Sorry, you need to enable JavaScript to visit this website.

...എന്ന് ജെ.എൻ.യുവിലെ മൊയ്തീൻ

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ വേളയിൽ സ്ഥാപിച്ച ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെ.എൻ.യു) ഇന്ത്യയിലെ തലയെടുപ്പുള്ള ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ്. കാമ്പസുകളിലെ ക്ഷുഭിത യൗവനം ആലസ്യത്തിലല്ലെന്ന് ജെ.എൻ.യുവും ജാമിഅയും മറ്റു സർവകലാശാലകളും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. തീവ്ര വലതുപക്ഷക്കാരുടെ കണ്ണിലെ കരടാണ് ഈ കാമ്പസ്. നിലവാരമില്ലാത്ത പല വിമർശനങ്ങളും അടുത്തിടെയായി ജെ.എൻ.യുവിന് എതിരെ ഉയർന്നു വരുന്നുണ്ട്. ഇന്ത്യയുടെ ഇരുളടഞ്ഞ ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരിൽ ബോളിവുഡ് താരം സ്വര ഭാസ്‌കറുണ്ടായിരുന്നു. ചുരുങ്ങിയ ചെലവിൽ മാതാപിതാക്കളെ ഡംപ് ചെയ്ത വൃദ്ധ സദനമാണ് ഈ സർവകലാശാലാ ഹോസ്റ്റലെന്ന് വരെ സ്വര സമൂഹ മാധ്യമങ്ങളിൽ എഴുതി പിടിപ്പിച്ചത് കണ്ടു. ഹോസ്റ്റൽ ഫീസ് കൂടിയതിനെതിരെ സമരം ചെയ്യുന്നത് ഇരുപതും ഇരുപത്തിയഞ്ചും വർഷമായി ചീപ്പ് റേറ്റിൽ ഇവിടെ കഴിയുന്ന ഗവേഷണ വിദ്യാർഥികളാണ്. പെൺകുട്ടികൾക്കാണെങ്കിൽ മുടി ചീകിയാൽ ഒതുക്കി നിർത്താൻ ഹെയർ പിന്നിന്റെ ആവശ്യമേയില്ല. 
നുണകൾ എളുപ്പം പ്രചരിപ്പിക്കുന്ന വിഷയത്തിൽ പ്രാവീണ്യമുള്ളവർ വാട്‌സാപ്പിനെയാണ് ആശ്രയിക്കുന്നത്. രാഹുൽ ഗാന്ധി പാക്കിസ്ഥാനിലെ വയനാട്ടിൽ തെരഞ്ഞെടുപ്പിന് മത്സരിക്കുകയാണെന്ന വിശേഷം യു.പിയിൽ മുപ്പത് ലക്ഷം വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചരിച്ചിരുന്നത്. രാഹുൽ ഗാന്ധി പ്രസംഗിക്കുന്ന വേദിയ്ക്ക് ചുറ്റും ഹരിത പതാകകളും. 
ഇപ്പോഴിതാ മറ്റൊരു പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ അരങ്ങ് തകർക്കുന്നത്. ജെ.എൻ.യുവിലെ പ്രശ്‌നക്കാരൻ മലയാളി വിദ്യാർഥി മൊയ്തീനാണെന്നാണ് കാമ്പയിൻ. 'ജെ.എൻ.യുവിലേക്ക് പ്രവേശിക്കുകയായിരുന്ന ഇയാളെ പോലീസ് തടഞ്ഞു. ഇപ്പോൾ സർവകലാശാലയ്ക്കുള്ളിൽ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് പോലീസ് തടഞ്ഞത്. എന്നാൽ ഉടൻ അയാൾ മറുപടി നൽകി, ഞാൻ ഒരു ജെ.എൻ.യു വിദ്യാർഥിയാണ്' -ഒരു പ്രായമായ ആളുടെ ചിത്രം പങ്കുവെച്ച് ഒരാൾ കുറിച്ചത് ഇങ്ങനെയായിരുന്നു. കേരളീയനായ മൊയ്ദുദ്ദീൻ എന്ന ചിത്രത്തിൽ കാണുന്ന ആൾ ജെ.എൻ.യു വിദ്യാർഥിയാണെന്ന അവകാശ വാദത്തോടെ... ഈ ചിത്രവും കുറിപ്പും ആയിരങ്ങളാണ് കൈമാറിയത്. 
47 വയസ്സുള്ള ഇയാൾ മൊയ്ദുദ്ദീൻ എന്ന മലയാളിയാണെന്നും 1989 മുതൽ ദൽഹിയിൽ ജെ.എൻ.യു വിദ്യാർഥിയെന്ന പേരിൽ താമസിക്കുന്നുവെന്നുമാണ് പ്രചാരണം. 
കഴിഞ്ഞ 32 വർഷമായി ഇയാൾ അഡ്മിഷൻ എടുക്കുകയും മാസം 10 രൂപ വീതം ഹോസ്റ്റൽ ഫീസ് അടക്കുകകയും ചെയ്ത് ജെ.എൻ.യുവിൽ കഴിയുകയാണെന്നാണ് കുറിപ്പിൽ പറയുന്നത്. ഇത്തരത്തിൽ നൂറുകണക്കിന് മൊയ്തീൻമാരാണ് ജെ.എൻ.യുവിൽ കാലങ്ങളായി കഴിയുന്നത്. ഇത്തരക്കാരാണ് ജെ.എൻ.യുവിലെ ഹോസ്റ്റൽ ഫീസ് വർധനയ്‌ക്കെതിരെ സമരം നടത്തുന്നതെന്നായിരുന്നു പ്രചാരണം. പ്രചരിക്കുന്ന ചിത്രങ്ങളിലുള്ളത് പ്രമുഖ ദളിത് ചിന്തകനായ കാഞ്ച ഏലയ്യയുടേതാണെന്ന് ബി.ബി.സി ഫാക്ട് ചെക്ക് റിപ്പോർട്ട് ചെയ്തു. ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ 38 വർഷം പ്രൊഫസറും മൗലാന ആസാദ് സർവകലാശാലയിൽ അഞ്ചു വർഷവും സേവനം ചെയ്ത വ്യക്തിയാണ് കാഞ്ച ഏലയ്യ. 
പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് കാഞ്ച ഏലയ്യ ബി.ബി.സിയോട് പ്രതികരിച്ചു. തനിക്ക് 68 വയസ്സുണ്ട്. താൻ ഇതുവരെ ജെ.എൻ.യുവിൽ പഠിച്ചിട്ടില്ല. 1976 ൽ താൻ എം.ഫിലിനായി അപേക്ഷിച്ചെങ്കിലും തനിക്ക് അഡ്മിഷൻ ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട കാര്യമല്ല. ഇത്തരം പ്രചാരണങ്ങൾ ഇതിന് മുമ്പുമുണ്ടായിട്ടുണ്ടെന്ന് നോർത്ത് ഇന്ത്യയിൽ കഴിയുന്നവർ പറയുന്നു. 

