ചായക്കട സാഹിത്യ ചർച്ചയ്ക്ക് ഔദ്യോഗികമായി ഒരു സ്വാഗതം പറച്ചിലില്ല. ഉദ്ഘാടകനും അധ്യക്ഷനുമില്ല. നന്ദി പ്രകാശനവുമില്ല. ഒരു പൊതുപരിപാടിയുടെ സ്ഥിരം ചട്ടക്കൂടുകളെല്ലാം ഒഴിവാക്കിക്കൊണ്ട്, വരുന്നവർ തന്നെ കാര്യങ്ങളെല്ലാം ചിട്ടയോടും അച്ചടക്കത്തോടും നിയന്ത്രിക്കുന്ന, തീർത്തും ജനാധിപത്യ സ്വഭാവമുള്ള ഒരു കൂട്ടായ്മയായി അത് മാറണമെന്ന ഉദ്ദേശ്യവും ഷുക്കൂർ പെടയങ്ങോടിനുണ്ട്.
2015 സെപ്റ്റംബർ മാസത്തിലെ നല്ല മഴയുള്ള ഒരു ദിവസത്തെ ഉച്ച തിരിഞ്ഞ നേരം. സ്ഥലം, കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ഇരിക്കൂറിലെ പെടയങ്ങോട്ടുള്ള വരാന്ത എന്നറിയപ്പെടുന്ന ഒരു ചെറു ചായക്കട. അവിടെ മലയാളത്തിലെ പ്രമുഖനായ എഴുത്തുകാരൻ എൻ.പ്രഭാകരനിരിക്കുന്നു. ബെഞ്ചുകളിലും അരമതിലിലും മറ്റുമായി ഇരുന്നും നിന്നും അദ്ദേഹത്തെ കേൾക്കുന്ന പത്തു നാൽപതു പേർ. യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ വിനോയ് തോമസിന്റെ കരിക്കോട്ടക്കരി എന്ന നോവൽ ചർച്ചയാണ് അവിടെ കൊഴുക്കുന്നത്. അദ്ദേഹവും കൂട്ടത്തിലിരിക്കുന്നുണ്ട്. അവർക്കിടയിൽ ചർച്ച ശ്രദ്ധയോടെ വീക്ഷിച്ചു കൊണ്ടിരിക്കുന്നയാൾ ആ ചായക്കടയുടമയും ആ സാഹിത്യ ചർച്ചയുടെ സംഘാടകനുമാണ് -കവിയും നോവലിസ്റ്റുമായ ഷുക്കൂർ പെടയങ്ങോട്.

പരിസരത്തുള്ള പല ആളുകളും പക്ഷേ, അദ്ദേഹത്തിന്റെ ആ സംരംഭത്തെ അവജ്ഞയോടെ കാണുകയും പരിഹസിക്കുകയും ചെയ്തു. ജീവിക്കാൻ അറിയാത്തവൻ എന്നവർ ഷൂക്കൂറിനെ കുറ്റപ്പെടുത്തി. കാരണമുണ്ട്, പാറമടയിൽ പാറ പൊട്ടിക്കുന്ന പണിയും മീൻകൂട തലയിൽ ചുമന്ന് നാടുനീളെ നടന്ന് വിൽപന നടത്തിയും പുസ്തകങ്ങൾ വിറ്റും ജീവിക്കാൻ ശ്രമിച്ചവൻ. അതിലൊന്നും കാര്യമായി ഗതി പിടിക്കാതെ വന്നപ്പോഴാണ് ഒരു ചായക്കടയിടുന്നത്. അവിടെ മാനംമര്യാദയ്ക്ക് ചായക്കച്ചോടം നടത്താതെ സഹിത്യ ഭ്രാന്തുമായി നടക്കുമ്പോൾ നാട്ടുകാർക്ക് പിന്നെ കലി കേറാതിരിക്കുമോ? പക്ഷേ, അവർക്ക് തെറ്റി. ഇന്ന് പെടയങ്ങോട് എന്ന ഗ്രാമം വരാന്ത സാഹിത്യ ചർച്ചകളുടെ പേരിലാണ് കേരളത്തിനകത്തും പുറത്തും ഏറെ അറിയപ്പെടുന്നത്. ഒരുപക്ഷേ, ഇന്ത്യക്ക് പുറത്തുപോലും!
