കൈപ്പത്തികൾ സ്വയം ഛേദിച്ച്  മോഷ്ടാവിന്റെ പ്രായശ്ചിത്തം

കുട്ടിക്കാലത്തെങ്കിലും ഒരു ചെറിയ മോഷണം പോലും നടത്താത്തവരായി അധികമാരുമുണ്ടാകില്ല. അച്ഛനമ്മമാരുടെ പെട്ടിയിൽ നിന്നും പോക്കറ്റിൽ നിന്നും മറ്റും ചെറിയ തുട്ടുകളും സഹപാഠികളുടെ പെൻസിൽ കഷ്ണങ്ങളും കൈക്കലാക്കിയവരായിരിക്കും പലരും. ചെയ്യുന്ന പ്രവൃത്തിയുടെ ഗൗരവം മനസ്സിലാക്കുന്നതിനുള്ള പക്വതയെത്താത്ത കാലത്ത് നടത്തുന്ന ചെറിയ മോഷണങ്ങൾ മറ്റുള്ളവർ അത്ര കാര്യമാക്കാറുമില്ല. എന്നാൽ മുതിർന്ന ശേഷവും മോഷണം പതിവാക്കുന്നവരുടെ സ്ഥിതി ഇതല്ല.


മോഷ്ടാക്കൾ തന്നെ പല വിധമാണ്. വിശന്നുവലഞ്ഞു കഴിയുന്ന മക്കളുടെ പശിയകറ്റുന്നതിന് റൊട്ടിക്കഷ്ണം മോഷ്ടിക്കുന്നവരും ആഡംബര ജീവിതം നയിക്കുന്നതിന് മോഷണം കലയാക്കിയവരും മനഃസുഖത്തിനു വേണ്ടി മോഷണം നടത്തുന്നവരും കവർച്ചയെ ഹോബിയായി കാണുന്നവരും ആയിരക്കണക്കിനും പതിനായിരക്കണക്കിനും കോടിയുടെ അഴിമതികൾ നടത്തി പൊതുമുതൽ കക്കുന്നവരും നിയമത്തിന്റെ മുന്നിൽ കുറ്റക്കാരാണ്. പലപ്പോഴും പരൽമീനുകളായ ചെറുകള്ളന്മാർ ശിക്ഷിക്കപ്പെടുമ്പോൾ നാട്ടുകാരുടെ ആയിരക്കണക്കിന് കോടികൾ അടിച്ചുമാറ്റുന്നവർ നിയമത്തിന്റെ കുരുക്കുകൾക്ക് പിടികൊടുക്കാതെ രക്ഷപ്പെടുന്നു. കോടികളുടെ വായ്പയെടുത്ത് മുങ്ങുന്നവരും വായ്പ തിരിച്ചടക്കാതെ രക്ഷപ്പെടുന്നതിന് പാപ്പർസ്യൂട്ട് ഫയൽ ചെയ്യുന്നവരും ഫലത്തിൽ പെരുംകള്ളന്മാർ തന്നെയാണ്. ഇക്കൂട്ടത്തിൽ പെട്ട 'ഇമ്മിണി വല്യ' താരത്തെ ബ്രാൻഡ് അംബാസഡറാക്കി രാജ്യം ആദരിക്കുന്നതും മാലോകർക്ക് കാണേണ്ടിവരുന്നു. ചില്ലിക്കാശിന് വകയില്ലെന്ന് കോടതിയിൽ തെളിയിച്ച് പാപ്പരാക്കപ്പെട്ടവരായി മാറിയ ഈ കക്ഷി അന്നും ഇന്നും സുഖലോലുപതയുടെ പളപളപ്പിലാണ് കഴിയുന്നത്. അറിഞ്ഞുകൊണ്ടു തന്നെ കോടതിയും സുരക്ഷാ ഏജൻസികളും ഗവൺമെന്റും ഇത്തരം കള്ളന്മാർക്ക് കഞ്ഞിവെക്കുന്നു. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രം മോഷ്ടിക്കുന്നവർ, പാദരക്ഷകൾ കവരുന്നവർ, പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കുന്ന തൊണ്ടിവാഹനങ്ങൾ കടത്തുന്നവർ തുടങ്ങി വൈവിധ്യം പകരുന്ന കള്ളന്മാരുമുണ്ട്. 
