നൊബേൽ സമ്മാനത്തിന്റെ നാട്ടിലെ സാഹിത്യാനുഭവം

സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരോടൊപ്പം സ്വീഡനിൽ.
ചന്ദ്രമതി

കുട്ടിക്കാലത്ത് തന്നെ  മനസ്സിൽ കയറിക്കൂടിയ കഥാപാത്രമാണ് റെയ്ൻഡിയർ. ഒരു റഷ്യൻ നാടോടിക്കഥ മനസ്സിലവശേഷിപ്പിച്ചു പോയ സ്വപ്നം. പാവപ്പെട്ട ഒരു പെൺകുട്ടിയെ സാർ ചക്രവർത്തിയുടെ അത്യാഗ്രഹത്തിൽ നിന്നു രക്ഷിക്കാനായി വിണ്ണിൽ നിന്നും വരുന്നു റെയ്ൻഡിയർ. 
അവളുടെ വീട്ടുമുറ്റത്തെ മഞ്ഞിൻ കട്ടകളിൽ അവൻ കുളമ്പടിച്ചോടുമ്പോൾ മഞ്ഞ് സ്വർണമായും രത്‌നക്കല്ലുകളായും മാറുന്നു. മഞ്ഞുമലകളിലെ ആ അത്ഭുതകലമാനെ ഒരു ഹീറോയായി ഏറെക്കാലം ഞാൻ മനസ്സിൽ കൊണ്ടുനടന്നിരുന്നു. ഇന്ത്യൻ എഴുത്തുകാരുടെ പത്തംഗടീമിൽ ഒരാളായി സ്വീഡൻ സന്ദർശിക്കാനുള്ള ക്ഷണം കേന്ദ്രസാഹിത്യ അക്കാദമിയിൽനിന്നു ലഭിച്ചപ്പോൾ ഞാൻ ആദ്യം ഓർത്തത് റെയ്ൻഡിയറിനെയായിരുന്നു. ഒരു പക്ഷേ കാണാൻ കഴിഞ്ഞേക്കും.
ടീമിൽ എല്ലാ അംഗങ്ങളെയും ഒരുമിച്ച് കാണുന്നത് ഡൽഹി എയർപോർട്ടിൽ വച്ചാണ്: രമാകാന്ത് രഥ്  (ഒറിയ), തേജി ഗ്രോവർ (പഞ്ചാബ്), പ്രബോധ് പരീഖ്, കാഞ്ചി പട്ടേൽ (ഗുജറാത്ത്), അബ്ദുൽ റഷീദ്, പ്രതിഭാ നന്ദകുമാർ, പ്രസന്ന (കർണാടക), സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഞാൻ (മലയാളം).
സ്വീഡനിൽ വിമാനമിറങ്ങുമ്പോൾ രാത്തണുപ്പ് ശക്തമായിരുന്നു. ഇംഗ്ലണ്ടിലും കാനഡയിലും ശൈത്യകാലത്ത് ജിവിച്ചിട്ടുള്ളതുകൊണ്ട് എനിക്ക് അത് പ്രശ്‌നമായില്ല. ആവശ്യത്തിന് കമ്പിളി കരുതാത്ത ഒന്നുരണ്ടു പേർ വല്ലാതെ അസ്വസ്ഥരാകുന്നത് കണ്ടു. ഗ്രാമീണനായ കാഞ്ചി പട്ടേലിന്റെ ആദ്യ വിദേശയാത്രയായിരുന്നു അത്. ബാലചന്ദ്രൻ ചുള്ളിക്കാട് അദ്ദേഹത്തെ വെറുതെ കളിയാക്കിക്കൊണ്ടിരുന്നു. കാളവണ്ടിയിലാണ് എയർപോർട്ടിൽ വന്നത് ഗ്രാമം മുഴുവൻ കൂടെ വന്നിരുന്നു, കാഞ്ചി വിമാനത്തിൽ കയറിയപ്പോൾ നെഞ്ചത്തടിച്ചു നിലവിളിച്ചു, ഇങ്ങനെ പോയി ബാലചന്ദ്രന്റെ കഥകൾ.
