Sorry, you need to enable JavaScript to visit this website.

സൗദിയുടെ മനം കീഴടക്കി സാന്‍സ്, ബ്രാബെക്

ഖിദ്ദിയ്യ -  നാല്‍പത്തിരണ്ടാമത് ദാകാര്‍ റാലിയില്‍ വെന്നിക്കൊടി പാറിച്ച് വെറ്ററന്‍ സ്പാനിഷ് ഡ്രൈവര്‍ കാര്‍ലോസ് സയ്ന്‍സ്. 12 ദിനങ്ങളിലായി 7800 കിലോമീറ്റര്‍ ദൂരം താണ്ടിയ മത്സരത്തില്‍ കാര്‍ വിഭാഗത്തില്‍ മൂന്നാം തവണ സയ്ന്‍സ് ഓവറോള്‍ ചാമ്പ്യനായി. മോട്ടോര്‍ബൈക്ക് വിഭാഗത്തില്‍ അമേരിക്കക്കാരന്‍ റിക്കി ബ്രാബെക് വെല്ലുവിളിയില്ലാതെ കിരീടമുയര്‍ത്തി. കഴിഞ്ഞ ഞായറാഴ്ചയിലെ ഏഴാം സ്റ്റെയ്ജില്‍ ബൈക്ക് റൈഡര്‍ പൗളൊ ഗോണ്‍സാല്‍വസ് മരണപ്പെട്ടത് റാലിയുടെ വിജയാഘോഷത്തില്‍ ശോകഛായ പരത്തി. ഏഷ്യയില്‍ ആദ്യമായാണ് സൗദിയില്‍ ദാകാര്‍ റാലി അരങ്ങേറുന്നത്. അടുത്ത നാലു വര്‍ഷത്തേക്കെങ്കിലും റാലി സൗദിയില്‍ തുടരും. 
പത്താം സ്റ്റെയ്ജ് പിന്നിട്ടപ്പോള്‍ വെറും 24 സെക്കന്റിന്റെ ലീഡുണ്ടായിരുന്ന സയ്ന്‍സ് കാര്‍ വിഭാഗത്തില്‍ ഏതാണ്ട് അനായാസമായാണ് അവസാന സ്‌റ്റെയ്ജില്‍ കിരീടമുറപ്പിച്ചത്. പന്ത്രണ്ടാമത്തെയും അവസാനത്തെയും സ്റ്റെയ്ജ് നിലവിലെ ചാമ്പ്യന്‍ നാസര്‍ അല്‍അതിയ്യ ജയിച്ചെങ്കിലും സയ്ന്‍സിന്റെ ഓവറോള്‍ ലീഡ് മറികടക്കാനായില്ല. 
കാറിലും ബൈക്കിലുമായി 13 തവണ ദാകാര്‍ ചാമ്പ്യനായ സ്റ്റെഫാന്‍ പീറ്റര്‍ഹാന്‍സലാണ് മൂന്നാം സ്ഥാനത്ത്. മിനിയിലെ സഹതാരമായ സയ്ന്‍സിനെക്കാള്‍ ഒമ്പത് മിനിറ്റും 58 സെക്കന്റും പിന്നില്‍. 

 

Latest News