Sorry, you need to enable JavaScript to visit this website.
Thursday , May   28, 2020
Thursday , May   28, 2020

പെയ്‌തൊഴിയാത്ത ഓർമമഴത്തുള്ളികൾ

അക്ഷരങ്ങൾക്ക് പിന്നിലെ സന്ദേശം ഹൃദയത്തിന്റെ നാദമാണ്. പുസ്തകത്തിലേക്കുള്ള ജാലക വചനമായ റൂമിയുടെ വാക്കുകളെ അന്വർഥമാക്കുന്നപോൽ ഓർമകൾ അക്ഷര രൂപത്തിൽ ഹൃദയ നാദങ്ങളായി പെയ്തിറങ്ങുകയാണ്. സ്വഛന്ദം ഒഴുകുന്ന പുഴപോലെ, സുഖദമാം ഇളംകാറ്റിനൊപ്പം താളപ്പെരുക്കത്തോടെ പെയ്യുന്ന മഴ പോലെ ഇലത്തണുപ്പിലെ മഴത്താളവും വായന കഴിഞ്ഞാലും ഉള്ളിനുള്ളിൽ ഇറയപ്പെയ്ത്തായി നനുത്ത കുളിരേകുകയാണ്.
വൈ.എ സാജിദയുടെ പതിനഞ്ച് ഓർമക്കുറിപ്പുകളുടെ സമാഹാരമാണ് 'ഇലത്തണുപ്പിലെ മഴത്താളങ്ങൾ'. 
അനുഭവങ്ങളുടെ വൈവിധ്യ വിരുന്നിനൊപ്പം അതീന്ദ്രിയമായ അനുഭൂതികൾ കൂടി അനുവാചകർക്ക് പകർന്നേകുന്ന അക്ഷര സുഗന്ധമാണ് വായന സമ്മാനിക്കുന്നത്. കാവ്യസൗരഭ്യം തുളുമ്പുന്ന ഭാഷ എഴുത്തിനൊപ്പം തലക്കെട്ടുകളുടെ കെട്ടിലും മട്ടിലും ഏറെ ഹൃദ്യത പകരുന്നു.
ആരുടെ മുന്നിലും അടിയറവ് പറയാതെ നീതിക്കും നിലനിൽപ്പിനും വേണ്ടി പൊരുതി നേടേണ്ട സമരമാണ് ആർജവമുള്ള പെണ്ണിന്റെ ജീവിതമെന്ന സത്യം, കൈതപ്പൂക്കൾ കാറ്റിനോട് പറഞ്ഞതെന്ന അധ്യായത്തിൽ ബിയ്യാത്തുമ്മയിലൂടെ ഉത്തമജീവിത ചരിത്രമായി നിറയുന്നു. പച്ചില ഗന്ധത്തിന്റെ നാട്ടുവഴിയിലൂടെ നടക്കുമ്പോൾ ഹൃദയം കോർത്തത് ഉള്ളുണർത്തുന്നൊരു മഹാസന്ദേശത്തിലാണ്.
സർവ ജീവജാലങ്ങളും സ്‌നേഹത്തിനർഹരാണെന്നും
എന്തിനെ സ്‌നേഹിച്ചാലൂം പരിഗണിച്ചാലും തിരിച്ചതേ അളവിൽ കിട്ടുമെന്ന ഉറപ്പ്. കാലഘട്ടത്തിന്റെ അനിവാര്യമായൊരു ഉണർത്തൽ കൂടിയാണ്.
മനുഷ്യ ഗോചരമാകുന്ന കാര്യങ്ങൾക്കപ്പുറമാണ് ജീവത സ്പന്ദനങ്ങൾ. എഴുത്തു വഴികൾക്കപ്പുറം, സ്വയം സ്‌നേഹമായിരിക്കലാണ് ജീവിത സുകൃതമെന്ന് സാജിദ ജീവിതഗന്ധിയായി അടയാളപ്പെടുത്തുകയാണിവിടെ.
എഴുത്തുകാരിയുടെ ഭാഷയിൽ ക്ലാവ് പിടിക്കാത്ത ഓർമകളെ തേച്ചു മിനുക്കുന്ന ബാല്യ കുതൂഹലതകളുടെ ഉത്സവമേളമാണ് 'മനസ്സിൽ  തിളങ്ങുന്ന റമദാൻ നിലാവുകൾ'. 
ഒരു കുടുംബത്തിന്റെ ഭദ്രതക്കും ഉയർച്ചക്കും പുരുഷനൊപ്പം സ്ത്രീയും ഉണർന്നു പ്രവർത്തിക്കണമെന്ന ചിന്തയാണ് സഹനത്തിന്റെ സ്ത്രീമുദ്ര. പ്രാണന്റെ തുടിപ്പിലേക്ക് പതിയെ പെയ്തിറങ്ങുന്ന ഓർമപ്പെയ്ത്തിലെ മഴത്താളങ്ങൾ, കാൽപനികതയുടെ സൗഭഗം തുളുമ്പുന്ന സിംഫണിപോൽ പെയ്‌തൊഴിയാതെ പൊഴിയുകയാണ്.
