Sorry, you need to enable JavaScript to visit this website.
Thursday , May   28, 2020
Thursday , May   28, 2020

ദീപികാ പദുകോൺ കാ റിലീജിയൻ? 

വാരാന്ത്യത്തിൽ മൂന്നാം ലോക മഹായുദ്ധം ആരംഭിച്ച കോലാഹലമായിരുന്നു. നമ്മുടെ നാടൻ ന്യൂസ് 18, ഏഷ്യാനെറ്റ് മുതൽ ആഗോള ചാനലുകൾ വരെ ആശങ്ക പരത്തി. ട്രംപ് ടെഹ്‌റാൻ അങ്ങാടിയിൽ ആളെ വിട്ട് സുലൈമാനി അടിച്ചത് വൻ കോലാഹലമായി. ന്യൂസ് 18ൽ ഞായറാഴ്ച രാവിലെ മുതൽ നയതന്ത്ര വിദഗ്ധരെ പങ്കെടുപ്പിച്ച് ചർച്ചയും തുടങ്ങി. കോൺഗ്രസൊരുക്കിയ കെണിയിൽ കുടുങ്ങിയ ട്രംപ് ഒരു രഹസ്യം പുറത്തുവിട്ടു. സുലൈമാനി ന്യൂദൽഹിയെയും ഒരു കണ്ണ് വെച്ചിരുന്നുവത്രെ. ഇവിടെ ഒരു ചായക്കടക്കാരനെ കൊണ്ട് മനുഷ്യർ പൊറുതിമുട്ടി നിൽക്കുമ്പോഴാണ് ഓന്റെയൊരു സാരോപദേശം. 
ഇറാനിലെ പരിശുദ്ധ നെയ്യിന്റെ ആളുകൾ ഒറ്റയടിക്ക് എൺപത് യു.എസ് സൈനികരെ ശരിപ്പെടുത്തിയെന്നാണ് അവകാശപ്പെട്ടത്. എങ്കിൽ ചാനലുകൾ പറഞ്ഞ പോലെ ലോക മഹായുദ്ധത്തിന് അധികം വൈകില്ലെന്നുറപ്പാണ്. യു.എസ് പ്രസിഡന്റ് വൈകിട്ട് നടത്തിയ പ്രഭാഷണത്തിൽ അത്തരമൊരു സംഭവത്തെ കുറിച്ച് പറയുന്നതേയില്ല. അമേരിക്കൻ പ്രസിഡന്റിന് എന്തൊക്കെ കുഴപ്പമുണ്ടെങ്കിലും കളവ് പറയാൻ സാധ്യതയില്ല. ഇതു പണ്ട് ക്ലിന്റന്റെ തൂപ്പുകാരി എപ്പിസോഡ് മുതൽ ബോധ്യപ്പെട്ടതാണ്. മോണിക്കയുമായി ക്ലിന്റന് ബന്ധമുണ്ടെങ്കിൽ അത് പ്രശ്‌നമല്ല. നമ്മുടെ നായനാർ പറഞ്ഞത് പോലെ അവിടെ എല്ലാം ചായ കുടി പോലയല്ലേ. അതല്ല കാര്യം, യു.എസ് പ്രസിഡന്റ് കളവ് പറഞ്ഞാൽ പരിഷ്‌കൃത സമൂഹത്തിന് സഹിക്കില്ല. അമേരിക്കൻ പൗരന്മാർ ഇത്രയേറെ കൊല്ലപ്പെട്ടുവെങ്കിൽ അവിടെ ഇതായിരിക്കില്ല പ്രതികരണം. 