കഴിഞ്ഞ വർഷം ഷാർജ പുസ്തക മേളയ്ക്ക് പോയപ്പോഴാണ് തനിക്കത് ശരിക്കും ബോധ്യപ്പെട്ടത് എന്ന് ഷുക്കൂർ പറഞ്ഞു. ഇന്റർനെറ്റിൽ നിന്ന് ഷുക്കൂറിനെ കുറിച്ചറിഞ്ഞ സമീർ അൽ ഖദ്രി എന്നൊരു സിറിയക്കാരൻ സാഹിത്യ പ്രവർത്തകൻ അവിടെ അദ്ദേഹത്തെ ഓടിവന്ന് പരിചയപ്പെട്ടു. ഒരു ഒറ്റയാൾ പടയാളിയെ പോലെ സ്വന്തം ചായക്കട കേന്ദ്രീകരിച്ചു നടത്തുന്ന സാഹിത്യ ചർച്ചാ പരിപാടിക്ക് എല്ലാ ഭാവുകങ്ങളും എന്നാണ് അയാൾ അദ്യമേ പറഞ്ഞത്. ഒപ്പം പരിചയപ്പെടാൻ സാധിച്ചതിലെ സന്തോഷവും ഖദ്രി പങ്കുവെച്ചു. പിന്നീടാണ് അയാളെക്കുറിച്ച് കൂടുതലറിഞ്ഞത്. അറബ് രാജ്യങ്ങളിൽ ഡച്ച് സാഹിത്യം പ്രചരിപ്പിക്കുന്ന ഖദ്രി, ഹോളണ്ടിലാണ് താമസിക്കുന്നത്. പേജസ് എന്ന പേരിൽ വിവിധ രാജ്യങ്ങളിൽ പുസ്തക ശാലകളും അതേ പേരിൽ തന്നെ ഒരു പുസ്തക പ്രസാധക സംരംഭവും അയാൾക്കുണ്ട്. ആ വലിയ മനുഷ്യനെ പരിചയപ്പെട്ടതിൽ ത്രില്ലടിച്ചെങ്കിലും ഷുക്കൂറിന് മറ്റൊരു വലിയ നഷ്ടമുണ്ടായി. അവിടെ വെച്ച് ലോകാരാധ്യനായ എഴുത്തുകാരൻ ഒർഹാൻ പാമുകിനെ കാണാൻ കഴിഞ്ഞെങ്കിലും പരിചയപ്പെടാൻ കഴിയാതെ പോയി എന്നതാണത്.
നിർജീവമായി കിടക്കുന്ന വായനശാലകളും അത്രയൊന്നും സജീവമല്ലാത്ത പുസ്തക വായനയും മനസ്സിൽ ഏൽപിച്ച സങ്കടമാണ് ഷുക്കൂറിനെ കൊണ്ട് തന്റെ ചായക്കടയിൽ ആദ്യമായി ഒരു പുസ്തക ചർച്ച സംഘടിപ്പിക്കാൻ പ്രേരിപ്പിച്ച ഒരു കാര്യം. മറ്റൊന്ന് കണ്ണുകളിൽ നോക്കി സംസാരിക്കാനുള്ള ഇടം നഷ്ടപ്പെടുന്നു എന്നിടത്താണ് മനുഷ്യരിൽ വർഗീയതയും രാഷ്ട്രീയമായ അക്രമവാസനയും വർധിപ്പിക്കുന്നത് എന്ന തിരിച്ചറിവും. പുസ്തക വിൽപനയുമായി കണ്ണൂർ ജില്ലയുടെ മുക്കിലും മൂലയിലും നടന്ന് ഷൂക്കൂർ നേടിയ അനുഭവ ജ്ഞാനമാണത്. പത്തോ ഇരുപതോ മിനിറ്റ് നേരം പരസ്പരം കണ്ണിൽ നോക്കി സംസാരിച്ചാൽ തീരാവുന്നതേയുള്ളൂ മനുഷ്യരുടെ എല്ലാ പ്രശ്‌നങ്ങളും എന്നാണ് ഷുക്കൂറിന്റെ അഭിപ്രായം.