റൈറ്റേഴ്‌സ് യൂനിയനിൽനിന്ന് ടൊമാസ് ലോഫ് സ്‌ട്രോം, സാക്ക്, ഹെർമൻ തുടങ്ങിയവരുൾപെട്ട ആതിഥേയ സംഘം ഞങ്ങളെ സ്വീകരിച്ച് പ്രശസ്ത നാടകകൃത്ത് ഓഗസ്റ്റ് സ്ട്രിൻഡ് ബേർഗിന്റെ പേരിലുള്ള ഹോട്ടലിലെത്തിച്ചു. സ്വീഡൻ എന്നാൽ സ്ട്രിൻ ബേർഗും ബെർഗ് മാനും നൊബൽ സമ്മാനവുമാണല്ലോ!
ആ രാത്രി ഞങ്ങളെ ആതിഥേയസംഘം അത്താഴത്തിനു കൊണ്ടുപോയത് അടുത്തു തന്നെയുള്ള റിസ്‌ബേർഗ് റസ്റ്റോറന്റിലായിരുന്നു.
പിന്നീട് പല രാത്രികളിലും അവിടെയായിരുന്നു അത്താഴം.  റിസ്‌ബേർഗ് റസ്റ്റോറന്റ് സ്വീഡനിലെ ബുദ്ധിജീവികളുടെ ഒത്തുചേരൽ സ്ഥലമാണ്. ചുവരിൽ മുഴുവൻ എഴുത്തുകാരുടെ ചിത്രങ്ങൾ. വലിയ ഷെൽഫുകളിൽ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങൾ. സ്റ്റോക്ക്‌ഹോമിലെ പല കലാകാരന്മാരെയും എഴുത്തുകാരെയും സിനിമാ പ്രേമികളെയും ഞങ്ങൾ അവിടെ വെച്ച് പരിചയപ്പെടുകയുണ്ടായി. അത്താഴം കഴിഞ്ഞ് ഹോട്ടലിലേക്കു മടങ്ങുമ്പോൾ സംഘത്തിലെ കവികൾ പലരും അവരവരുടെ ഭാഷയിൽ ഉറക്കെ കവിതകൾ ചൊല്ലി. പൂവിതളുകൾ പോലെ പെയ്യുന്ന മഞ്ഞിൽ കവിതയും കേട്ടുകൊണ്ടുള്ള ആ രാത്രി സഞ്ചാരങ്ങൾ ഒരു പ്രത്യേക അനുഭവമായിരുന്നു.
ആ രാത്രി ജനലിനരികിൽ കുറിപ്പുകളെഴുതി ഇരിക്കുമ്പോൾ ഞാനോർത്തു: ജീവിതത്തിലെ 15 ദിവസങ്ങൾ ഇനിയിവിടെ. ഒരു മാസമാണ് ടീമിന്റെ യാത്ര. പക്ഷെ 15 ദിവസം കഴിഞ്ഞ് എനിക്ക് തിരികെ എത്തണം. ഈ യാത്രക്ക് തൊട്ട് മുമ്പ് ശാസ്ത്രി ഇന്തോ- കനേഡിയൻ ഫെല്ലോഷിപ്പിൽ കാനഡ- അമേരിക്കൻ പര്യാടനങ്ങൾക്കായി ഞാൻ നീണ്ട അവധി എടുത്തിരുന്നു. ഉടനേ തന്നെ ഒരു മാസം വീണ്ടും അവധി തരാൻ കോളേജ് അധികൃതർ വിസമ്മതിച്ചത് കൊണ്ടാണ് എനിക്ക് സ്വീഡൻ യാത്ര വെട്ടിക്കുറക്കേണ്ടി വന്നത്. ഔദ്യോഗികച്ചുമതലകൾ കാരണം സച്ചിദാനന്ദനും രമാകാന്ത് രഥും രണ്ടാഴ്ച കഴിഞ്ഞ് തിരികെ പോരുമെന്നറിഞ്ഞപ്പോൾ ആശ്വാസമായി. മടക്കയാത്രയിൽ ഞാൻ തനിച്ചാവില്ലല്ലോ.