ഇറാന് എന്തും പറയാമല്ലോ. ഉക്രൈൻ വിമാനത്തിന്റെ കാര്യത്തിലും ഇറാൻ മാറ്റിമാറ്റി പറയുന്നതാണ് ലോകം കണ്ടത്. ഇറാൻ പുംഗവന്മാർ തൊടുത്തുവിട്ട മിസൈൽ പതിച്ചാണ് ഉക്രൈന്റെ വിമാനത്തിലെ യാത്രക്കാരെല്ലാം മൃതിയടഞ്ഞത്. ഇക്കാര്യം കാനഡ, ബ്രിട്ടൻ, യു.എസ് എന്നീ രാജ്യങ്ങൾ ആദ്യമേ പറഞ്ഞതാണ്. അപ്പോഴെല്ലാം ഞങ്ങളാ ടൈപ്പല്ല, ഞങ്ങൾ ഭയങ്കര ഡീസന്റാണെന്ന് മേനി പറഞ്ഞ ഇറാൻ ഗത്യന്തരമില്ലാതെ പാപം ഏറ്റു പറയുന്നതാണ് വാരാന്ത്യത്തിൽ കണ്ടത്. വിമാനത്തിൽ പുറപ്പെട്ട് മരണപ്പെട്ട ഒരു ഭാര്യയെ കുറിച്ച് യൂറോ ന്യൂസിൽ ഒരു സ്റ്റോറിയുണ്ടായിരുന്നു. ടിക്കറ്റിൽ വന്ന ആശയക്കുഴപ്പത്തിന്റെ പേരിൽ ഇറാനിലെ എയർപോർട്ടിൽ ഭർത്താവ് കുടുങ്ങിയപ്പോൾ കൂടെയുണ്ടായിരുന്ന ഭാര്യ ഉക്രൈൻ ഇന്റർനാഷണൽ എയർലൈൻ വിമാനത്തിൽ യാത്ര തുടർന്നു. താൻ എത്തിക്കൊള്ളാമെന്ന് ഉറപ്പ് നൽകിയാണ് ഭർത്താവ് ഭാര്യയെ വിമാനത്തിൽ യാത്രയാക്കിയത്. ഭാര്യ റോജാ അസാദിയാനോട് യാത്ര പറയുമ്പോൾ അത് അവസാനത്തേതാകുമെന്ന് ഭർത്താവ് മൊഹ്‌സിൻ സ്വപ്‌നത്തിൽ പോലും ചിന്തിച്ചില്ല. തങ്ങളുടെ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയ ശേഷം കാനഡയിലെ ഒട്ടാവയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഈ ദമ്പതികൾ. ടെഹ്‌റാനിലെ വിമാനത്താവളത്തിൽ യാത്രക്കായി എത്തിയപ്പോൾ മൊഹ്‌സിന്റെ ടിക്കറ്റിന്റെ കാലാവധി കഴിഞ്ഞെന്ന് അധികൃതർ അറിയിച്ചു. വീട്ടിലേക്ക് ഒരുമിച്ച് മടങ്ങാൻ ഇരുന്നതാണെങ്കിലും ഭാര്യയോട് വിമാനത്തിൽ യാത്ര തുടരാൻ മൊഹ്‌സിൻ പറഞ്ഞു. റോജ വിമാനത്തിൽ കയറി യാത്ര തുടങ്ങിയെങ്കിലും മിനിറ്റുകൾക്കകം വിമാനം തീഗോളമായി നിലത്ത് പതിച്ചു. ടെർമിനലിൽ നിൽക്കുമ്പോഴാണ് മൊഹ്‌സിൻ ദുരന്തവാർത്ത അറിയുന്നത്. വിമാനം കിട്ടാതെ പോയ ഇദ്ദേഹം മാത്രം ഭാഗ്യത്തിന് അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 63 കാനഡക്കാരിൽ തന്റെ ഭാര്യയും ഉൾപ്പെട്ട ദുഃഖത്തിലാണ് മൊഹ്‌സിൻ. 