സൗദിയിൽ മൊബൈൽ ഫോണുകളും വാനിറ്റി ബാഗുകളും പിടിച്ചുപറിക്കുകയും പേഴ്‌സുകളും വാലറ്റുകളും മറ്റും പോക്കറ്റടിക്കുകയും ചെയ്യുന്ന കേസുകൾക്ക് കൈയും കണക്കുമില്ല. പല കേസുകളിലെയും പ്രതികളെ പോലീസ് പിടികൂടുന്നു. ഇക്കൂട്ടത്തിൽ ചിലർ നൂറും ഇരുനൂറും പിടിച്ചുപറികൾ നടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിക്കുന്നു. ഇഖാമ സൂക്ഷിച്ച പേഴ്‌സുകൾ പോക്കറ്റടിച്ച് ഉടമകളുമായി പിന്നീട് ഫോണിൽ ബന്ധപ്പെട്ട് വൻതുകക്ക് വിലപേശി തിരിച്ചുനൽകുന്ന സംഘങ്ങൾ ജിദ്ദ അടക്കം പല നഗരങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ജിദ്ദയിൽ ബാബ്മക്കയും ബാബ്ശരീഫും ഒക്കെയാണ് ഇവരുടെ വിഹാര കേന്ദ്രങ്ങൾ. 


മുംബൈയിലും ഉണ്ട് ഇത്തരമൊരു കേന്ദ്രം, ചോർബസാർ. നഗരത്തിൽ നിന്ന് പോക്കറ്റടിക്കപ്പെടുകയും മോഷ്ടിക്കപ്പെടുകയും ചെയ്യുന്ന വസ്തുക്കൾ ചോർബസാറിൽ ചെന്ന് ഉടമകൾക്കു തന്നെ പണം കൊടുത്ത് വാങ്ങുന്നതിന് സാധിക്കും. തമിഴ്‌നാട്ടിൽ ഒരു ഗ്രാമത്തിലെ ജനങ്ങൾ മുഴുവൻ മോഷണം ജീവിതോപാധിയാക്കിയവരാണ്. തിരുട്ട്ഗ്രാമം എന്നാണ് ആ പ്രദേശത്തിന്റെ പേര് തന്നെ.
കായംകുളം കൊച്ചുണ്ണി, മുളമൂട്ടിൽ അടിമ, ഇത്തിക്കരപക്കി തുടങ്ങിയവർ മലയാള നാട്ടിൽ പ്രതാപം നേടിയ പഴയകാല കള്ളന്മാരാണ്. കേരള പോലീസിന് അടുത്ത കാലത്ത് ഏറെ തലവേദന സൃഷ്ടിച്ച മറ്റൊരു മോഷ്ടാവാണ് ഹൈടെക് കള്ളനായ ആട് ആന്റണി. മോഷണ ശ്രമത്തിനിടെ അൽപ സമയം വിശ്രമിക്കുന്നതിനിടെ അറിയാതെ ഉറങ്ങിപ്പോയി കുടുങ്ങിയ കള്ളന്മാരുമുണ്ട്. 
ചമ്പൽ കാടുകളെ വിറപ്പിച്ച രാജാമാൻസിംഗ്, ഫൂലൻ ദേവി, കാട്ടുകള്ളൻ വീരപ്പൻ ഇവരൊക്കെ നല്ലൊരു വിഭാഗം ജനങ്ങൾ വീരാരാധനയോടെ കണ്ട തസ്‌കരവീരന്മാരാണ്. ആഭ്യന്തര സംഘർഷത്തിന്റെയും കൊടുംവരൾച്ചയുടെയും പിടിയിലമർന്ന ആഫ്രിക്കൻ രാജ്യമായ സോമാലിയയിൽ നിരവധി പേർ കടൽ കൊള്ളയിലൂടെ നാട്ടിൽ സ്വർഗം പണിയാൻ ശ്രമിക്കുന്നവരാണ്. കപ്പലുകൾ തട്ടിയെടുത്ത് കോടിക്കണക്കിന് ഡോളർ മോചനദ്രവ്യം കൈക്കലാക്കുന്നതിൽ അഗ്രഗണ്യരാണ് ഇവർ. കടൽ കൊള്ളക്കാരെ അമർച്ച ചെയ്യുന്നതിന് വിവിധ രാജ്യങ്ങളുടെ നാവികസേനകൾ പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയത് അടുത്ത കാലത്ത് സോമാലി കൊള്ളക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്. 