*** *** ***

ഫീസ് വർധനയ്‌ക്കെതിരെ പ്രതിഷേധിച്ച ജെ.എൻ.യു വിദ്യാർഥികൾക്ക് നേരെ അക്രമം അഴിച്ച് വിട്ടത് തങ്ങൾ തന്നെയാണെന്ന എ.ബി.വി.പി പ്രവർത്തകന്റെ വെളിപ്പെടുത്തൽ ഒളിക്യാമറ ഓപ്പറേഷനിലൂടെ ഇന്ത്യ ടുഡേ പുറത്തു വിട്ടിരുന്നു. ജെ.എൻ.യു വിദ്യാർഥിയും എ.ബി.വി.പി പ്രവർത്തകനുമായ അക്ഷത് അവസ്തിയായിരുന്നു അക്രമത്തെ കുറിച്ച് മാധ്യമ സംഘത്തോട് വെളിപ്പെടുത്തിയത്. വിദ്യാർഥികളേയും അധ്യാപകരേയും ആക്രമിച്ച മുഖംമൂടി സംഘത്തിലെ പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വിട്ടിരിക്കുകയാണ് ഇന്ത്യ ടുഡേ. 
ജനുവരി അഞ്ചിന് ഞായറാഴ്ചയാണ് മുഖംമൂടി ധരിച്ച 100 ഓളം പേർ അടങ്ങുന്ന സംഘം സർവകലാശാല കാമ്പസിലേക്ക് കയറി അക്രമം നടത്തിയത്. അക്രമത്തിൽ ഐഷി ഘോഷ് ഉൾപ്പെടെയുള്ള 30 ഓളം വിദ്യാർഥികൾക്കും അധ്യാപകർക്കും പരിക്കേറ്റിരുന്നു. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് കൂട്ടത്തിൽ ഒരു പെൺകുട്ടിയുമുണ്ടെന്ന് തിരിച്ചറിഞ്ഞത്. 
മുഖംമൂടി ധരിച്ചെത്തിയ പെൺകുട്ടി ദൗലത്ത് റാം കോളേജിലെ എ.ബി.വി.പി ആക്ടിവിസ്റ്റ് കോമൾ ശർമയാണെന്നാണ് ഇന്ത്യ ടുഡെ റിപ്പോർട്ടിലുള്ളത്.  

