Sorry, you need to enable JavaScript to visit this website.

ആയിരം ദിവസത്തില്‍ ആയിരം പാട്ട്, ലോക റെക്കോഡില്‍ സ്വപ്ന

ദുബായ്-'ആയിരം ദിവസം, ആയിരം പാട്ട് എന്ന ഉദ്യമത്തിലൂടെ ഗോള്‍ഡന്‍ ബുക്ക്‌സ് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടംനേടി മലയാളി ദുബായില്‍ താരമായി. കോട്ടയം സ്വദേശിനിയായ സ്വപ്‌ന എബ്രഹാം (48) ആണ് വലിയ വെല്ലുവിളി വിജയത്തിലെത്തിച്ചത്.
2017 ഏപ്രില്‍ എട്ടുമുതല്‍ 2020 ജനുവരി രണ്ടുവരെയുള്ള 1000 ദിവസംകൊണ്ട് 1000 പാട്ട് രചിക്കുകയും സംഗീത സംവിധാനം നിര്‍വഹിക്കുകയും പാടി റെക്കോഡ് ചെയ്യുകയുമായിരുന്നു സ്വപ്‌ന. 2013 മുതല്‍ ദുബായില്‍ ഒരു സ്വകാര്യകമ്പനിയില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ആയി ജോലിചെയ്തുവരുകയാണിവര്‍. 24 വര്‍ഷമായി ഗായിക, രചയിതാവ് എന്നീ നിലകളില്‍ സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 22ലേറെ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ജര്‍മനി, കെനിയ, ഇസ്രയേല്‍, ഈജിപ്ത്, ശ്രീലങ്ക, സിങ്കപ്പൂര്‍, മലേഷ്യ, ഹോങ്‌കോങ്, ഫിലിപ്പീന്‍സ്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയുടെ പലഭാഗങ്ങളിലും സ്‌റ്റേജ് ഷോകള്‍ നടത്തിയിട്ടുണ്ട്.
സംഗീതത്തില്‍ ഇനിയും ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കണം, ഏറ്റവും കൂടുതല്‍ പാട്ടുകള്‍ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ ആല്‍ബം തയ്യാറാക്കി ഗിന്നസ് ലോക റെക്കോഡ് നേടണം ഇതൊക്കെയാണ് സ്വപ്‌നയുടെ അടുത്ത ലക്ഷ്യങ്ങള്‍. പരമ്പരാഗത സുവിശേഷഗാനങ്ങള്‍മുതല്‍ പോപ്പും റോക്കും വരെ സ്വപ്‌നയ്ക്കു വഴങ്ങും. 1994 മണിപ്പാലിലെ പൈ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് എം.ബി.എ.യും 2008ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍നിന്ന് മാര്‍ക്കറ്റിങ്ങില്‍ എക്‌സിക്യുട്ടീവ് പ്രോഗ്രാമും കരസ്ഥമാക്കിയിട്ടുണ്ട് ഇവര്‍.

 

Latest News