Sorry, you need to enable JavaScript to visit this website.

കോബി ദുരന്തം: മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു

കലബസാസ് - ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകളുമുള്‍പ്പെടെ ഒമ്പതു പേര്‍ മരിക്കാനിടയായ ഹെലിക്കോപ്റ്റര്‍ തകര്‍ന്നത് ഉയരാന്‍ ശ്രമിക്കുന്നതിനിടെ. മൂന്നു മൃതദേഹങ്ങള്‍ രക്ഷാ സംഘം കണ്ടെടുത്തു. ഇതാരുടേതാണെന്ന് ഉറപ്പുവരുത്താന്‍ പരിശോധന തുരുകയാണ്. 
മേഘങ്ങളും മൂടല്‍ മഞ്ഞും സൃഷ്ടിച്ച മാര്‍ഗതടസ്സത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഉയരത്തിലേക്ക് പറക്കുകയാണെന്നാണ് പൈലറ്റ് അവസാനം അയച്ച സന്ദേശം. തൊട്ടുപിന്നാലെ ആയിരത്തോളം അടി താഴെ മലഞ്ചെരുവിലേക്ക് കോപ്റ്റര്‍ തകര്‍ന്നുവീണു. മിനിറ്റില്‍ നാലായിരം അടി വേഗത്തിലായിരുന്നു താഴേക്ക് പതിച്ചത്. 
കോബി ബ്രയാന്റും സംഘവും സ്വന്തം ഹെലിക്കോപ്റ്ററില്‍ തൗസന്റ് ഓക്‌സിലെ ബ്രയാന്റിന്റെ യൂത്ത് സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് പോവുകയായിരുന്നു. അവിടെ ഉച്ച തിരിഞ്ഞ് മകള്‍ ജിയാനയുടെ ബാസ്‌കറ്റ്‌ബോള്‍ മത്സരമുണ്ടായിരുന്നു. 
കോബിയുടെ മരണത്തില്‍ സ്തബ്ധരായ ലോസ്ആഞ്ചല് ലെയ്‌ക്കേഴ്‌സിന്റെ മത്സരം മാറ്റിവെക്കാന്‍ എന്‍.ബി.എ തയാറായി. മരണം നടന്ന ഞായറാഴ്ച എട്ട് എന്‍.ബി.എ മത്സരങ്ങളും അരങ്ങേറിയിരുന്നു. ലെയ്‌ക്കേഴ്‌സ് ചൊവ്വാഴ്ച ലോസ്ആഞ്ചലസ് ക്ലിപ്പേഴ്‌സിനെയായിരുന്നു നേരിടേണ്ടിയിരുന്നത്. വെള്ളിയാഴ്ചയാണ് ഹോം ഗ്രൗണ്ടായ സ്‌റ്റേപ്ള്‍സ് സെന്ററില്‍ ലെയ്‌ക്കേഴ്‌സിന്റെ അടുത്ത കളി. സെന്ററിന് പുറത്ത് പതിനായിരങ്ങളാണ് കോബിക്കു വേണ്ടി അന്ത്യാഞ്ജലിയര്‍പ്പിക്കുന്നത്. ഏതു കായിക ഇനത്തിലായാലും ലോസ്ആഞ്ചലസ് നഗരത്തിലെ ഏറ്റവും പ്രമുഖനായ കളിക്കാരനാണ് കോബി. 
2006 മുതല്‍ ബ്രയാന്റ് സ്വന്തം ഹെലിക്കോപ്റ്ററിലാണ് സഞ്ചരിച്ചിരുന്നത്. കാറില്‍ മക്കളെ സ്‌കൂളില്‍ വിട്ട ശേഷം 40 മൈല്‍ അകലെയുള്ള ലെയ്‌ക്കേഴ്‌സ് ഗ്രൗണ്ടിലേക്ക് കോപ്റ്ററിലാണ് ബ്രയാന്റ് സഞ്ചരിക്കുക. സ്‌കൂള്‍ വിടുമ്പോഴേക്കും തിരിച്ചെത്തുകയും ചെയ്യും. 15 മിനിറ്റ് മതി യാത്രക്ക്. ഗതാഗതക്കുരുക്കിന് കുപ്രസിദ്ധമായ നഗരത്തില്‍ കാറിലാണെങ്കില്‍ രണ്ടു മണിക്കൂറെങ്കിലുമെടുക്കും. 2016 ല്‍ വിരമിക്കുമ്പോള്‍ 60 കോടി ഡോളറിന്റെ സമ്പാദ്യമുണ്ടായിരുന്നു ബ്രയാന്റിന്.
സികോര്‍സ്‌കി എസ് 76 ആയിരുന്നു ബ്രയാന്റിന്റെ സ്വകാര്യ കോപ്റ്റര്‍. ഇത് വാടകക്കെടുക്കണമെങ്കില്‍ മണിക്കൂറില്‍ 4000 ഡോളറെങ്കിലും ചെലവിടണം. പൈലറ്റ് വര്‍ഷം ഒരു ലക്ഷം ഡോളറെങ്കിലും സമ്പാദിക്കും. 

 

Latest News