിഹാദ് വഴി സംഘ്പരിവാർ ഉദ്ദേശിച്ച തലത്തിലുള്ള രാഷ്ട്രീയ ശക്തി കൈവരിക്കാനായതുമില്ല. നടപ്പ് കാലത്ത് രൂപമെടുത്ത ദേശീയ ഐക്യത്തേയും, ജനകീയ മുന്നേറ്റത്തിലൂടെ കേരളത്തിലെ രാഷ്ട്രീയ-മത-സാമുദായിക സംഘടനകളുടെ ഐക്യപ്പെടലും തടയാനും, വഴി തിരിച്ച് വിടാനുമുള്ള കേന്ദ്ര സർക്കാർ തുറുപ്പുചീട്ട് മാത്രമാണ് ഇപ്പോൾ ഉയർന്നിട്ടുള്ള ലൗ ജിഹാദ് വിവാദം. വരും കാലങ്ങളിൽ ഒരു ഇന്ത്യൻ പൗരന് മിശ്രവിവാഹം ചെയ്യാനുള്ള അവകാശവും സ്വാതന്ത്യവും ഒരുപക്ഷേ ഇല്ലാതാക്കിക്കൊണ്ടുള്ള നിയമം കൊണ്ടുവരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

പ്രതികരണം അരുതെന്ന് ആഹ്വാനം
കണ്ണടച്ച് ഇരുട്ടാക്കിയാൽ കേരളം മുഴുവൻ ഇരുട്ടിലാകുമെന്ന് കരുതുന്ന സംഘ്പരിവാർ ശക്തികളുടെ രാഷ്ട്രീയ അജണ്ടയാണ് ലൗ ജിഹാദ് വിവാദത്തിന് പിന്നിലുള്ളത്. വംശഹത്യാ സമീപനം സ്വീകരിക്കുകയും, തങ്ങളുടേതല്ലാത്ത സംസ്‌കാരത്തെ അവമതിക്കുകയും ചെയ്യുന്ന തീവ്രവാദ ഹിന്ദുത്വ വാദികൾ നിരന്തരം ഈ ആയുധം പ്രയോഗിച്ച് കൊണ്ടിരിക്കുകയാണ്. ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുളിൽ തല്ലിക്കെല്ലാൻ ശ്രമിക്കുന്ന പരാക്രമമാണ് സീറോ മലബാർ സഭയുടെ ഇടയ ലേഖനമെന്നും മുസ്‌ലിം സംഘടനാ നേതൃത്വങ്ങൾ പറയുന്നു. ലൗ ജിഹാദെന്ന ആയുധം പേറുന്ന തീവ്രവാദ ഹിന്ദു സംഘടനകളോട് ഒത്തുചേർന്ന് പ്രവർത്തിക്കാൻ ചില ക്രിസ്തീയ സംഘടനകളും തീരുമാനിച്ചിട്ടുള്ളതായി നേരത്തെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതാണ്. കാമ്പസുകൾക്കുള്ളിലും അല്ലാതെയുമായി വ്യത്യസ്ത മത വിഭാഗക്കാർക്കിടയിൽ പ്രണയവും വിവാഹവും ആവർത്തിക്കപ്പെടുന്നതോടെ, അത്തരം സംഭവങ്ങളിൽ നിന്ന് മുസ്‌ലിം യുവാക്കൾ ഉൾപ്പെട്ടത് മാത്രം എടുത്ത് കാട്ടി, മുസ്‌ലിം സമുദായത്തിനെതിരെയുള്ള പ്രചാരണത്തിന്റെ മികച്ച ആയുധമാക്കുകയാണ് ലൗ ജിഹാദെന്നും, ഇപ്പോൾ സീറോ മലബാർ സഭ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ, വേണമെങ്കിൽ രാജ്യത്തെ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തി വസ്തുതകൾ കണ്ടെത്തട്ടെയെന്നും, ഉത്തരവാദപ്പെട്ട മുസ്‌ലിം വ്യക്തികളോ, സംഘടനകളോ ഇക്കാര്യത്തിൽ ഒരു തരത്തിലുമുള്ള പ്രസ്താവനകൾ നടത്തരുതെന്നുമാണ് മലബാറിലെ വിവിധ മുസ്‌ലിം സംഘടനകളുടെ തീരുമാനം. ഹിന്ദുത്വ അജണ്ടയുടെ ഉൽപന്നമായ ലൗ ജിഹാദിനെ ക്രൈസ്തവ സഭകൾ പിന്തുടരുന്നത് ദുഃഖകരമാണെന്ന് പ്രശസ്ത ചിന്തകനും പ്രഭാഷകനുമായ സുനിൽ പി.ഇളയിടം പറഞ്ഞു. ക്രൈസ്തവ സഭകൾ ഇടപെടേണ്ട നിരവധി കാര്യങ്ങൾ ഉണ്ടെന്നിരിക്കെ, ഹിന്ദു അജണ്ടയ്ക്ക് കീഴടങ്ങണോയെന്ന് ആലോചിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദൽഹി കേസിന് വിരാമം
