Sorry, you need to enable JavaScript to visit this website.

അനുകരണ കലയിൽനിന്ന്  അഭ്രപാളിയിലേക്ക്

കോഴിക്കോടൻ കലാവേദികൾക്ക് പ്രകാശ് പയ്യാനക്കൽ എന്ന കലാകാരനെ മാറ്റിനിർത്താനാവില്ല. ഒരു കാലത്ത് ഉത്സവപ്പറമ്പുകളും ക്ലബ്ബുകളുടെ വാർഷികാഘോഷ പരിപാടികളുമെല്ലാം പ്രകാശിന്റെ ശബ്ദാനുകരണമോ ആക്ഷേപഹാസ്യ പരിപാടിയോ ഇല്ലാതെ പൂർണമായിരുന്നില്ല. ആയിരക്കണക്കിന് വേദികളിലൂടെ ചിരിയുടെ അലയൊലികൾ തീർത്ത ഈ കലാകാരൻ ഇന്ന് അഭ്രപാളികളിലും സജീവമാണ്.
നഗരത്തിൽനിന്ന് ഏറെ ദൂരെയല്ലാതെ പയ്യാനക്കൽ സ്‌കൂളിനടുത്തുള്ള കോഴിക്കുളങ്ങര ചായിച്ചുട്ടിയുടെയും രാധയുടെയും അഞ്ച് മക്കളിൽ മൂന്നാമനായ പ്രകാശന് കലാ പാടവം ജന്മനാ കിട്ടിയ വരദാനമായിരുന്നു. വേദികളിലൊന്നും സുപരിചിതനല്ലെങ്കിലും അച്ഛൻ നന്നായി പാടുമായിരുന്നു. അമ്മയാകട്ടെ ഒരാളെ കണ്ടാൽ അതേപടി അനുകരിച്ചു കാണിക്കും. പാരമ്പര്യ ബലത്തിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ പി.നരേന്ദ്രനാഥിന്റെ കുഞ്ഞിക്കാലുകൾ എന്ന കുട്ടികളുടെ നാടകത്തിലെ കഥാപ്രസംഗം അവതരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം.
മിമിക്രി അത്ര പ്രചാരത്തിലില്ലാതിരുന്ന കാലം. കഥാപ്രസംഗമായിരുന്നു അക്കാലത്ത് പല വേദികളിലും അവതരിപ്പിച്ചിരുന്നത്. പിന്നീട് കൊച്ചിൻ കലാഭവനിലൂടെ സിദ്ദീഖ് ലാലും ജയറാമുമെല്ലാം അരങ്ങുതകർക്കുമ്പോൾ മലബാറിൽ കെ.എസ്.എൻ രാജിനു കീഴിൽ പ്രകാശും മിമിക്രി കളിച്ചു തുടങ്ങി. സത്യനെ അനുകരിച്ചു കൊണ്ടായിരുന്നു പ്രകാശന്റെ അരങ്ങേറ്റം. കൂടുതൽ വേദികളിലും സത്യനായിരുന്നു മാസ്റ്റർ പീസ്. ബാലചന്ദ്ര മേനോനെയും വി.ഡി.രാജപ്പനെയുമെല്ലാം അവതരിപ്പിച്ചു. എന്നാൽ ശബ്ദംകൊണ്ട് കുതിരവട്ടം പപ്പുവിനോടായിരുന്നു സാമ്യം. ആ സാമ്യത കൊണ്ടാകണം രണ്ടു ചിത്രങ്ങളിൽ കുതിരവട്ടം പപ്പുവിന് ശബ്ദം നൽകാനുള്ള ഭാഗ്യവും പ്രകാശിനുണ്ടായി.
മിമിക്രിയിൽ നിന്നും ആക്ഷേപഹാസ്യ വേദിയിലേയ്ക്കായിരുന്നു പ്രകാശിന്റെ ചുവടുവയ്പ്. ആനുകാലിക സംഭവങ്ങൾ കോർത്തിണക്കി ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരുന്ന സ്‌കിറ്റുകൾക്ക് വലിയ ജനപിന്തുണയുണ്ടായിരുന്നു. സ്വന്തമായി രചനയും സംവിധാനവും നിർവഹിച്ച ഒട്ടേറെ കാസറ്റുകളും അക്കാലത്ത് പുറത്തിറക്കി. കെ.എസ്.എൻ. രാജ്, പ്രകാശ് പയ്യാനക്കൽ കൂട്ടുകെട്ടിലായിരുന്നു ഇവയിലേറെയും പുറത്തിറങ്ങിയത്. 