സമയമില്ലാത്തത്ര തിരക്കിൽ ദിവസങ്ങൾ ഒഴുകാൻ തുടങ്ങി. റൈറ്റേഴ്‌സ് യൂണിയൻ ഓരോ ദിവസത്തെ പരിപാടിയും ആസൂത്രണം ചെയ്തിരുന്നു. വിശ്രമം എന്നൊന്ന് ഇല്ലാത്തത്രയും തിരക്ക്. ട്രേഡ് യൂണിയൻ ആസ്ഥാനങ്ങൾ..വിദ്യാലയങ്ങൾ...പത്രമോഫീസുകൾ.. മ്യൂസിയങ്ങൾ..പാർലമെന്റ്.. സ്വീഡിഷ് അക്കാദമി. ഇതിനിടയിൽ സെമിനാറുകൾ, ചർച്ചകൾ. വിരസമായ രാഷ്ട്രീയ/സൈദ്ധാന്തിക ചർച്ചകൾ നീണ്ടു പോകുമ്പോൾ ഞാൻ വല്ലാതെ ബോറടിച്ചു. പക്ഷെ സച്ചിദാനന്ദനും പ്രബോധും പ്രസന്നയുമൊക്കെ ബുദ്ധിജീവികളോടുള്ള ഘോര സംവാദങ്ങൾ നല്ലവണ്ണം ആസ്വാദിക്കുന്നുണ്ടായിരുന്നു. ഞാൻ ശരിക്കും ആസ്വദിച്ചത് സ്ട്രിഡ് ബേർഗിന്റെ 'പിതാവ്' എന്ന നാടകമായിരുന്നു. ആ നാടകം കണ്ട് ഹോട്ടലിൽ മടങ്ങിയെത്തിയ ഉടനെ ബാലചന്ദ്രൻ അതിനെ കുറിച്ച് മനോഹരമായൊരു കവിതയെഴുതി.
സ്വീഡിഷ് അക്കാദമി സന്ദർശിച്ചത് ഒരു നല്ല ഓർമ്മയായുണ്ട്. ഇറ്റാലിയൻ നാടകകൃത്തും നടനുമായ ദാരിയോഫോയ്ക്ക് ആ വർഷത്തെ നൊബേൽ സമ്മാനം പ്രഖ്യാപിക്കുമ്പോൾ ഞങ്ങൾ സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്‌ഹോമിൽ ഉണ്ടായിരുന്നു. നാടക പ്രവർത്തകനായ പ്രസന്നക്കായിരുന്നു ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സന്തോഷം. നാടകത്തിൽ ഡോക്ടറേറ്റ് എടുത്ത എനിക്കും നാടകത്തിനു കിട്ടിയ ബഹുമതിയിൽ സന്തോഷം തോന്നി. രാഷ്ട്രീയ അഴിമതികൾക്കെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഫോയുടെ Accidentel Death of an Anarchist എന്ന നാടകം. അതും ഇരുപത് സ്ത്രീകളുടെ ഏക ഭാഷണങ്ങളുടങ്ങിയ A woman Alone എന്ന നാടകവും മാത്രമേ ഞാൻ വായിച്ചിരുന്നള്ളൂ. ആദ്യത്തേത് വ്യത്യസ്തമായ രണ്ട് കഥാന്ത്യങ്ങൾ പരീക്ഷിക്കുന്ന ആക്ഷേപ ഹാസ്യ നാടകമാണ്.
'പടിഞ്ഞാറൻ ജനാധിപത്യത്തിന്റെ വളം അപവാദ പ്രചരണങ്ങളാണ്' എന്ന ഫോ സൂക്തം കൂട്ടുകാരുമായി പങ്കിട്ടുകൊണ്ടാണ് ഞാൻ സ്വീഡിഷ് അക്കാദമിയിലേക്കു കയറിയത്. ചെയർമാനും ബോർഡ് അംഗങ്ങളും ചേർന്ന് ഞങ്ങളെ സ്വീകരിച്ചു.