ബാഗുകളും മറ്റും കവർന്ന് പണവും വിലപിടിച്ച വസ്തുക്കളും മാത്രമെടുത്ത ശേഷം തിരിച്ചറിയൽ രേഖകളും മറ്റും ഉടമകൾക്ക് എത്തിച്ചുനൽകുന്ന കരുണയുള്ള കള്ളന്മാരും ഇടക്ക് വാർത്താ പ്രാധാന്യം നേടാറുണ്ട്. മോഷ്ടിച്ച ശേഷം അപരാധബോധവും മാനസാന്തരവുമുണ്ടായി മോഷണ വസ്തുക്കൾ അപ്പാടെ ഉടമകളെ തിരിച്ചേൽപിച്ച് മനഃശാന്തി നേടുന്നവരെ കുറിച്ച വാർത്തകളും അപൂർവമായെങ്കിലും പുറത്തുവരാറുണ്ട്. ലോകത്ത് എല്ലായിടത്തും സിനിമകൾക്കും സീരിയലുകൾക്കും മോഷ്ടാക്കളുടെ ജീവിതം ഇഷ്ടപ്പെട്ട ഇതിവൃത്തമാണ്. മലയാളത്തിൽ തന്നെ ഇത്തരത്തിൽ പെട്ട എത്രയോ സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. 
ഇതുവരെ പറഞ്ഞതെല്ലാം നമ്മളെല്ലാം പലതവണ കേൾക്കുകയോ വായിക്കുകയോ അറിയുകയോ ചെയ്ത മോഷ്ടാക്കളുടെ കഥകളാണ്. ഇതിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഉത്തര ഈജിപ്തിലെ തൻത നിവാസിയായ അലി അഫീഫിയുടെ കഥ. രണ്ടര ദശകത്തിനിടെ ആറായിരത്തിലേറെ കവർച്ചകൾ നടത്തിയ അലി അഫീഫി അപരാധബോധത്താൽ തന്റെ രണ്ടു കൈകളും സ്വയം അറുത്തുമാറ്റുകയായിരുന്നു. തലസ്ഥാന നഗരിയായ കയ്‌റോക്ക് വടക്ക് 93 ഉം അലക്‌സാണ്ട്രിയക്ക് തെക്ക് 120 ഉം കിലോമീറ്റർ ദൂരെയുള്ള ശാന്തമായ നഗരമാണ് തൻത. നൈൽ ഡെൽറ്റയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ തൻത, അൽഗർബിയ പ്രവിശ്യയുടെ തലസ്ഥാനം കൂടിയാണ്. തൻതയുടെയും പരിസരപ്രദേശങ്ങളുടെയും ഉറക്കംകെടുത്തിയ അലി അഫീഫി റെയിൽപാളത്തിൽ തീവണ്ടിയുടെ ഇരുമ്പ് ചക്രങ്ങൾക്കു താഴെ വെച്ചാണ് കൈകൾ അറുത്തുമാറ്റിയത്. രണ്ടു തവണയായാണ് ആത്മപീഡയാൽ ഇരു കൈകളും അലി അഫീഫി മുറിച്ചുമാറ്റിയത്. 
മറ്റു പല കുറ്റവാളികളെയും പോലെ അലി അഫീഫിക്കും അവസാനം മാനസാന്തരമുണ്ടാവുകയായിരുന്നു. ഹൃദയാന്തരാളങ്ങളിലെ വേപഥു അറിയുകയും പാപങ്ങൾ പൊറുക്കുകയും ചെയ്യുന്ന കരുണാവാരിധിയായ അല്ലാഹുവിനു മുന്നിൽ ജീവിതം സമർപ്പിച്ച് പാപമോചനം തേടുന്നതിന് അലിയും തീരുമാനിച്ചു. നിശ്ചയദാർഢ്യത്തോടെ കൈക്കൊണ്ട തീരുമാനത്തിൽ നിന്ന് പിന്നീട് എന്നെങ്കിലും പിന്തിരിയാതിരിക്കുന്നതിനും വീണ്ടും കവർച്ചയുടെ ലോകത്ത് തിരികെ പ്രവേശിക്കാതിരിക്കുന്നതിനും അലി അഫീഫി ചെയ്തത് അൽപം കടന്ന കൈയായിപ്പോയി. 