സാക്ഷരതാ യജ്ഞവും കുവൈത്ത് ആക്രമണവും രാജീവ് ഗാന്ധിയുടെ മരണത്തെ ആസ്പദമാക്കിയൊരുക്കിയ പെരുമ്പത്തൂരിൽ ചിന്തിയ രക്തവും കരിപ്പൂർ എയർപോർട്ടിന്റെ വരവും കോഴിക്കോട്ടുകാരുടെ ഫുട്‌ബോൾ ഭ്രാന്തുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. സാക്ഷരതാ യജ്ഞം എന്ന സ്‌കിറ്റിന് വിഷയമായ നാട്ടിലെ ബാർബർക്ക് അധ്യാപകനാകാനുള്ള ആഗ്രഹമായിരുന്നു. 
സാക്ഷരതാ വിദ്യാർഥികളെ പഠിപ്പിച്ചതുവഴി അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സാർഥകമായത്. ഇന്ത്യൻ ഫുട്‌ബോളിന്റെ ശോചനീയാവസ്ഥയാണ് ഫുട്‌ബോൾ എന്ന സ്‌കിറ്റിന് വിഷയമായത്. ബ്രസീലിനോട് മുപ്പത്തിയൊന്ന് ഗോളിന് പൊരുതിത്തോറ്റ ഇന്ത്യയുടെ ദയനീയ മുഖമായിരുന്നു പ്രകാശ് അനാവരണം ചെയ്തത്. ഇവയെല്ലാം ക്രോഡീകരിച്ച് മിലേനിയം കാസറ്റ്‌സ് പുറത്തിറക്കിയ ഹാസ്യമാണിക്യം വൻ ഹിറ്റായിരുന്നു. ആനുകാലിക സംഭവങ്ങൾ പലതും വിഷയമാക്കി ഈയിടെ മറ്റൊരു വീഡിയോ ആൽബവും പ്രകാശ് പുറത്തിറക്കിയിരുന്നു. മലപ്പുറം കത്തി എന്നു പേരിട്ട ഈ ആൽബവും മിലേനിയമായിരുന്നു പുറത്തിറക്കിയത്.
മിമിക്രി വേദിയിൽനിന്നും ബിഗ് സ്‌ക്രീനിലേയ്ക്കുള്ള ചുവടുമാറ്റമായിരുന്നു പിന്നീട് കണ്ടത്. ഹംസ കൈനകരിയും സിദ്ദീഖ് താമരശ്ശേരിയും ചേർന്നൊരുക്കിയ സ്റ്റാർട്ട് ആക്ഷൻ ക്യാമറ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി മുഖം കാണിച്ചത്. കോട്ടയം നസീർ നായകനായി വേഷമിട്ട ഈ ചിത്രത്തിൽ മൂകനായ കള്ളന്റെ വേഷമായിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ടി.എ. റസാഖിന്റെ പ്രേരണയാൽ മോഹൻലാൽ ചിത്രമായ ദി പ്രിൻസിൽ ടൂറിസ്റ്റ് ഗൈഡായ സുന്ദരമായി വേഷമിട്ടു. ജോഷിയുടെ മാമ്പഴക്കാലം എന്ന ചിത്രത്തിൽ കച്ചവടക്കാരനായ കുറ്റിച്ചിറ അബ്ദുറഹിമാന്റെ വേഷവും അവതരിപ്പിച്ചു.
കൊച്ചുകൊച്ചു വേഷങ്ങളിലൂടെ സിനിമയിൽ സജീവമായി തുടങ്ങുകയായിരുന്നു. മമ്മൂട്ടിയുടെ രാജമാണിക്യത്തിൽ ബ്രോക്കർ വേലായുധനായും രൗദ്രത്തിൽ മീൻകാരനായും കലാഭവൻ മണിയുടെ രാവണനിൽ കള്ളൻ ചേറുവായും വേഷമിട്ടു. രാവണനിൽ എ.എസ്.ഐ ആയ ജഗതി ചേട്ടനൊപ്പം വേഷമിട്ടതോടെ അദ്ദേഹവുമായി അടുപ്പത്തിലായി. മടങ്ങുന്ന വഴി എറണാകുളത്തിറങ്ങി രാജു നെല്ലിമൂടിനെ കാണാൻ ഉപദേശിച്ചത് ജഗതിച്ചേട്ടനായിരുന്നു. മമ്മൂക്കയുടെ തുറുപ്പുഗുലാനിൽ തട്ടുകടയിലെ സഹായിയായി സുരാജിനൊപ്പമുള്ള വേഷം അവതരിപ്പിക്കാനായിരുന്നു അതെന്ന് പിന്നീടാണ് മനസ്സിലായത്.
