Sorry, you need to enable JavaScript to visit this website.

ഒളിംപിക്‌സ് ഫുട്‌ബോളിന് സൗദി

ബാങ്കോക്ക് - സൗദി അറേബ്യയും തെക്കന്‍ കൊറിയയും അടുത്ത ഒളിംപിക്‌സിന്റെ ഫുട്‌ബോളില്‍ ഏഷ്യയെ പ്രതിനിധീകരിക്കാന്‍ യോഗ്യത നേടി. ഇരു ടീമുകളും ഏ്ഷ്യന്‍ അണ്ടര്‍-23 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തി. ജപ്പാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നുവെങ്കിലും ആതിഥേയരെന്ന നിലയില്‍ അവര്‍ക്ക് ഒളിംപിക്‌സില്‍ പങ്കെടുക്കാം. തെക്കന്‍ കൊറിയ 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം കരസ്ഥമാക്കിയിരുന്നു. 
ഉസ്‌ബെക്കിസ്ഥാനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് സൗദി അറേബ്യ ഏ്ഷ്യന്‍ അണ്ടര്‍-23 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയത്. ഓസ്‌ട്രേലിയയെ 2-0 ന് തോല്‍പിച്ച തെക്കന്‍ കൊറിയയുമായാണ് സൗദി ഫൈനല്‍ കളിക്കുക. മൂന്നാം സ്ഥാനത്തിനുള്ള പ്ലേഓഫില്‍ ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്ഥാനും ഏറ്റുമുട്ടും. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമിനും ഒളിംപിക്‌സിന് യോഗ്യത നേടാം. 
ബാങ്കോക്കിലെ രാജമംഗള സ്‌റ്റേഡിയത്തില്‍ നടന്ന നാടകീയ മത്സരത്തില്‍ അബ്ദുല്ല അല്‍ഹംദാനാണ് വിജയ ഗോളടിച്ചത്. ബോക്‌സിനു പുറത്തു നിന്നുള്ള നാസര്‍ അല്‍ ഒംറാന്റെ ഷോട്ട് ഹംദാന്റെ കാലില്‍ തട്ടിത്തിരിഞ്ഞ് ഗോളിയെ കീഴ്‌പെടുത്തുകയായിരുന്നു. 
ഓസ്‌ട്രേലിയക്കെതിരെ കൊറിയയുടെ രണ്ടു ഗോളും രണ്ടാം പകുതിയിലായിരുന്നു. അമ്പത്താറാം മിനിറ്റില്‍ കിം ദേ വോണും അറുപത്തേഴാം മിനിറ്റില്‍ ലീ ദോംഗ് ഗ്യോംഗും സ്‌കോര്‍ ചെയ്തു. 

Latest News