അതോടൊപ്പം, പുസ്തകവായന മരിക്കുന്നു എന്ന പൊതു ബോധത്തിന് ഒരു ബദൽ സൃഷ്ടിക്കുക എന്ന ചിന്തയും അദ്ദേഹത്തിനുണ്ടായി. ഏത് വിഷയത്തെ കുറിച്ചും എന്തെങ്കിലും നാലു വാക്ക് സംസാരിക്കാൻ പാകത്തിൽ സാമാന്യ വിവരമുള്ളവരാണ് മലയാളികൾ. പക്ഷേ ഒരു പുസ്തക ചർച്ച സംഘടിപ്പിച്ചാൽ പുസ്തകം വായിക്കാതെ അതിൽ പങ്കെടുക്കാൻ ആവില്ലെന്നിടത്ത് കുറച്ചാളുകളെയെങ്കിലും നിർബന്ധപൂർവം വായിപ്പിക്കാൻ പ്രേരിപ്പിക്കുക എന്ന തന്ത്രം പയറ്റുകയായിരുന്നു, ഷുക്കൂർ. എന്നു മാത്രമല്ല, നല്ല പുസ്തകങ്ങൾ സദാ തന്റെ ചായക്കടയിൽ അദ്ദേഹം പ്രദർശിപ്പിച്ചു. ആവശ്യമുള്ളവർ അവ തേടി വന്ന് വാങ്ങി. പല പുസ്തകങ്ങളെ കുറിച്ചും അന്വേഷിച്ചു. വരാന്ത എന്നു പേരുള്ള ഈ ചായക്കടയിൽ ചായയും പലഹാരങ്ങളും മാത്രമല്ല, പുസ്തകങ്ങളും ലഭിക്കുമെന്നത് ഒരപൂർവതയായി.
ചായക്കടയിൽ ഒരു പുസ്തക ചർച്ച വെച്ചാലോ എന്ന ആലോചനയുമായി ഷുക്കൂർ ആദ്യം സമീപിച്ചത് എൻ.പ്രഭാകരൻ മാഷെയാണ്. അദ്ദേഹം അതിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചർച്ച നയിക്കാൻ വരാമെന്ന് ഏൽക്കുകയും ചെയ്തു. വിനോയ് തോമസിന്റെ കരിക്കോട്ടക്കരി ചർച്ചയിലെ ആദ്യ പുസ്തകമായി. പ്രഥമ ചർച്ച വമ്പിച്ച വിജയമായി എങ്കിലും തുടർന്നും അത് നടത്തണമെന്നൊന്നും അപ്പോൾ ഷുക്കൂർ ആലോചിച്ചിരുന്നില്ല. ഒറ്റയ്ക്കുള്ള ഏർപ്പാടാണ്. പണച്ചെലവുമുണ്ട്. പോരാത്തതിന് നാട്ടുകരിൽ പലരുടേയും അസഹനീയമായ കളിയാക്കലും എതിർപ്പുമുണ്ട്. പക്ഷേ, സഹൃദയരായ ഒരുപാടാളുകൾ അടുത്ത സാഹിത്യ ചർച്ച ഇനിയെന്നാണ് എന്ന ചോദ്യവുമായി നിരന്തരം വിളിച്ചപ്പോഴാണ് ഇത് തന്നിൽ നിക്ഷിപ്തമായ ഒരു നിയോഗമാണ് എന്നദ്ദേഹം തിരിച്ചറിയുന്നത്. അതോടെ ചായക്കട സാഹിത്യ ചർച്ചയുമായി മുന്നോട്ട് നീങ്ങാൻ തന്നെ അദ്ദേഹം തീരുമാനിക്കുകയായിരു ന്നു. ഇന്ന്(ഞായർ) വരാന്ത ചായക്കട സാഹിത്യ ചർച്ചയിൽ എത്തുന്നത് ഈ അടുത്ത കാലത്ത് ഏറ്റവും അധികം പതിപ്പുകളിറങ്ങിയ സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവലുമായി അജയ് പി.മങ്ങാടാണ്.
