ആവേശം നിറച്ച് ദുബായില്‍ ഗ്രേറ്റ് ഇന്ത്യന്‍ റണ്‍

ദുബായ്- അക്കാഫ് വളണ്ടിയര്‍ ഗ്രൂപ്പ് സംഘടിപ്പിച്ച ദ് ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ ആവേശമായി. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വിപുല്‍ റണ്‍ ഫഌഗ് ഓഫ് ചെയ്തു. അല്‍ മംസാര്‍ പാര്‍ക്കിലും ബീച്ച് റോഡിലുമായിരുന്നു ത്രിവര്‍ണ പതാകയേന്തിയവരുടെ കൂട്ടയോട്ടം.
മാരത്തണിലൂടെ സമാഹരിക്കുന്ന തുക ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ആരംഭിച്ച അല്‍ ഇബ് തിസാമ സ്‌കൂളിനു നല്‍കുന്നതിനെ സി.ജി അഭിനന്ദിച്ചു. സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും ആഘോഷം കൂടിയാണു ഗ്രേറ്റ് ഇന്ത്യന്‍ റണ്ണെന്നു ബ്രാന്‍ഡ് അംബാസിഡറായ ഇന്ത്യ ക്ലബ് ചെയര്‍മാന്‍ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ പറഞ്ഞു. സി.ഡി.എ, ദുബായ് പൊലീസ്,ആര്‍.ടി.എ, ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു റണ്‍.
മംസാര്‍ പാര്‍ക്കിനു സമീപമുള്ള റൗണ്ട് എബൗട്ടില്‍ എട്ടരക്ക് റണ്‍ ഫഌഗ് ഓഫ് ചെയ്തു. ദുബായ് പോലീസിന്റെ വാഹന നിരക്കു പിന്നാലെ റൈഡേഴ്‌സ് മോങ്കിന്റെ ഹാര്‍ലി ഡേവ്‌സണ്‍ ബൈക്കുകളുടെ നിണ്ട നിര അണിചേര്‍ന്നു. അതിനു പിന്നില്‍ റോഡ് ഓഫ് റൈഡേഴ്‌സിന്റെ വാഹനനിരയും എത്തി. തുടര്‍ന്നാണ് അക്കാഫ് വളണ്ടിയേഴ്‌സിലെ അംഗങ്ങളും വിവിധ സാംസ്‌കാരിക സംഘടനകളിലെ അംഗങ്ങളും ഷാര്‍ജ ഇന്ത്യന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളും അണിനിരന്നത്.

 

Latest News