മഴ, വ്യത്യസ്തമായ മാനസിക അവസ്ഥകൾക്കൊത്താണ് ഓരോരുത്തർക്കും അനുഭവസ്ഥമാകുക.
പ്രണയവും വിരഹവും ശാപവും ഓർമയുമൊക്കെയായി എത്രയെത്ര ഭാവഭേദങ്ങളാളാണ് മഴക്കുള്ളത്?
വയസ്സറിയിച്ച പെൺകുട്ടിക്കന്യമാകുന്ന ബാല്യത്തിന്റെ കുതൂഹലതകൾ ഉൾപ്പെടെ അത്രമേൽ തന്മയത്വമാർന്നാണ് ഓർമകൾ പെയ്തിറങ്ങുന്നത്. 
കയ്യാലക്ക് മേൽ പടർന്ന ശംഖു പുഷ്പത്തിന്റെ വള്ളികൾ ഇണചേർന്ന് കിടക്കുന്ന സർപ്പങ്ങളായി ബിംബവത്കരിക്കപ്പെട്ടിരിക്കുന്നു.
മാതൃത്വത്തിന്റെ ശക്തി ദൗർബല്യങ്ങളും നോവും നിനവും നിറവായി ആത്മ നയനങ്ങളെ ഈറനണിയിക്കുന്ന അക്ഷരപ്പെയ്ത്താണ് ഒരു മാതൃദിനവും, അമ്മ വിചാരങ്ങളും. കാലദേശങ്ങൾക്കിരു പുറമുള്ള കടലിന്റെ രൂപഭാവാദികളും ഉദയാസ്തമയങ്ങളിലെ പ്രണയാതുര ഭാവങ്ങളും, ഗസലായും മഞ്ഞായും മഴയായും പൊള്ളുന്ന ശ്വാസവേഗങ്ങളായും 'മണൽ കാട്ടിലെ കടലിരമ്പങ്ങൾ 'വായനക്കാരിലേക്ക് പടരുന്നു. പ്രവാസ സൗഹൃദങ്ങളുടെ മണലാഴങ്ങളും മരുപ്പച്ചകളും മരീചികകളും നിറഞ്ഞാടുന്ന അനുഭവമാണീ ഓർമച്ചീള്. സഹജീവി സ്‌നേഹവും അനുതാപാർദ്രതയും കരുണയും കവർന്നെടുത്ത ഈദോർമയാണ് നാടോടി അമ്മയും എന്റെ ഈദും. മരണത്തിന്റേയും വേർപാടിന്റേയും ചിറകടിയൊച്ചകൾ വാക്കുകളുടെ വിന്യാസ ഭംഗിയാൽ ഒരൽപം വിഹ്വലതകൾക്കൊപ്പം തണുപ്പും പ്രദാനം ചെയ്യുന്ന ഓർമയടരാണ് പ്രവചനങ്ങളുടെ ചിറകടികൾ.
ഓർമയെഴുത്തിന്റെ സൗമ്യ വിപ്ലവം സമ്മാനിച്ച ഗ്രന്ഥകാരി വായനയോടുള്ള പാശത്തേയും മഹത്വത്തേയും ഓർമ്മമണിത്തൂവലിൽ പൊതിഞ്ഞു വെച്ചേൽപിച്ചാണ് ഇലത്തുമ്പിലെ മഴത്താളം വായനക്കായി സമർപ്പിച്ചിരിക്കുന്നത്.
സാജിദയുടെ ഓർമയാവിഷ്‌കാരങ്ങൾക്കൊപ്പം മുസാഫിറിന്റെ അവതാരികയും ജാസി കാസിമിന്റെ ആത്മാവിഷ്‌കാര വരകളും കൂടി ചേർന്നാണ് പുസ്തകം മിഴിവാർന്നിരിക്കുന്നത്. 
ഓർമയുടെ നിഴലും നിലാവും പുഴയും കാട്ടാറും മുളങ്കാടും മഞ്ഞണിഞ്ഞ തരു ലതാദികളും പ്രണയ പരവശരായ കിളികളുമൊക്കെ ആത്മാവിലേക്ക് വിളമ്പി വായനയുടെ വസന്തമൊരുക്കിയ എഴുത്തുകാരിക്ക് അക്ഷര വിഹായസ്സിൽ ഇനിയുമേറെ പറന്നുയരാൻ കഴിയട്ടെ.

ഇലത്തുമ്പിലെ മഴത്താളങ്ങൾ 
വൈ.എ സാജിദ 
ലിപി പബ്ലിക്കേഷൻസ് 
വില 150 രൂപ

 

Latest News