ഇക്കാലയളവിനുള്ളിൽ 37 സാഹിത്യ ചർച്ചകളാണ് തന്റെ ചായക്കടയിൽ ഷുക്കൂർ പെടയങ്ങോട് സംഘടിപ്പിച്ചത്. അതിഥിയെ ക്ഷണിക്കുന്നതും പരസ്യങ്ങളും പ്രചാരണവും സംഘാടനവും എല്ലാം അദ്ദേഹം ഒറ്റയ്ക്ക് തന്നെ നടത്തും. കേവലം 5-ാം ക്ലാസിനപ്പുറം വിദ്യാഭ്യാസമില്ലാത്ത ഈ സാഹിത്യ കുതുകി പക്ഷേ, തന്റെ ചായക്കടയിൽ കൊണ്ടുവന്ന എഴുത്തുകാരുടെ നിര കണ്ടാൽ നാം അതിശയപ്പെട്ടു പോകും. എം.മുകുന്ദൻ, സക്കറിയ, വി.കെ.ശ്രീരാമൻ, അയ്മനം ജോൺ, കൽപറ്റ നാരായണൻ, വി.ജെ.ജെയിംസ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ഇ.സന്തോഷ്‌കുമാർ, ടി.ഡി.രാമകൃഷ്ണൻ, ഇ.പി.രാജഗോപാലൻ, എൻ.ശശിധരൻ, പി.എഫ്.മാത്യൂസ്, ഖദീജാ മുംതാസ്, റഫീഖ് അഹമ്മദ്, പി.രാമൻ, തമിഴിൽ നിന്ന് ജയമോഹൻ, പെരുമാൾ മുരുകൻ, കന്നഡയിലെ വിവേക് ഷാൻബാഗ് തുടങ്ങി നീണ്ടതാണ് ആ പട്ടിക. എഴുത്തുകാരായ ആനന്ദിനേയും സച്ചിദാനന്ദനേയും കൊണ്ടുവരണം എന്നൊരാഗ്രഹമുണ്ട് എന്ന് കൂടി ഷുക്കൂർ ഇടയ്ക്ക് സൂചിപ്പിച്ചു.

തന്റെ ഏറ്റവും പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള, കണ്ണൂർ നഗരത്തിൽ നിന്നും ഏതാണ്ട് 35 കിലോമീറ്റർ ദൂരെയായി കിടക്കുന്ന ശുദ്ധ നാട്ടുമ്പുറമായ പെടയങ്ങോട്ടുള്ള ചായക്കടയിലെ സാഹിത്യ ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ട് വരില്ലെന്ന് ഇതുവരെ ഒരെഴുത്തുകാരനും പറഞ്ഞില്ലെന്ന് പറയുമ്പോൾ ഷുക്കൂറിന്റെ മുഖത്ത് അഭിമാനം തെളിഞ്ഞു. എല്ലാ നല്ല പുസ്തകങ്ങളിലും അതാത് എഴുത്തുകാരന്റെ മനസ്സു കാണാം എന്നാണ് എഴുത്തുകാരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഒരു വിലയിരുത്തൽ. ആ പുസ്തകങ്ങളിലൂടെയാണ് താൻ ചായക്കട സാഹിത്യ ചർച്ചയിലേക്ക് ഓരോ എഴുത്തുകാരനേയും കണ്ടെത്തുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. വരുന്നവക്ക് താമസ സൗകര്യമൊന്നും അദ്ദേഹം ഒരുക്കാറില്ല (തനിക്കതിന് ആവതില്ല എന്നാണ് അദ്ദേഹം പറഞ്ഞത്). അവരാരും ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ സ്വന്തം ചെലവിലാണ് വന്നു പോകുന്നതും. സാഹിത്യ നായകൻമാർ ദന്തഗോപുര വാസികളാണെന്ന പൊതുബോധത്തെ പൊളിച്ചെഴുതുക കൂടിയാണ് ഇതിലൂടെ ഷുക്കൂർ പെടയങ്ങോട് ചെയ്യുന്നത്.