സീറോ മലബാർ സഭ സിനഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വിശദീകരണം തേടിയപ്പോൾ കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്നും, സഭയുടെ ആരോപണം പരിശോധിക്കാമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. വിഷയം എൻ.ഐ.എ അന്വേഷിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ കോഴിക്കോട്ടും ദൽഹിയിലുമുണ്ടായ ലൗ ജിഹാദ് ആരോപണങ്ങളെ പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ദൽഹി ചാണക്യപുരിയിൽ കോളേജ് വിദ്യാർഥിനി ഏതാനും ദിവസം മുമ്പാണ് ഒരു യുവാവിനോടൊത്ത് യു.എ.ഇയിലെത്തിയത്. ലൗ ജിഹാദിന്റെ ഇരയാണ് ഈ പെൺകുട്ടിയെന്ന് ബന്ധുക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് ദൽഹി ഡിഫൻസ് കോളനി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ജനുവരി മധ്യവാരം യുവതിയേയും, കൂടെയുള്ള യുവാവിനേയും ഇന്ത്യൻ എംബസി അധികൃതർ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ആരുടേയും സമ്മർദത്തിന് വഴങ്ങിയല്ല താൻ അബുദാബിയിലെത്തിയതെന്നും, സ്വന്തം ഇഷ്ട പ്രകാരം പ്രണയിച്ച വ്യക്തിയെ വിവാഹം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും യുവതി ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. ലൗ ജിഹാദ് ഓപ്പറേഷന്റെ ഭാഗമായാണ് താൻ ഇവിടെയെത്തിയതെന്ന വാദത്തെ യുവതി നിരാകരിക്കുകയും ചെയ്തു. യുവതി നൽകിയ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും, പരാതിക്കാരായ മാതാപിതാക്കൾക്കും അബുദാബിയിലെ ഇന്ത്യൻ എംബസി അധികൃതർ കൈമാറിയിട്ടുണ്ട്.
ഭൂമി ഇടപാടിൽ പുതിയ കേസ്
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ രണ്ടു വർഷത്തിലധികമായി സഭയെ ആഴത്തിൽ മുറിവേൽപിച്ച് കൊണ്ടിരിക്കുകയാണ്. ലൗ ജിഹാദ് വിവാദം ക്രിസ്ത്യൻ സഭകളിൽ തന്നെ വിവാദമായി നിലനിൽക്കെ, സീറോ മലബാർ സഭയുടെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സഭാധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി ജനുവരി 20 ന് സ്വമേധയാ വീണ്ടും കേസെടുത്തിരിക്കുകയാണ്. വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് ആലഞ്ചേരിക്കെതിരെ പുതിയ കേസ്. സഭയുടെ മുൻ പ്രൊക്യുറേറ്ററായിരുന്ന ഫാ.ജോഷി പുതുവയേയും കോടതി പ്രതി ചേർത്തിട്ടുണ്ട്. മാർച്ച് 13 ന് ഇവരോട് നേരിട്ട് ഹാജരാകാനാണ് ഉത്തരവ്. അലക്‌സിയൻ ബ്രദേഴ്‌സ് സഭയ്ക്ക് ഇഷ്ടദാനം നൽകിയ കരുണാലയത്തിന്റെ ഒരേക്കർ ഭൂമി വിൽപന നടത്തിയതിലും, തെറ്റായ വിവരങ്ങൾ ചേർത്ത് ആധാരം രജിസ്റ്റർ ചെയ്ത കുറ്റവുമാണ് ഇവർക്കെതിരെയുള്ളത്. സാമൂഹിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്ന നിബന്ധനയോടെ കൈമാറിയ ഭൂമി നിബന്ധന ലംഘിച്ച് മുറിച്ച് വിൽക്കുകയും, ഇത് മൂലം സഭയ്ക്ക് നഷ്ടം വരുത്തിയെന്നുമാരോപിച്ച് പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് സമർപ്പിച്ച ഹരജിയിലാണ് ആലഞ്ചേരിക്കും, വിൽപന നടത്തിയ കാലയളവിൽ അതിരൂപതയുടെ സാമ്പത്തിക ചുമതല വഹിച്ചിരുന്ന ഫാ.ജോഷി പുതുവക്കലിനേയുമെതിരെ കോടതി നടപടി സ്വീകരിച്ചത്. സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി കേസെടുത്തത്. അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭയ്‌ക്കെതിരെ കഴിഞ്ഞ ഏപ്രിലിലും നവംബറിലുമാണ് രണ്ട് കേസുകളെടുത്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് അതിരൂപതയ്ക്ക് ആദായ നികുതി വകുപ്പ് മൂന്ന് കോടി രൂപ പിഴയും ചുമത്തിയിരുന്നു.