നൊബേൽ സമ്മാനം നിശ്ചയിക്കാൻ കമ്മിറ്റി കൂടുന്ന മുറിയും പടുകൂറ്റൻ ലൈബ്രറിയുമൊക്കെ ഞങ്ങൾ സന്ദർശിച്ചു.
പാർലമെന്റ് സന്ദർശനം ഹൃദ്യമാകാൻ കാരണം ബ്രിജിറ്റാദാൽ എന്ന സ്പീക്കറുടെ ആകർഷണീയമായ വ്യക്തിത്വമാണ്. 'ഞങ്ങളുടെ സ്പീക്കർക്ക് നിങ്ങളുടെ പ്രസിഡന്റിനോളം അധികാരമുണ്ട്' എന്ന് സാക് പറഞ്ഞിരുന്നു. ഗ്യാലറിയിലിരുന്നത് ഞങ്ങൾ അൽപനേരം പാർലമെന്റ് നടപടികൾ കണ്ടു. പിന്നീടാണ് തന്റെ ചേംബറിൽ വെച്ച് സ്പീക്കർ ഞങ്ങളോട് കുറെ നേരം സംസാരിച്ചത്.  രാഷ്ട്രീയത്തെക്കുറിച്ചും സമ്പദ്ഘടനയെക്കുറിച്ചുമൊക്കെയായിരുന്നു പുരുഷന്മാരുടെ ചോദ്യങ്ങൾ. സ്വീഡനിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചു ഞാൻ ചോദിച്ചതിന് അവർ ദീർഘമായ മറുപടി തന്നു. സ്വീഡനിൽ എല്ലാ രംഗങ്ങളിലും സ്ത്രീ മുന്നേറ്റവും പങ്കാളിത്തവും ഉണ്ടെന്നവർ പറഞ്ഞു. വീട്ടുജോലി കൂടി ചെയ്യെണ്ടിവരുന്ന സ്ത്രീകൾക്ക് ഓഫീസുകളിലെ ജോലി സമയം കുറച്ചിട്ടുണ്ട് എന്നവർ അറിയിച്ചപ്പോൾ തേജിയും പ്രതിഭയും ഞാനും കയ്യടിച്ചു. തിരിച്ചു ചെന്നാലുടനെ ഇത് ഇന്ത്യാ ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്തണമെന്ന് തേജി ഗ്രോവർ തമാശ പറഞ്ഞു.
തലച്ചോറിനെ മാത്രം കേന്ദ്രീകരിച്ചാണ് റൈറ്റേഴ്‌സ് യൂണിയൻ പ്രോഗ്രാം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും അത് ഹൃദയത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും പ്രതിഭാ നന്ദകുമാർ പറഞ്ഞു. ഞങ്ങൾ അത്താഴത്തിനു ശേഷം ഹാളിൽ ഇരിക്കുകയായിരുന്നു. എന്നാൽ നമുക്ക് ആർക്കിപ്പെലാഗോ കാണാൻ പോകാം എന്ന് സച്ചിദാനന്ദൻ നിർദേശിച്ചു. തങ്ങളുടെ ചരിത്രത്തിനും രാഷ്ട്രീയത്തിനും സ്വീഡൻകാർ നൽകുന്ന അമിത പ്രാധാന്യം ഇഷ്ടപ്പെടുന്നവർ ടീമിലുണ്ടായിന്നുവെന്നത് വേറേ കാര്യം. പക്ഷെ എനിക്ക് സർഗസംവാദങ്ങളായിരുന്നു കൂടുതൽ ഇഷ്ടം. പലരും ഞങ്ങളെ കോക്‌ടെയ്ൽ പാർട്ടികൾക്ക് വീടുകളിലേക്കു ക്ഷണിക്കുകയും സായാഹ്നങ്ങൾ സംഗീതസാന്ദ്രങ്ങളാക്കുകയും ചെയ്തിട്ടുണ്ട്. അതിനിടയിൽ മൈക്കിൽ എന്ന മൈക്കിനോട് ഞാനെന്റെ റെയ്ൻഡിയർ സ്വപ്നം പങ്കുവെച്ചു. നല്ല സുഹൃത്തായി മാറിയ മൈക്ക് എന്റെ ഷോപ്പിംഗിന്റെ സാരഥ്യം സ്വയമേറ്റടുത്തയാളായിരുന്നു. കാഴ്ചബംഗ്‌ളാവിൽ റെയ്ൻഡിയറുകളുണ്ടെന്നും ചിലപ്പോൾ മാത്രമേ  അല്ലാതെ പുറത്തുകാണാനോക്കൂ എന്നും മൈക്ക് പറഞ്ഞു. പക്ഷെ മൈക്ക് എന്റെ രഹസ്യം മറ്റുള്ളവർക്ക് കൈമാറുകയും റെയ്ൻഡിയറിനെ കാണാൻ വേണ്ടി സ്വീഡനിൽ വന്നവളെന്ന പേരിൽ എല്ലാവരുമെന്നെ കളിയാക്കുകയും ചെയ്തു. അതുകൊണ്ടാവണം ബാലചന്ദ്രൻ, സച്ചിദാനന്ദനോട് മാഷേ, ആർക്കിപ്പെലാഗോയിൽ റെയ്ൻഡിയറുണ്ടാകുമോ എന്നു ചോദിച്ചത്!