കുറ്റത്തിന്റെ ഗൗരവം മനസ്സിലായെങ്കിലും ഇതിൽ നിന്ന് മാറിനടക്കുന്നതിന് അലിക്ക് എളുപ്പത്തിൽ സാധിച്ചില്ല. അങ്ങിനെയാണ് കുറ്റബോധത്തിന്റെ മൂർധന്യാവസ്ഥയിൽ സ്വയം ശിക്ഷ ഏറ്റുവാങ്ങുന്നതിനും തന്റെ വലതു കൈപ്പത്തി അറുത്തുമാറ്റുന്നതിനും അലി തീരുമാനിച്ചത്. സ്വയം നീറുന്ന മനസ്സുമായി തീവണ്ടിപ്പാളത്തിൽ വെച്ച് വലതു കൈപ്പത്തി മുറിച്ചുമാറ്റിയെങ്കിലും സാഹചര്യങ്ങളുടെ പ്രലോഭനങ്ങളിൽ കുടുങ്ങി അറിയാതെ വീണ്ടും മോഷണങ്ങൾ ആരംഭിച്ചു. ഇതോടെയാണ് ഇടതു കൈയും സമാന രീതിയിൽ മുറിച്ചുമാറ്റുന്നതിന് അലി തീരുമാനിച്ചത്. അവസാനത്തെ കൈയും നഷ്ടപ്പെട്ടാൽ എങ്ങിനെ ജീവിക്കുമെന്നതിനെ കുറിച്ച് കൂടുതൽ ആലോചിക്കാൻ നിൽക്കാതെ, കവർച്ചയുടെ ലോകത്തു നിന്ന് പൂർണമായും മാറിനിൽക്കുന്നതിന് സാധിക്കുന്നതിന് ഇടതു കൈയും അലി അഫിഫി തീവണ്ടിച്ചക്രങ്ങൾക്ക് താഴെ വെക്കുകയായിരുന്നു.


ഈജിപ്തിലെ ഒന്നാം നമ്പർ പെരുങ്കള്ളൻ എന്ന വിളിപ്പേരാണ് അലി അഫീഫിക്ക് ഏറ്റവും പ്രിയങ്കരം. ഈ പേരിൽ ആളുകൾ തന്നെ വിളിക്കുമ്പോൾ 33 കാരന് അഭിമാനം തോന്നുന്നു. തൻതയിലെ ഏറ്റവും പ്രശസ്തനായ കള്ളനായ അലി അഫീഫി 25 വർഷത്തിനിടെ ആറായിരത്തിലേറെ കവർച്ചകളാണ് നടത്തിയത്. ഫഌറ്റുകളും റെസ്റ്റോറന്റുകളും സർക്കാർ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും അലിയുടെ കവർച്ചക്കിരയായി. ലക്ഷക്കണക്കിന് ഈജിപ്ഷ്യൻ പൗണ്ട് രണ്ടര ദശകത്തിനിടെ അലി കവർന്നു. കുഞ്ഞുപ്രായത്തിൽ മോഷണം ആരംഭിച്ച താൻ ഇരുപത്തിയഞ്ചു വർഷത്തിനിടെ ആറായിരത്തിലേറെ കവർച്ചകൾ നടത്തിയതായി അലി അഫീഫി പറയുന്നു. ഇത്രയും കാലത്തിനിടെ തന്നെ തിരിച്ചറിയുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ പോലീസിനും അന്വേഷണ ഏജൻസികൾക്കും സാധിച്ചില്ല. നവീന മാർഗങ്ങളാണ് കവർച്ചക്ക് അലി ഉപയോഗിച്ചിരുന്നത്. ഏഴാം വയസിൽ സാന്റ്‌വിച്ചും താറാവുകളെയും കോഴിക്കുഞ്ഞുങ്ങളെയും കവർന്നാണ് മോഷണ മേഖലയിൽ താൻ പ്രവേശിച്ചത്. പിന്നീട് ഈ രംഗത്ത് പ്രത്യേക നൈപുണ്യം നേടുകയും കാണുന്നതെല്ലാം മോഷ്ടിക്കുകയുമായിരുന്നു. ഫഌറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും റെസ്റ്റോറന്റുകളിലും സർക്കാർ ഓഫീസുകളിലും തുടരെ തുടരെ കവർച്ചകൾ നടത്തി പണവും ആഭരണങ്ങളും വിലപിടിച്ച വസ്തുക്കളും മറ്റും കൈക്കലാക്കി. ചെയ്യുന്നത് തെറ്റാണെന്ന് മനസ്സിലാക്കുന്നതിനുള്ള പക്വതയെത്താത്ത കുഞ്ഞുപ്രായത്തിലാണ് മോഷണം ആരംഭിച്ചത്. 
