Sorry, you need to enable JavaScript to visit this website.

മാറ്റുവിൻ ചട്ടങ്ങളെ...ഉത്തര കേരളത്തിന്റെ തനത് കലാരൂപമായ തെയ്യങ്ങളെക്കുറിച്ച്... 

വർഷം തോറും കർക്കടക മാസത്തിൽ ചില വീടുകൾ തോറും മലയർ, വണ്ണാൻ, കോപ്പാളൻ ഈ മൂന്ന് സമുദായത്തിൽപെട്ട ആളുകൾ കുട്ടികളെ തെയ്യക്കോലങ്ങൾ കെട്ടി വീടുകൾ തോറും ചെന്ന് ആടാറുമുണ്ട്. കാലം എത്രയോ മാറിയിട്ടും ചിലർക്ക് ഇന്നും നേരം വെളുത്തതായി കാണുന്നില്ല. ഇന്നും കെട്ടിയാടുന്ന കോലത്തോട് ഭക്തിയും കെട്ടിയാടുന്ന കോലക്കാരനോട് അകൽച്ചയും നിലനിൽക്കുന്നു എന്നതാണ് സത്യം. 

'നിങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ,
നാങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ,
പിന്നെന്ത് ചൊവ്വറു കുലം പിശക്ന്ന്,
തീണ്ടിക്കൊണ്ടല്ലേ കുലം പിശ്ക്ക്ന്ന്'
 