പുഴുങ്ങിയ കപ്പയും മുളകു ചമ്മന്തിയും ചുക്കുകാപ്പിയും സ്വന്തം ചെലവിൽ നൽകിയാണ് അതിഥികളേയും സദസ്യരേയും ഷുക്കൂർ സ്വീകരിക്കുന്നത്. അതു മാത്രമാണ് അവർക്കുള്ള അദ്ദേഹത്തിന്റെ പ്രതിഫലം. പ്രതിമാസം ഒരു സാഹിത്യ ചർച്ചയെങ്കിലും സംഘടിപ്പിക്കാനാണ് ശ്രമമെങ്കിലും പലപ്പോഴും പല കാരണങ്ങളാലും അതിന് കഴിയാറില്ല എന്നദ്ദേഹം പറഞ്ഞു. ചെറിയ സൗകര്യം മാത്രമുള്ള ഈ വിദൂര ഗ്രാമത്തിലേക്ക് വലിയ വലിയ എഴുത്തുകാരെ കൊണ്ടുവരാൻ കഴിയുന്നതിന്റെ രഹസ്യമെന്താണ് എന്ന് ചോദിച്ചപ്പോൾ ഒരു ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞത്, അതാണ് സാഹിത്യത്തിന്റെ ശക്തി എന്നാണ്. ക്ഷണിച്ചപ്പോൾ എം.മുകുന്ദനും പെരുമാൾ മുരുകനുമൊക്കെ വന്നത് കയ്യൊപ്പ് ചാർത്തിയ ഓരോ കെട്ട് സ്വന്തം പുസ്തകങ്ങളുമായാണ്. ജയമോഹൻ കാലത്ത് തന്നെ എത്തി നാടൊക്കെ ചുറ്റിക്കറങ്ങി കാണുകയായിരുന്നു.
അതേസമയം, തന്റെ ചായക്കട ചർച്ചയിൽ സ്ത്രീകൾക്ക് കൂടുതൽ പങ്കാളിത്തവും പ്രാമുഖ്യവും മുൻനിരയിലും വേദിയിലുമായി സ്ഥാനം നൽകാനും ഷുക്കൂർ ശ്രദ്ധിക്കാറുണ്ട്. പല ചടങ്ങുകളിലും സ്ത്രീകൾ പരിഗണിക്കപ്പെടാതെ പോകുന്നതിലും പിൻനിരയിലേക്ക് തള്ളപ്പെടുന്നതിലുമുള്ള തന്റെ പ്രതിഷേധം കൂടിയാണ് ഇതിലൂടെ അദ്ദേഹം രേഖപ്പെടുത്തുന്നത്. അങ്ങനെയാണ് ഒരിക്കൽ എഴുത്തുകാരിയായ ഖദീജാ മുംതാസിനെ അതിഥിയായി ചായക്കടയിലേക്ക് അദ്ദേഹം കൊണ്ടുവന്നത്. പല സമയത്തായി ഡോ.ലിജി നിരഞ്ജന, ഡോ.ജിസാ ജോസ്, ഡോ.സ്മിത പന്ന്യൻ, ഡോ. ആർ.രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന നോവലിലൂടെ ഈയിടെ പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന നോവലിസ്റ്റ്) എന്നിങ്ങനെ പ്രശസ്തരും അപ്രശസ്തരുമായ ഒരുപാട് സ്ത്രീകളുടെ സജീവ സാന്നിധ്യം കൂടി ഈ ചായക്കട ചർച്ചയിൽ ഉണ്ടാകുന്നുണ്ട്.