പൃഥ്വിരാജിന്റെ കാക്കിയിൽ കള്ളൻ സതീശനായി വേഷമിട്ടു. എപ്പോഴും പോലീസ് സ്‌റ്റേഷനിൽ കഴിയുന്ന കള്ളന്മാരുടെ വേദനകൾ പങ്കുവയ്ക്കുകയാണ് ആ കഥാപാത്രം. സുകുമാരൻ നായർ സംവിധാനം ചെയ്ത യുഗപുരുഷനിൽ അടിമയായ ചിന്നൻ, ബസ് കണ്ടക്ടറിൽ ബീവറേജ് ഗോപാലൻ, താന്തോന്നിയിലെ പോലീസുകാരൻ, അലിഭായിലെ പോർട്ടർ, ചെറിയ കള്ളനും വലിയ പോലീസും എന്ന ചിത്രത്തിലെ അണ്ണാൻ മാധവൻ, നരനിലെ കള്ളുഷാപ്പ് മാനേജർ ദാമോദരൻ, ആനച്ചന്തത്തിലെ പട്ടവെട്ടുകാരൻ, കുഞ്ഞിരാമന്റെ കുപ്പായത്തിലെ പള്ളിമുക്രിയായ മുസ്തു... തുടങ്ങി ഒട്ടേറെ വേഷങ്ങൾ... കൂടാതെ ബെൻ ജോൺസൺ, ആയിരത്തിൽ ഒരുവൻ, ഛോട്ടാ മുംബൈ, കനൽ, അണ്ണൻതമ്പി, സായ്‌വർ തിരുമേനി, കാക്കിനക്ഷത്രം... തുടങ്ങിയ നിരവധി ചിത്രങ്ങളിലും വേഷമിട്ടു. പുറത്തിറങ്ങാനിരിക്കുന്ന ചില ചിത്രങ്ങളിലും ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. കാബിൻ എന്ന ചിത്രത്തിൽ ചായക്കടക്കാരൻ അയ്യപ്പനായും മീസാനിൽ പാചക സഹായിയായും വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളനിൽ പോലീസുകാരനായും വേഷമിടുന്നുണ്ട്.
ഒരിക്കൽ തലശ്ശേരി സ്‌റ്റേഡിയത്തിൽ പരിപാടി അവതരിപ്പിക്കാനെത്തിയപ്പോൾ ഉദ്ഘാടകനായെത്തിയത് കുതിരവട്ടം പപ്പുവായിരുന്നു. പരിപാടി അവതരിപ്പിച്ചു കഴിഞ്ഞ് പപ്പുവിന്റെ കാറിലായിരുന്നു മടക്കയാത്ര. യാത്രയ്ക്കിടയിൽ സൗഹൃദത്തിലായ അദ്ദേഹം വീട്ടിലേയ്ക്കു ക്ഷണിച്ചു. അന്നു തുടങ്ങിയ ആത്മബന്ധം അദ്ദേഹത്തിന്റെ മരണം വരെ തുടർന്നു. 'ഹാസ്യം അവതരിപ്പിക്കുമ്പോൾ ഒരിക്കലും അമിതമാകരുത്. പറയുന്നതു പോലെ പറഞ്ഞാൽ മതി. ഹാസ്യത്തിനുവേണ്ടി ഒരിക്കലും കോപ്രായം കാണിക്കരുത്.' പപ്പുവേട്ടന്റെ ഉപദേശം ഇന്നും പാലിക്കാറുണ്ടെന്ന് പ്രകാശൻ പറയുന്നു.