*** *** ***

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച മാധ്യമ പ്രവർത്തകൻ രാജിവെച്ചു. അസമിലെ പ്രഗ്യ ന്യൂസ് ചാനലിന്റെ എഡിറ്റർ അജിത്കുമാർ ബുഹ്യാൻ ആണ് രാജിവെച്ചത്. നിയമത്തെ എതിർത്ത ബുഹ്യാൻ കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പിയുടെയും വിമർശകനായിരുന്നു. പൗരത്വ നിയമത്തിനെതിരെ തുടക്കം മുതൽ തന്നെ ശക്തമായ പ്രതിഷേധങ്ങളാണ് അസമിൽ ഉയർന്നത്. അസമിന്റെ സംസ്‌കാരത്തെ തകർക്കുന്നതാണ് നിയമം എന്നാരോപിച്ചായിരുന്നു പ്രതിഷേധങ്ങൾ. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ ഇന്റർനെറ്റ് വിലക്കിനെതിരെ ഹൈക്കോടതിയെ സമീപിച്ച വ്യക്തി കൂടിയാണ് ബുഹ്യാൻ. 
ആർ.എസ്.എസ് ബന്ധമുള്ള ലീഗൽ റൈറ്റ്‌സ് ഒബ്‌സർവേറ്ററി എന്ന സംഘടന ബുഹ്യാനെതിരെ രംഗത്തെത്തിയിരുന്നു. നിരോധിത സംഘടനയായ ഉൾഫയ്ക്കു ശക്തി പകരാനുതകും വിധം മാധ്യമങ്ങൾ ജനങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ചെന്നാരോപിച്ചാണ് ബുഹ്യാൻ ഉൾപ്പെടെയുള്ള നാല് മാധ്യമ പ്രവർത്തകർക്കെതിരെ സംഘടന രംഗത്തെത്തിയത്. പൗരത്വ നിയമത്തിനെതിരെ നിരന്തരം ശബ്ദമുയർത്തിയ വ്യക്തിയാണ് ബുഹ്യാൻ. അദ്ദേഹത്തെ രാജിവെപ്പിക്കാൻ കേന്ദ്ര സർക്കാർ ചാനലിന് മേൽ സമ്മർദം ശക്തമാക്കിയിരുന്നു. സമ്മർദം സഹിക്കവയ്യാതായതോടെയാണ് ബുഹ്യാൻ രാജിവെച്ചതെന്ന് സാമൂഹിക പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ മഞ്ജിത് മഹന്ത ന്യൂസ് ലോൺട്രിയോട് പ്രതികരിച്ചു. 
കുതിരവട്ടം പപ്പു താമരശ്ശേരി ചുരം സീനിൽ പറയുന്നത് പോലെ ഇത് ചെറുത്. മോഡി ഭരണത്തിന് വഴിയൊരുക്കിയ റിപ്പബ്ലിക് മേധാവി ഗോസാമി പോലും അസമിന്റെ ഐഡന്റിറ്റിയുടെ കാര്യം വന്നപ്പോൾ തിരിഞ്ഞു നിന്നതും അടുത്ത കാലത്ത് കണ്ടതാണല്ലോ. 