ഒരു നല്ല വായനക്കാരനും സംഘാടകനും ഒപ്പം കവിയും നോവലിസ്റ്റും കൂടിയാണ് ഷുക്കൂർ പെടയങ്ങോട്. 2008-ലെ അറ്റ്‌ലസ്-കൈരളി പുരസ്‌കാരം അദ്ദേഹത്തിന്റെ ആഴങ്ങളിലെ ജീവിതം എന്ന കവിതാ സമാഹാരത്തിനാണ് ലഭിച്ചത്. കൂടാതെ നിലവിളികളുടെ ഭാഷ, മഴപ്പൊള്ളൽ എന്നീ കവിതാ സമാഹാരങ്ങളും പുറത്തു വന്നിട്ടുണ്ട്. ഷുക്കൂറിന്റെ ആദ്യ നോവലിന്റെ പേര് വരാന്ത എന്നാണ്. സ്വന്തം ചായക്കടയ്ക്കും ആ പേര് തന്നെ അദ്ദേഹം നൽകുകയായിരുന്നു. മലബാറിലെ മുസ്‌ലിംകളും ഹൈന്ദവരിലെ മലയ സമുദായക്കാരുമായുണ്ടായ ഒരു പ്രത്യേക കാലത്തെ അടുപ്പവും ജീവിതവും ഇതിവൃത്തമാക്കി രചിച്ച ഒരു നോവൽ പുസ്തകമാക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ, ഷുക്കൂർ. ഒരു പ്രസാധകന്റെ പരിശോധനയ്ക്കായി സമർപ്പിച്ചിരിക്കുന്ന പുസ്തകത്തിന്റെ കൈയെഴുത്ത് പ്രതിക്ക് പക്ഷേ, ഇതുവരെ പേര് നൽകിയിട്ടില്ല.
പത്തു നാൽപതു പേരുമായി തുടങ്ങിയ വരാന്ത ചായക്കട സാഹിത്യ ചർച്ചയിൽ ഇന്ന് വമ്പിച്ച ആസ്വാദക പങ്കാളിത്തമുണ്ട്. കണ്ണൂർ ജില്ലയിൽ നിന്നും കേരളത്തിന്റെ പല ഭാഗത്തു നിന്നുമായി ധാരാളം പേരാണ് എത്തുന്നത്. കൂടാതെ പല സർവകലാശാലകളിൽ നിന്നുമുള്ള ഗവേഷണ വിദ്യാർഥികളും വരുന്നുണ്ട് എന്നു പറയുമ്പോൾ ചായക്കട സാഹിത്യ ചർച്ചയ്ക്ക് കൈവന്ന ഗൗരവ സ്വഭാവത്തെ കുറിച്ച് ഊഹിക്കാമല്ലോ. അതുകൊണ്ടു തന്നെ ചായക്കടയിൽ നിന്നു മാറി അതിനടുത്തായി തുറന്ന സ്ഥലത്താണിപ്പോൾ ചർച്ച സംഘടിപ്പിക്കുന്നത്. ചായക്കട സാഹിത്യ ചർച്ചയ്ക്ക് ഔദ്യോഗികമായി ഒരു സ്വാഗതം പറച്ചിലില്ല.
ഉദ്ഘാടകനും അധ്യക്ഷനുമില്ല. നന്ദി പ്രകാശനവുമില്ല. ഒരു പൊതുപരിപാടിയുടെ സ്ഥിരം ചട്ടക്കൂടുകളെല്ലാം ഒഴിവാക്കിക്കൊണ്ട്, വരുന്നവർ തന്നെ കാര്യങ്ങളെല്ലാം ചിട്ടയോടും അച്ചടക്കത്തോടും നിയന്ത്രിക്കുന്ന, തീർത്തും ജനാധിപത്യ സ്വഭാവമുള്ള ഒരു കൂട്ടായ്മയായി അത് മാറണമെന്ന ഉദ്ദേശ്യവും ഷുക്കൂർ പെടയങ്ങോടിനുണ്ട്. അങ്ങനെ ജനാധിപത്യമെന്നത് ഏകാധിപത്യമായി മാറുന്ന പുതിയ കാലത്ത് വരാന്ത ചായക്കട ചർച്ച വേറിട്ട വെളിച്ചം പകർന്നുകൊണ്ട് സമൂഹത്തിന് പുതിയ അവബോധത്തിന്റെ ആഴക്കാഴ്ച നൽകുന്നു എന്നതും ശ്രദ്ധേയമാണ്.






