Sorry, you need to enable JavaScript to visit this website.

ഫോട്ടോഫിനിഷിൽ ഗബ്രിയേൽ

ആലപ്പുഴ- പുന്നമടക്കായലിന്റെ തീരത്ത് മുമ്പെങ്ങുമില്ലാത്തവിധം തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ആവേശകരമായ ഫൈനൽ മൽസരത്തിൽ ഇതാദ്യമായി നെഹ്‌റുട്രോഫി കൊച്ചിയിലേക്ക്. മൂന്നുവർഷത്തെ പഴക്കം മാത്രമുള്ള ഗബ്രിയേൽ ചുണ്ടനെ പണ്ഡിറ്റ്ജിയുടെ കൈയൊപ്പുള്ള ട്രോഫിയിൽ മുത്തമിടീച്ചത് ഉമ്മൻ ജേക്കബ് ചെത്തിക്കാട് ക്യാപ്റ്റനായ എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്ബാണ്. 
ആലപ്പുഴയ്ക്കുപുറമെ കോട്ടയവും കൊല്ലവും കിരീടം ചൂടിയിട്ടുണ്ടെങ്കിലും എറണാകുളത്തേക്ക് ഇതാദ്യമാണ് ട്രോഫിയെത്തുന്നത്. ആദ്യാവസാനം തർക്കങ്ങളും സ്റ്റാർട്ടിംഗ് പിഴവും കരിനിഴൽ വീഴ്ത്തിയ വള്ളംകളിയെ ഒരു ഘട്ടത്തിൽ ഫൈനൽ നടക്കുമോ എന്ന സംശയവും ജനിപ്പിച്ചു. മന്ത്രി തോമസ് ഐസക്കിന്റെയും മുൻ എം.എൽ.എ സി.കെ സദാശിവന്റെയും ഇടപെടലിലൂടെ ഇരുൾവീണ് കായൽ കറുത്തുതുടങ്ങിയപ്പോഴാണ് ഫൈനൽ നടന്നത്. മുൻ വർഷത്തേക്കാൾ രണ്ട് മണിക്കൂർ നീണ്ടെങ്കിലും ആവേശമൊട്ടും ചോരാതെയാണ് ഫൈനൽ നടന്നത്. 
രണ്ടും മൂന്നും നാലും സ്ഥാനക്കാരോട് ഇഞ്ചോടിഞ്ച് പൊരുതി തലനാരിഴ വ്യത്യാസത്തിനാണ് ഗബ്രിയേൽ ആദ്യ നെഹ്‌റു ട്രോഫി കരസ്ഥമാക്കിയത്. 4 മിനിറ്റും 17.42സെക്കൻഡും കൊണ്ടാണ് പുന്നമടക്കായലിന്റെ 1175 മീറ്റർ ദൂരം തുഴഞ്ഞ് ഗബ്രിയൽ ട്രോഫിയിൽ മുത്തമിട്ടത്. യു.ബി.സി കൈനകരി തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കതിൽ(4.17.72 മിനിട്ട്) രണ്ടാം സ്ഥാനവും കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് (4.17.99 മിനിട്ട്) മൂന്നാമതും നിലവിലെ ചാമ്പ്യന്മാരായ കാരിച്ചാൽ ചുണ്ടൻ(4.19.00 മിനിട്ട്) നാലാം സ്ഥാനത്തുമെത്തി. കുമരകം ടൗൺ ബോട്ട് ക്ലബാണ് കാരിച്ചാൽ ഇക്കുറി തുഴഞ്ഞത്. 