ബാലചന്ദ്രനും സച്ചിദാനന്ദനും പ്രതിഭയും ഞാനും കൂടി ടീം പരിപാടിയിൽനിന്നൊഴിഞ്ഞുമാറി ആർക്കിപ്പെലാഗോ കാണാൻ പോയി. എന്തുകൊണ്ട് ആതിഥേയർ ഈ ബോട്ടുയാത്ര പരിപാടിയിലുൾപ്പെടുത്തിയില്ല എന്നത് ഇന്നും എനിക്കറിയില്ല. ബുദ്ധിജീവികളാണ് ഞങ്ങളെന്നും മനോഹര ദൃശ്യങ്ങൾ കാണുക ഇഷ്ടമാവില്ല എന്നും അവർ കരുതിക്കാണും! മൂന്നുനാലു മണിക്കൂർ ഞങ്ങൾ ബാൾട്ടിക്ക് സമുദ്രത്തിൽ കാഴ്ചകൾകണ്ട് ആനന്ദിച്ചു. ഇരുപതിനായിരത്തിൽപരം ദ്വീപുകൾ ചിതറിത്തെറിച്ചുകിടക്കുന്ന സമുദ്ര മുഖം. ചില വലിയ ദീപുകൾ പരിഷ്‌കൃത പട്ടണങ്ങളെങ്കിൽ ചിലതിൽ ജനവാസമേയില്ല.  ചിലതാകട്ടെ ഒറ്റക്കുടിലിനു മാത്രം സ്ഥലമുള്ള കുഞ്ഞുതുരുത്തുകൾ. ദ്വീപുകൾക്കിടയിലൂടെ വേഗത്തിൽ പായുന്ന ബോട്ടിന്റെ റെയ്‌ലിംഗിൽ ചാരി ഈർപ്പമുള്ള കാറ്റിനെ മുഖത്തേറ്റുവാങ്ങി ഞാൻ നിന്നു. ആകാശത്തുനിന്ന് ദൈവം നുറുക്കിയെറിഞ്ഞ ജിഗ്‌സോപസ്‌ലിന്റെ കഷണങ്ങൾ പോലെ പല വലിപ്പത്തിലുള്ള ദ്വീപുകൾ എനിക്കു ചുറ്റും! ഈ സുന്ദര ദൃശ്യം കാണാതെ മടങ്ങിയിരുന്നുവെങ്കിൽ നഷ്ടമായേനെ.
ഹൃദയത്തെ തൃപ്തിപ്പെടുത്താനുള്ള രണ്ടാമത്തെ യാത്ര ഉപ്‌സലായിലേക്കായിരുന്നു. അതിനു കാരണക്കാരനായത് സച്ചിദാനന്ദന്റെ ശിഷ്യനായ രാജീവ് എന്ന യുവാവ്. സ്റ്റോക്ക് ഹോമിലെ മലയാളി സംഘടന ഞങ്ങൾ ഇന്ത്യൻ എഴുത്തുകാരെയെല്ലാം ഉച്ചഭക്ഷണത്തിനു ക്ഷണിച്ചിരുന്നു. പക്ഷെ ചെന്നപ്പോൾ ഞങ്ങളെയോക്കെ നിരത്തി നിർത്തി ഫോട്ടോ എടുത്തിട്ട് സംഘാടകർ പറഞ്ഞു.