പൊട്ടൻ തെയ്യത്തിന്റെ തോറ്റംപാട്ട് പുതിയ കാലത്തും ഒരു കനലായി, ചോദ്യമായി തെളിഞ്ഞു നിൽക്കുന്നു. കോലത്തോട് ഭക്തിയും കോലക്കാരനോട് പുഛവും ഇന്നും തുടരുന്നു എന്നത് ഒരു നേർരേഖ തന്നെയാണ്. ഉത്തര മലബാറിൽ പ്രധാനമായും കണ്ണൂർ, കാസർകോട് ഭാഗങ്ങളിൽ കാണുന്ന ആചാരാനുഷ്ഠാന കലകളാണ് തെയ്യം. 
വർഷാ വർഷം വീടുകളിലും, കാവുകളിലും, നായർ, തിയ്യർ മറ്റു ചില സാമുദായിക തറവാട്ട് വീടുകളിലുമൊക്കെ തെയ്യക്കോലങ്ങൾ കെട്ടി ആടാറുണ്ട്. പ്രധാനമായും കാസർകോട് ഭാഗത്ത് കൂടുതൽ തെയ്യങ്ങൾ കെട്ടി ആടാറുള്ളത്, പിന്നോക്ക ജാതിക്കാരായ മലയർ, വണ്ണാൻ, കോപ്പാളൻ, മയ്യർ ഇങ്ങനെ നീളുന്ന സമുദായത്തിൽ പെട്ടവരാണ്. നൂറുകണക്കിന് തെയ്യങ്ങൾ പല സ്ഥലങ്ങളിലും കാണാറുണ്ടെങ്കിലും അധിക സ്ഥലങ്ങളിലും വിഷ്ണുമൂർത്തി, ചാമുണ്ഡി, കുറത്തി, പൊട്ടൻ, കുളിയൻ (ഗുളികൻ) എന്നീ തെയ്യങ്ങളാണ്. ഇത്തരം തെയ്യങ്ങളിൽ തന്നെ പലവിധ തെയ്യങ്ങളുണ്ടെങ്കിലും, ഒറ്റപ്പെട്ട  ചില പ്രദേശത്ത് ഇതിൽ നിന്നും വ്യത്യസ്തമായ പല തെയ്യങ്ങളും കാണാം. തെയ്യം കെട്ട് മഹോത്സവം, കളിയാട്ട മഹോത്സവം എന്നൊക്കെ പേരിട്ടും വിളിക്കും. വ്യക്തിപരമായി ചില വീടുകളിൽ എന്തെങ്കിലും നേർച്ചയുടെ ഭാഗമായി തെയ്യങ്ങൾ കെട്ടിയാടുന്നതായിട്ട് കാണാറുണ്ട്.
 തെയ്യം ഒരു കലാരൂപമായതുകൊണ്ട് തന്നെ, തെയ്യത്തിന്റെ മുഖച്ചായങ്ങൾ, വേഷങ്ങൾ വ്യത്യസ്ത നൃത്ത ചുവടുകളിലും, വ്യത്യസ്ത ഭാവാഭിനയങ്ങൾ കൊണ്ടു തന്നെയാണ് തെയ്യം കളികൾക്ക് കൂടുതൽ ആകർഷത വരുത്തുന്നതും.
ചുവന്ന പട്ടുടുത്ത്, കയ്യിൽ വാളേന്തി ആർത്തുവിളിച്ചു തീക്കനലിൽ  തുള്ളിച്ചാടുകയും, കയ്യിലുള്ള വാളുകൊണ്ട് നെഞ്ചത്തേക്ക് അടിച്ചും ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടന്മാരും, എനിക്ക് കുളിരുന്ന് എന്ന് പറഞ്ഞു തീക്കനലിൽ കിടന്നു നിരങ്ങുന്ന പൊട്ടൻ തെയ്യവും, കയ്യിൽ ചൂട്ടുമായി കൂകിയും വികൃതികൾ കാണിച്ചും കളിക്കുന്ന കുളിയനും (ഗുളികൻ), കോഴിയെ ജീവനോടെ കഴിക്കുന്ന പഞ്ചുരുളി തെയ്യവും അങ്ങനെ വരുന്ന ഒട്ടനവധി തെയ്യങ്ങൾ കാഴ്ചക്കാർക്ക് ഒരു വേറിട്ട കലാരൂപമായും ആവേശമായും അനുഭവപ്പെടുന്നു. വിശ്വാസികളാകട്ടെ, ദിവ്യാവതാരമായും ഇവയെ കാണുന്നു. ഒരു ഭാഗത്ത് തെയ്യം കലാകാരന്മാർക്ക് അവഹേളനവും, മറുഭാഗത്ത് തെയ്യം കളിക്കാരന്റെ 'തോന്നിവാസ'വും ഉണ്ടാകാറുണ്ട്. ഈ അടുത്ത കാലത്ത് കാഞ്ഞങ്ങാട് തെരുവത്ത് ഒരു തറവാട് വീട്ടിൽ നടന്ന തെയ്യം, കാണുന്നവരെയൊക്കെ വലിയ ദണ്ഡ് കൊണ്ട് അടിക്കുകയും, ഒട്ടനവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്ത സംഭവമായി മാറി. 
വർഷം തോറും കർക്കടക മാസത്തിൽ ചില വീടുകൾ തോറും മലയർ, വണ്ണാൻ, കോപ്പാളൻ ഈ മൂന്ന് സമുദായത്തിൽപെട്ട ആളുകൾ  കുട്ടികളെ തെയ്യക്കോലങ്ങൾ കെട്ടി വീടുകൾ തോറും ചെന്ന് ആടാറുമുണ്ട്. കാലം എത്രയോ മാറിയിട്ടും ചിലർക്ക് ഇന്നും നേരം വെളുത്തതായി കാണുന്നില്ല. ഇന്നും കെട്ടിയാടുന്ന കോലത്തോട് ഭക്തിയും കെട്ടിയാടുന്ന കോലക്കാരനോട് അകൽച്ചയും നിലനിൽക്കുന്നു എന്നതാണ് സത്യം. തെയ്യക്കോലം കെട്ടിവരുന്ന ആളുകൾ ഏത് വിഭാഗത്തിൽ പെട്ടവരാണെന്ന് ആദ്യം നോക്കും. വീടുകളിൽ തെയ്യം കെട്ടി വരുമ്പോൾ അവിടെയുമുണ്ട് ആചാരങ്ങൾ. 