ചെന്നൈയിലെ പൂജാ സ്റ്റുഡിയോയിൽ െവച്ച് പപ്പുവേട്ടന്റെ രണ്ടു സിനിമകൾക്കു വേണ്ടി ശബ്ദം നൽകാൻ കഴിഞ്ഞത് മഹാഭാഗ്യമായി പ്രകാശൻ ഇന്നും കാണുന്നു. കാണാക്കിനാവിലെ അമ്മായിക്കാക്കയ്ക്കു വേണ്ടിയും മജീഷ്യൻ മഹേന്ദ്രലാൽ ഫ്രം ദില്ലി എന്ന ചിത്രത്തിനും വേണ്ടിയായിരുന്നു ഈ ശബ്ദാനുകരണം.
ആയിരക്കണക്കിന് വേദികളിൽ മിമിക്രി അവതരിപ്പിച്ച പ്രകാശ് പയ്യാനക്കൽ പത്തിലേറെ തവണ ഗൾഫ് നാടുകളിൽ പരിപാടി അവതരിപ്പിക്കാനെത്തിയിട്ടുണ്ട്. 
ദുബായിലും ഷാർജയിലുമെല്ലാം ഹാസ്യ പരിപാടി നടത്തിയിട്ടുള്ള അദ്ദേഹം അവിടത്തെ കലാ സ്‌നേഹികൾ നൽകിയ ഊഷ്മള സ്‌നേഹം ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു.
സിദ്ദീഖ് ലാലും നാൽപത്തിയൊന്ന് മിമിക്രിക്കാരും എന്ന പേരിൽ കൈരളി ചാനൽ ഒരുക്കിയ പരിപാടിയിൽ ഫുട്‌ബോൾ എന്ന സ്‌കിറ്റുമായി പ്രകാശും എത്തിയിരുന്നു. കൂടാതെ മീഡിയ വണ്ണിൽ സംപ്രേഷണം ചെയ്ത നങ്ങ നിങ്ങ എന്ന പരിപാടി മലയാളികളുടെ ഭാഷാ വൈവിധ്യത്തെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. 
വലിയ ജനശ്രദ്ധയാകർഷിച്ചതായിരുന്നു ഈ പരിപാടി. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിലെ ജനങ്ങളുടെ സംസാരഭാഷ നിരീക്ഷിച്ച അദ്ദേഹം അവയിലെ വൈവിധ്യങ്ങളെയാണ് പ്രേക്ഷകനു മുന്നിൽ അവതരിപ്പിച്ചത്. കാസർകോട്ടെ മാവിലൻ സമുദായം അമ്മയെ അപ്പാ എന്നും അച്ഛനെ അമ്മാ എന്നും വിളിക്കുന്നത് വേറിട്ട കാഴ്ചയായിരുന്നു.പന്നിയങ്കരയിലെ സലാംക്കയോടൊപ്പം റേഡിയേറ്റർ മെക്കാനിക്കായി ജീവിതം തുടങ്ങിയപ്പോഴും ദിവസത്തിൽ രണ്ടു കലാ പരിപാടികൾ അവതരിപ്പിക്കാൻ പ്രകാശ് സമയം കണ്ടെത്തിയിരുന്നു. 
ഇപ്പോഴും സിനിമകളിലെ ഇടവേളകളിൽ വേദികളിൽ നർമം വിതറാൻ അദ്ദേഹമെത്തുന്നു. അതിനായി ആനുകാലിക വിഷയങ്ങൾ ആസ്പദമാക്കിയൊരുക്കിയ ഒട്ടേറെ സ്‌കിറ്റുകളും അദ്ദേഹം രൂപപ്പെടുത്തിയിട്ടുണ്ട്.
ഭാര്യയുടെയും മക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം പിന്തുണയാണ് ഈ രംഗത്ത് നിലയുറപ്പിച്ചു നിർത്തുന്നതെന്ന് പ്രകാശ് പറയുന്നു. ഒളവണ്ണ ഹെൽത്ത് സെന്ററിലെ നഴ്‌സായ മല്ലികയാണ് ഭാര്യ. മകൾ ആര്യ എൻട്രൻസ് പരിശീലനത്തിലാണ്. മകൻ അശ്വന്ത് റഹ്മാനിയ സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിയും. കഥകളി, കൂടിയാട്ടം കലാകാരൻ കൂടിയാണ് അശ്വന്ത്.
            പ്രകാശിന്റെ മൊബൈൽ: 0091 9495366458
 

Latest News