*** *** ***

ബിഗ് ബോസ് സീസൺ-ടു പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. അതിലെ 17 മത്സരാർഥികൾ അവരുടെ ജീവിതത്തിലെ പല കാര്യങ്ങളെ കുറിച്ചും തുറന്നു പറഞ്ഞു. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകൻ സോമദാസ് തന്റെ മുൻ ഭാര്യയെ കുറിച്ചും, വിവാഹ മോചനത്തെ കുറിച്ചും പ്രതിപാദിച്ചു. തന്റെ മുൻ ഭാര്യയിൽ നിന്ന് തന്റെ കുട്ടികളെ വീണ്ടെടുക്കാൻ താൻ അഞ്ചര ലക്ഷം രൂപ അവർക്ക് നൽകിയിരുന്നതായി സോമദാസ് ആരോപിച്ചിരുന്നു. സോമദാസിന്റെ ഈ ആരോപണങ്ങൾ തെറ്റാണെന്ന് പറഞ്ഞു കൊണ്ട് ഗായകന്റെ മുൻ ഭാര്യ സൂര്യ രംഗത്തെത്തിയതാണ് പിന്നീട് കണ്ടത്.
തനിക്ക് സോമദാസിൽ നിന്ന് നേരിട്ട മാനസിക, ശാരീരിക പീഡനങ്ങളെ കുറിച്ചൊക്കെ ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇവർ തുറന്ന് പറഞ്ഞത്. 'ബിഗ് ബോസ് ഷോയിലൂടെ എന്റെ മുൻ ഭർത്താവ് സോമദാസ് പറഞ്ഞത് അഞ്ചര ലക്ഷം രൂപയ്ക്ക് എന്റെ മക്കളെ അദ്ദേഹം വിലയ്ക്ക് വാങ്ങി എന്നാണ്. ഏതൊരമ്മയ്ക്ക് പറ്റും സ്വന്തം മക്കളെ വിൽക്കാൻ? പട്ടിയോ പൂച്ചയോ ഒക്കെ ആണെങ്കിൽ ആ പറയുന്നതിനൊക്കെ ഒരു അർഥം ഉണ്ട്. ഇങ്ങനെ ഒരു ആരോപണം എന്തുകൊണ്ടാണ് ഉന്നയിച്ചത് എന്നെനിക്കറിയില്ല. ഞങ്ങൾ തമ്മിലുള്ള യഥാർഥ പ്രശ്‌നം തുടങ്ങുന്നത് സോമുവിന് പരസ്ത്രീ ബന്ധമുണ്ടെന്ന്  ഞാൻ കണ്ടുപിടിച്ചതോടെയാണ്. ഐഡിയ സ്റ്റാർ സിംഗറിൽ പങ്കെടുത്തതിന് ശേഷമാണ് ഇങ്ങനെ ആയത്. അതിന് മുമ്പ് ഒരു പ്രശ്‌നവും ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നു.
പാട്ടുകൾ പാടി പ്രശസ്തനായപ്പോൾ ഒരുപാട് ആരാധകരുണ്ടായി. സ്ത്രീകളുമായിട്ടായിരുന്നു പിന്നെയുള്ള ചങ്ങാത്തം. ഇതോടെ എന്നോടുള്ള അടുപ്പം കുറഞ്ഞു. പഴയ ആളിൽ നിന്നും ഒരുപാട് മാറി. പലപ്പോഴും കാണാൻ പാടില്ലാത്ത തരത്തിലുള്ള മെസേജുകൾ ഫോണിൽ കാണാനിടയാകുകയും ചെയ്തു. ഇതൊക്കെ ചോദ്യം ചെയ്തപ്പോൾ എന്നെ മാനസികമായും ശാരീരികമായും ഒരുപാട് പീഡിപ്പിച്ചു'' -സൂര്യ പറയുന്നു. മലയാളികൾ കാണാൻ കാത്തിരുന്ന പ്രോഗ്രാമെന്ന് ബിഗ് ബോസിനെ വിശേഷിപ്പിക്കാം. റേറ്റിംഗ് കൂടാത്തതിൽ സങ്കടപ്പെട്ടിരിക്കുന്നവർക്കും മാതൃകയാക്കാം. 

*** *** ***
കൊച്ചി മരടിലെ കൂറ്റൻ മന്ദിരങ്ങൾ സ്‌ഫോടനത്തിൽ തകർക്കുന്നതിന്റെ ലൈവ് കവറേജ് കണ്ടാസ്വദിക്കാൻ എത്ര പേർ അവധിയെടുത്ത് മിനി സ്‌ക്രീനിന് മുമ്പിലിരുന്നുവെന്ന് അറിയില്ല. 
കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലുകാരൻ ദൃശ്യം വളരെ അടുത്ത് നിന്ന് സൗകര്യപ്രദമായി കാണാൻ അതിഥികളെ ക്ഷണിച്ച് പരസ്യം ചെയ്തിരുന്നു. മോഹൻലാലിനൊപ്പം ഊണ് എന്നൊക്കെ പറയുന്നത് പോലെ മരട് പൊളിക്കുന്നതും കണ്ട് ഡിന്നർ. അടിപൊളി ആശയം.
 

Latest News