അല്ലാഹുവിന്റെ കോപത്തിന് കാരണമാകുന്ന കുറ്റമാണ് ചെയ്യുന്നതെന്ന് തിരിച്ചറിവുണ്ടായപ്പോൾ പാപമോചനം തേടുന്നതിനും ഏറ്റവും വലിയ ശിക്ഷ സ്വയം ഏറ്റുവാങ്ങുന്നതിനും തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ മുടങ്ങാതെ നമസ്‌കാരങ്ങൾ നിർവഹിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. ഇനിയൊരിക്കലും കവർച്ചയുടെ ലോകത്തിലേക്ക് തിരിച്ചുപോകില്ല. കടുത്ത ദാരിദ്ര്യം നിറഞ്ഞതായിരുന്നു കുട്ടിക്കാലം. നല്ല നിലയിൽ ജീവിക്കുന്നതിനുള്ള ആഗ്രഹം മൂർച്ഛിച്ചപ്പോഴാണ് മോഷണ ലോകത്തേക്ക് തിരിഞ്ഞത്. മോഷ്ടിച്ചുണ്ടാക്കിയ പണത്തിൽ ഒരു ചില്ലിക്കാശു പോലും ഇപ്പോൾ ബാക്കിയില്ല. കവർന്നുണ്ടാക്കിയ പണമെല്ലാം ചൂതാട്ടത്തിനും അനാവശ്യങ്ങൾക്കും ചെലവഴിക്കുകയായിരുന്നു. തെറ്റായ മാർഗത്തിലൂടെ സമ്പാദിക്കുന്ന പണം മനുഷ്യന് ഉപകാരപ്പെടില്ല എന്നതിന് ആ ജീവിതം സാക്ഷിയാണ്. 


തൻതയിലെ മീത് ഹബീശ് ഗ്രാമത്തിലാണ് കവർച്ചയുടെ ബാലപാഠങ്ങൾ പഠിച്ചത്. മോഷണകലയിൽ മറ്റു കുട്ടികൾക്ക് പരിശീലനവും നൽകിയിരുന്നു. പിന്നീട് തൻതക്കു സമീപമുള്ള നഗരങ്ങളിലും മറ്റു പ്രവിശ്യകളിലും കവർച്ചകൾ ആരംഭിച്ചു. പെരുങ്കള്ളൻ എന്ന പേരിൽ ഈജിപ്തിൽ അലി ഏറെ കുപ്രസിദ്ധിയാർജിച്ചിരുന്നു. ആളുകൾക്കെല്ലാം അലിയെ ഭയമായിരുന്നു. അലി അഫീഫി ആരാണെന്നും അയാൾക്ക് കഴിയാത്തതായി ഒന്നുമില്ലെന്നും അവർക്ക് നന്നായി അറിയാമായിരുന്നു. മോഷണ കലയിൽ മറ്റാർക്കും അലിയുമായി മൽസരിക്കുന്നതിന് കഴിയില്ലായിരുന്നു. ഈജിപ്തിലെ ഒന്നാം നമ്പർ കള്ളൻ അലിയായിരുന്നു. അലി നടത്തുന്നതുപോലെ കവർച്ചകൾ നടത്തുന്നതിന് മറ്റു കള്ളന്മാർക്ക് സാധിക്കുമായിരുന്നില്ല. 
ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ കള്ളൻ എന്നോണം ഗിന്നസ് ബുക്കിൽ ഇടം നേടണമെന്നാണ് ആഗ്രഹിക്കുന്നത്. ഈ വിശേഷണത്തിന് താൻ അർഹനാണ്. മുപ്പത്തിമൂന്ന് വയസ് പ്രായമുള്ള താൻ ഇപ്പോൾ തൊഴിൽരഹിതനാണ്. മാന്യമായി ജീവിക്കുന്നതിന് സാധിക്കുന്നതിന് സർക്കാർ തനിക്ക് യോജിച്ച തൊഴിലവസരം നൽകണമെന്നാണ് ആഗ്രഹിക്കുന്നത്. മോഷണത്തിനുള്ള ശിക്ഷ സ്വയം ഏറ്റുവാങ്ങിയതിലൂടെ മറ്റുള്ളവരെ പോലെ ശ്രമകരമായ ജോലികൾ നിർവഹിച്ച് ജീവിതോപാധി കണ്ടെത്തുന്നതിന് സാധിക്കില്ല. തന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർക്കാർ പെൻഷൻ അനുവദിക്കുകയോ ജോലി നൽകുകയോ ചെയ്യണം- അലി അഫീഫി പറയുന്നു.
സ്ഥിരവരുമാനമുണ്ടാവുകയാണെങ്കിൽ തന്റെ കാര്യങ്ങൾ നോക്കുന്നതിന്, തന്നെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അലി അഫീഫി ചൂണ്ടിക്കാട്ടുന്നു. 
അലി അഫീഫി ഇത്രയും വലിയ ശിക്ഷ സ്വയം ഏറ്റുവാങ്ങേണ്ടിയിരുന്നില്ല എന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. ജീവിതം തന്നെ വഴിമുട്ടുന്ന ശിക്ഷ ലോകാവസാനം വരെയുള്ള മനുഷ്യരുടെ മോക്ഷം ലക്ഷ്യമിടുന്ന ഇസ്‌ലാമികാധ്യാപനങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഇവർ പറയുന്നു. 

 

Latest News