- ഞങ്ങൾ ഏർപ്പാട് ചെയ്ത പാചകക്കാരൻ വരാത്തത് കൊണ്ട് ഇന്നു നിങ്ങൾക്ക് ലഞ്ച് തരാൻ നിർവാഹമില്ല. ഈ കേക്കുകഷ്ണവും വൈനും കഴിച്ച് തിരിച്ചു പൊയ്‌ക്കൊള്ളുക.
തിരികെ നടക്കുമ്പോൾ മറ്റു ടീമംഗങ്ങൾ മലയാളികളുടെ ആതിഥ്യത്തെ കളിയാക്കി സംസാരിക്കാൻ തുടങ്ങി. വിശക്കുന്ന വയറിനുമേൽ പരിഹാസവും ഏറ്റുവാങ്ങി ഞങ്ങൾ മൂന്നു മലയാളികൾ തലകുനിച്ചു നടന്നു. പക്ഷെ ആ നാണക്കേടിലും ഉണ്ടായ നേട്ടമായിരുന്നു സച്ചിദാനന്ദനും രാജീവും തമ്മിൽ കണ്ടുമുട്ടിയത്. രാജീവ് ഞങ്ങളെ ഉപ്‌സാലയിലേക്കു ക്ഷണിച്ചു. ബാലചന്ദ്രന് ഒരു സുഹൃദ് സന്ദർശനമുണ്ടായിരുന്നത് കൊണ്ട് ഒപ്പം വന്നില്ല. രമാകാന്ത് രഥും കാഞ്ചി പട്ടേലും സച്ചിദാനന്ദനും ഞാനുമായി ഒരു ഉപ്‌സാല യാത്ര.
പട്ടണത്തിന്റെ ഏത് ഭാഗത്തുനിന്ന് നോക്കിയാലും കാണാവുന്ന ഉപ്‌സാലാ കത്രീഡ്രലാണ് പ്രധാന ആകർഷണം. സ്‌കാൻഡിനേവിയായിലെ ഏറ്റവും വലിയ പള്ളിയാണതെന്ന് രാജീവ് പറഞ്ഞു. ബോട്ടണിയുടെ പിതാവായി അംഗീകരിക്കപ്പെടുന്ന ലിന്നയസ്സിന്റെ പൂന്തോപ്പും മ്യൂസിയവും ഞങ്ങൾ ചുറ്റി നടന്നു കണ്ടു. ഏറ്റവും ഒടുവിൽ ഉപ്‌സാലയിലെ വൈക്കിംഗ് മൗണ്ട്‌സ് എന്നറിയപ്പെടുന്ന മൺകൂന. ശവകുടീരങ്ങളിൽ പ്രാചീന ചരിത്രമുറങ്ങിക്കിടക്കുന്ന കാഴ്ച. രാജീവിന്റെ കുടുംബത്തിന്റെ ഹൃദ്യമായ ആതിഥ്യവും ആസ്വദിച്ച് രാത്രിയോടെയാണ് ഞങ്ങൾ ഹോട്ടലിൽ മടങ്ങിയെത്തിയത്.
സ്വീഡനിലെ ഇന്ത്യൻ അംബാസഡർ, എഴുത്തുകാരിയായ ലൂയിസ് ബോയ്‌ജേ എന്നിവർ നൽകിയ വിരുന്ന് സൽക്കാരങ്ങളും ഓർമയിൽ തങ്ങിനിൽക്കുന്നു. ഔപചാരികത വെടിഞ്ഞ് ഞങ്ങൾക്ക് ഭക്ഷണം എടുത്തുനൽകുന്നതിൽ വരെ ശ്രദ്ധാലുവായിരുന്നു ഇന്ത്യൻ അംബാസഡർ. കേരളത്തെക്കുറിച്ചു കേൾക്കാനായി അദ്ദേഹം ഞാനിരിക്കുന്ന മേശക്കരികിൽ വന്ന് ഏറെ നേരം സംസാരിച്ചിരുന്നു. വായനാശീലമുണ്ടായിരുന്ന അദ്ദേഹം സാഹിത്യത്തെക്കുറിച്ച് ആധികാരികമായി സംസാരിച്ചത് കൗതുകമുണർത്തി. 