സ്റ്റാർട്ടിംഗ് പിഴവ് മൂലം മൂന്നാം പാദ മത്സരം നാല് തവണ മുടങ്ങുകയും ലൂസേഴ്‌സ് പത്തിലേറെ തവണ തിരിച്ചുവിളിച്ചതും ഫൈനൽ മത്സരം ഇരുട്ടിലാക്കി.അഞ്ച് ഹീറ്റ്‌സുകളിലായി മൽസരിച്ച 20 ചുണ്ടൻ വളളങ്ങളിൽ മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിനു യോഗ്യത നേടിയത്. സമയത്തെ അടിസ്ഥാനപ്പെടുത്തി മത്സരം സംഘടിപ്പിച്ചതിനാൽ തുഴവേഗം സമയത്തെ തന്നെ കീറിമുറിക്കുന്നതായിരുന്നു.രാവിലെ മുതൽ തന്നെ പുന്നമടയുടെ ഇരുകരകളിലും മനുഷ്യമതിൽ തീർത്ത് ജനങ്ങൾ ശ്വാസമടക്കിപ്പിടിച്ചാണ് മണിക്കൂറുകൾ കാത്തിരുന്നത്. വഞ്ചിപ്പാട്ടിന്റെ താളമേളങ്ങൾ തുഴച്ചിൽക്കാരേയും കാണികളേയും ഒരുപോലെ ലഹരിപിടിപ്പിച്ച അപൂർവ്വ നിമിഷങ്ങളായിരുന്നു കായലിലും കരയിലുമെല്ലാം. ചുണ്ടൻവളളങ്ങളിലെ കരുത്തർ സംഭാവന നൽകുന്ന ഒരുമയുടെ സന്ദേശമായിരുന്നു നെഹ്‌റുട്രോഫി ജലമേളയുടെ അന്തസ്സ് ഇത്തവണയും ഉയർത്തിയത്. രാവിലെ ചെറുവളളങ്ങളുടെ മത്സരം നടന്നതിനാൽ വിരസതയകറ്റി. പ്രതിഷേധങ്ങളും പരിഭവങ്ങളും ഉെണ്ടങ്കിലും ഫൈനൽമത്സരം നടത്താനായിയെന്നതിന്റെ സന്തോഷം സംഘാടകർക്കും ചെറുതല്ല.
ലൂസേഴ്‌സ് ഫൈനൽ യഥാക്രമം ആദ്യനാലു സ്ഥാനങ്ങൾ: ആയാപറമ്പ് പാണ്ടി(4.37.10), ആയാപറമ്പ് വലിയ ദിവാൻജി(4.37.24), സെന്റ് പയസ് ടെൻത്(4.39.17), വെള്ളംകുളങ്ങര(4.43.65). രണ്ടാം ലൂസേഴ്‌സ്: നടുഭാഗം(4.39.10), ചമ്പക്കുളം പുത്തൻ ചുണ്ടൻ(4.47.81), ആനാരി പുത്തൻ ചുണ്ടൻ(4.53.20), ശ്രീ ഗണേശൻ(4.54.15).മൂന്നാംലൂസേഴ്‌സ്: സെന്റ് ജോർജ്(5.31.75), കരുവാറ്റ ശ്രീവിനായകൻ(5.35.48), കരുവാറ്റ (5.47.98). സ്റ്റാർട്ടിംഗ് പിഴവ് മൂലം മൂന്നാം പാദ മത്സരം നാല് തവണ മുടങ്ങിയത് ഫൈനൽ മത്സരം ഇരുട്ടിലാക്കി.അഞ്ച് ഹീറ്റ്‌സുകളിലായി മൽസരിച്ച 20 ചുണ്ടൻ വള്ളങ്ങളിൽ മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിനു യോഗ്യത നേടിയത്. 
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ചാണ്ടി, ജി. സുധാകരൻ, ടി.എം തോമസ് ഐസക്, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പിണറായി വിജയന്റെ ഭാര്യ കമല  എന്നിവർ വള്ളംകളി കാണാനെത്തിയപ്പോൾ പ്രതിപക്ഷ നേതാവടക്കം യു.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും വള്ളംകളി ബഹിഷ്‌കരിച്ചത് കല്ലുകടിയായി.  

Latest News