മലയരാണ് തെയ്യം കെട്ടി വരുന്നതെങ്കിൽ പൂജാമുറിയിൽ വിളക്ക് കത്തിച്ചു വെക്കുകയും ശേഷം ഒരു കയ്യിൽ തിരി കത്തിച്ചെടുത്ത് മറുകൈയിൽ ഒരു പാത്രത്തിൽ ഭസ്മം കലക്കി വീടിനു പുറത്തുവന്ന് കത്തിച്ചു കൊണ്ടുവന്ന ഈ തിരി മുറ്റത്തുവെച്ച് ഇതിനു ചുറ്റും ഒഴിക്കുകയും ചെയ്യുന്നു. 
വണ്ണാന്മാരാണ് തെയ്യം കെട്ടി വരുന്നതെങ്കിൽ മഞ്ഞപ്പൊടി കലക്കിക്കൊണ്ടുവന്ന് ഒഴിക്കും. കോപ്പാളൻമാരാണ് വരുന്നതെങ്കിൽ അടുപ്പിൽ നിന്ന് വെണ്ണീർ കലക്കിക്കൊണ്ടുവന്ന് ഒഴിക്കും. ഇതിനു ഗുരുസി വെള്ളം എന്നാണ് പറയുന്നതെങ്കിലും ഓരോ സമുദായക്കാരോടും കാട്ടുന്ന വിവേചന രീതികൾ ഇന്നും ഒരു നിർബന്ധം പോലെ തുടരുന്നു എന്നതാണ് ഇവിടെ വ്യത്യസ്ത രീതികൾ കാണിക്കുന്നത്. മലയൻ, വണ്ണാൻ വിഭാഗത്തിൽ പെട്ടവർക്ക് മുറ്റത്ത് തെയ്യം ആടാമെങ്കിലും കോപ്പാളൻ വിവാഗത്തിൽ പെട്ടവർക്ക് ഇന്നും തറവാട് മുറ്റത്തിന് പുറത്തോ മതിലിനു പുറത്തോ മാത്രമേ തെയ്യം ആടാനുള്ള അനുമതിയുള്ളൂ.
കർക്കടക മാസത്തിൽ വീടുകളിൽ വരുന്ന മലയൻ, വണ്ണാൻ തെയ്യങ്ങളെ പൊതുവെ അറിയപ്പെടുന്ന പേരുകളാണ് ആടിവേടൻ. ഇത് മലയൻ, വണ്ണാൻ എന്നീ സമുദായത്തിൽ പെട്ടവരെ മാത്രം സൂചിപ്പിക്കുമ്പോഴും, കോപ്പാളൻ തെയ്യത്തിനാണെങ്കിൽ ഗളിഞ്ചൻ എന്നാണ് ഇന്നും വിളിക്കുന്ന പേര്. 
ആടൻ വണ്ണാൻ, വേടൻ മലയൻ എന്നാണ് അറിയപ്പെടുന്നത്. ആധിയും വ്യാധിയും മറന്ന് സർവ ഐശ്വര്യങ്ങളും, സമ്പദ് സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് പ്രസാദിച്ചു പോകുന്ന തെയ്യക്കോലങ്ങളോട് ഇനിയും എന്തിനാണീ അകൽച്ച. ഇങ്ങനെയൊക്കെ പറഞ്ഞു പോകുമ്പോഴും വീടുകൾ തോറും തെയ്യം കെട്ടിവരുന്ന ആളുകൾ അവർക്കു താഴെ മുദ്രകുത്തപ്പെട്ട സമുദായക്കാരുടെ വീടുകളിലേക്ക് പോകുന്നില്ല എന്നതും, അവരുടെ വീടുകളിൽ തെയ്യങ്ങൾ കെട്ടിയാടാറില്ല എന്ന സത്യവും നിലനിൽക്കുന്നു.
 നായന്മാരെ കാണുമ്പോൾ തമ്പ്രാൻ വിളിയും, കൈകളോരേ, ഉള്ളേ എന്ന് കുമ്പിട്ട് നിന്നുകൊണ്ടുള്ള വിളിയുമൊക്കെ ഇന്നും കാണുമ്പോൾ ബഹുമാനം എന്ന വാക്കിനോട് പോലും പുഛം തോന്നിപ്പോകും.
 ഇത് കണ്ടിട്ടും കാണാതെ 'ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ' എന്ന രീതിയിൽ തെയ്യത്തിന്റെ പ്രസാദമായ മഞ്ഞക്കുറിയും വാങ്ങിച്ചു പോകുന്ന പുതിയ തലമുറയിലെ യുവ ഭക്തന്മാർ ചരിത്രത്തിൽ രേഖപ്പെടുത്താൻ ഒന്നുകൂടി പിറകോട്ട് തിരിഞ്ഞൊന്ന്, പ്രതികരിക്കാനുള്ള മനസ്സെങ്കിലും കാണിക്കണം.
സമൂഹത്തിൽ നിലനിന്നു പോരുന്ന ദുരാചാരങ്ങൾക്ക് എതിരെ ഒരു നാടിനെ മുന്നോട്ട് നയിക്കാൻ പ്രചോദനമായ കുമാരനാശാന്റെ വരികൾ എക്കാലവും ആവേശം നൽകും എന്നു കൂടി തെയ്യക്കോലങ്ങളോട് വിവേചനം കാണിക്കുന്നവരെ ഓർമിപ്പിക്കാതിരിക്കാനാവില്ല. 
 
'മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ...'
 

Latest News