ലൂയിസ് ബോയ്‌ജേ സ്റ്റോക്ക്‌ഹോമിലെ പ്രശസ്തയും ധനികയുമായ എഴുത്തുകാരിയാണ്. കടൽത്തീരത്ത് കൊട്ടാരം പോലെ പണിത അവരുടെ വീട്ടിൽ ഞങ്ങൾ അത്ഭുതലോകത്തെത്തിയ ആലീസുമാരായി. കടൽത്തീരത്തെ പാറക്കെട്ടുകളിൽ അവർ വിളക്കുകൾ തെളിയിച്ചത് മൺചെരാതിൽ ദീപങ്ങൾ കത്തിനിൽക്കുന്ന തൃക്കാർത്തിക ഉത്സവം പോലെ തോന്നിച്ചു. ആകെ ഒരു അലൗകികത. മുന്തിയ ഭക്ഷണസാധനങ്ങൾ ആർഭാടപൂർവ്വം നിരത്തിവെച്ചിരുന്ന ഭക്ഷണമേശ. ലൂയിസിനെക്കാൾ ഉപചാരവും ആതിഥ്യമര്യദയും പ്രദർശിപ്പിച്ച് അവരുടെ ഭർത്താവ് ഓടി നടന്നു. ഭാര്യയെക്കുറിച്ച് അഭിമാനപൂർവ്വം അദ്ദേഹം സംസാരിച്ചു. ലൂയിസിന്റെ Stars Without Vertigo എന്ന നോവലിന്റെ രണ്ടുലക്ഷത്തോളം കോപ്പികൾ സ്വീഡനിൽ തന്നെ വിറ്റഴിഞ്ഞുവെന്നദ്ദേഹം പറഞ്ഞു. താൻ സ്വീഡനിലെ ഏറ്റവും വലിയ ഒരെഴുത്തുകാരിയാണ് എന്ന ഭാവം ലൂയിസിന് നല്ലവണ്ണം ഉണ്ടായിരുന്നു.
ഒരു ശരാശരി എഴുത്തുകാരന്റെ കൃതികൾ പതിനായിരം വരെ നിഷ്പ്രയാസം വിറ്റുപോകും എന്ന് റൈറ്റേഴ്‌സ് യൂണിയൻ അംഗങ്ങൾ പിന്നീടു പറഞ്ഞു. ലൂയിസ് ബോയ്‌ജേ അവർക്കും ഒരത്ഭുതമാണ്. പക്ഷെ ആ യാത്രയിൽ പലപ്പോഴും ഞങ്ങളോടൊപ്പമുണ്ടായിരുന്ന കരീനാ റിഡ്‌ബേർഗ് എന്ന എഴുത്തുകാരിക്ക് ലൂയിസിനോട് അത്ര പ്രിയമുണ്ടായിരുന്നില്ല. കരീന 'ദ് ഹയസ്റ്റ് കാസ്റ്റ്' എന്ന പ്രണയ- പ്രതികാര നോവലിലൂടെ  സ്വീഡനിൽ ഒരു വിവാദ എഴുത്തുകാരിയായി മാറിയ സമയമായിരുന്നു അത്. നോവലിൽ യാഥാർത്ഥ പേരിൽ തന്നെ അവതരിപ്പിച്ചതിന് കോടതിക്കേസും ഭീഷണിയുമൊക്കെ നേരിടുന്നുണ്ടെങ്കിലും അതൊന്നും തന്നെ കരീനയെ അലട്ടുന്നതായി തോന്നിയില്ല.