*** *** ***

ഇന്ത്യയിലെ പൗരത്വ നിയമം ആഗോള തലത്തിൽ നമ്മുടെ പ്രതിഛായയെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു ഫേസ്ബുക്ക് അനുഭവക്കുറിപ്പ് മലയാളത്തിൽ മാതൃഭൂമി ഉൾപ്പെടെ വാർത്തയാക്കി. 
തായ്‌ലൻഡിലെ അവധി ആഘോഷത്തിന് ഇടയിൽ നേരിടേണ്ടി വന്ന നാണം കെടുത്തുന്ന അനുഭവം പങ്കുവെച്ചത് മുതിർന്ന വ്യവസായി കിഷോർ മാരിവാളാണ്. തായ്‌ലൻഡിലെ ഫുകേതിൽ ആഡംബര നൗകയിൽ യാത്രക്കായി എത്തിയപ്പോൾ തനിക്കുണ്ടായ നാണംകെട്ട അനുഭവമാണ് കിഷോർ മാരി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. രാജ്യാന്തര തലത്തിൽ ഇന്ത്യയെക്കുറിച്ചും ഇന്ത്യക്കാരെക്കുറിച്ചുമുള്ള ധാരണ എങ്ങനെയൊക്കെ മാറിയിരിക്കുന്നു എന്നാണ് പോസ്റ്റിലൂടെ പറയുന്നത്. തായ്‌ലൻഡിലെ ഫുകേതിലാണ് കിഷോർ അവധിയാഘോഷിക്കാനായി പോയത്. ഒരാഴ്ചത്തെ സെയിലിങ്ങിനു വേണ്ടി ഒരു ഉല്ലാസ ബോട്ടും ഒരു സ്‌കിപ്പറെ (ഉല്ലാസബോട്ട് നിയന്ത്രിക്കുന്നയാൾ)യും അദ്ദേഹം ബുക്ക് ചെയ്തിരുന്നു. ഫുകേതിൽ എത്തിയതിനു പിന്നാലെ ഒരുക്കങ്ങൾ എന്തൊക്കെയായി എന്നറിയാൻ റിസപ്ഷനിൽ ചെന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന റിസപ്ഷനിസ്റ്റ് താങ്കൾ ഇന്ത്യയിൽ നിന്നല്ലേ എന്ന് ചോദിച്ചു, ഹിന്ദുവാണോ എന്ന് ചോദിച്ചു. അതെ എന്ന് മറുപടി നൽകിയ ശേഷം എന്തിനാണ് ഇത് തിരക്കുന്നതെന്ന് ചോദിച്ചു.
അപ്പോൾ ആ പെൺകുട്ടി അവളുടെ ബോസിനെ വിളിച്ച് സംസാരിക്കാൻ തുടങ്ങി. തായ് ഭാഷയിൽ അവർ തമ്മിൽ അൽപ നേരം സംസാരിച്ചു. അതിന് ശേഷം മാനേജർ വന്ന് പറഞ്ഞു. സർ ഞങ്ങളുടെ എല്ലാ ഡ്രൈവർമാരും മറ്റ് സന്ദർശകർക്കൊപ്പമാണ്. ഒരാൾ മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്. അയാൾ മുസ്‌ലിം ആണ്. അത് താങ്കൾക്ക് ബുദ്ധിമുട്ടാകുമോ? മാനേജറുടെ വാക്കുകൾ കേട്ട് ഞെട്ടിപ്പോയെന്ന് കിഷോർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. അതിന് എനിക്ക് എന്താണ് പ്രശ്‌നം എന്ന് ചോദിച്ചപ്പോൾ അവർ നൽകിയ മറുപടി എന്നെ വീണ്ടു ഞെട്ടിച്ചു. സർ മാധ്യമങ്ങളിലൂടെ ഞങ്ങൾ അറിയുന്നുണ്ട്. ഇന്ത്യയിൽ ഹിന്ദുക്കൾ മുസ്‌ലിംകൾ  അടുത്ത് വരുന്നത് താൽപര്യപ്പെടുന്നില്ലെന്നത് അറിയാം. അതിനാലാണ് ചോദിച്ചതെന്നാണ് അയാൾ പറഞ്ഞത്. മാനേജറുടെ മറുപടി കേട്ടതോടെ, വാക്കുകൾ കൊണ്ട് വിവരിക്കാൻ ആവാത്ത തരത്തിൽ താൻ നാണംകെട്ടു പോയെന്ന് കിഷോർ പറയുന്നു. തുടർന്ന് അദ്ദേഹം മാനേജരോട് കാര്യങ്ങൾ വിശദീകരിച്ചു. താൻ മാത്രമല്ല, സംസ്‌കാരമുള്ള ഭൂരിഭാഗം ഹിന്ദുക്കളും താങ്കൾ വായിച്ചതു പോലെയല്ല പെരുമാറുന്നതെന്ന് കിഷോർ മാനേജരോട് പറയുകയും ചെയ്തു. വിദേശത്ത്, സാധാരണക്കാർക്കിടയിൽ ഇതാണോ നമ്മുടെ മതിപ്പ്? ഞാൻ ശരിക്കും നാണംകെട്ടു പോയി എന്നാണ് കിഷോർ കുറിപ്പ് അവസാനിപ്പിക്കുന്നത്. ജനുവരി അഞ്ചിന് പോസ്റ്റ് ചെയ്ത കുറിപ്പ് നിരവധിയാളുകൾ ഷെയർ ചെയ്തിട്ടുമുണ്ട്. കെമിക്കൽ എൻജിനീയറായ കിഷോർ മരിവാല ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമൻ സെറ്റിൽമെന്റ്‌സ് സ്ഥാപക ബോർഡ് മെമ്പർ കൂടിയാണ്.  

