അറബ് ചരിത്രമെഴുതി തുനീഷ്യന്‍ വനിതാ താരം

മെല്‍ബണ്‍ - തുനീഷ്യയുടെ യൂനുസ് ജാബിര്‍ ഗ്രാന്റ്സ്ലാം ടെന്നിസിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ അറബ് വനിതയായി. ഏറ്റവും ഉയര്‍ന്ന റാങ്കുള്ള അറബ് വനിതയാണ് ഇരുപത്തഞ്ചുകാരി -കഴിഞ്ഞ വര്‍ഷം ലോക റാങ്കിംഗില്‍ 51 ാം സ്ഥാനത്തെത്തിയിരുന്നു. തന്നെപ്പോലെ ആദ്യമായി ഗ്രാന്റ്സ്ലാം ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്ന സോഫിയ കെനീനാണ് യൂനുസിന്റെ അടുത്ത എതിരാളി. 
മൂന്നാം വയസ്സ് മുതല്‍ പരിശീലനം നടത്തുന്ന താന്‍ പൂര്‍ണമായും തുനീഷ്യയുട സന്തതിയാണെന്നും അറബ് ലോകത്തിന് പ്രചോദനമാവുകയാണ് ലക്ഷ്യമെന്നും യൂനുസ് ജാബിര്‍ പറഞ്ഞു. ഇപ്പോള്‍ ലോക റാങ്കിംഗില്‍ 78 ാം സ്ഥാനത്താണ്. നിരവധി അമേരിക്കന്‍ സ്‌കോളര്‍ഷിപ്പുകള്‍ നിരസിച്ചാണ് അവര്‍ തുനീഷ്യയില്‍ തന്നെ തുടര്‍ന്നത്. ബെല്‍ജിയത്തിലെയും ഫ്രാന്‍സിലെയും ടെന്നിസ് അക്കാദമികളില്‍ പരിശീലനം നടത്തിയിരുന്നു. 2011 ലെ ഫ്രഞ്ച് ഓപണ്‍ ജൂനിയര്‍ ചാമ്പ്യനാണ് യൂനിസ്. 

Latest News