ഞങ്ങൾ താമസിച്ച ഹോട്ടലിലും റൈറ്റേഴ്‌സ് യൂണിയൻ അംഗങ്ങളായ പലരുടെ വീടുകളിലും വിദ്യാർത്ഥികൾക്കിടയിലും നൈറ്റ് ക്ലബ്ബിലുമൊക്കെ കവിതാ-കഥാ പാരായണങ്ങളും ചർച്ചകളും നടക്കുന്നുണ്ടായിരുന്നെങ്കിലും ഏറ്റവും വലിയ ചടങ്ങ് എ.ബി.എഫ് ഹാളിൽ വച്ചായിരുന്നു. 'ഇന്ത്യയിൽ നിന്നുള്ള ശബ്ദങ്ങൾ' എന്ന പേരിൽ റൈറ്റേഴ്‌സ് യൂണിയൻ ഞങ്ങളുടെ രചനകളുടെ വിവർത്തനം  പുസ്തകമാക്കിയിരുന്നു. അതിലെ കൃതികളാണ് എ.ബി.എഫ് ഹാളിൽ വായിക്കേണ്ടത്. പക്ഷെ അതിൽ ടൊമാസ് ലോഫ്‌സ്‌ട്രോം വിവർത്തനം ചെയ്തു ചേർത്ത എന്റെ കഥ 'ജ്യോതി വിശ്വനാഥിന്റെ (പോസ്റ്റ് മോഡേൺ) കഥ' ആണ്. അതിനു ദൈർഘ്യം കൂടുതലായതുകൊണ്ട് വായനക്കായി ഒരു ചെറിയകഥയുടെ ഇംഗ്ലീഷ് വിവർത്തനം തരാമോ എന്നദ്ദേഹം ചോദിച്ചു. 'കൊള്ള' എന്ന കഥ അപ്പോൾ തന്നെ ഞാൻ വിവർത്തനം ചെയ്‌തേൽപിക്കുകയും അദ്ദേഹം അത് സ്വീഡിഷ് ഭാഷയിൽ ആക്കുകയും ചെയ്തു.
എഴുത്തുകാരെ പരിചയപ്പെടുത്തുക, പിന്നെ അവർ തങ്ങളുടെ കൃതി സ്വന്തം ഭാഷയിലും ഇംഗ്ലീഷിലും വായിക്കുക. സ്വീഡിഷ് വിവർത്തകർ വിവർത്തനം വായിക്കുക. ഇതായിരുന്നു രീതി. ടിക്കറ്റ് വെച്ച് നടത്തിയ  ആ പ്രോഗ്രാമിന് ഹാൾ നിറഞ്ഞു കവിഞ്ഞ് ആൾക്കാരുണ്ടായിരുന്നു. 'കൊള്ള' നല്ലവണ്ണം സ്വീകരിക്കപ്പെട്ടു. കള്ളനു കഞ്ഞിവച്ചവൾ എന്നതിനു ബദലായി സ്വീഡിഷ് ഭാഷയിലും ഒരു പ്രയോഗമുണ്ടെന്ന് സദസ്യരിൽ ചിലർ പറഞ്ഞു.
എയർപോർട്ടിൽ അന്നാ ലീനാ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. 'ഇത്തവണ റെയ്ൻഡിയറിനെ കാണിച്ചുതരാൻ കഴിഞ്ഞില്ല' അവൾ പറഞ്ഞു.
'ഇനിയും വരിക. റെയ്ൻഡിയറും ഞാനും കാത്തിരിക്കുന്നു.'
നീണ്ട പറക്കലിനുശേഷം തിരികെ നാട്ടിലെത്തി സാധനങ്ങൾ പുറത്തെടുക്കുമ്പോൾ ബാഗിന്റെ പുറത്തെ അറയിൽ ഒരു കവർ കണ്ടു. റെയ്ൻഡിയറിന്റെ മനോഹരമായൊരു പടമായിരുന്നു അത്. സ്‌നേഹപൂർവം അന്നാ ലീനാ എന്ന കുറിപ്പും. എപ്പോഴാണവൾ അതു ബാഗിന്റെ അറയിലിട്ടതെന്ന് എനിക്കറില്ലായിരുന്നു.

Latest News