*** *** ***

മൂന്നാഴ്ചയായി തുടരുന്ന ദൽഹി ഷഹീൻ ബാഗ് സമരം പ്രമുഖ ദേശീയ ചാനലായ എൻ.ഡി.ടി.വി കവർ ചെയ്തു. രവീഷ് കുമാറിന്റെ പ്രോഗ്രാം ചാനലിന്റെ സ്റ്റുഡിയോ ഫ്‌ളോറിലല്ലായിരുന്നു. വീട്ടമ്മമാർ സമരം നടത്തുന്നിടത്ത് നേരിട്ടെത്തി രവീഷ് കുമാർ. 
രവീഷ് കുമാർ അവരെ അഭിസംബോധന ചെയ്തു പറഞ്ഞു: 'ഒരുപാട് വൈകിയാണ് ഞാൻ ഷഹീൻ ബാഗിൽ വരുന്നത്. കാരണം എനിക്കും കാണണമായിരുന്നു ഷഹീൻ ബാഗിലെ പെണ്ണുങ്ങളുടെ പ്രതിഷേധം എത്ര നീളുമെന്ന്... ഒരു ദിവസം മുദ്രാവാക്യം വിളിക്കുമ്പോൾ തൊണ്ട തളരും... ശരീരം തളരും... ഇരുപത്തിരണ്ടാം ദിവസവും നിങ്ങൾ മുദ്രാവാക്യം വിളിക്കുമ്പോൾ മനസ്സിലാവുന്നു, നിങ്ങളുടെ ലക്ഷ്യം മറ്റൊന്നാണെന്ന്' -ഇന്ദ്രപ്രസ്ഥത്തിലെ തണുപ്പിനെ വകവെക്കാതെ കൈക്കുഞ്ഞുങ്ങളുമായെത്തിയ അമ്മമാരുടെ വിശദീകരണം ഞെട്ടിപ്പിക്കുന്നതായിരുന്നു. എൻ.ആർ.സിയും സി.എ.എയും പിൻവലിപ്പിക്കാനാണ് സമരം. ഇത് നമ്മുടെ ഭരണഘടനയ്‌ക്കെതിരെയുള്ള ആക്രമണമാണ്. ഈ സമരം ഭരണഘടനയ്ക്കായുള്ളതാണ്. ഒരുപാട് പാവപ്പെട്ടവരുണ്ട്, ഭൂമിയില്ലാത്തവരുണ്ട്.. പേപ്പറുകളില്ലാത്തവരുണ്ട്... അവരുടെ കാര്യം എന്താവും?  ഹോം മിനിസ്ട്രിയുടെ വെബ്‌സൈറ്റിൽ ഞങ്ങൾ പോയി നോക്കി. എൻ.ആർ.സി കൊണ്ടുവരില്ല എന്ന് അവർ പറഞ്ഞു.. പിന്നെ അവർ എൻ.പി.ആർ കൊണ്ടുവന്നു. അവിടെ എഴുതിയിട്ടുണ്ട് എൻ.പി.ആർ എന്നത് എൻ.ആർ.സിയുടെ ആദ്യ പടിയാണെന്ന്.  അംബേദ്കറെയും ദേശീയ പതാകയെയും മുറുകെപ്പിടിച്ചാണ് ദൽഹിയിലെ അമ്മമാർ സമരം ചെയ്യുന്നത്.

*** *** ***

പ്രകാശ് പദുക്കോണിന്റെ മകൾ ദീപിക പദുക്കോൺ ബോളിവുഡിലെ എണ്ണം പറഞ്ഞ താരങ്ങളിലാന്നാണ്. അച്ഛൻ പദുക്കോണിനെ ഏതാണ്ട് പത്ത് വർഷം മുമ്പ് ബഹ്‌റൈനിൽ വെച്ച് ഇന്റർവ്യൂ ചെയ്തതോർക്കുന്നു. കുടുംബ കാര്യമൊഴിച്ച് എന്തും സംസാരിക്കാമെന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. പത്മാവത് സിനിമ റിലീസ് ചെയ്ത വേളയിലും ദീപിക വാർത്തകളിലുണ്ടായിരുന്നു. ജെ.എൻ.യു വിദ്യാർഥികളെ നടി ദീപിക പദുക്കോൺ സന്ദർശിച്ചത് ശക്തമായ സന്ദേശമാണ് നൽകുന്നതെന്നും മറ്റുള്ളവർക്ക് ധൈര്യം നൽകുന്നുവെന്നും സംവിധായകൻ അനുരാഗ് കശ്യപ് പറഞ്ഞു. 
'ഐഷി ഘോഷിന് മുന്നിൽ കൂപ്പു കൈകളോടെ നിന്ന ദീപികയുടെ ചിത്രം നൽകുന്നത് ശക്തമായ സന്ദേശമാണ്, അത് ഐക്യദാർഢ്യം മാത്രമല്ല, 'നിങ്ങളുടെ വേദന അറിയുന്നു' എന്നാണ് അത് പറയുന്നത്' -അനുരാഗ് കശ്യപ് പറഞ്ഞു. ജെ.എൻ.യുവിലെ വിദ്യാർഥി നേതാവ് ഐഷി ഘോഷിന് മുന്നിൽ കൈകൂപ്പി നിൽക്കുന്ന ദീപികയുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഈ സന്ദർശനത്തിന്റെ പേരിൽ ദീപിക ഒട്ടേറെ പഴി കേൾക്കേണ്ടി വന്നു. ആകെ ആശ്വാസമായത് ദീപിക പദുക്കോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം ഛപാകിന് നികുതി വേണ്ടെന്ന് മധ്യപ്രദേശ്, ഛത്തീസ്ഗഡ് സർക്കാരുകൾ തീരുമാനിച്ചത് മാത്രം. 
ടി.വിയിൽ സദാ കേൾക്കുന്ന ഒരു പരസ്യ വാചകമുണ്ട്. എന്തൊരു ഭംഗിയായിരുന്നു നമ്മുടെ നാടിന്. ശരിയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയും അതിസമ്പന്നരുമെല്ലാമുള്ള ഇന്ത്യയുടെ വൈവിധ്യം ഒന്ന് വേറെയാണ്. ഗൂഗിളിൽ ആളുകൾ ദീപികയുടെ മതം തെരയുന്നിടത്ത് വരെയെത്തി കാര്യങ്ങൾ. 

*** *** ***

ബ്രിട്ടീഷ് എയർവേസിൽ ഇനി യാത്രയില്ലെന്ന് ബോളിവുഡ് നടി സോനം കപുർ. ഒരു മാസത്തിനിടെ രണ്ടു തവണയും ലഗേജ് നഷ്ടമായതിനെ തുടർന്ന് രോഷാകുലയായാണ് താരത്തിന്റെ പ്രതികരണം. ഒരു മാസത്തിനിടെ മൂന്ന് തവണ ബ്രിട്ടീഷ് എയർവേസ് ഉപയോഗിച്ചുവെന്നും ഇതിൽ രണ്ടു തവണയും ലഗേജ് നഷ്ടമായെന്നുമാണ് സോനം കപൂറിന്റെ ട്വീറ്റ്. താൻ പാഠം പഠിച്ചുവെന്നും ഇനി ബ്രിട്ടീഷ് എയർവേസ് ഉപയോഗിക്കില്ലെന്നും സോനം ട്വിറ്ററിലൂടെ അറിയിച്ചു. ബ്രിട്ടീഷ് എയർവേസിനെ ടാഗ് ചെയ്താണ് സോനം തന്റെ രോഷം പ്രകടിപ്പിച്ചത്. യാത്രയ്ക്കിടെ സോനം കപൂറിന് നേരിട്ട അസൗകര്യത്തിൽ ബ്രിട്ടീഷ് എയർവേസ് ഖേദം പ്രകടിപ്പിച്ചു. ദുൽഖർ സൽമാനോടൊപ്പം ദ സോയ ഫാക്ടർ എന്ന ചിത്രത്തിലാണ് സോനം അവസാനമായി അഭിനയിച്ചത്.

*** *** ***

ആം ആദ്മി പാർട്ടി വീണ്ടും ദൽഹി ഭരിക്കുമെന്ന് അഭിപ്രായ സർവേ ഫലം. 70 അംഗ സഭയിൽ 59 സീറ്റ് വരെ എ.എ.പി നേടിയേക്കാമെന്ന് എ.ബി.പി ന്യൂസിന്റെ സർവേ പറയുന്നു. ബി.ജെ.പിക്ക് എട്ട് സീറ്റും കോൺഗ്രസിന് മൂന്നു സീറ്റുമാണ് സർവേ പറയുന്നത്. ഇത്തവണ 55 ശതമാനം വോട്ട് എ.എ.പിക്ക് ലഭിക്കും. ബി.ജെ.പിക്ക് 26 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നും കഴിഞ്ഞ തവണത്തെക്കാൾ ആറ് ശതമാനം വോട്ട് കുറയുമെന്നുമാണ് സർവേ പറയുന്നത്. കോൺഗ്രസിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച ഒമ്പത് ശതമാനം വോട്ട് ഇത്തവണ അഞ്ച് ശതമാനമായി ചുരുങ്ങും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണ മുഖ്യമന്ത്രി കെജ്‌രിവാളിന് തന്നെയാണ്. 70 ശതമാനം പേർ കെജ്‌രിവാൾ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെടുന്നു.

Latest News